രാജ്യത്ത് ജനിച്ചു ജീവിക്കുന്നവരെയെല്ലാം അത്തരമൊരു ഭരണക്കൈമാറ്റത്തില്‍ പരിഭ്രാന്തരായാണ് നമ്മള്‍ ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടത്. അവര്‍ നാട്ടിലെ ആകെയുള്ള വിമാനത്താവളത്തില്‍നിന്ന് പുറപ്പെടുന്ന അവസാനത്തെ യന്ത്രപ്പക്ഷിയുടെ ചിറകില്‍ത്തൂങ്ങി കൊഴിഞ്ഞു വീഴുന്നതും കന്നുകാലികളെപ്പോലെ മനുഷ്യര്‍നിറഞ്ഞ നിലത്തുകുത്തിയിരുന്ന് ആകാശയാത്ര ചെയ്യുന്നതും എവിടെയും പോകാനില്ലാത്ത സ്ത്രീകളും പെണ്‍കുട്ടികളും വരാനിരിക്കുന്ന നരകതുല്യമായ ദിനങ്ങളെ അകക്കണ്ണില്‍ക്കണ്ട് നിലവിളിക്കുന്നതും റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്ന ഒരു വിദേശവനിത മാത്രം പക്ഷേ, സ്വന്തം നാട്ടിലേക്കു മടങ്ങാനുള്ള അസുലഭമായ അവസരങ്ങളെ പുറംകൈയാല്‍ തൂത്തുകളഞ്ഞ് ജോലി തുടര്‍ന്നു. അഫ്ഗാനിസ്താനില്‍ കുടുങ്ങിപ്പോയ പൗരന്മാരെ തിരികെയെത്തിക്കാന്‍ ന്യൂസീലന്‍ഡ് അയച്ച ഹെര്‍ക്കുലീസ് പ്രതിരോധവിമാനം തിരികെ പറക്കുമ്പോള്‍ അവരുടെ സീറ്റ് മാത്രം ഒഴിഞ്ഞുകിടന്നു.

അഫ്ഗാനില്‍ നടക്കാനിരിക്കുന്ന രക്തരൂഷിതമായ പ്രതിക്രിയകളെക്കുറിച്ച് മറ്റേതൊരു മാധ്യമപ്രവര്‍ത്തകന്‍/കയെക്കാളും നേരിട്ടറിയാമായിരുന്ന അവരുടെ പേര് ഷാര്‍ലറ്റ് ബെല്ലിസ് എന്നായിരുന്നു. അല്‍ജസീറ ചാനലിന്റെ ന്യൂസീലന്‍ഡുകാരിയായ അഫ്ഗാന്‍ റിപ്പോര്‍ട്ടര്‍. എത്രകാലം അഫ്ഗാനിസ്താനില്‍ നില്‍ക്കാനാവുമോ അത്രയുംകാലം ഞാനിവിടെ തുടരുമെന്ന തീരുമാനം പ്രഖ്യാപിച്ച് അഫ്ഗാനിസ്താന്റെ നിയന്ത്രണം താലിബാന്‍ പരിപൂര്‍ണമായി പിടിച്ചെടുത്ത ഓഗസ്റ്റ് 15-നും പതിവുപോലെ അവര്‍ ജോലിചെയ്ത് കാബൂളിലെ വീട്ടിലേക്ക് മടങ്ങി.

