കൊച്ചി: 'കുരുത്തക്കേട്' കാണിച്ച് നടന്ന പെണ്‍കുട്ടികളായിരുന്നു അവരെല്ലാം... നാട്ടിലായാലും വീട്ടിലായാലും അവരുടെ 'കുരുത്തക്കേട്' പലര്‍ക്കും ക്ഷമിക്കാന്‍ പറ്റുമായിരുന്നില്ല... പെണ്‍കുട്ടികള്‍ ചൂളമടിക്കുന്നത് വലിയൊരു കുരുത്തക്കേടായി പലരും ചൂണ്ടിക്കാട്ടിയപ്പോഴും ചൂളമടിയുടെ ചോലക്കുയിലുകളായി ചിറകടിക്കാനായിരുന്നു അവരെല്ലാം കൊതിച്ചത്. ഇന്ന് ചൂളമടിയുടെ സ്വരമാധുരിയില്‍ ലോക റെക്കോഡ് ലക്ഷ്യമിട്ട് ഈ പെണ്‍കുട്ടികള്‍ മുന്നേറുമ്പോള്‍ അന്ന് വഴക്കു പറഞ്ഞവരും സമ്മതിക്കുന്നു, 'കൊള്ളാട്ടോ ഈ കലാപരിപാടി'. 'വേള്‍ഡ് ഓഫ് വിസിലേഴ്സ്' എന്ന സംഗീത സംഘത്തിലൂടെയാണ് ചൂളമടിയുടെ ലോകത്തേക്ക് അശ്വതിയും ശ്രുതിയും സനയും മീരയുമൊക്കെ ചൂളമടിച്ചു പറക്കുന്നത്.

ചൂളമടിയുടെ സംഗീതം

ഇന്ത്യന്‍ വിസിലേഴ്സ് അസോസിയേഷനിലെ അംഗമായ പ്രസാദ് നെല്ലിയാമ്പതിയിലൂടെ 'വിസില്‍ സിംഫണി' എന്ന ടീമാണ് ആദ്യം രൂപപ്പെട്ടത്. പിന്നീട് കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തു വേള്‍ഡ് ഓഫ് വിസിലേഴ്സായി. മരട് സ്വദേശി അശ്വതി സാബുവും ഹരിപ്പാട് സ്വദേശി ശ്രുതി സൂരജും പറവൂര്‍ കൈതാരം സ്വദേശി സന അനീഷും തൃശ്ശൂര്‍ കുരിയച്ചിറ സ്വദേശി മീര വേണുഗോപാലുമൊക്കെ ഇന്ന് വേള്‍ഡ് ഓഫ് വിസിലേഴ്സിലെ മധുരശബ്ദങ്ങളാണ്. 400-ഓളം പേരുള്ള സംഘത്തില്‍ 20-ല്‍ താഴെ മാത്രമാണ് പെണ്‍കുട്ടികള്‍. പെണ്‍കുട്ടികള്‍ ചൂളമടിക്കുന്നത് ശരിയല്ലെന്നു വിശ്വസിക്കുന്നവര്‍ ഏറെയുള്ളതുകൊണ്ടാകാം ഇതെന്ന് അശ്വതിയും കൂട്ടുകാരും പറയുന്നു.
400-ഓളം അംഗങ്ങളെന്നത് എത്രയും പെട്ടെന്ന് കൂട്ടി 1000 പേരാക്കി മാറ്റി ഒരു 'വിസില്‍ സിംഫണി' നടത്തി ലോക റെക്കോഡ് സ്ഥാപിക്കാനാണ് സംഘം ഒരുങ്ങുന്നത്. 850 പേരെ ഉള്‍പ്പെടുത്തി ഇംഗ്ലണ്ടിലാണ് ഏറ്റവും വലിയ വിസില്‍ സിംഫണി അരങ്ങേറിയത്.

