കായികരംഗം സ്വപ്‌നം കണ്ടൊരു പെണ്‍കുട്ടി, അവള്‍ എത്തിയത് സഹജീവികള്‍ക്ക് താങ്ങും തണലും സ്വാന്തനവുമാകുന്ന മേഖലയിലാണ്. ആരോഗ്യരംഗം.. അവിടെ നഴ്‌സായി മുപ്പത്തിമൂന്ന് വര്‍ഷം.. ഇതിനിടയിലും ഒപ്പം കൊണ്ടുനടന്ന നൃത്തവും സ്‌പോര്‍ട്‌സും ഒന്നും കളഞ്ഞില്ല. അവള്‍ ഓടിത്തോല്‍പ്പിച്ചത് രണ്ട് കാന്‍സറുകളെയാണ്. പാലിയേറ്റീവ് കെയറും, മാരത്തോണും, മോട്ടിവേഷണല്‍ ക്ലാസുകളുമായി കോഴിക്കോട് മലാപ്പറമ്പില്‍ സിസ്റ്റര്‍ ശ്യാമള തിരക്കിലാണ്. 

ഓടാന്‍ കൊതിച്ച പെണ്‍കുട്ടി നഴ്‌സായ കഥ

ഞാന്‍ ശരിക്കും നഴ്‌സാവാന്‍ ആഗ്രഹിച്ച ആളല്ല. സ്‌പോര്‍ടാസായിരുന്നു ഇഷ്ടം. മലാപ്പറമ്പിലെ വീട്ടില്‍ നിന്ന് നടക്കാവ് ഗവണ്‍മെന്റ് സ്‌കൂളിലേയ്ക്ക് തുടങ്ങിയ ഓട്ടമാണ് അതിലെത്തിച്ചത്. വീട്ടില്‍ നിന്ന് ബസില്‍ പോകാന്‍ പത്ത് പൈസ തരും. ഈ കാശ് പോക്കറ്റിലിട്ട് ഞങ്ങള്‍ നടക്കും. പകരം നെല്ലിക്ക വാങ്ങി തിന്നും. അക്കാലത്ത് പഠനം ഒരു സീരിയസ് കാര്യമെ ആയിരുന്നില്ല. സ്‌കൂളില്‍ പോകണം, കളിക്കണം. ടീച്ചര്‍ കവിതയൊക്കെ ചൊല്ലിത്തരും അത് പാടും. ഒഴിവ് നേരം മൊത്തം കളിച്ചു നടക്കും. നടക്കാവ് സ്‌കൂളില്‍ സ്‌പോര്‍ട്‌സിന് നല്ല പ്രോത്സാഹനം നല്‍കിയിരുന്നു. കബഡിയില്‍ നാഷണല്‍ ലെവല്‍ വരെ ഞങ്ങള്‍ മത്സരിച്ചു. വോളിബോള്‍ സംസ്ഥാന തലത്തിലും. അന്ന് കളിക്കാനാണ് സ്‌കൂളില്‍ പോകുന്നതുതന്നെ. സ്‌പോര്‍ട്‌സിലുള്ള കുട്ടി പത്താം ക്ലാസ് കടക്കുന്നത് തന്നെ അപൂര്‍വമാണ്. പക്ഷേ ഞാന്‍ പാസായി.

WOMAN

സ്‌പോര്‍ട്‌സില്‍ ഉള്ളതുകൊണ്ട് കോഴിക്കോട് പ്രോവിഡന്‍സ് കോളേജില്‍ അഡ്മിഷന്‍ കിട്ടി. ഭക്ഷണവും  ഡ്രെസും എല്ലാം കോളേജില്‍ നിന്ന് കിട്ടും. ഒന്നുമറിയേണ്ട, സുഖം. കൂട്ടുകാര്‍, കളി, വീട്... ആ  പ്രായത്തിലെ എല്ലാ സന്തോഷങ്ങളുമായി അങ്ങനെ പോകുമ്പോഴാണ്, അടുത്ത വീട്ടിലെ ചേച്ചി ഒരു പത്രപരസ്യവുമായി വന്നത്. സ്‌പോര്‍ട്‌സിലുള്ള ആളുകളെ സര്‍ക്കാര്‍ നഴ്‌സിങ് കോഴ്‌സ് പഠിക്കാന്‍ എടുക്കുന്നുണ്ടെന്ന്. നഴ്‌സ് എന്ന് പറഞ്ഞാല്‍ സൂചി വയ്ക്കുന്ന ആളാണെന്ന വിവരമേ അന്നുള്ളൂ. അല്ലാതെ അതിന് പഠിക്കണമെന്നൊന്നും  അറിയില്ലായിരുന്നു. 