തെരുവില്‍ വെടിവെച്ചുകളിക്കുന്ന വിമതസംഘത്തില്‍നിന്ന് ഒരു രാജ്യത്തിന്റെ ഭരണമേറ്റെടുക്കുന്ന ഉത്തരവാദിത്വത്തിലേക്ക് താലിബാന്‍ നടന്നടുത്തപ്പോഴും എല്ലാവരുടെയും മനസ്സിലുദിച്ച ആദ്യത്തെ ഉത്കണ്ഠ അവിടത്തെ സ്ത്രീകളെക്കുറിച്ചായിരുന്നു. കാബൂളും വീണുകഴിഞ്ഞ ആത്മവിശ്വാസത്തോടെ ലോകത്തെ ആദ്യമായി അഭിമുഖീകരിച്ച വാര്‍ത്താസമ്മേളനത്തില്‍ത്തന്നെ താലിബാന് തങ്ങളുടെ വനിതാനയം വ്യക്തമാക്കേണ്ടി വന്നത് ഷാര്‍ലറ്റിന്റെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായാണ്. വിദേശ പാസ്‌പോര്‍ട്ടുള്ള മനുഷ്യര്‍, പ്രത്യേകിച്ചും സ്ത്രീകള്‍ മുഴുവന്‍ സ്വന്തം രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു. അവശേഷിച്ച വനിതാമാധ്യമപ്രവര്‍ത്തകര്‍ കാബൂളിലുണ്ടായിരുന്നിട്ടും താലിബാന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കേണ്ടെന്ന് തീരുമാനിച്ച് പുറത്തിരുന്ന് സാഹചര്യങ്ങള്‍ സശ്രദ്ധം വീക്ഷിച്ച് വാര്‍ത്ത നല്‍കി. ഭൂരിഭാഗം സഹപ്രവര്‍ത്തകരുടെയും അസാന്നിധ്യം ഷാര്‍ലറ്റിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാക്കിയില്ല. നാടന്‍ വേഷങ്ങളണിഞ്ഞ പുരുഷന്മാരുടെ ഇടയില്‍ പാശ്ചാത്യരീതിക്കൊപ്പം വസ്ത്രം ധരിച്ച് ശിരോവസ്ത്രം കൊണ്ട് ചെമ്പന്‍ മുടി മറച്ച് ഒന്നാമത്തെ നിരയിലിരുന്ന ഷാര്‍ലറ്റിന്റെ ആദ്യചോദ്യം ലോകശ്രദ്ധയാകര്‍ഷിച്ചു. ''ഈ നാട്ടിലെ സ്ത്രീകളോടും പെണ്‍കുട്ടികളോടും അവരുടെ അവകാശങ്ങളെക്കുറിച്ച് എന്തുറപ്പാണ് നിങ്ങള്‍ക്ക് നല്‍കാനുള്ളത്? അവര്‍ക്ക് പഠനം തുടരാനും ജോലി ചെയ്യാനും കഴിയുമോ?''

മറുപടി പറയേണ്ടത് താലിബാന്റെ ക്രൂരതകള്‍ക്ക് കുപ്രസിദ്ധനായ വക്താവ് സബിഹുള്ള മുജാഹിദ് ആയിരുന്നു. രണ്ട് ദശാബ്ദത്തോളമായി അഫ്ഗാനിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് അവരുടെ ഫോണിന്റെ മറ്റേയറ്റത്ത് സുപരിചിതമായ താലിബാന്റെ ശബ്ദമായിരുന്നു സബിഹുള്ള; അല്ലെങ്കില്‍ ശബ്ദം മാത്രമായിരുന്നു സബിഹുള്ള. ലോകമറിയേണ്ട വിവരങ്ങളെല്ലാം താലിബാന്‍ കൈമാറിയിരുന്നത്. സബിഹുള്ള എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഒരു ശബ്ദത്തിലൂടെയായിരുന്നെങ്കിലും ആ ശബ്ദത്തിന്റെ ഉടമയെ പുറംലോകം കാണുന്നത് 2021 ഓഗസ്റ്റ്-17-ന്റെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ മാത്രമായിരുന്നു. തങ്ങള്‍ നടത്തുന്ന കൂട്ടക്കൊലകളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാനായിരുന്നു അയാള്‍ സാധാരണ വിളിക്കാറുണ്ടായിരുന്നത്. പക്ഷേ, അതേ സബിഹുള്ള സുരക്ഷിതത്വത്തെയും സമാധാനത്തെയും കുറിച്ച് വാതോരാതെ സംസാരിച്ചുകൊണ്ട് ഉത്തരങ്ങള്‍ തുടങ്ങുന്നതിലെ വ്യാജോക്തി അവിടെ കൂടിയിരുന്നവരില്‍ പലരെയും നിശ്ശബ്ദരാക്കുകയാണുണ്ടായത്.

