മേഘങ്ങളെ കീറി മുറിച്ച് നീങ്ങുന്ന ആകാശപ്പക്ഷികള്‍  കൗതുക കാഴ്ചയാണ്. അതിലൊന്ന് കയറണമെന്ന് ആഗ്രഹിക്കാത്തവരാരുമുണ്ടാകില്ല. എന്നാല്‍ വിമാനം പറത്തണമെന്ന് ആഗ്രിക്കുന്നവര്‍ ചുരുക്കമേ ഇണ്ടാകൂ.

അത്രയും റിസ്‌ക്ക് ഏറ്റെടുക്കാനുള്ള മനഃസാനിധ്യമില്ലാത്തതാണ് ഇതിനു കാരണം. അതുകൊണ്ടുതന്നെ പൈലറ്റ് എന്ന കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ഓടിയെത്തുന്നത് വെള്ള യൂണിഫോം ധരിച്ച പുരുഷ രൂപമാണ്. വനിതാ പൈലറ്റുമാര്‍ ഉണ്ടെങ്കിലും ഇന്നും മനസ്സില്‍ പതിഞ്ഞ ചിത്രത്തിന് കാര്യമായ മാറ്റം വന്നിട്ടില്ല.

ഏതു മേഖലയും വനിതകള്‍ക്ക് വഴങ്ങുമെന്ന് തെളിയിക്കുന്ന, പൊളിച്ചെഴുത്തിന്റെ കാലഘട്ടത്തില്‍ സ്ത്രീകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുകയാണ്.

പുരുഷനു പിന്നിലല്ല, ഒപ്പമാണ് അവളുടെ സ്ഥാനം എന്ന അംഗീകാരമാണ് അവള്‍ തേടുന്നത്. വനിതാ ദിനത്തില്‍ ഒരു വിമാനത്തിന്റെ മൊത്തം നിയന്ത്രണവും വനിതകളെ ഏല്‍പ്പിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് പുതിയ ചരിത്രം കുറിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക്ശേഷം 1.15ന് കൊച്ചിയില്‍ നിന്നും ദുബായിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന്റെ ഐ.എക്സ്. 435 വിമാനമാണ് വനിതകളുടെ നിയന്ത്രണത്തില്‍ പറന്നത്.

നിയന്ത്രണമേറ്റെടുത്തവരില്‍ സഹ പൈലറ്റൊഴികെ മറ്റുള്ളവരെല്ലാം മലയാളികളായിരുന്നു. ഈരാറ്റുപേട്ട സ്വദേശിനി ബിന്ദു സെബാസ്റ്റ്യനാണ് വിമാനം പറത്തുന്നതിന് ചുക്കാന്‍ പിടിച്ചത്. ഉത്തര്‍പ്രദേശുകാരി സലോണി റവാലായിരുന്നു സഹ പൈലറ്റ്. സൂര്യ സന്തോഷ്, ലിഷി, സായൂജ്യ ജോണ്‍, സൂര്യ സുധന്‍ എന്നിവരായിരുന്ന ക്രൂ അംഗങ്ങള്‍. എന്‍ജിനീയറിങ് വിഭാഗത്തിന്റെ നിയന്ത്രണം  ബിനു സഞ്ജയ് ഏറ്റെടുത്തു. വിമാനത്തിലെ ഡോക്ടര്‍ പോലും വനിതയായിരുന്നു. മലയാളിയായ ജോര്‍ജീന ജോര്‍ജ്. ചെക്ക്-ഇന്‍ കൗണ്ടറുകളുടെയും സെക്യുരിറ്റി വിഭാഗത്തിന്റെയുമെല്ലാം നിയന്ത്രണവും വനിതകള്‍ തന്നെ നിര്‍വഹിച്ചു. മലയാളിയായ ജിനോ ജോര്‍ജാണ് എല്ലാം കോ-ഓര്‍ഡിനേറ്റ് ചെയ്തത്.

വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത എല്ലാ വനിതാ ജീവനക്കാരെയും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനുമോദിച്ചു. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യാംസുന്ദര്‍ എല്ലാവര്‍ക്കും പൂച്ചെണ്ടുകള്‍ നല്‍കി. വിമാനം പുറപ്പെടുന്നതിന് മുമ്പ് വനിതാ ജീവനക്കാര്‍ ചേര്‍ന്ന് കേക്ക് മുറിച്ച് ലോക വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്തു. കൊമേഴ്സ്യല്‍ വിഭാഗം ഡെപ്യുട്ടി ചീഫ് എബി ജോര്‍ജ്, എച്ച്.ആര്‍. വിഭാഗം ചീഫ് വിജയ് കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി-ദുബായ് വിമാനത്തില്‍ യാത്ര ചെയ്ത എല്ലാ വനിതാ യാത്രക്കാരെയും പൂച്ചെണ്ടുകള്‍ നല്‍കിയാണ് സ്വീകരിച്ചതും. കൊച്ചിക്കു പുറമെ, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മംഗലാപുരം എന്നീ വിമാനത്താവളങ്ങളില്‍ നിന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഇത്തരത്തില്‍ സര്‍വീസ് നടത്തി.

