മൂന്നുമക്കളുടെ അമ്മയായ ചാര്‍ലിന്‍ ലെസ്ലി എന്ന യുവതി സ്‌കോട്ട്‌ലന്‍ഡുകാരുടെ സൂപ്പര്‍വുമണാണ് ഇപ്പോള്‍. മഞ്ഞുമൂടി കിടക്കുന്ന ഒരു കയറ്റം കയറാന്‍ പാടുപെടുന്ന ടാങ്കര്‍ ലോറി പിന്നില്‍ നിന്നും തള്ളിക്കൊടുക്കുന്ന ചാര്‍ലിന്റെ വീഡിയോ പങ്കുവച്ചത് ടാങ്കര്‍ ലോറിയുടെ ഉടമകള്‍ തന്നെയാണ്. മുപ്പത്തിമൂന്നുകാരിയായ ഈ യുവതിയെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍. 

സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയായ  ചാര്‍ലിന്‍ മക്കളോടൊപ്പം കടയിലേക്ക് പോകുന്നതിനിടെയാണ് വഴിയില്‍ പാല്‍ നിറച്ച് ടാങ്കര്‍ കയറ്റം കയറാന്‍ ബുദ്ധിമുട്ടുന്നത് കാണുന്നത്. കുട്ടികളെ സുരക്ഷിതമായ സ്ഥാനത്തേക്ക് നിര്‍ത്തി ഉടന്‍തന്നെ  ടാങ്കര്‍ ലോറിക്ക് പിന്നിലെത്തി വാഹനം തള്ളി കയറ്റാന്‍ സഹായിക്കുകയായിരുന്നു.

women

മഞ്ഞുമൂടിയ വഴിയായതിനാല്‍ ടാങ്കര്‍ പിന്നിലേക്ക് ഉരുളാനും അപകടം സംഭവിക്കാനും സാധ്യതകള്‍ ഏറെയായിരുന്നു. എന്നാല്‍ ആ സമയത്ത് താന്‍ അതൊന്നും ചിന്തിച്ചില്ലെന്നാണ് ചാര്‍ലിന്റെ മറുപടി. അതേസമയത്തുതന്നെ മഞ്ഞില്‍ പുതഞ്ഞ ഒരു കാര്‍ തള്ളി കയറ്റുന്നതിന് ഒരു കൂട്ടം ആളുകള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്നാല്‍ തൊട്ടു പിന്നില്‍ വന്ന ടാങ്കര്‍ ലോറിയുടെ കാര്യം ആരും ശ്രദ്ധിച്ചില്ല. എന്നാല്‍ ഇത്  ഇത്രയധികം ശ്രദ്ധനേടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല എന്നും ചാര്‍ലിന്‍ പറയുന്നു.

ചാര്‍ലിന്റെ പ്രവര്‍ത്തിക്ക് നന്ദി അറിയിച്ചുകൊണ്ട് ടാങ്കര്‍ ലോറിയുടെ ഉടമസ്ഥരായ ഗ്രഹാംസ് ഡയറി പ്രൊഡകട് രംഗത്തെത്തിയിട്ടുണ്ട്. നന്ദി മാത്രമല്ല സമ്മാനവുമുണ്ട് അവരുടെ വക. ചാര്‍ലിന്റെ നല്ല മനസ്സിന് നന്ദിസൂചകമായി ഒരു വര്‍ഷത്തേക്ക് ഗ്രഹാംസ് ഡയറി പ്രൊഡക്ടിസിന്റെ പാലുല്‍പ്പന്നങ്ങള്‍ ചാര്‍ലിന് സൗജന്യമായി നല്‍കാനാണ് അവരുടെ തീരുമാനം. 

Content Highlights: women gifted year’s supply of free milk after pushing massive lorry up hill in snow