നഗരവീഥികളിലൂടെ ഹോം ഡെലിവറിയുമായി കുതിക്കുകയാണ് രേഷ്മ എന്ന വീട്ടമ്മ. ഓണ്‍ലൈനിലൂടെ വാങ്ങുന്ന സാധനങ്ങള്‍ കൃത്യമായും വേഗത്തിലും വീടുകളില്‍ എത്തിച്ച് നല്‍കുന്ന കോഴിക്കോട് നഗരത്തിലെ വനിതാപ്രതിനിധികളിലൊരാള്‍. കോവിഡ് പ്രതിസന്ധിയില്‍ തൊഴില്‍മേഖല പാടെ അടഞ്ഞപ്പോള്‍ ഹോം ഡെലിവറിയെന്ന വഴിയാണ് കുണ്ടൂപറമ്പ് എടക്കാട് വേട്ടേരി ഹൗസില്‍ രേഷ്മയെന്ന 36-കാരിയുടെ മുന്നില്‍ തെളിഞ്ഞത്. പുതിയ ജോലിയില്‍ നാലുമാസം പിന്നിട്ട് പുതുവര്‍ഷത്തിലേക്ക് കടക്കുന്ന വേളയില്‍ ആത്മവിശ്വാസത്തിന്റെ പ്രസരിപ്പ് രേഷ്മയില്‍ പ്രകടമാണ്.

ദുബായിയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നതിനിടയിലാണ് അപ്രതീക്ഷിതമായി നാട്ടിലേക്ക് തിരിച്ചുവരേണ്ടിവന്നത്. ഒരു തൊഴിലിനായുള്ള അലച്ചിലിനിടയിലാണ് ഹോം ഡെലിവറി ശ്രദ്ധയില്‍പ്പെടുന്നത്. അപേക്ഷിച്ചു, കിട്ടി. ആമസോണിന്റെ കൂറിയര്‍ എക്‌സിക്യുട്ടീവായി. പിറകില്‍ വലിയ ബാഗും തൂക്കി സ്‌കൂട്ടറില്‍ കുതിച്ചുപായുന്ന ഈ ജോലി വനിതകള്‍ക്ക് വഴങ്ങുമോയെന്ന് സംശയം പ്രകടിപ്പിച്ചവരുണ്ട്. എന്നാല്‍, രേഷ്മയുടെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ ഈ സംശയങ്ങളൊക്കെ അപ്രസക്തമായി.

കുണ്ടൂപറമ്പ്, മൊകവൂര്‍, എരഞ്ഞിക്കല്‍, പുതിയാപ്പ എന്നിവിടങ്ങളിലൊക്കെ സ്വന്തം വാഹനത്തില്‍ രേഷ്മയെത്തുന്നു, അതിവേഗത്തില്‍. ഞായറാഴ്ചകളിലാണ് ജോലി. മറ്റു ദിവസങ്ങളില്‍ പാറോപ്പടിയിലെ ഹൈബ്രിഡ് ഫോര്‍വീലര്‍ വര്‍ക്ഷോപ്പില്‍ അക്കൗണ്ടന്റിന്റെ ജോലിചെയ്യുന്നു. കുടുംബത്തിന്റെ പൂര്‍ണ പിന്തുണയും പ്രോത്സാഹനവുമാണ് ഈ ജോലിയില്‍ തനിക്ക് കരുത്താവുന്നതെന്ന് രേഷ്മ പറയുന്നു. ഭര്‍ത്താവ് എസ്.എസ്. സുശാന്ത് 'കുഞ്ഞോന്‍ ഫ്രോസണ്‍ ചിക്കന്‍സി'ന്റെ കളക്ഷന്‍ ഏജന്റാണ്. മക്കള്‍: ഷിതപ്രിയ, ഷിബു.

നഗരത്തില്‍ ഹോംഡെലിവറിരംഗത്ത് ജോലിചെയ്യുന്നവരില്‍ വനിതകള്‍ ചുരുക്കംപേരെയുള്ളൂ. ഇതില്‍ ഏതാനും പേര്‍ പ്രമുഖ ഭക്ഷണവിതരണസ്ഥാപനങ്ങളുടെ പ്രതിനിധികളാണ്.

തൊഴില്‍സാധ്യത ഏറെ

ഭക്ഷണവിതരണരംഗത്തേക്ക് വനിതകളും ഇപ്പോള്‍ കടന്നുവരുന്നുണ്ട്. നഗരത്തിലെ ഹോംഡെലിവറി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊക്കെ വനിതകളുടെ പങ്കാളിത്തം ഇപ്പോഴുണ്ട്. പുതുതലമുറയ്ക്ക് അനന്തമായ തൊഴില്‍സാധ്യതയുള്ള മേഖലയാണ് ഹോം ഡെലിവറി.

വൈശാഖ് പ്രശാന്ത്

ചീഫ് എച്ച്.ആര്‍. ഓഫീസര്‍

പൊട്ടാഫോ ഫുഡ് ഡെലിവറി പ്രൈവറ്റ് കമ്പനി

Content highlights: women home delivery executive reshma from kozhikode new earning