ഷാര്‍ലറ്റിന്റെ ചോദ്യത്തോടുള്ള സബിഹുള്ളയുടെ മറുപടി അഫ്ഗാന്‍ സ്ത്രീകളുടെ ഭാവിക്കുമേല്‍ അനേകം നാനാര്‍ഥങ്ങളുടെ വ്യാഖ്യാനസാധ്യതകള്‍ ലോകത്തിനുമുന്നില്‍ തുറന്നിട്ടു. അതിങ്ങനെയായിരുന്നു. ''സ്ത്രീകളുടെ അവകാശങ്ങള്‍ താലിബാന്‍ സര്‍ക്കാര്‍ സംരക്ഷിക്കും. പക്ഷേ, ശരീഅത്ത് നിയമങ്ങളുടെ ചട്ടക്കൂടിനകത്തു നിന്നുകൊണ്ടാണെങ്കില്‍ മാത്രം.'' ഒരു സ്ത്രീ എന്ന നിലയ്ക്ക് ഞാന്‍ നിങ്ങളെ ഭയപ്പെടേണ്ടതുണ്ടോ എന്നും അവര്‍ അന്വേഷിച്ചു. നിങ്ങള്‍ ഞങ്ങളെ ഒരിക്കലും ഭയപ്പെടേണ്ടതില്ലെന്ന് സബിഹുള്ള വാക്കുനല്‍കി. ഈ രണ്ടു ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും ലോകത്തെ എല്ലാ മാധ്യമങ്ങളിലും തത്സമയം വാര്‍ത്തയായി. 2001-ലെ ആയുധധാരികളായ ആള്‍ക്കൂട്ടത്തില്‍നിന്ന് 2021-ല്‍ വിദേശ അധിനിവേശത്തെ തുരത്തിയ ഭരണകര്‍ത്താക്കളാകുമ്പോള്‍ താലിബാനു'പോലും' വന്നേക്കാവുന്ന അനിവാര്യമായ മാറ്റത്തിന്റെ സൂചനയായി - ഷാര്‍ലറ്റും ആ വാര്‍ത്താസമ്മേളനത്തെ വ്യാഖ്യാനിച്ചു. അഫ്ഗാനിസ്താന്റെ നിയന്ത്രണമേറ്റെടുത്ത് ഒരാഴ്ചയ്ക്കകം താലിബാന്‍ ആദ്യമായി ഔദ്യോഗികമായ ഒരു അഭിമുഖസംഭാഷണം നല്‍കിയതും ഈ പാശ്ചാത്യവനിതയ്ക്കായിരുന്നു. സാംസ്‌കാരികകമ്മിഷന്‍ അബ്ദുള്‍ ഖഹര്‍ ബാല്‍ഖിയും ഷാര്‍ലറ്റ് ബെല്ലിസും മുഖാമുഖമിരുന്നു. അയത്‌നലളിതമായ ഇംഗ്ലീഷില്‍ അഫ്ഗാന്റെ ഭാവിയെക്കുറിച്ചുള്ള താലിബാന്റെ രൂപരേഖ ബാല്‍ഖി സ്പഷ്ടമായി വിശദീകരിച്ചു.