പ്രോവിഡന്‍സില്‍ ഫസ്റ്റ് ഇയര്‍ കഴിഞ്ഞപ്പോഴാണ് ഈ വാര്‍ത്ത കാണുന്നത്. പക്ഷേ എനിക്ക് ഒരു താല്‍പര്യവും തോന്നിയില്ല. വീട് വിട്ട് ഹോസ്റ്റലില്‍ നില്‍ക്കണം... അതൊന്നും മനസ്സ് സമ്മതിച്ചില്ല. വലിയ സാമ്പത്തികമൊന്നുമുള്ള വീടായിരുന്നില്ല എന്റേത്. വേഗം ജോലി കിട്ടും, വീട്ടുകാര്‍ക്ക് സന്തോഷമാകും എന്നൊക്കെ കേട്ടപ്പോള്‍ ടെസ്റ്റിന് പോയി. അഡ്മിഷന്‍ കിട്ടി എന്നറിഞ്ഞപ്പോള്‍ ആ സന്തോഷം അങ്ങ് പോയ്‌പോയി എന്നതാണ് സത്യം. 

ഇന്നത്തെ ബീച്ച് ഹോസ്പിറ്റലിന്റെ അടുത്തുള്ള ബീച്ച് നഴ്‌സിംങ് സ്‌കൂളിലായിരുന്നു പഠനം. പഴയ ബ്രട്ടീഷുകാരുടെ കാലത്തോ മറ്റോ പണിത കെട്ടിടം. പക്ഷേ നല്ല അന്തരീക്ഷമായിരുന്നു. നഴ്‌സിങ് പഠിക്കാന്‍ ആദ്യം എത്തിയ ദിവസം തന്നെ ഞാന്‍ തലകറങ്ങി വീണു. അനാട്ടമി ക്ലാസും അസ്ഥികൂടവും എല്ലാം കൂടി കണ്ടപ്പോള്‍ പിന്നെ പറയേണ്ടല്ലോ. തിരിച്ചു പോന്നാല്‍ മതി എന്നായി. കളികളില്ല. എനിക്ക് ഇഷ്ടമുള്ളതൊന്നുമില്ല. എന്നും യൂണിഫോം ഇടും വയ്യാതെ കിടക്കും, ഇതായിരുന്നു അവസ്ഥ. ശരിക്കും മാനസികമായി താഴെപ്പോയിരുന്നു. അവസാനം കൗണ്‍സിലിങ് ഒക്കെ വേണ്ടി വന്നു മനസ്സിനെ തിരിച്ചുപിടിക്കാന്‍.

അന്ന് അവിടെ ഒരു നല്ല ട്യൂട്ടറുണ്ടായിരുന്നു. അവരാണ് സോണല്‍ മീറ്റിങുകളില്‍ പരിപാടി അവതരിപ്പിക്കാം എന്ന് ഞങ്ങളോട് പറഞ്ഞത്. പിന്നെ വൈകുന്നേരങ്ങളില്‍ കളിക്കാന്‍ അനുവാദം തന്നു. പക്ഷേ ആ യൂണിഫോമില്‍ വേണം കളിക്കാന്‍. വേറെ സ്‌പോര്‍ട്‌സ് വേഷങ്ങളൊന്നും അനുവദിക്കില്ല. വളരെ കര്‍ശനമായ നിയമങ്ങളുള്ള കാലത്താണ് ഞാന്‍ നഴ്‌സിങ് പഠിച്ചത്. 

അന്നത്തെ കാലത്തെ നഴ്‌സുമാരെയും ഇന്നത്തെ കാലത്തെ കുട്ടികളെയും ഒരിക്കലും താരതമ്യം ചെയ്യരുത്. കാലം മാറി, കുട്ടികളും. അന്ന്  നഴ്‌സുമാര്‍ക്ക് വേണ്ടി ഇത്രയും നിയമങ്ങളൊന്നുമില്ല. 