Air India

വിമാന ഗതാഗത നിയന്ത്രണത്തിലും കരുത്ത് കാട്ടി വനിതകള്‍

വിമാനം പറത്തുക എന്നതിനേക്കാള്‍ ശ്രമകരമായ ജോലിയാണ് അതിനെ വരുതിയാലാക്കുക എന്നത്.അതുകൊണ്ടുതന്നെ ലോകത്ത്് മാനസിക പിരിമുറുക്കം ഏറ്റവും കൂടുതല്‍ അനുഭവപ്പെടുന്ന ജോലികളിലൊന്നായാണ് വിമാന ഗതാഗത നിയന്ത്രണത്തെ കാണുന്നത്.

വിമാനം കൂട്ടിയിടിച്ചുള്ള അപകടം ഒഴിവാക്കുക എന്നതാണ് എയര്‍ ട്രാഫിക് കണ്‍ട്രാള്‍ ടവറിന്റെ പ്രധാന ജോലി.ഏത് പ്രതികൂല കാലാവസ്ഥയിലും വിമാനത്തിന്റെ ശരിയായ ദിശയും സ്ഥാനവും തിരിച്ചറിഞ്ഞ് അതിനനുസൃതമായി നിര്‍ദേശങ്ങള്‍ നല്‍കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.എന്നാല്‍ ഈ ജോലി മുഴുവന്‍ ചൊവ്വാഴ്ച കൊച്ചി വിമാനത്താവളത്തില്‍ വനിതകള്‍ ഏറ്റെടുത്ത് നടത്തി എന്നതാണ് ശ്രദ്ധേയം.രാവിലെ 7 മുതല്‍ ഉച്ചയ്്ക്ക് ഒന്നു വരെ കൊച്ചി വിമാനത്താവളത്തിലെ എടിസിയുടെ നിയന്ത്രണം വളയിട്ട കൈകളിലായിരുന്നു.ഒന്നും രണ്ടുമല്ല,100 ഓളം വിമാനങ്ങളെയാണ് ഇവര്‍ നിയന്ത്രിച്ചത്.കൊച്ചിയ്ക്കു പുറമെ,കോഴിക്കോട്,കോയമ്പത്തൂര്‍,കൊച്ചി നേവല്‍,സുലുര്‍ എന്നീ വിമാനത്താവളങ്ങളുടെ നിയന്ത്രണവും ഇവര്‍ ഏറ്റെടുത്തു.വിമാന ഗതാഗതം വനിതകള്‍ക്കും നിയ്ന്ത്രിക്കാനാകും എന്ന് ലോകത്തെ കാട്ടികൊടുക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം.ജോയിന്റ് ജനറല്‍ മാനേജര്‍(എടിഎം)കല.പി.നായരുടെ നേതൃത്വത്തില്‍ 10 പേരാണ് ചൊവ്വാഴ്ച എടിസിയുടെ നിയന്ത്രണം ഏറ്റെടുത്തത്.7 പേര്‍ റഡാര്‍ സ്റ്റേഷന്‍ നിയന്ത്രിച്ചപ്പോള്‍ 3 പേര്‍ ടവറിന്റെ നിയന്ത്രണം ഏറ്റെടുത്തു.കല.പി.നായര്‍ക്കു പുറമെ ഷൈന്‍മോള്‍ ജോര്‍ജ്ജ്, ജെ.ടി.സിബി,സി. അനിത, എല്‍.ടി.രഞ്ജിനി, അനിത വര്‍ഗീസ്, ടീന.ഐ.ഈപ്പന്‍, പി.കെ.ഷംന, എം.ബി.ഷംല, പി.മിനി എന്നിവരാണ് ചൊവ്വാഴ്ച എടിസി നിയന്ത്രിച്ചത്.

എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യയിലെ വനിത ജീവനക്കാരാണിവര്‍.ആദ്യമായാണ് എയര്‍പോര്‍ട്ട് അതോറിട്ടി ഓഫ് ഇന്ത്യ  വിമാന ഗതാഗത നിയന്ത്രണം സമ്പൂര്‍ണ്ണമായും വനിതകളെ ഏല്‍പ്പിക്കുന്നത്.

എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ പകുതിയോളം വനിതാ ജീവനക്കാര്‍-സി.ഇ.ഒ.

എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ജോലി നോക്കുന്നവരില്‍ 40 ശതമാനത്തിലധികം പേരും വനിതകളാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ശ്യംസുന്ദര്‍ പറഞ്ഞു.വനിതകള്‍ക്ക് ഇത്രയും പരിഗണന നല്‍കുന്ന മറ്റൊരു വിമാനകമ്പനി ലോകത്ത് അപൂര്‍വ്വമായിരിയ്ക്കും.എയര്‍ ഇന്ത്യ എക്സ്പ്രസില്‍ ആകെ 856 ജീവനക്കാരാണുള്ളത്.ഇതില്‍ 359 പേരും വനിതകളാണ്.ആകെയുള്ള 257 പൈലറ്റുമാരില്‍ 48 പേര്‍ വനിതകളാണ്.392 പേരാണ് കാബിന്‍ ക്രൂ ആയിയുള്ളത്.ഇതില്‍ 257 പേരും വനിതകളാണ്.

ഓപ്പറേഷന്‍,ഫ്‌ളൈറ്റ് സേഫ്റ്റി,എഞ്ചിനീയറിങ് തുടങ്ങി എല്ലാ പ്രധാന മേഖലകളിലും വനിതകളെ നിയോഗിച്ചിട്ടുണ്ട്.എയര്‍ ഇന്ത്യ എക്സ്പ്രസ് ഡയറക്ടര്‍ബോര്‍ഡിലും വനിതകള്‍ക്ക് മികച്ച പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും ശ്യംസുന്ദര്‍ പറഞ്ഞു.

ഈ വിമാനം പറത്തല്‍ എല്ലാ വനിതകള്‍ക്കും വേണ്ടി -കമാന്‍ഡര്‍ ബിന്ദു സെബാസ്റ്റ്യന്‍

Air Indiaലോകത്തെ എല്ലാ വനിതകള്‍ക്കും വേണ്ടിയാണ് വനിത ദിനത്തില്‍ വനിതകള്‍ മാത്രമായി വിമാനം പരത്തിയതെന്ന് പൈലറ്റ്ബിന്ദു സെബാസ്റ്റ്യന്‍ പറഞ്ഞു.
അമ്മയും ഭാര്യയുമായ സ്ത്രീകള്‍ക്ക് തൊഴില്‍ നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഏറെ കഠി നാദ്ധ്വാനം ചെയ്യേണ്ട തുണ്ട്.

പുരുഷനേക്കാള്‍ ഇരട്ടി ബുദ്ധിമുട്ടിയാല്‍ മാത്രമേ സ്ത്രീയ്ക്ക് കുടുംബവും തൊഴിലും നല്ല രീതി യില്‍ മുന്നോട്ട് കൊണ്ടുപോകാനാകൂ.100 ശതമാനം അര്‍പ്പണം വേണ്ടി വരും.
 കുടും ത്തിനും കുട്ടികള്‍ക്കും സാനിധ്യമാകുന്നതോടൊപ്പം തൊഴില്‍ രംഗത്തും നിറസാനിധ്യമാകേണ്ടതുണ്ട്.ഇത് അത്ര എളുപ്പമായ കാര്യമല്ല.കുടുംബത്തിവും സമൂഹത്തിലും തൊഴില്‍ രംഗത്തും സ്ത്രീകള്‍ക്ക് അംഗീകാരവും പിന്തുണയും കിട്ടണം. എല്ലാ രംഗത്തും വനിതകള്‍ കഴിവു തെളിയിച്ചുകൊണ്ടിരിയ്ക്കുകയാണ്.ഷീ ടാക്സി ഉള്‍പ്പെടെ പല മേഖലകളിലും വനിതകള്‍ കരുത്ത്  തെളിയിച്ചുകഴിഞ്ഞു.

കൊച്ചി വിമാനത്താവളത്തില്‍ ലോഡേഴ്സ് ആയി പോലും വനിതകള്‍ ജോലി നോക്കുന്നു.വനിതകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്ന എയര്‍ ഇന്ത്യ എക്സ്പ്രസില്‍ കമാര്‍ഡറായി ജോലി നോക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും ബിന്ദു പറഞ്ഞു.ഇന്ത്യന്‍ എയര്‍ഫോഴ്സിലെ ആദ്യ വനിത പൈലറ്റ് ബാച്ചിലെ അംഗമാണ് ബിന്ദു.1993 മുതല്‍ വിമാനം പറത്തുന്നു.