ബ്രിട്ടീഷ് പ്രഭ്വി മേഗന്‍ മാര്‍ക്ള്‍ തനിക്ക് കുഞ്ഞിനെ നഷ്ടമായതിനെക്കുറിച്ച് തുറന്നു പറഞ്ഞതിനെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. മേഗന്റെ തുറന്നുപറച്ചിലിന് നിരവധിപ്പേരാണ് പിന്തുണയുമായി എത്തിയത്. ഒപ്പം ധാരാളം സ്ത്രീകള്‍ കുഞ്ഞിനെ നഷ്ടമായ വേദനയിലൂടെ കടന്നുപോയതിനെക്കുറിച്ച് തുറന്നു പറയാനും തയ്യാറായി. ഇപ്പോള്‍ ഇംഗ്ലീഷ് എഴുത്തുകാരിയും ടെലിവിഷന്‍ അവതാരകയുമായ ജോവാന്ന ഫ്‌ളെച്ചറും 2012 ല്‍ തനിക്ക് ഗര്‍ഭഛിദ്രം സംഭവിച്ചെന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്.
മൂന്ന് മക്കളുടെ അമ്മയായ ജോവാന്നയുടെ ആദ്യ കുഞ്ഞ് ആറ് ആഴ്ച പ്രായമുള്ളപ്പോഴാണ് നഷ്ടമായത്. ' വര്‍ഷങ്ങളെടുത്തു എനിക്ക് ഇതേപറ്റി ഒന്ന് തുറന്നു സംസാരിക്കാന്‍. നിങ്ങളൊറ്റയ്ക്കല്ല എന്ന് അറിയുന്നത് വലിയൊരു സമാധാനമാണ്.' ജോവാന്ന ദി സണ്ണിന് നല്‍കി അഭിമുഖത്തില്‍ പറയുന്നു.
'ഗര്‍ഭഛിദ്രം സംഭവിക്കുമ്പോള്‍ നിങ്ങള്‍ക്കൊപ്പം ഉള്ളവരെ നിങ്ങള്‍ കൂടുതല്‍ ചേര്‍ത്തുപിടിക്കണം. അതേക്കുറിച്ച് തുറന്ന് സംസാരിക്കാന്‍ നാണക്കേട് വിചാരിക്കേണ്ടതില്ല. നിങ്ങളുടെ കുഴപ്പം കൊണ്ടാണെന്ന കുറ്റബോധം ഉണ്ടാവേണ്ട. നിങ്ങള്‍ക്ക് താങ്ങായി നില്‍ക്കുന്നവരെയാണ് അപ്പോഴാവശ്യം. അവര്‍ അകന്നുപോകും എന്നുകരുതി ഒന്നും മറച്ചു വയ്ക്കരുത്..' ജോവാന്ന തന്റെ മനസ്സുതുറക്കുന്നത് ഇങ്ങനെ.
മേഗന്‍ മെര്‍ക്കലിന്റെ തുറന്നുപറച്ചിലിനെ ജോവാന്ന അഭിനന്ദിക്കുന്നുമുണ്ട്. ' ഇത്രയും അസ്വസ്ഥതയുണ്ടാക്കുന്നതും വേദനിപ്പിക്കുന്നതുമായ ഒരു കാര്യം മേഗന്‍ തുറന്ന് പറഞ്ഞത് ബഹുമാനമര്‍ഹിക്കുന്ന കാര്യമാണ്. ഗര്‍ഭഛിദ്രത്തെ പറ്റി ആളുകള്‍ തുറന്നു സംസാരിക്കുന്നത് വളരെ നല്ലതാണ്. ഓരോ തവണയും ഈ വിഷയം ഉയര്‍ന്നു വരുമ്പോള്‍ നിരവധി ആളുകള്‍ക്ക് മാനസികമായ പിന്തുണ ലഭിക്കും. ഞങ്ങള്‍ ഒറ്റയ്ക്കല്ല എന്ന തോന്നലുണ്ടാകും.'
Content Highlights: Writer Giovanna Fletcher opens up about suffering miscarriage in 2012