റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്ക് പുതുജീവന്‍ നേടിത്തന്ന പെണ്‍പുലികള്‍ ചില്ലറ കോളിളക്കങ്ങളല്ല രാജ്യത്താകമാനം സൃഷ്ടിച്ചിരിക്കുന്നത്. പല മാതാപിതാക്കളും ആണ്‍മക്കള്‍ക്കൊപ്പം തന്നെ പെണ്‍മക്കളുടെ കായികപ്രേമത്തെയും പ്രോത്സാഹിപ്പിച്ചു തുടങ്ങിയിരിക്കുന്നു. 

മാത്രമല്ല, പരിശീലകര്‍ക്കും ഇതൊരു പുത്തനുണര്‍വ് നല്‍കിയിരിക്കുന്നു. കൂടുതല്‍ പെണ്‍കുട്ടികളെ പരിശീലിപ്പിക്കാന്‍ ഇവര്‍ക്കും സിന്ധുവും സാക്ഷിയും ദിപയുമൊക്കെ പ്രചോദനമായിരിക്കുന്നു. അവരുടെ വിജയങ്ങളുടെ ശരിക്കുമുള്ള അവകാശികള്‍ അവരുടെ പരിശീലകര്‍ തന്നെയാണല്ലോ. 

കടുത്ത ആക്ഷേപങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇടയിലും പെണ്‍കുട്ടികളായി പോയതുകൊണ്ടു മാത്രം സ്വന്തം ശിഷ്യരെ മാറ്റി നിര്‍ത്താന്‍ തയ്യാറാവാതെ മികച്ച പരിശീലനം നല്‍കി ഒളിമ്പിക്‌സ് മെഡല്‍ വരെ കൊണ്ടെത്തിച്ച ആ പരിശീലകര്‍ തന്നെയല്ലേ യഥാര്‍ത്ഥ ഹീറോസ്. 

ഉത്തര്‍പ്രദേശിലെ അസംഗ്രാഹ് ജില്ലയിലെ നിബി ഗ്രാമത്തില്‍ ലാല്‍സാ കൃഷക് കോളേജിലെ പെണ്‍കുട്ടികള്‍ കടുത്ത ഗുസ്തി പരിശീലനത്തിലാണ്. റിയോ ഒളിമ്പിക്‌സില്‍ വെങ്കലമെഡല്‍ നേടിയ സാക്ഷി മാലികാണ് ഇവരുടെ പ്രചോദനം. 

സാക്ഷിയെ പോലെ ഒരുനാള്‍ തങ്ങള്‍ക്കും രാജ്യത്തിനായി മെഡല്‍ നേടണമെന്നാണ് ഇവരുടെയും ആഗ്രഹം. 15 മുതല്‍ 25 വയസ് പ്രായത്തിനകത്തുള്ള പെണ്‍കുട്ടികളാണ് ഗുസ്തി പഠിക്കാനായി വാശിയോടെ രംഗത്തെത്തിയിരിക്കുന്നത്. 

അവ്‌ദേശ് യാദവാണ് ഇവരുടെ പരിശീലകന്‍. 2010 മുതലാണ് അവ്‌ദേശ് പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കിത്തുടങ്ങിയത്. ശിഷ്യരില്‍ പലരും പിന്നീട് നടന്ന പല ദേശീയ മത്സരങ്ങളിലും വിജയം വരിക്കുകയും ചെയ്തു. 

പെണ്‍കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ പേരില്‍ ഒരുപാട് പരിഹാസങ്ങളും പഴിവാക്കുകളും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാലിപ്പോള്‍ സന്തോഷമുണ്ട്. എല്ലാവരും പെണ്‍കുട്ടികളെ അംഗീകരിച്ചു തുടങ്ങിയിരിക്കുന്നു. പുതുതായി ചേര്‍ന്ന കുട്ടികളെയും കൂട്ടി 18 പേരുണ്ടിപ്പോള്‍ പരിശീലന ക്ലാസില്‍, അവ്‌ദേശ് പറയുന്നു. 

ഗുസ്തി മത്സരങ്ങളിലൂടെ മികവ് തെളിയിച്ച ഇതേ ഗ്രാമവാസികളായ നാലു പെണ്‍കുട്ടികള്‍ക്കും സര്‍ക്കാര്‍ ജോലി ലഭിച്ചിട്ടുണ്ട്. സുഷ്മ യാദവ് എന്ന ഗുസ്തിക്കാരിക്ക് സ്‌പോര്‍ട്‌സ് കോട്ടയിലൂടെയാണ് ബി.എസ്.എഫില്‍ ജോലി ലഭിച്ചത്. 

ഇപ്പോള്‍ സുഷ്മ ബി.എസ്.എഫ്. കോണ്‍സ്റ്റബിളാണ്. കൂട്ടുകാരിയെ കുറിച്ചു പറയുമ്പോള്‍ ഗോദയിലെ പുതിയ ഗുസ്തിക്കാര്‍ക്കും പഴയ ഗുസ്തിക്കാര്‍ക്കും ഒരുപോലെ ആവേശം.