പെണ്ണിന്റെ കൈക്കരുത്തറിയാത്തവർ ഇനി അറിയും... എതിരാളികളെ മലർത്തിയടിക്കാനുള്ള കൈകളെ അണിയറയിൽ പാകപ്പെടുത്തുകയാണവർ... നിത്യേനയുള്ള പരിശീലനത്തിലൂടെ കൈക്കരുത്തും മനക്കരുത്തും ഉറപ്പിക്കുകയാണ്... പഞ്ചഗുസ്തി മത്സര വേദിയിലെ റഫറിയുടെ ‘റെഡി, ഗോ’ ശബ്ദവും കാതോർത്തിരിക്കുന്നത് ജില്ലയിൽത്തന്നെ നൂറ്റിയമ്പത് പെൺതാരങ്ങളാണ്. 

‘പഞ്ചഗുസ്തി’യെന്ന കായിക ഇനം സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ചതാണ് കൈക്കരുത്തു കാട്ടാൻ മടിച്ചുനിന്നവർക്ക് ഇപ്പോൾ പ്രചോദനമായിരിക്കുന്നത്. ഗുസ്തി താരങ്ങളുടെ കൂട്ടായ്മയുടെ തണലിൽമാത്രം വളർന്ന പഞ്ചഗുസ്തി ഈ അംഗീകാരം കൊണ്ട് ഇനി പടർന്നു പന്തലിക്കും.
‘ആം റസ്‌ലിങ്‌ അസോസിയേഷൻ’ ആണ് ഇത്രയും നാൾ പഞ്ചഗുസ്തിക്ക്‌ താങ്ങായി നിന്നത്. കടുത്ത സാമ്പത്തികച്ചെലവു വരുന്ന മത്സരങ്ങളും അതിനൊപ്പം പരിശീലനവുമെല്ലാം താരങ്ങൾക്കായി അസോസിയേഷൻ സംഘടിപ്പിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഈ പരിമിതികൾക്കിടയിലും നമ്മുടെ താരങ്ങൾ ദേശീയതലത്തിൽ ഏറ്റുമുട്ടി കപ്പ് നേടിയിട്ടുമുണ്ട്. ഇതെല്ലാം അസോസിയേഷന് പ്രചോദനമായി. 

അങ്ങനെ കടമ്പകൾ പലതും താണ്ടി, ഇപ്പോൾ കൗൺസിൽ അംഗീകരിച്ച മുഹൂർത്തത്തിന്റെ തിളക്കത്തിലാണ് പഞ്ചഗുസ്തിയും താരങ്ങളും. ഈ തിളക്കം നിലനിർത്താനായാണ് കൂടുതൽപേരെ ഈ കളിയിലേക്ക് ആകർഷിക്കുന്നതിനുള്ള നീക്കങ്ങളുമായി അസോസിയേഷൻ രംഗത്തെത്തിയിരിക്കുന്നത്. 
പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും പ്രാധാന്യം കൊടുത്തുകൊണ്ട് ഗുസ്തി മേഖല വികസിപ്പിക്കാനാണ് തീരുമാനം. അടുത്തിടവരെ പുരുഷന്മാർ മാത്രമായിരുന്നു കൈക്കരുത്തിന്റെ കളത്തിൽ നിറഞ്ഞത്. എന്നാൽ, ഇപ്പോൾ സ്ത്രീകളുടെ പ്രാതിനിധ്യവുമുണ്ട്. 

ദേശീയതലത്തിലേക്ക് നമ്മുടെ പെൺകരുത്ത്‌ എത്തിക്കാനാണ് അസോസിയേഷൻ ലക്ഷ്യമിടുന്നത്. അതിനായി താഴേത്തട്ടിൽ നിന്നുള്ള പ്രവർത്തനമാണ് തയ്യാറാക്കിയത്‌. അതിന്റെ ഭാഗമായി, ഇപ്പോൾ സ്കൂളുകളിലേക്ക് ഇതിന്റെ പ്രചാരണവുമായി കടന്നുചെല്ലുന്നു. ഈ വർഷം മുതൽ സ്കൂൾതലത്തിൽ നിന്നും മത്സരങ്ങൾ തുടങ്ങുകയാണ്. 

സബ്‌ ജൂനിയർ, ജൂനിയർ, സീനിയർ എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായി മത്സരങ്ങൾ നടത്തി അവരെ ദേശീയതലത്തിലേക്കു വരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. വിജയിക്കുന്ന വിദ്യാർഥികൾക്ക് ഗ്രേസ്‌ മാർക്ക്, സ്പോർട്സ് ക്വാട്ടയിലുള്ള പ്രവേശനം തുടങ്ങിയവയെല്ലാം ലഭിക്കുമെന്ന കാര്യം ഓർമപ്പെടുത്തിക്കൊണ്ടാണ് അസോസിയേഷൻ ഭാരവാഹികൾ സ്കൂളുകളെ സമീപിച്ചിരിക്കുന്നത്.