കുറവുകളുണ്ട് സന്തോഷങ്ങളും

രാവിലെ ക്ലാസിലെത്തുമ്പോള്‍ നമ്മുടെ കയ്യില്‍ ഒരു ഡയറിയുണ്ടാവും. അതില്‍ അന്ന് രാവിലെ നമ്മള്‍ എന്ത് ചെയ്തു എന്ന് എഴുതണം. രോഗികളെ ക്ലീന്‍ ചെയ്യുന്ന ജോലിയൊക്കെ ഞങ്ങളുടേതാണ്. മലമൂത്ര വിസര്‍ജ്ജനം നടത്തി അതില്‍ തന്നെ കിടക്കുന്നവര്‍ വരെയുണ്ടാകും. പലപ്പോഴും അവരൊന്നും കൂടെ നില്‍കാന്‍ ആളില്ലാത്തവരാണ്. പ്രായമായവര്‍, ടോയിലറ്റിലേക്ക് തനിയെ പോകാന്‍ പറ്റാത്തവര്‍. അവരോടൊക്കെ ചിരിച്ച് വര്‍ത്താനം പറഞ്ഞ് അവരെ കുളിപ്പിച്ച് നല്ല ഉടുപ്പൊക്കെ ഇടീച്ച് വാര്‍ഡില്‍ കൊണ്ടുവന്ന് കിടത്തും.അന്ന് ഗ്ലൗസൊക്കെ കുറവാണ്. ഉള്ളത് തന്നെ ചൂടുവെള്ളത്തിലിട്ട് തിളപ്പിച്ചൊക്കെയാണ് ഉപയോഗിക്കുക. അപ്പോള്‍ ഈ വൃത്തിയാക്കലൊക്കെ വെറുംകൈകൊണ്ട് ചെയ്യലല്ലേ നടക്കു. നമ്മുടെ അമ്മയോ അച്ഛനോ ഒക്കെയാണെന്ന് കരുതി അങ്ങ് നോക്കും. പിന്നെ ഡോക്ടര്‍ വരുമ്പോള്‍ അവരോട് ചോദിക്കും, കുളിച്ചോ സുഖമായോ എന്നോക്കെ. അപ്പോള്‍ അവര്‍ സന്തോഷത്തോടെ കിടക്കുന്നത് കാണുമ്പോള്‍ നമുക്കും ഒരു സന്തോഷം. 

നഴ്‌സാണ് എല്ലാം

എണ്‍പത്തിയൊന്നിലാണ് ഞാന്‍ നഴ്‌സായി ജോലിക്ക് കയറുന്നത്.  കോട്ടപ്പറമ്പ് ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍. 75- 80 രോഗികളുണ്ടാവും ഒരു വാര്‍ഡില്‍. 7.30 തൊട്ട് 6 മണി വരെയാണ് ഡ്യൂട്ടി. അല്ലെങ്കില്‍ നൈറ്റ് ഡ്യൂട്ടിയിലുള്ളവര്‍ വരുന്നത് വരെ. 

അന്നൊക്കെ റൗണ്ട്‌സിന് വരുമ്പോള്‍ ഡോക്ടര്‍ ചോദിക്കുന്നത് ഇങ്ങനെയാണ്. രണ്ട് ഗുളിക വീതം നാല് നേരം കഴിച്ചോ... കൃത്യമായി ഓരോ നേരത്തെയും ഗുളിക പൊതിഞ്ഞ് കൊടുക്കേണ്ടത് ഞങ്ങളുടെ ജോലിയാണ്. എഴുതിയും കൊടുക്കണം. ഇപ്പോഴല്ലേ വാര്‍ഡ് ഫാര്‍മസിയൊക്കെ വന്നത്. അന്ന് സ്റ്റോറില്‍ പോയി നമ്മള്‍ വേണം ഇതൊക്കെ വാങ്ങി വരാന്‍. ഫാര്‍മസിസ്റ്റിന്റെ പണിയും നഴ്‌സാണ് ചെയ്യുക. ഡോക്ടര്‍ റൗണ്ട്‌സിന് വരുമ്പോള്‍ ബൈസ്റ്റാന്‍ഡേഴ്‌സിനെ മാറ്റണം. ചിലരൊന്നും എത്ര പറഞ്ഞാലും പോകില്ല. അവരോട് വഴക്ക് കൂടണം. 