women journalist

പക്ഷേ, ബെല്ലിസിന്റെ പ്രതീക്ഷകള്‍ അസ്ഥാനത്തായിരുന്നു. താലിബാന്‍ ഭരണത്തെക്കുറിച്ചുള്ള കാല്പനികസ്വപ്നങ്ങള്‍ താത്കാലികമായെങ്കിലും അവസാനിച്ചു. ഇരുപത് വര്‍ഷങ്ങള്‍ക്കിപ്പുറം സ്ത്രീകളോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് താലിബാന്റെ തുടര്‍പരിപാടികളിലൂടെ ലോകമറിഞ്ഞു. 2017-ല്‍ അഫ്ഗാനിസ്താനിലെത്തിയ ഷാര്‍ലറ്റിന് കടുത്ത സുരക്ഷാഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കൊടുവില്‍ ചാനല്‍ അവരെ തിരികെ ഖത്തറിലേക്ക് വിളിപ്പിച്ചു. 2021 ഒക്ടോബര്‍ 14-ന് ഇംഗ്ലണ്ടിലെ കാന്റര്‍ബറിയിലിരുന്ന് ഷാര്‍ലറ്റിന്റെ അച്ഛന്‍ ബ്രൂസ് ബെല്ലിസ് ആശ്വാസനിശ്വാസമുതിര്‍ത്തു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും നേരത്തേ മടങ്ങാന്‍ കൂട്ടാക്കാതിരുന്ന മകളോടുള്ള നീരസം അദ്ദേഹത്തിന്റെ വാക്കുകളില്‍ പ്രകടമായിരുന്നു. ''അല്‍ജസീറ അവളെ അവിടെനിന്ന് വലിച്ച് പുറത്തിട്ടു. നിങ്ങള്‍ക്കറിയാമല്ലോ അവരുടെ(താലിബാന്റെ) മനോഭാവം? സ്ത്രീകള്‍ക്കൊക്കെ അവിടെ എങ്ങനെ ജീവിക്കാനാകും?'' ഷാര്‍ലറ്റ് മാത്രമല്ല ബി.ബി.സി.യുടെ ലീസ് ഡുസെറ്റും യാല്‍ദ ഹക്കീമും സി.എന്‍.എന്നിന്റെ ചീഫ് ഇന്റര്‍നാഷണല്‍ കറസ്‌പോണ്ടന്റ് ക്ലാരിസ് വാര്‍ഡുമെല്ലാം അഫ്ഗാനിസ്താനെന്ന തൊഴിലിടത്തില്‍നിന്ന് നിഷ്‌കാസിതരായ വനിതാമാധ്യമപ്രവര്‍ത്തകരാണ്.

ക്ലാരിസയുടെ ൈകയില്‍ മുറിവുണങ്ങിയ ഒരു പാടുണ്ട്. ഇടയ്ക്കിടെ അതിലേക്ക് നോക്കാതിരിക്കാന്‍ അവര്‍ക്കാവുന്നില്ല. അഫ്ഗാനിലെ തന്റെ ഒടുവിലത്തെ ദിവസത്തിന്റെ ഓര്‍മയാണ് ക്ലാരിസയുടെ മുറിപ്പാട്. സ്വന്തം പൗരന്മാരെ ഒഴിപ്പിക്കാന്‍ അമേരിക്ക അയച്ച വ്യോമസേനാ വിമാനത്തിലേക്ക് കയറിപ്പറ്റാനുള്ള ശ്രമത്തിനിടെയാണ് അത് സംഭവിച്ചത്. എങ്ങനെയെങ്കിലും ആ അമേരിക്കന്‍ വിമാനത്തില്‍ കയറിപ്പറ്റാന്‍ ശ്രമിച്ച അസംഖ്യം അഫ്ഗാന്‍ അഭയാര്‍ഥികളിലൊരാള്‍ ആ അമേരിക്കക്കാരിയെ തള്ളി മാറ്റിയപ്പോള്‍ പറ്റിയ പരിക്ക്. ൈകയിലിരിക്കുന്ന അമേരിക്കന്‍ പാസ്‌പോര്‍ട്ടിന്റെ മാത്രം ബലത്തില്‍ ആയിരങ്ങളെ മറികടന്ന് ആ വിമാനത്തില്‍ കയറിയ നിമിഷത്തെ ആത്മനിന്ദയോടെയാണ് ക്ലാരിസ ഓര്‍ക്കുന്നത്.

2001-നുശേഷം താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാന്‍ പ്രദേശത്ത് ആദ്യമായി എത്തിപ്പെട്ട വിദേശ മാധ്യമപ്രവര്‍ത്തകയാണ് ക്ലാരിസ. ''അവരോട് സംസാരിക്കുമ്പോള്‍ നമ്മള്‍ അദൃശ്യരായിപ്പോകും. അവര്‍ നിങ്ങളുടെ മുഖത്തുനോക്കില്ല, അഭിസംബോധന ചെയ്യില്ല, സംസാരിക്കുകപോലുമില്ല. നിങ്ങള്‍ എന്തെങ്കിലും ചോദിച്ചാല്‍ അവര്‍ മറുപടി പറഞ്ഞെന്നിരിക്കും: പക്ഷേ, നിങ്ങള്‍ നില്‍ക്കുന്ന ദിക്കിലേക്കുപോലും നോക്കാതെയാവും അവരുടെ സംസാരം!'' താലിബാനെക്കുറിച്ച് ക്ലാരിസയുടെ അനുഭവമിതാണ്. അവസാനത്തെ അമേരിക്കന്‍ പട്ടാളക്കാരനും മടങ്ങുന്നതിന് മുമ്പ് സ്വയം സുരക്ഷിതയാവുക എന്നതല്ലാതെ ബദല്‍ മാര്‍ഗമൊന്നും സി.എന്‍.എന്നിന്റെ ലോകപ്രസിദ്ധയായ യുദ്ധറിപ്പോര്‍ട്ടറുടെ മുന്നിലുണ്ടായിരുന്നില്ല.

