സ്ത്രീ വിരുദ്ധമായ വാചകങ്ങളുടെ കേന്ദ്രമായാണ് പൊതുഇടങ്ങളിലെ ടോയ്‌ലറ്റുകളെ പലപ്പോഴും വിശേഷിപ്പിക്കുക. കണ്ടാല്‍ അറപ്പുതോന്നുന്ന വാക്കുകളും ചിത്രങ്ങളുമെല്ലാം മിക്ക ടോയ്‌ലറ്റുകളുടെയും ചുവരുകളില്‍ ഇക്കാലത്തും കാണാന്‍ കഴിയും.

സാധാരണ പുരുഷന്മാരുടെയും സ്ത്രീകളുടെയും ടോയ്‌ലറ്റുകള്‍ വേര്‍തിരിച്ചു കാണിക്കുന്നതിന് സ്ത്രീകള്‍, പുരുഷന്മാര്‍ എന്നിങ്ങനെ എഴുതുകയാണ് പതിവ്. ചിലപ്പോള്‍ അതിനു പകരം ഇല്യുസ്‌ട്രേഷനും വയ്ക്കാറുണ്ട്. എന്നാല്‍, വളരെ വ്യത്യസ്തവും ക്രിയാത്മകവുമായ ഒരു ചൂണ്ടുപലകയ്ക്ക് പിന്നാലെയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ.

കവിയും ഗാനരചയിതാവുമായ മനോജ് മുംതാഷിര്‍ ആണ് ഈ ചൂണ്ടുപലകയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജിലുള്ള ഒരു പൊതു ടോയ്‌ലറ്റിന്റെ മുന്നില്‍ വെച്ച വാചകമാണ് ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. സര്‍ ഇടത്തേക്ക്, കാരണം മാഡം എപ്പോഴും ശരിയായിരിക്കും(Sir to the left because madam is always right) എന്നാണ് ചൂണ്ടുപലകയിലെ വാചകങ്ങള്‍. 

മനോജ് മുംതാഷിറിന്റെ ട്വീറ്റ് 2700 തവണയാണ് റീട്വീറ്റ് ചെയ്തിരിക്കുന്നത്. 41,000-ല്‍ പരം ലൈക്കുകളും ട്വീറ്റിന് ലഭിച്ചു. എല്ലാ പൊതുകക്കൂസുകളുടെ മുന്നിലും ഈ വാചകം നല്‍കണമെന്ന് ഒരാള്‍ കമന്റ് ചെയ്തു. ചിലരാകട്ടെ മനോജ് ട്വീറ്റ് ചെയ്ത അതേ വാചകങ്ങള്‍ ഉള്ള ചൂണ്ടുപലകകളുടെ ചിത്രങ്ങള്‍ കമന്റ് ചെയ്തു. ഈ വാചകങ്ങള്‍ കുറെപഴക്കമുള്ളതാണെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാട്ടി.

Content highlights: words of wisdom from  public toilet In uttar pradesh viral tweet