2021ൽ ലോകത്തിൽ ഏറ്റവും ആരാധിക്കപ്പെട്ട 20 സ്ത്രീകളുടെ പട്ടിക പുറത്തുവന്നു. ബ്രിട്ടീഷ് ആസ്ഥാനമായുള്ള യൂ​ഗോവ്(youGov) എന്ന പോൾസ്റ്ററാണ് ആ​ഗോളതലത്തിൽ നടത്തിയ സർവേയുടെ ഫലം പുറത്തുവിട്ടത്. മുപ്പത്തിയെട്ടോളം രാജ്യങ്ങളിൽ നിന്ന് ഓൺലൈനിലൂടെ സംഘടിപ്പിച്ച സർവേയിൽ 42,000 പേരാണ് പങ്കെടുത്തത്. രാഷ്ട്രീയ, സിനിമാ, സാംസ്കാരി രം​ഗത്തെ പ്രമുഖരും ​ഗായകരും അവതാരകരുമൊക്കെ ഇരുപതം​ഗ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. അവർ ആരെല്ലാമാണെന്ന് നോക്കാം.

ജെസീന്ത ആർഡേൺ

Jacinda Ardern

ഇരുപതം​ഗ പട്ടികയിൽ ഇരുപതാം സ്ഥാനത്തുള്ളത് ന്യൂസിലൻ‍ഡ് പ്രധാനമന്ത്രി ജസീന്ത ആർഡേണാണ്. കോവിഡ് വ്യാപനത്തെ വിജയകരമായി കൈകാര്യം ചെയ്തതിലൂടെ ലോകമാകമാനം ജസിൻഡയുടെ ഭരണ പാടവത്തെ പ്രശംസിച്ചിരുന്നു. വംശീയതയ്‌ക്കെതിരേ ശബ്ദമുയർത്തിയും കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടിയും ആണ് ജസീന്ത ലോകശ്രദ്ധ പിടിച്ചുപറ്റിയത്. ന്യൂസിലാൻഡിൽ അധികാരത്തിലേറുന്ന പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 37കാരിയായ ജസിൻഡ.

യാങ് മി

yang mi

ചൈനീസ് ​ഗായികയും അഭിനേത്രിയുമായ യാങ് മിയാണ് പട്ടികയിൽ പത്തൊമ്പതാം സ്ഥാനത്തുള്ളത്. ആ​ഗോളതലത്തിൽ തന്നെ ശ്രദ്ധ നേടിയിട്ടുള്ള താരമാണ് യാങ് മി. എറ്റേർണൽ ലവ് എന്ന യാങ് മിയുടെ സീരീസാണ് ചൈനയിൽ ഏറ്റവുമധികം പ്രചാരം ലഭിച്ച സീരീസ്. ലവ് സ്റ്റോറി, ദി ഇന്റർപ്രെറ്റർ, പാലസ് 1 എന്ന ചിത്രങ്ങളിലെ യാങ് മിയുടെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. 

ലിയു യിഫെയ്

liu

അഭിനേത്രിയും ​ഗായികയുമായ ലിയു യിഫെയ് വുഹാൻ സ്വദേശിയാണ്. ചൈനയിൽ ഫെയറി സിസ്റ്റർ എന്ന വിളിപ്പോരോടെ അറിയപ്പെടുന്ന ലിയു പ്രശസ്ത മോഡലുമാണ്. ഫോർബ്സ് മാസികയുടെ 100 വനിതകളുടെ സെലിബ്രിറ്റി പട്ടികയിൽ സ്ഥിരം ഇടം നേടാറുള്ളയാളുമാണ് ലിയു. ലെജെൻഡ് ഓഫ് സ്വോ‍ഡ് ആൻഡ് ഫെയറി എന്ന വീഡിയോ ​ഗെയിമിനെ ആസ്പദമാക്കിയുള്ള സീരീസിലെ പ്രകടനം ലിയുവിന് ഏറെ പ്രേക്ഷകപ്രീതി നേടിക്കൊടുത്തിരുന്നു. 