ഇതിനകം നിരവധി സ്കൂളുകൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ സെക്രട്ടറി പി.എസ്. സുമൻ പറഞ്ഞു. ഇങ്ങനെ രംഗത്തു വരുന്ന കുട്ടികളെയും വിവിധ പരിശീലന കേന്ദ്രങ്ങളിൽ പരിശീലനം നടത്തിക്കൊണ്ടിരിക്കുന്നവരെയും ഉൾപ്പെടുത്തി 150 വനിതാ താരങ്ങളെ, വരുന്ന മത്സരങ്ങളിൽ അസോസിയേഷൻ പങ്കെടുപ്പിക്കും. 

മത്സരത്തിനുപോകാൻ ഇനി കമ്മൽ വിൽക്കേണ്ടിവരില്ല

കാതിലെ കമ്മൽ ഊരിവിറ്റ് പഞ്ചഗുസ്തി മത്സരത്തിനു പോയ കഥയാണ് ആദ്യകാല പഞ്ചഗുസ്തി താരമായ ലത ഉണ്ണികൃഷ്ണന് പറയാനുള്ളത്. അത്രയ്ക്കും പരിതാപകരമായിരുന്നു ഈ കായിക താരങ്ങളുടെ അവസ്ഥ. അഞ്ചുവർഷം മുമ്പ് ഷില്ലോങ്ങിൽ നടന്ന ദേശീയ മത്സരത്തിന് ഇരുപത്തിയഞ്ച് പേരടങ്ങുന്ന കേരള സംഘത്തോടൊപ്പം ലതയും മുണ്ടായിരുന്നു മത്സരിക്കാൻ. അവിടെ ഒരാഴ്ചയോളം നീണ്ട പരിശീലനത്തിനും മത്സരത്തിനും ഒടുവിൽ തിരികെ പോരാൻ സംഘത്തിന് പണമില്ലാതായി. അതോടെ സ്വന്തം കാതിൽ കിടന്ന സ്വർണക്കമ്മൽ ലത ഈരിക്കൊടുക്കുകയായിരുന്നു. 

എന്നാൽ, ഇപ്പോൾ സ്പോർട്സ് കൗൺസിലിന്റെ അംഗീകാരം കിട്ടിയിരിക്കുന്നതു കൊണ്ട് ഇനി ആർക്കും ആ അവസ്ഥ ഉണ്ടാകില്ലെന്നാണ് പഞ്ചഗുസ്തി പിടിക്കുന്ന ഈ താരം പറയുന്നത്. ഉപജീവനത്തിന് നഴ്‌സായി ജോലി ചെയ്യുന്നുവെങ്കിലും തന്റെ ജീവിതത്തിന്റെ ഭാഗമായി മാറിയ, ഈ കരുത്തിന്റെ കളിയെ കൈവിടാൻ ലത തയ്യാറല്ല. എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മനസ്സിൽ കയറിയതാണ് ഈ കമ്പം. 

സ്കൂളിൽ നല്ലൊരു അത്‌ലറ്റായിരുന്നു. ചാലക്കുടി ആളൂർ സ്കൂളിൽ പഠിക്കുമ്പോൾ നൂറു മീറ്റർ ഓട്ടത്തിന് സംസ്ഥാനതലത്തിൽ വരെ പങ്കെടുത്തിട്ടുണ്ട്. ആ മേഖലയിൽ പ്രകടനം തുടർന്നിരുന്നുവെങ്കിൽ ഇന്ന് സർക്കാർ ജോലിയിലേതിലെങ്കിലും കയറിപ്പറ്റാമായിരുന്നു. അപ്പോഴും ലത മുറുകെപ്പിടിച്ചത് അംഗീകാരമില്ലാതിരുന്ന ഈ പഞ്ചഗുസ്തിയെയാണ്. ഒരു ജില്ലാ ചാമ്പ്യനെ അടിച്ചിട്ടു കൊണ്ടായിരുന്നു തുടക്കം. പിന്നീട് സംസ്ഥാനതലത്തിലും ദേശീയതലത്തിലുമെല്ലാം പങ്കെടുത്തു. ഇതിനിടെ രണ്ടു വർഷം വിദേശത്ത് ജോലിക്കു പോയപ്പോൾ മാത്രമാണ് ഒരു ഇടവേളയുണ്ടായത്. തിരികെയെത്തി മാളയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ്. 

ജോലിക്കു ശേഷം എല്ലാ ദിവസവും പഞ്ചഗുസ്തി റഫറി കൂടിയായ പി.ആർ. മുകേഷിന്റെ കരുമാല്ലൂരിലെ യൂണിവേഴ്‌സൽ ജിംനേഷ്യത്തിലെത്തി പരിശീലനവും നടത്തുന്നു. സമയക്കുറവു കൊണ്ട് പലപ്പോഴും യൂണിഫോം പോലും അഴിച്ചു വയ്ക്കാതെയാണ് പരിശീലനം നടത്തുന്നത്. കാരണം, ദേശീയതലത്തിൽ കേരളത്തിനു വേണ്ടി ഒരു കപ്പ്... അതാണ് ഈ താരത്തിന്റെ സ്വപ്നം. ഇതിന് എല്ലാ പിന്തുണയുമായി കളരി ഗുരുക്കൾ കൂടിയായ ഭർത്താവ് ഉണ്ണികൃഷ്ണനും കൂടെയുണ്ട്.