കേസ് ഷീറ്റുകള്‍ മൊത്തം നമ്മള്‍ നോക്കി ഓരോരുത്തര്‍ക്കും എന്തൊക്കെ മരുന്നും കെയറും വേണമെന്ന് കണ്ടു പിടിക്കണം. പ്രീ ആന്‍ഡ് പോസ്റ്റ് സര്‍ജറി വാര്‍ഡിലാണ് എന്റെ ഡ്യൂട്ടി. സര്‍ജറി കഴിഞ്ഞവരും കഴിയാനുള്ളവരും. പിന്നെയാണ് ഇതൊക്കെ വേറെ വേറെ വാര്‍ഡാക്കിയത്. തറയില്‍ വരെ സര്‍ജറി കഴിഞ്ഞ രോഗികളുണ്ടാവും. അതൊരു കാലമാണ്. 

മറക്കാനാവില്ല ചില നിമിഷങ്ങള്‍

മുപ്പത്തിമൂന്നര കൊല്ലം ഞാന്‍ ജോലി ചെയ്തു. മറക്കാനാകാത്തതും മറക്കണമെന്ന് ആഗ്രഹിക്കുന്നതുമായ ഒരുപാട് കാര്യങ്ങള്‍ ജീവിതത്തിലൂടെ കടന്നു പോയി. സമയത്തിന് ഇടപെട്ട് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞ സംഭവങ്ങളാണ് പലതും ഓര്‍മയില്‍ നില്‍ക്കുന്നത്. ഒരിക്കല്‍ പതിനെട്ട് പത്തൊമ്പത് വയസ്സുള്ള ഒരു പെണ്‍കുട്ടി, രജിത എന്നാണ് പേര്.  സിസേറിയന്‍ കഴിഞ്ഞു കിടക്കുകയാണ്. ആ കുട്ടിയുടെ അമ്മ ഓടി എന്റെ അടുത്ത് വന്നു പറഞ്ഞു, സിസ്റ്ററൊന്ന് വന്ന് നോക്കിക്കേ, അവളുടെ വയറിന്റെ പുറത്തൊക്കെ എന്തോ ഒന്ന് വന്നിരിക്കുന്നു എന്ന്. അത് കുടലാണെന്ന് പോലും അറിയാനുള്ള വിദ്യാഭ്യാസമുള്ള സ്ത്രീയില്ല അവര്‍. ആ പെണ്‍കുട്ടിക്ക് ബേസ്റ്റ് അബ്‌ഡോമന്‍ എന്ന അവസ്ഥയായിരുന്നു. ഉള്ളില്‍ ഇന്‍ഫക്ഷന്‍ വന്ന് കുടലൊക്കെ പുറത്തേയ്ക്ക് വരുന്നതാണ്. ഞാന്‍ അപ്പോള്‍ തന്നെ അവരുടെ തോര്‍ത്തുമുണ്ട് കൊണ്ട് വയറിന് ചുറ്റും കെട്ടി, വേഗം ഡോക്ടറെ വിളിച്ചുകൊണ്ട് വന്നു. പിന്നെ ഒരു അഞ്ച് മാസം അവളെ നോക്കിയതൊക്കെ ഞങ്ങളാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞ് ഒരിക്കല്‍ രജിതയെയും മകനെയും കോഴിക്കോട് എസ്.എം സ്ട്രീറ്റില്‍ വച്ച് കണ്ടു. അവര്‍ എന്നെ വന്ന് കെട്ടിപ്പിടിച്ചു. മകനെ പരിചയപ്പെടുത്തി. നമ്മള്‍ രക്ഷിച്ച, നോക്കിയ കുട്ടിയല്ലേ... 