ലാലിസാ മനോബാൽ

lalisa

ലിസ എന്ന പേരിൽ ആരാധകർക്കിടയിൽ അറിയപ്പെടുന്ന ലാലിസ അറിയപ്പെടുന്ന തായ് റാപ്പറും ​ഗായികയും നർത്തകിയുമാണ്. സൗത് കൊറിയ സ്വദേശിയായ ലിസ ബ്ലാക് പിങ്ക് എന്ന ലോകപ്രശസ്ത സൗത് കൊറിയൻ ​ഗായകസംഘത്തിലെ അം​ഗം കൂടിയാണ്. ലാലിസാ എന്ന പേരിൽ സെപ്തംബറിൽ ലാലിസ പുറത്തിറക്കിയ ആൽബവും ശ്രദ്ധിക്കപ്പെട്ടിരുന്നു. 

മെലാനിയ ട്രംപ്

Melania Trump

മുൻ അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾ‍ഡ് ട്രംപിന്റെ പത്നി മെലാനിയ ട്രംപും പട്ടികയിലുണ്ട്. 2017 മുതൽ 21 വരെ പ്രഥമ വനിതാ സ്ഥാനം അലങ്കരിച്ചത് മെലാനിയയായിരുന്നു. മുൻമോ‍ഡലും സംരംഭകയുമായ മെലാനിയ തന്റെ ഓഫീസ് കാലത്ത് അവതരിപ്പിച്ച ബി ബെസ്റ്റ് എന്ന ക്യാംപെയിൻ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സൈബർ ആക്രമണത്തിനെതിരെ നിലകൊള്ളുകയും യുവാക്കളുടെ ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്യുന്നതായിരുന്നു ക്യാംപെയിൻ. 

​ഗ്രേറ്റ ത്യുൻബെർ​ഗ്

Greta Thunberg

ലോകത്തിലെ കൗമാരക്കാരുടെ മാതൃകയായ, കാലവസ്ഥാ മാറ്റങ്ങൾക്കെതിരെ ഒറ്റയാൾ പോരാട്ടവുമായെത്തി ലോകനേതാക്കളെ വരെ ഞെട്ടിച്ച പതിനെട്ടുകാരിയാണ് ഗ്രെറ്റ ത്യുൻബേ. 2018 ലാണ് ഗ്രെറ്റ കാലാവസ്ഥാമാറ്റങ്ങൾക്കെതിരെ തന്റെ സമരം തുടങ്ങി വച്ചത്. സ്വീഡിഷ് പാർലമെന്റ് കെട്ടിടത്തിന് പുറത്തായിരുന്നു ഗ്രെറ്റയുടെ സമരം. പിന്നീട് ലോകമെങ്ങുമുള്ള കൗമാരക്കാർ ഈ പ്രക്ഷോഭം ഏറ്റെടുക്കുകയായിരുന്നു. ദീർഘദൂര വിമാനങ്ങൾ പുറത്തുവിടുന്ന കാർബൺ പരിസ്ഥിതിക്ക് കോട്ടം ഉണ്ടാക്കുമെന്ന് അറിഞ്ഞതോടെ തന്റെ യാത്രകൾ ബോട്ട് മാർഗമാക്കിയിരുന്നു ഗ്രെറ്റ.