*** ***

ലീസ് ഡുസെറ്റിന് എണ്‍പതുകള്‍ മുതല്‍ പരിചിതമായ പ്രദേശമാണ് അഫ്ഗാനിസ്താന്‍. 2002-ല്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയെ അദ്ദേഹത്തിന്റെ സഹോദരന്റെ വിവാഹച്ചടങ്ങിന് അനുഗമിക്കാന്‍ അനുമതി ലഭിച്ച ഏക ജേണലിസ്റ്റ് ഡുസെറ്റാണ്. അവിടെവെച്ച് കര്‍സായിക്കുനേരെ നടന്ന വധശ്രമം ബി.ബി.സി.ക്കുവേണ്ടി ഡൗസെറ്റ് എക്‌സ്‌ക്‌ളുസീവായി ചിത്രീകരിച്ചു. അഹ്മദ് വാലി കര്‍സായിയെന്ന ആ സഹോദരനുമായി 2011-ല്‍ അവസാനമായി അഭിമുഖസംഭാഷണം നടത്തിയതും ഡൗസെറ്റായിരുന്നു. ഡുസെറ്റിനെ കണ്ട് കുറച്ചുസമയത്തിനകം കാണ്ഡഹാര്‍ പ്രൊവിന്‍സിന്റെ ചെയര്‍മാനായിരുന്ന അഹ്മദ് കൊല്ലപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട അനേകം സന്ദര്‍ഭങ്ങള്‍ അഫ്ഗാന്‍ റിപ്പോര്‍ട്ടിങ് അവര്‍ക്ക് നല്‍കിയിട്ടുണ്ട്. അവര്‍ക്കിത് ചരിത്രത്തിന്റെ തനിയാവര്‍ത്തനമാണ്. മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പ് ശീതയുദ്ധകാലത്ത് റഷ്യന്‍പട്ടാളം അഫ്ഗാനിസ്താനിലേക്കു പ്രവേശിക്കാന്‍ തുടങ്ങുമ്പോള്‍ ഇതുപോലൊരു സന്ദിഗ്ധതയെ മാധ്യമപ്രവര്‍ത്തകര്‍ അഭിമുഖീകരിച്ചിരുന്നു.

പാശ്ചാത്യ സഖ്യകക്ഷികള്‍ അവരുടെ എംബസികള്‍ ഒന്നൊന്നായി അടച്ച് അഫ്ഗാനില്‍നിന്ന് ഓടിരക്ഷപ്പെടുമ്പോഴും ഡുസെറ്റ് കാബൂളിലുണ്ടായിരുന്നു. അന്നും ഇതേ അനിശ്ചിതത്വവും ഭയവുമായിരുന്നു സാധാരണ അഫ്ഗാനികളുടെ മുഖമുദ്രയെന്ന് ഡുസെറ്റ് ഓര്‍ക്കുന്നു. തദ്ദേശീയരുടെ വികാരങ്ങള്‍ക്ക് ഇരുപത്തൊന്നാം നൂറ്റാണ്ടിലും മാറ്റമൊന്നുമില്ല. അന്നത്തെപ്പോലെ ഇന്നും ക്രൂരതകളുടെ കഥകള്‍ ലോകത്തോടുപറയാന്‍ വേണ്ടി മാത്രം അവര്‍ തെല്ലിടകൂടി അഫ്ഗാനില്‍ തങ്ങിയിരുന്നു.