അതുപോലെ ഗര്‍ഭപാത്രം റിമൂവ് ചെയ്യുന്ന സര്‍ജറി കഴിഞ്ഞ ഒരു ഉമ്മ, നല്ല സുന്ദരിയാണ് അവര്‍. ഒരു ദിവസം രാവിലെ വാര്‍ഡിലെത്തുമ്പോള്‍ അവരെന്നെ കൈകാട്ടി വിളിക്കുന്നു. എന്താ നമ്മുടെ ഫാത്തിമ ഇന്നൊന്നും മിണ്ടാത്തത് എന്ന് ചോദിച്ച് ഞാന്‍ അടുത്തെത്തിയപ്പോള്‍ അവര്‍ ശ്വാസമെടുക്കുന്നതിന് ഒരു വ്യത്യാസം. എന്തോ ഒരു കുഴപ്പമുള്ളതുപോലെ. അവര്‍ക്ക് മിണ്ടാനും പറ്റുന്നില്ല. ഞാന്‍ വേഗം ഓടി ഡോക്ടറുടെ അടുത്തെത്തി. എമ്പോളിസത്തിന്റെ (സര്‍ജറി കഴിഞ്ഞവരില്‍ ചെറിയ ഒരു രക്തകട്ടയോ, എയര്‍ ബബിളോ, ഫാറ്റോ പ്രധാന രക്തക്കുഴലില്‍ ഉണ്ടാക്കുന്ന ബ്ലോക്ക്)  ലക്ഷണമാണോ എന്ന് സംശയം പറഞ്ഞു. വേഗം ആംബുലന്‍സ് റെഡിയാക്കി അവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകാനായിരുന്നു ഡോക്ടറുട നിര്‍ദേശം. ഞാനും പോയി കൂടെ. കൃത്യസമയത്ത് അവിടെ എത്തിച്ചതുകൊണ്ട് രക്ഷപ്പെട്ടു. 

WOMAN

കാവലിരുന്ന് തിരിച്ചുപിടിച്ച ജീവന്‍

എന്റെ പ്രസവമൊക്കെ കഴിഞ്ഞ് മെറ്റേണിറ്റി ലീവിലായിരുന്ന സമയത്ത് നടന്ന ഒരു സംഭവമുണ്ട്. നമ്മുടെ തൊട്ടടുത്ത് താമസിക്കുന്ന വീട്ടിലെ ആണ്‍കുട്ടി. അവന് ഒരു പന്ത്രണ്ട് വയസ്സ് കാണും. ആള് നല്ല കളിച്ച് നടക്കുന്ന ആരോഗ്യമുള്ള കുട്ടിയാണ്. ഒരു ദിവസം നോക്കുമ്പോള്‍ അവന്‍ ഭക്ഷണം കഴിക്കുന്നതിനിടക്ക് കുഴഞ്ഞ് പോകുന്നു. ഞാനോടി ചെന്നപ്പോള്‍ അവന്റെ വായില്‍നിന്ന് ഉമിനീര് ഒലിക്കുന്നുണ്ട്. ഒച്ചകേട്ട് അവന്റെ അമ്മയും മുത്തശ്ശിയുമൊക്കെ ഓടി വന്നു. അവനെന്തെങ്കിലും മരുന്ന് കഴിക്കുന്നുണ്ടോ എന്നാണ് ഞാന്‍ ആദ്യം ചോദിച്ചത്. പനിയായിട്ട് ഹോമിയോ മരുന്ന് കൊടുത്തു എന്നായി അവര്‍. എങ്കില്‍ വേഗം ആ ഡോക്ടറെ പോയി കണ്ട് കാര്യം പറയാന്‍ ഞാന്‍ പറഞ്ഞു. അവിടെ അടുത്തുള്ള ഡോക്ടറാണ്. അയാളും പേടിച്ചു പൊയി . മരുന്ന് വല്ലോം മാറി പോയയോ എന്നാണ് അയാള്‍ ഓര്‍ത്തത്. ആ ഡോക്ടറുടെ കാറില്‍ ഞാനും അവന്റെ മുത്തശ്ശിയും കൂടി അവനെ മെഡിക്കല്‍ കോളേജില്‍ കൊണ്ടു വന്നു. 