സുധ മൂർത്തി

Sudha Murthy

ഇന്ത്യക്കാരിയായ എഞ്ചിനീയറിങ് അധ്യാപികയും എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമാണ് സുധാ മൂർത്തി. ഇന്ത്യയിലെ ഇൻഫോസിസ് ഫൗണ്ടേഷന്റെ ചെയർപേഴ്സണുമാണ് സുധാ മൂർത്തി. ഡെവലപ്മെന്റ് എഞ്ചിനീയർ, കംപ്യൂട്ടർ സയൻസ് പ്രൊഫസർ പദവികൾ വഹിച്ചിരുന്നു. ഇം​ഗ്ലീഷ്, കന്നട മാധ്യമങ്ങളിൽ അറിയപ്പെടുന്ന കോളമിസ്റ്റാണ്. ഇന്ത്യൻ സർക്കാരിന്റെ പത്മശ്രീ പുരസ്കാരവും സുധാ മൂർത്തിയെ തേടിയെത്തിയിരുന്നു. മികച്ച സാമൂഹിക പ്രവര്‍ത്തകക്കുള്ള പബ്ലിക് റിലേഷന്‍ സൊസൈറ്റി ഓഫ് ഇന്ത്യ അവാര്‍ഡ്, മദര്‍ തെരേസ മെമ്മോറിയല്‍ ഇന്റര്‍നാഷണല്‍ അവാര്‍ഡ് തുടങ്ങി നിരവധി അവാര്‍ഡുകളാണ് എഴുത്തിനും സാമൂഹ്യപ്രവര്‍ത്തനത്തിനുമായി സുധാ മൂര്‍ത്തിക്ക് ലഭിച്ചത്.

ഐശ്വര്യ റായ് ബച്ചൻ

Aishwarya Rai

മുൻ ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യ റായ് ബച്ചനും പട്ടികയിലുണ്ട്. ബോളിവുഡിലും കോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയ കഥാപാത്രങ്ങൾ കാഴ്ചവച്ച ഐശ്വര്യ ആ​ഗോളതലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള താരമാണ്. 

ഹിലരി ക്ലിന്റൺ

Hillary Clinton

2009 മുതൽ 2013 വരെ യുഎസ് സെക്രട്ടറി പദവി വഹിച്ച വ്യക്തിത്വമാണ് ഹിലരി ക്ലിന്റൺ. ന്യൂയോർക്കിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ യുഎസ് സെനറ്ററുമാണ് ഹിലരി ക്ലിന്റൺ. 2016ൽ അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിനെതിരെ സ്ഥാനാർഥിയായിരുന്നു ഹിലരി. അമേരിക്കയുടെ 42-ാമതു പ്രസിഡന്റായിരുന്ന ബിൽ ക്ലിന്റന്റെ പത്നിയായ ഹിലരി 1993 മുതൽ 2001 വരെ അമേരിക്കയുടെ പ്രഥമ വനിതയായിരുന്നു. ബിൽ ക്ലിന്റൺ ഡെമോക്രാറ്റിക് പ്രസിഡന്റാകുന്നതോടെയാണ് ഹിലരി ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാകുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും ശക്തരായ പ്രഥമ വനിതകളിൽ ഒരാളായാണ് ഹിലരിയെ വിലയിരുത്തുന്നത്. 

കമലാ ഹാരിസ്

Kamala Harris

അമേരിക്കയുടെ ആദ്യ കറുത്ത വർ​ഗക്കാരിയായ, വനിതാ, ഏഷ്യൻ അമേരിക്കൻ വൈസ് പ്രസിഡന്റ് ആണ് കമലാ ഹാരിസ്. അഭിഭാഷകയായി ജോലിചെയ്യവേ വധശിക്ഷ, സ്വവർഗവിവാഹം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ സ്വീകരിച്ച നിലപാടുകൾ ശ്രദ്ധേയമായി.യു.എസിൽ കറുത്ത വർഗക്കാർക്കുനേരെ നടക്കുന്ന അതിക്രമങ്ങളിൽ പോലീസിനെതിരേ ശക്തമായ നിലപാട് സ്വീകരിച്ചു. 2004ൽ സാൻഫ്രാൻസിസ്‌കോ ഡിസ്ട്രിക്റ്റ് അറ്റോർണി ആയാണ് കമലയുടെ പൊതുരംഗപ്രവേശം. 2010ൽ കാലിഫോർണിയയുടെ അറ്റോർണി ജനറലായി. ഈ പദവിയിലെത്തുന്ന ആദ്യത്തെ ആഫ്രിക്കൻ അമേരിക്കൻ ദക്ഷിണേഷ്യൻ അമേരിക്കൻ ആയിരുന്നു കമല ഹാരിസ്.