അടുക്കളയിലെ അരങ്ങ്

അടുക്കളയിലെ അരങ്ങാണ് ചൂളമടിയുടെ സംഗീത ലോകത്തേക്ക് തങ്ങളെ കൂട്ടിക്കൊണ്ടു വന്നതെന്ന് അശ്വതിയും കൂട്ടികാരികളും പറയുന്നു. ''അടുക്കളയില്‍ ഭക്ഷണം ഉണ്ടാക്കാന്‍ കയറുമ്പോഴാണ് ഞാന്‍ ചൂളമടിയുടെ സംഗീത സാധ്യതകള്‍ തിരിച്ചറിഞ്ഞത്. ചപ്പാത്തി പരത്തുമ്പോഴും കറിക്ക് അരിയുമ്പോഴും അരി കഴുകുമ്പോഴുമൊക്കെ ഞാന്‍ ചൂളമടിച്ചുകൊണ്ടിരിക്കും. ആദ്യമൊക്കെ വീട്ടുകാര്‍ വഴക്കു പറഞ്ഞെങ്കിലും പിന്നെ അവരും ആസ്വദിച്ചുതുടങ്ങി. ഇഷ്ടപ്പെട്ട പാട്ടുകളാകും മിക്കവാറും ചൂളമായി മൂളുന്നത്. പിന്നീട് മൊബൈല്‍ ഫോണിന്റെ റിങ്‌ടോണും മറ്റും കൗതുകത്തിനു വേണ്ടി ചൂളമടിയിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചു.''
അശ്വതി പറയുമ്പോള്‍ ശ്രുതി ഇടയില്‍ കയറി. ''പെണ്‍കുട്ടികള്‍ ചൂളമടിക്കുന്നത് തെറ്റാണെന്നാണ് മുതിര്‍ന്നവര്‍ എപ്പോഴും പറയാറ്്. എന്റെ അച്ഛന്‍ രാമപുരം അശോക് കുമാര്‍ ഗായകനായിരുന്നു. നാലു വയസ്സു മുതല്‍ സംഗീതം പഠിച്ച ഞാന്‍, വിവാഹശേഷമാണ് 'ചൂളമടി സംഗീത'ത്തിലെത്തിയത്. അടുക്കളയിലെ അരങ്ങില്‍ നിന്ന് പോകുന്നതാണ് പല പെണ്‍കുട്ടികളുടെയും സ്വപ്നങ്ങള്‍. അതില്‍ നിന്ന് പുറത്തേക്ക് ചിറകടിക്കുന്ന ചൂളമടി സംഗീതമാണ് ഞങ്ങളെല്ലാം ആഗ്രഹിക്കുന്നത്.'' -ശ്രുതി പറഞ്ഞു.

ശ്വാസത്തിന്റെ നിയന്ത്രണം

ശ്വാസത്തിന്റെ നിയന്ത്രണമാണ് ചൂളമടി സംഗീതത്തിലെ ഏറ്റവും വലിയ ഘടകമെന്നാണ് സന അനീഷ് പറഞ്ഞത്. ''മലയാളം മെലഡികളും ഹിന്ദി അടിപൊളികളും തമിഴ് ഹിറ്റുകളുമൊക്കെ ചൂളമടി സംഗീതത്തിലൂടെ ഞങ്ങള്‍ ശ്രോതാക്കള്‍ക്ക് മുന്നിലെത്തിച്ചിട്ടുണ്ട്. നല്ല സ്വരം കിട്ടാന്‍ തൊണ്ട നല്ലരീതിയില്‍ പരിപാലിക്കണം. ഓരോ പാട്ടും പലതവണ ചൂളമടിച്ചാലാകും ശരിയായ താളത്തില്‍ പാടാന്‍ കഴിയുന്നത്. ഓരോ വരിയും അവസാനിക്കുന്ന ഭാഗത്തും ശ്വാസത്തിന്റെ നിയന്ത്രണത്തില്‍ ഏറെ ശ്രദ്ധിച്ചില്ലെങ്കില്‍ പാളിപ്പോകും.''
സന പറയുമ്പോള്‍ ചൂളമടിച്ചുതന്നെ കൂട്ടുകാരികള്‍ പറഞ്ഞു: ''ചൂളമടിച്ച് നമുക്ക് ലോക റെക്കോഡിന്റെ മധുരത്തിലെത്തണം.'

Content Highlights: World of Whistlers group