1983-ലെ റഷ്യന്‍ അധിനിവേശകാലത്ത് ജന്മദേശത്തുനിന്ന് പ്രാണരക്ഷാര്‍ഥം നാടുവിട്ട ഒരു അഫ്ഗാനി കുടുംബം കുതിരപ്പുറത്ത് ദിവസങ്ങളോളം സഞ്ചരിച്ച് പാകിസ്താനിലെത്തി. അവിടെനിന്ന് വര്‍ഷങ്ങളെടുത്ത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിപ്പാര്‍ത്തു. ഓസ്ട്രലിയന്‍പൗരത്വം സ്വീകരിച്ച് കുട്ടികള്‍ പഠിച്ച് മിടുക്കരായി. നാടുവിടുമ്പോള്‍ ആറുമാസം മാത്രം പ്രായമുണ്ടായിരുന്ന അതിലൊരു പെണ്‍കുഞ്ഞാണ് ബി.ബി.സി.യില്‍ അന്താരാഷ്ട്ര വാര്‍ത്തകള്‍ അവതരിപ്പിക്കുന്നതിനൊപ്പം സംഘര്‍ഷമേഖലകളില്‍നിന്ന് ഡോക്യുമെന്ററികളും നിര്‍മിക്കുന്ന യാല്‍ദ ഹക്കീം. പിറന്ന നാടുകാണാനുള്ള കൊതികൊണ്ടു കൂടിയാണ് യാല്‍ദ അഫ്ഗാനില്‍ തിരിച്ചെത്തിയത്.

കുതിരപ്പുറത്ത് അമ്മയുടെ ൈകയിലിരുന്ന് യാത്രചെയ്ത കുഞ്ഞ് ഇത്തവണ വീഡിയോ ക്യാമറയേന്തി ഏകയായി സഞ്ചരിച്ച് സ്വയം ദൃശ്യങ്ങള്‍ പകര്‍ത്തി. അധിനിവേശങ്ങളും യുദ്ധങ്ങളും നിരന്തരം തകര്‍ത്ത, ജന്മനാട്ടിലെ പഠനം മുടങ്ങിയ അനിയത്തിമാരെ വിദേശത്തയച്ച് പഠിപ്പിക്കാനും ശ്രമിച്ചിരുന്നു യാല്‍ദ. കമ്യൂണിസ്റ്റ് വിരുദ്ധനായ അച്ഛന്റെ മകള്‍ താലിബാനെതിരേയുള്ള തദ്ദേശീയ പ്രതിരോധങ്ങളുടെയും മുഖമാണ്. കാരണം യാല്‍ദയ്ക്ക് അഫ്ഗാനെന്നാല്‍ മറ്റ് പാശ്ചാത്യ മാധ്യമപ്രവര്‍ത്തകരെപ്പോലെ നിഷ്പക്ഷരായി പെരുമാറേണ്ട അന്യദേശത്തെ വെറും യുദ്ധഭൂമിയല്ല. പിറകിലുപേക്ഷിച്ചു പോന്നിട്ടും ജന്മബന്ധങ്ങള്‍ നിരന്തരം തിരിച്ചുവിളിക്കുന്ന മാതൃഭൂമിയാണ്.

അടിക്കുറിപ്പ്

(2020-ല്‍ കാബൂളില്‍മാത്രം 4,940 പേര്‍ പണിയെടുക്കുന്ന 108 മാധ്യമസ്ഥാപനങ്ങളുണ്ടായിരുന്നു. അവയിലെല്ലാംകൂടി ജോലിയെടുത്തിരുന്ന 1,080 സ്ത്രീകളില്‍ 700 പേരും മാധ്യമപ്രവര്‍ത്തകരായിരുന്നു.)

അഫ്ഗാനിസ്താന്‍ എന്ന യുദ്ധഭൂമിയില്‍ വാര്‍ത്തയുടെയും സത്യത്തിന്റെയും ഉള്ളറകള്‍ അന്വേഷിച്ച്, ജീവന്‍ പണയപ്പെടുത്തി ജോലിചെയ്യുന്ന മാധ്യമപ്രവര്‍ത്തകരില്‍ നാലുപേര്‍ സ്ത്രീകളാണ്. അവരാണ് ആ നാടിന്റെ അവസ്ഥ ലോകത്തിന് കാണിച്ചുകൊടുക്കുന്നത്