പ്രിയങ്ക ചോപ്ര

women

സൗന്ദര്യ മത്സര വേദികളിൽ നിന്ന് സിനിമാ ലോകത്തേക്ക് കടന്ന് ആ​ഗോളശ്രദ്ധ നേടിയ താരമാണ് നടി പ്രിയങ്ക ചോപ്ര. 2000ത്തിൽ മിസ് വേൾഡ് മത്സരത്തിനു പിന്നാലെയാണ് പ്രിയങ്കയുടെ ബോളിവുഡ് അരങ്ങേറ്റം. ഒരുപിടി മികച്ച ചിത്രങ്ങൾക്കു പിന്നാലെ നിർമാണ മേഖലയിലേക്കും പ്രിയങ്ക കടന്നു. അമേരിക്കൻ ടെലിവിഷൻ ഷോ ആയ ക്വാണ്ടിക്കോയിൽ മുൻ‌നിര വേഷം അവതരിപ്പിച്ച ആദ്യത്തെ സൗത്ത് ഏഷ്യൻ വനിതയാണ് പ്രിയങ്ക. കുട്ടികളുടെ അവകാശങ്ങൾക്കു വേണ്ടിയും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും പ്രവർത്തിക്കാറുള്ള പ്രിയങ്ക യൂണിസെഫിന്റെ ​ഗുഡ്വിൽ അംബാസഡറുമാണ്. 

മലാല യൂസഫ്സായി

malala

മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമാണ് മലാല യൂസഫ്സായി. 2012 ഒക്ടോബറിലാണ് പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പോരാടിയ മലാലയ്ക്ക് താലിബാൻ തീവ്രവാദികളിൽ നിന്നും വെടിയേറ്റത്. മരണത്തിൽ നിന്നും രക്ഷപ്പെട്ട മലാലയും കുടുംബവും തുടർചികിത്സയ്ക്കായി ലണ്ടനിലേക്ക് പോവുകയും അവിടെ സ്ഥിരതാമസമാക്കുകയുമായിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിന് വേണ്ടി പോരാടിയതിന്റെ പേരിലാണ് മലാലയ്ക്ക് 2014 ൽ നൊബേൽ പുരസ്കാരം ലഭിച്ചത്.

ആം​ഗല മെർക്കൽ

Angela Merkal

തന്റെ തലമുറയിലെ രാഷ്ട്രീയ നേതാക്കളിൽ ഏറ്റവും കരുത്തുറ്റ നേതാവെന്ന നേട്ടം സ്വന്തമാക്കിയാണ് ആംഗേല മെർക്കൽ ഈ വർഷം ജർമ്മൻ ചാൻസലർ പദവിയിൽനിന്ന് പടിയിറങ്ങിയത്. തുടർച്ചയായി നാലുതവണ ജർമൻ ചാൻസലർ പദവിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ വനിതയാണ് മെർക്കൽ.  മെർക്കലിന്റെ കീഴിൽ യൂറോപ്യൻ യൂണിയനിൽ ശക്തമായ രാഷ്ട്രീയ സ്വാധീനം ജർമനി നേടിയെടുത്തു. കോവിഡ് വ്യാപനവും 2008-ലെ സാമ്പത്തികപ്രതിസന്ധികളും ജർമനി വിജയകരമായി മറികടന്നതും മെർക്കലിന്റെ നിശ്ചയദാർഢ്യത്തിൻറെയും അധികാരപാടവത്തിന്റെയും സാക്ഷ്യമായാണ് വിലയിരുത്തപ്പെടുന്നത്.

ടെയ്ലർ സ്വിഫ്റ്റ്

taylor swift

പോപ്പ് സംഗീത രംഗത്ത് ഏറ്റവുമധികം ആരാധകരുള്ള താരമാണ് ടെയ്‌ലർ സ്വിഫ്റ്റ്. 32ഓളം അമേരിക്കൻ മ്യൂസിക് അവാർഡുകളും 22 ബിൽബോർ‍് മ്യൂസിക് അവാർഡുകളും ടെയ്ലർ സ്വിഫ്റ്റ് നേടിയിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളുടെ പേരിലും ശ്രദ്ധ നേടിയിട്ടുള്ള താരമാണ് ടെയ്ലർ സ്വിഫ്റ്റ്. കോവിഡ് മ​ഹമാരി മൂലം ദുരിതം അനുഭവിക്കുന്നവർക്കായി കഴിഞ്ഞ വർഷം 13,000 ഡോളറാണ് ടെയ്ലർ നൽകിയത്. 