എന്റെ കുഞ്ഞിന് അന്ന് നാല് മാസമേ ആയുള്ളൂ. അതൊന്നും ഓര്‍ക്കാന്‍ പോലും സമയംകിട്ടിയില്ല. ഇവന്റെ ജീവന്‍ രക്ഷിക്കണമെന്നേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. ആശുപത്രിയിലെത്തിയപ്പോഴേയ്ക്കും കുട്ടി മരിച്ചപോലെ ആയിരുന്നു. ശ്വാസമെടുക്കുന്നത് പൂര്‍ണമായും നിലച്ചു. ഡോക്ടര്‍ പറഞ്ഞു ഇത് ഗില്ലന്‍ബാരി സിന്‍ഡ്രോമാണ്. ഈ രോഗം വന്നാല്‍ ശ്വാസം പൂര്‍ണമായും നിലയ്ക്കും.  രക്ഷിക്കാന്‍ ഒരു വഴിയേ ഉള്ളൂ, ശ്വാസനാളിയിലേയ്ക്ക് ഒരു ട്യൂബിട്ട് കൈകൊണ്ട് ഓക്‌സിജന്‍ പമ്പ് ചെയ്യുന്ന ആമ്പു ബാഗ് പ്രസ് ചെയ്ത് ഓക്‌സിജന്‍ നല്‍കണം. ഓരോ ബ്രീത്തിനനുസരിച്ച് വേണം ഇത് ചെയ്യാന്‍. ഇതിനിടയില്‍ ശ്വാസകോശത്തില്‍ അടിയുന്ന മ്യൂക്കസും വലിച്ചു കളയണം. ഞാനപ്പോള്‍ ഡോക്ടറോട് പറഞ്ഞു എന്റെ കുഞ്ഞിന് നാല് മാസമായതേ ഉള്ളൂ. അവനെ നോക്കണം, പോകണം എന്നൊക്കെ. ഈ കുട്ടിയുടെ ജീവന്‍ നിങ്ങളുടെ കൈയിലാണ് എന്നായിരുന്നു ഡോക്ടറുടെ മറുപടി.  

അവസാനം അവന്‍ കണ്ണ് തുറന്നു.  എന്നെ സഹായിക്കാന്‍ അടുത്തുള്ള രണ്ട് മൂന്ന് കുട്ടികള്‍ മാറി മാറി വന്ന് നിന്നു. അവര്‍ ഈ ആമ്പു ബാഗ് പ്രസ് ചെയ്യും ഞാന്‍ സെക്രീഷന്‍ വലിച്ചുകളയും. രാത്രിയും പകലും. മൂന്ന് ദിവസമായപ്പോഴേയ്ക്കും കുറച്ചൊക്കെ ഭേദമായി. ഇതിനിടയ്ക്ക് അവന്റെ ആമ്പു ബാഗ് സ്ഥാനം മാറി, ഓക്‌സിജന്‍ കിട്ടാതെയായി. വീണ്ടും ബോധം മറഞ്ഞു. അന്ന് അവിടെയുണ്ടായിരുന്ന അവന്റെ ഒരു ബന്ധു കുട്ടി മരിച്ചു എന്ന് നാട്ടിലൊക്കെ ചെന്ന് പറഞ്ഞു. കാര്യം അറിയാതെ അവരന്ന് അവനെ അടക്കാന്‍ കുഴിവരെ വെട്ടി എന്നാണ് കഥ.  എല്ലാം ഭേദമായി അവന്‍ വലുതായി കല്യാണമൊക്കെ കഴിഞ്ഞ്, കുട്ടിയൊക്കെയായി സുഖമായി ജീവിക്കുന്നുണ്ട്. അതൊരു വലിയ സന്തോഷമാണ്. 

