തൃശ്ശൂര്‍: അവിചാരിതമായ വഴിത്തിരിവുകളാണ് സുജാതയെന്ന 47കാരിയുടെ ജീവിതം നിറയെ. കാലിക്കറ്റ് സര്‍വകലാശാലയുടെ എല്‍എല്‍.ബി. പരീക്ഷ 64 ശതമാനം മാര്‍ക്കോടെ ജയിച്ച നേട്ടത്തെ ജീവിതവിജയം എന്നുവിളിക്കാം. 1989ല്‍ 495 മാര്‍ക്ക് നേടി പത്താം ക്ലാസ് ജയിച്ചതാണ് വള്ളിശ്ശേരി എടത്തേടത്ത് രാമന്റെ മകളായ സുജാത. ജീവിതപ്രാരബ്ധങ്ങള്‍ കൊണ്ടെത്തിച്ചത് ഓട്ടുകമ്പനിത്തൊഴിലില്. 25 വര്‍ഷത്തെ ജോലിക്കിടയില്‍ വീണ്ടും പഠനവഴിയിലേക്ക് എത്തിപ്പെട്ടതും യാദൃച്ഛികമായി. വക്കീലായി എന്റോള്ചെയ്യാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍ സുജാത.
കൂലിപ്പണിക്കാരാണ് രാമനും വിലാസിനിയും. ഇവരുടെ അഞ്ചുപെണ്‍മക്കളില്‍ നാലാമത്തെയാളാണ് സുജാത. തൃശ്ശൂര്‍ കേരളവര്‍മ കോളേജില്‍ പ്രീഡിഗ്രി സെക്കന്‍ഡ് ഗ്രൂപ്പ് പഠിക്കുമ്പോഴാണ് അച്ഛന് അസുഖംവന്നത്. പ്രീഡിഗ്രി രണ്ടാം ക്ലാസാടെ ജയിച്ചെങ്കിലും പഠനം തുടരാനായില്ല. വീടിനടുത്തുള്ള സൂപ്പര്‍ ടൈല്‍സ് ഓട്ടുകമ്പനിയില്‍ പണിക്കുപോകാനായിരുന്നു സുജാതയുടെ തീരുമാനം. അടുത്തുള്ള മരക്കമ്പനിയിലും ജോലിയെടുത്തു. അതുകൊണ്ട് നാല് സഹോദരിമാരെ വിവാഹം കഴിച്ചയക്കാനും സ്വന്തമായി വീടുവെക്കാനും കഴിഞ്ഞു.
കിടപ്പാടവുമായി ബന്ധപ്പെട്ട കേസുനടത്താന്‍ ബന്ധുകൂടിയായ തൃശ്ശൂര്‍ ബാറിലെ അഭിഭാഷകന് മനോജ് കൃഷ്ണനെ കണ്ടതാണ് സുജാതയുടെ ജീവിതത്തിലെ അടുത്ത വഴിത്തിരവ്. അവിചാരിതമായി സുജാതയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കാണാനിടയായ മനോജിന്റെ പ്രേരണയിലാണ് വീണ്ടും പഠിക്കാന്‍ തീരുമാനിച്ചത്. ഓട്ടുകമ്പനി ഉടമ വട്ടക്കുഴി ദേവസ്സിയുടെ സഹായവും സുജാത മറക്കുന്നില്ല.
ജോലിക്കൊപ്പം എല്‍എല്‍.ബി. പ്രവേശനപരീക്ഷയ്ക്ക് പഠിച്ചു. പൊയ്യ എയിം സ്വാശ്രയ ലോകോളേജില്‍ മെറിറ്റ് സീറ്റിലായിരുന്നു പഠനം. അപ്പോഴും അവധിദിവസങ്ങളില്‍ സുജാത ഓട്ടുകമ്പനിയിലും മരക്കമ്പനിയിലും ജോലിക്കുപോയി. ബുദ്ധിമുട്ടുകള്‍ തിരിച്ചറിഞ്ഞിരുന്ന കോളേജിലെ സഹപാഠികളും അധ്യാപകരും വലിയ പിന്തുണയാണ് നല്‍കിയിരുന്നതെന്ന് സുജാത ഓര്‍ക്കുന്നു. ഓണ്‍ലൈന്‍ ക്ലാസുകളും പരീക്ഷയും കടന്ന് വക്കീലായതിന്റെ ആവേശത്തിലാണ് സുജാതയിപ്പോള്‍.
Content Highlights: women special story