എമ്മാ വാട്സൺ

emma watson

ഹാരി പോട്ടർ ചിത്രങ്ങളിലൂടെ പ്രേക്ഷകപ്രീതി നേടിയിട്ടുള്ള തരാമാണ് എമ്മാ വാട്സൺ. സ്ത്രീകളുടെ അവകാശങ്ങൾക്കായി നിരന്തരം സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നയാളാണ് എമ്മ. ലിം​ഗസമത്വത്തിനു വേണ്ടിയുള്ള HeForShe എമ്മ യുഎൻ വിമണിന്റെ ക്യാംപെയിന്റെ വക്താവുമായിരുന്നു എമ്മ. 2014ൽ യുഎന്നിന്റെ ​ഗുഡ്വിൽ അംബാസഡർ സ്ഥാനവും എമ്മ വഹിച്ചിരുന്നു. 

സ്കാർലെറ്റ് ജൊഹാൻസൻ

Black Widow’ release controversy Scarlett Johansson against Disney OTT release

ആ​ഗോളതലത്തിൽ നിരവധി ആരാധകരുള്ള ഹോളിവുഡ് താരമാണ് സ്കാർലെറ്റ് ജൊഹാൻസൻ. ഫോർ‌ബ്സ് മാസികയുടെ കണക്കുപ്രകാരം 2018,19 വർഷങ്ങളിൽ ഏറ്റവുമധികം പ്രതിഫലം കൈപ്പറ്റിയിട്ടുള്ള താരവുമാണ് സ്കാർലെറ്റ്. ​ഗ്ലാമർ ലോകത്തിനപ്പുറം ചാരിറ്റി പ്രവർത്തനങ്ങളിലും സ്കാർലെറ്റ് സജീവ പങ്കാളിത്തം വഹിക്കാറുണ്ട്. ആഫ്രിക്കയിലെ എയ്ഡ്സ് രോ​ഗബാധിതർക്കു വേണ്ടി ബോധവത്കരണം നടത്താനും സഹായിക്കാനും 2008ൽ സ്കാർലെറ്റ് പ്രവർത്തിച്ചിരുന്നു. മീ ടൂ ക്യാംപെയിനു വേണ്ടിയും ശക്തമായി വാദിച്ചിരുന്നയാളാണ് സ്കാർലെറ്റ്. 

ഒപ്രാ വിൻഫ്രെ

Oprah Winfrey

അവതാരക പദവിയിലൂടെ ആ​ഗോളതലത്തിൽ ആരാധകരെ നേടിയെടുത്ത മറ്റൊരു താരമാണ് ഒപ്രാ വിൻഫ്രെ. 'സെൽഫ് മെയ്ഡ് വുമൺ എന്ന വിളിപ്പേരുള്ള ഒപ്രയുടെ ജൈത്രയാത്ര ആരംഭിക്കുന്നത് പതിനേഴാം വയസ്സിൽ സൗന്ദര്യമത്സരത്തിൽ വിജയകിരീടം ചൂടിക്കൊണ്ടാണ്. ഏറ്റവും പ്രായം കുറഞ്ഞ വാർത്താവതാരക, ആദ്യ കറുത്ത വർഗക്കാരിയായ വാർത്താവതാരക തുടങ്ങിയ വിശേഷണങ്ങൾ കരിയറിന്റെ തുടക്കത്തിൽ തന്നെ ഓപ്രയെ തേടിയെത്തിയിരുന്നു. അമേരിക്കൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവുമധികം ജനപ്രീതിയാർജിച്ച 'ദി ഓപ്ര വിൻഫ്രെ ഷോ.'യാണ് ഒപ്രയുടെയും ചരിത്രം തിരുത്തിക്കുറിച്ചത്. ദി ഓപ്രാ മാഗസിൻ, ഓപ്ര.കോം, ഓപ്ര റേഡിയോ ഇതിനെല്ലാം പുറമേ സാമൂഹിക പ്രവർത്തനങ്ങളും നിരവധി പുസ്തകങ്ങളുടെ എഴുത്തുകാരി എന്ന പദവിയും ഒപ്രയ്ക്കുണ്ട്. 