ആ വെള്ളയുടുപ്പാണ് എന്നും ഇഷ്ടം   

ഞങ്ങളുടെ വെള്ളയുടുപ്പാണ് ശരിക്കും നല്ല യൂണിഫോം. ജോലി ചെയ്യാനുള്ള സൗകര്യമൊക്കെ ആ ഉടുപ്പായിരുന്നു. ആദ്യകാലത്ത് അതായിരുന്നു ഞങ്ങളുടെ വേഷം. യൂണിഫോമുകള്‍ മാറുന്ന എല്ലാ കാലഘട്ടത്തിലും ജോലി ചെയ്ത ആളാണ് ഞാന്‍. ഉടുപ്പ് കുറെ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. അന്നൊക്കെ താഴെ തറയില്‍ കിടക്കുന്ന രോഗികളുണ്ടാവും, നമ്മള്‍ ഡ്രസിങ് ഒന്നും നോക്കാതെയാകും ഓരോ ജോലിയും ചെയ്യുക. അതൊരു പ്രശ്‌നം.  പിന്നെ ഗര്‍ഭിണിയായാല്‍ ഈ ഉടുപ്പ് നമുക്ക് പാകമാകില്ല. കുനിയുമ്പോഴൊക്കെ ശരീരം കാണും. അന്ന് എപ്പോഴും പുതിയത് തയിക്കാന്‍ പറ്റില്ലല്ലോ. അങ്ങനെ യൂണിഫോം സാരിയായി. 

വില്ലനായി കാന്‍സര്‍

ജോലിത്തിരക്കില്‍ ഞാന്‍ മക്കളെ ശരിക്ക് മുലയൂട്ടുകയൊന്നും ചെയ്തിരുന്നില്ല. പിന്നെ ശരീരത്തെയും അങ്ങനെയൊന്നും ശ്രദ്ധിച്ചിരുന്നില്ല. ആരോഗ്യമാണ് എല്ലാത്തിലും പ്രധാനമെന്ന് അക്കാലത്താണ് തിരിച്ചറിഞ്ഞ്. ഈ അശ്രദ്ധകളാവാം  കാന്‍സറിനെ വരുത്തിയത്. ആദ്യത്തെ കാന്‍സര്‍ ബ്രെസ്റ്റിലായിരുന്നു. 2003 ലാണ് അത് തിരിച്ചറിഞ്ഞത്. 46 വയസ്സുള്ളപ്പോള്‍. കീമോയും മരുന്നുമൊക്കെയായി അതിനെ ഞാന്‍ പടികടത്തി. ആരോഗ്യമൊക്കെ തിരിച്ചുപിടിച്ച് വരുമ്പോള്‍ ആണ് അടുത്തവന്‍ വരുന്നത്. 

രണ്ടാമത്തെ കാന്‍സര്‍ കോളനിലായിരുന്നു. മോഷനൊപ്പം രക്തം കണ്ടതായിരുന്നു തുടക്കം. കടുത്ത വേദനയും. ഫിഷറോ മറ്റോ ആയിരിക്കും എന്ന്  വിചാരിച്ചു. നമ്മളാണെങ്കില്‍ ആരോഗ്യം വച്ച് വരുന്ന സമയവുമാണ്. ആദ്യത്തെ കാന്‍സര്‍ വന്നുപോയിട്ട് ഒരു വര്‍ഷമായിട്ടേ ഉള്ളൂ. രണ്ടാമന്‍ അല്‍പം സീരിയസായിരുന്നു. ആര്‍. സി.സി. യിലായിരുന്നു ചികിത്സ.  

കാന്‍സര്‍ ചികിത്സയുടെ സമയത്ത് മരുന്നുകളൊക്കെ നമ്മുടെ മനസ്സിനെ വല്ലാതെ ബാധിക്കും. അതാണ് എപ്പോഴും കുടുംബം കാന്‍സര്‍ രോഗികളെ താങ്ങണം എന്ന് പറയുന്നത്. എനിക്ക് പ്രശ്‌നം ഉറക്കമായിരുന്നു. ഉറങ്ങാന്‍ പറ്റിയിരുന്നില്ല. ആ സമയത്ത് നെഗറ്റീവ് ചിന്തകള്‍ തലയിലെത്താതെ നോക്കിയാലെ രക്ഷയുള്ളു. വായിക്കുക, ഗാര്‍ഡനിങ് പോലെ എന്തെങ്കിലും ചെയ്യുക.. ഇതൊക്കെ തന്നെ. രോഗം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഒരു സന്തോഷം കാത്തിരിപ്പുണ്ടായിരുന്നു. 2010 ലെ സംസ്ഥാന അവാര്‍ഡ്്, നഴ്‌സായി മികച്ച സേവനം നല്‍കിയതിന്.

