അറുപിശുക്കന്‍മാരായ കോടീശ്വരന്‍മാരെ പറ്റി നമ്മള്‍ കഥകളില്‍ മാത്രമാവും കേട്ടിട്ടുള്ളത്. എന്നാല്‍ ശരിക്കും അങ്ങനെയൊരാളുണ്ടെങ്കിലോ. അമേരിക്കയിലെ ലാസ്വേഗാസിലെ അന്‍പതുകാരി എയ്മീ എലിസബത്താണ് ആ കോടീശ്വരി. സ്വന്തം പിശുക്കിന്റെ കഥ അവര്‍ തന്നെയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.
5.3 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ (38.71 കോടി രൂപ) ആസ്തിയാണ് എയ്മീക്കുള്ളത്. എന്നാല്‍ പണം ചെലവാക്കാന്‍ എയ്മീക്ക് വലിയ മടിയാണ്. പണം ചെലവിടുന്നത് ഒഴിവാക്കാനായി പുതുതായി ഒരു സാധനവും വാങ്ങാറില്ലെന്നും ചെലവ് കുറയ്ക്കാനായി പൂച്ചയ്ക്കുള്ള ഭക്ഷണമാണ് കഴിക്കുന്നതെന്നുമാണ് എയ്മിയുടെ വെളിപ്പെടുത്തല്‍.
സ്വന്തമായി ബജറ്റ് വരെ തയാറാക്കിയാണ് എയ്മീയുടെ ജീവിതം. ആയിരം ഡോളര്‍ (73,000 രൂപ) ആണ് മാസ ബജറ്റ്. ഇതില്‍ നിന്ന് ഒരു പൈസ കൂടുതല്‍ ചെലവാക്കില്ല. പണം എങ്ങനെ ലാഭിക്കാമെന്നതിന് നിരവധി വഴികളും അവര്‍ കണ്ടെത്തിയിട്ടുണ്ട്. പുതിയതായ ഒന്നും വാങ്ങില്ല എന്ന തീരുമാനം കൊണ്ട് മാത്രം രണ്ട് ലക്ഷം ഡോളറാണ് എയ്മീ ലാഭിക്കുന്നത്.
വാട്ടര്‍ ഹീറ്റര്‍ ഉപയോഗം നിയന്ത്രിക്കുന്നതാണ് അതില്‍ ആദ്യത്തേത്. 22 മിനിറ്റാണ് ഹീറ്റര്‍ ചൂടാകാന്‍ വേണ്ടത്. അതിനാല്‍ എന്നും രാവിലെ തന്നെ എയ്മീ ഹീറ്റര്‍ ഓണാക്കും. കൃത്യം 22 മിനിറ്റാകുമ്പോള്‍ കുളിക്കും. ഒരു നിമിഷം പോലും വാട്ടര്‍ ഹീറ്റര്‍ അധികമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് അമേരിക്കന്‍ ചാനലായ ടി.എല്‍.സിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഇതുവഴി മാസം 80 ഡോളറാണ് എയ്മീ ലാഭിക്കുന്നത്. പാത്രം കഴുകുന്നതിനുള്ള സ്‌ക്രബര്‍ തീരെ ഉപയോഗശൂന്യമാകാതെ മാറ്റില്ല. ആകെ ഒരു കത്തിയാണ് അടുക്കള ഉപയോഗത്തിന്. അത് കഴുകാറില്ലെന്നും, വെള്ളത്തിന്റെ ചാര്‍ജ് കുറയ്ക്കാനായി തുടച്ചെടുക്കുകയാണെന്നും അവര്‍ വെളിപ്പെടുത്തി.
ഭര്‍ത്താവ് മിഖായേലുമായുള്ള വിവാഹ മോചനത്തിന് ശേഷം കിട്ടിയ വീട്ടിലാണ് എയ്മീ താമസിക്കുന്നത്. വിവാഹമോചന ശേഷം വീടും പരിസരവും എന്നും സൗജന്യമായി വൃത്തിയാക്കി നല്‍കാമെന്നായിരുന്നു മിഖായേല്‍ നല്‍കിയ വാഗ്ദാനം. ഇതുവഴിയും ധാരാളം ലാഭം എയ്മീക്കുണ്ട്.
ഭക്ഷണത്തിനായി പണം ചെലവാകാതിരിക്കാന്‍ എയ്മീ സ്വീകരിക്കുന്ന മാര്‍ഗം അല്‍പം ഞെട്ടിക്കുന്നതാണ്. പൂച്ചക്കുള്ള വില കുറഞ്ഞ ടിന്‍ ഭക്ഷണമാണ് എയ്മീ കഴിക്കൂന്നത്. ചിക്കന്റെയും മത്സ്യത്തിന്റെയും ഗ്രേവിയോട് കൂടിയ വില കുറഞ്ഞ ഈ ഭക്ഷണം വീട്ടിലെത്തിയ ചില വിരുന്നുകാര്‍ക്കും അവര്‍ നല്‍കാറുണ്ട്. പണം ലാഭിക്കാനായി ഞാന്‍ പിന്തുടരുന്ന വഴികള്‍ മറ്റുള്ളവരെ അലോസരപ്പെടുത്തിയേക്കാം. പക്ഷേ ഞാന്‍ അത് കാര്യമാക്കുന്നില്ല എന്നാണ് എയ്മീയുടെ മറുപടി.
Content Highlights: World’s cheapest millionaire’ refuses to buy anything new and eats cat food