എലിസബത്ത് രാ‍ജ്ഞി

queen elizabeth

ബ്രിട്ടനിൽ ഏറ്റവുമധികം കാലം അധികാരത്തിലിരിക്കുന്ന ഭരണാധികാരിയാണ് തൊണ്ണൂറ്റിയഞ്ചുകാരിയായ എലിസബത്ത് രാജ്ഞി. 1926 ഏപ്രിൽ 21-ന് ജനിച്ച എലിസബത്ത്, ബ്രിട്ടീഷ് രാജാവും പിതാവുമായ ജോർജ് ആറാമന്റെ മരണത്തോടെ 1952 ഫിബ്രവരി ആറിനാണ് രാജ്ഞിയാവുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കറൻസികളിൽ ചിത്രമുള്ള ഭരണാധികാരി കൂടിയാണ് എലിസബത്ത് രാജ്ഞി. 

ആഞ്ചലീന ജോളി

angelina jolie

ഹോളിവുഡിൽ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന അഭിനേതാക്കളിൽ ഒരാളാണ് ആഞ്ചലീന ജോളി. ഓസ്കാർ അവാർജ് ജേതാവു കൂടിയായ താരത്തിന് മൂന്ന് ​ഗോൾ‌ഡൻ ​ഗ്ലോബ് പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. ചാരിറ്റി പ്രവർത്തനങ്ങളിലും മുൻപന്തിയിലുള്ള താരം ഇരുപതുകളിൽ തന്നെ കുടിയേറ്റക്കാർക്കായി പ്രവർത്തിച്ചിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടിയും ദാരിദ്ര്യവും വിശപ്പും അനുഭവിക്കുന്ന കുഞ്ഞുങ്ങളുടെ വിശപ്പകറ്റാനായും കോടികളാണ് താരം ചിലവഴിക്കാറുള്ളത്. കൊറോണ വൈറസ് വ്യാപനം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്കും താരം സഹായ ഹസ്തവുമായി എത്തിയിരുന്നു. സ്തനാർബുദത്തെ അതിജീവിച്ച താരം അർബുദ പ്രതിരോധ പ്രവർ‌ത്തനങ്ങൾക്കായും മുന്നിട്ടിറങ്ങാറുണ്ട്.

മിഷേൽ ഒബാമ

women

ലോകത്ത് ഏറ്റവുമധികം ആരാധിക്കപ്പെട്ടവരിൽ ഒന്നാം സ്ഥാനത്തുള്ളത് മുൻ പ്രഥമ വനിത മിഷേൽ ഒബാമയാണ്. 2009 മുതൽ 2017 വരെയുള്ള കാലങ്ങളിൽ പ്രഥമ വനിതയായിരിക്കെ മിഷേൽ കാഴ്ചവച്ച പ്രവർത്തനങ്ങൾ‌ ജനപ്രീതി നേടിയിരുന്നു. വൈറ്റ് ഹൗസിൽ നിന്നു പുറത്തുവന്നതിനു ശേഷം മിഷേൽ പുറത്തിറക്കിയ ബികമിങ് എന്ന പുസ്തകം 2018ലെ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തമായിരുന്നു. അതേപേരിൽ പിന്നീട് നെറ്റ്ഫ്ളിക്സ് ഒരു ഡോക്യുമെന്ററി പുറത്തിറക്കുകയും ചെയ്തിരുന്നു. 

Content Highlights: worlds most admired women of 2021,  women in 2021, influential women 2021,women in the world