WOMAN

മാരത്തോണോടുകയാണ് ശ്യാമള

ഇപ്പോള്‍ മാരത്തോണ്‍ ഓടുന്നതാണ് പ്രധാന ഹോബി. ആളുകള്‍ക്ക് ഒരു ബോധവത്ക്കരണത്തിന് വേണ്ടികൂടിയാണത്. രണ്ട് തവണ കാന്‍സര്‍ വന്ന എനിക്കാകാമെങ്കില്‍ നിങ്ങള്‍ക്കും പറ്റുമെന്ന സന്ദേശം. ജീവിതം ഒന്നല്ലേയുള്ളൂ, പേടിച്ച് പിന്നിലേയ്ക്ക് മാറിയിട്ട് എന്താണ് കാര്യം. കാന്‍സറിനെ കീഴടക്കാന്‍ കുറുക്കു വഴികളൊന്നുമില്ല എന്നാണ് തന്റെ അനുഭവം. കൃത്യമായി കൃത്യസമയത്ത് ചികിത്സ തേടണം. മുടങ്ങാതെ പരിശോധനയും വേണം. 

കാന്‍സറിന് ശേഷം കാന്‍സര്‍ വന്ന ഒരുപാട് ആളുകള്‍ വിളിക്കും. അവര്‍ക്ക് മാനസികമായി താങ്ങും തണലുമാകാന്‍ ശ്രമിക്കാറുണ്ട്. നമ്മള്‍ അതിനെ നേരിട്ടതുപോലെ നേരിടാന്‍ മാതൃകയാവാറുമുണ്ട്. പോകാന്‍ പറ്റുന്നിടത്ത് ഒക്കെ ഞാന്‍ പോയി അവരെ കാണും. നമ്മളുണ്ട് കൂടെ എന്നൊരു വാക്കാണ് മിക്കവര്‍ക്കും വേണ്ടത്. ഭാര്യക്കാണ് രോഗമെങ്കില്‍ ഭര്‍ത്താവിന് കൗണ്‍സിലിംഗ് കൊടുക്കും, ഭര്‍ത്താവിനാണെങ്കില്‍ ഭാര്യയ്ക്കും. കുടുംബത്തിന്റെ സപ്പോര്‍ട്ട് വലുതാണ്. കുടുംബത്തിൽ നിന്നുള്ള സപ്പോർട്ടാണ് എപ്പോഴും നമ്മളെ നല്ല നിലയിലെത്തിക്കുന്നത് എന്നതിന് നല്ല ഉദാഹരണം എന്റെ ജീവിതം തന്നെയാണ്.

പാലിയേറ്റീവ്

2013 ല്‍ ഞാന്‍ റിട്ടയറായി. അതിന് മുമ്പ് പാലിയേറ്റീവ് കെയറിന്റെ ആറ് മാസത്തെ കോഴ്‌സും പഠിച്ചു.  ഇപ്പോള്‍ ഗവണ്‍മെന്റിന്റെ സുരക്ഷാ പാലിയേറ്റിവില്‍ അംഗമാണ്. സഹായം ആവശ്യമുള്ളവര്‍ക്ക് മരുന്ന് ഒക്കെ എത്തിക്കുക, ഫിസിയോ തെറാപ്പി വേണ്ടവര്‍ക്ക് തെറാപ്പിസ്റ്റിനെ എത്തിച്ച് നല്‍കുക, കൗണ്‍സിലിംഗ് നല്‍കുക.. അങ്ങനെ കഴിയുന്ന പോലെ ചുറ്റുമുള്ളവർക്ക് ഒരു താങ്ങായി നിൽക്കാനാണ് ശ്രമം.  പ്രായമുള്ള ആളുകളുടെ അടുത്ത് പോകുമ്പോൾ കുറച്ച് പലഹാരമൊക്കെ കൊണ്ടുപോയി കൊടുക്കും. നമ്മളെ ആവശ്യമുള്ള ഒരുപാട് ആളുകൾ ചുറ്റുമുണ്ടല്ലോ.  അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റുക.  അപ്പോള്‍ മനസ്സില്‍ ഒരു നെഗറ്റീവ് ചിന്തയും വരില്ല. 

Content Highlights: World health day 2020,Support nurses and midwives,  Inspirational life of sister Shyamala