വേലിചാടുന്ന അമ്മയുടെ മകള്‍ മതിലുചാടും എന്നൊരു പഴമൊഴിയുണ്ട്. ആ പഴമൊഴിയെ സത്യമാക്കുന്നതാണ്  ലോകമെമ്പാടുമുള്ള പെണ്‍പോരാട്ടങ്ങളുടെ ചരിത്രം. വഴിനടക്കാനും വസ്ത്രംധരിക്കാനും മക്കളെ വിദ്യാലയങ്ങളിലയക്കാനും ആത്മാഭിമാനത്തോടെ തൊഴിലിടങ്ങളില്‍ ഇടപെടാനുമൊക്കെ ജാത്യധികാരത്തോടും പൗരോഹിത്യത്തോടും മതാധികാരത്തോടും പുരുഷാധികാരത്തോടും ഏറ്റുമുട്ടിക്കൊണ്ടുള്ള ഈ വേലിചാട്ടങ്ങള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രമുണ്ട്. വേലിക്കൊപ്പം ഓരോ ഘട്ടത്തിലും ഓടുന്നവളും വീണിരിക്കാം. എന്നാല്‍, ഈ വേലിചാട്ടങ്ങളാണ് മനുഷ്യരെന്നനിലയില്‍ സ്ത്രീകളെ വളര്‍ത്തിയത്. വലിയ മതിലുകള്‍ ചാടിക്കടക്കാന്‍ അവര്‍ക്ക് കരുത്തേകിയത്.

മതില്‍ചാട്ടങ്ങളെ ഭയക്കുന്ന പ്രതിലോമശക്തികളുടെ ഗൂഢനീക്കങ്ങളെ പൊരുതിത്തോല്‍പ്പിക്കുക എന്നതും സമരരംഗത്ത് നിലയുറപ്പിച്ചവരുടെ വെല്ലുവിളിതന്നെയായിരുന്നു. കേരളത്തില്‍ മാറുമറയ്ക്കല്‍ സമരവും ഘോഷാബഹിഷ്‌കരണവും കല്ലുമാലസമരവും മുതല്‍ തൊഴിലിടങ്ങളിലെ ഇരിപ്പുസമരവും സിനിമാനടികളുടെയും കന്യാസ്ത്രീകളുടെയും സമരങ്ങള്‍വരെയും ശ്രദ്ധിച്ചാല്‍ ഈ കുതിച്ചുചാട്ടങ്ങളുടെ ആക്കവും ആഴവും വ്യക്തമാകും. ഇവിടെയൊന്നും മതാത്മകസമൂഹം സ്ത്രീപക്ഷത്തായിരുന്നില്ല. അതങ്ങേയറ്റം പുരുഷപരവും ജാതിബദ്ധവും പ്രാന്തസമൂഹങ്ങള്‍ക്ക് എതിരുനില്‍ക്കുന്നതുമാണ്. 

എല്ലാകാലത്തും എല്ലാ മതവിഭാഗങ്ങളുടെയും കാവലാളുകള്‍ തങ്ങളുടെ  ലക്ഷ്യപൂര്‍ത്തീകരണത്തിന് ഉപയോഗിച്ചിരുന്നത് സ്ത്രീകളെയായിരുന്നു. അതിനെതിരേ സ്വന്തം നഗ്‌നശരീരംകൊണ്ട് പോരാടിയ അക്കമഹാദേവിയുടേത് ഭാരതീയ സംസ്‌കാരത്തില്‍ ഏറെ ആദരിക്കപ്പെടുന്ന ജീവിതമാണ്. തന്റെ നഗ്‌നതയില്‍  ലജ്ജിക്കാനൊന്നുമില്ലെന്ന് വ്യക്തമാക്കിയ അവരോട്, 'എങ്കില്‍പ്പിന്നെ എന്തിനാണ് മുടികൊണ്ട് മാറുമറയ്ക്കുന്നത്' എന്ന ആണ്‍ചോദ്യത്തിന് അവര്‍ പറഞ്ഞ മറുപടി, 'എന്റെ നെഞ്ചില്‍ കാമദേവന്റെ മുദ്രയുള്ളതു കണ്ട്  നിങ്ങള്‍ക്ക് മനഃക്ഷോഭമുണ്ടാകരുതെന്ന് കരുതിയിട്ടാണ്' എന്നാണ്.

ഇവിടെ തന്റെ പൂര്‍ണതയെ, ഉണ്മയെ, വിശ്വവ്യാപകതയെ അറിയുമ്പോള്‍ അക്കമഹാദേവി എല്ലാതരം ഭയങ്ങളില്‍നിന്നും മോചിതയാവുകയാണ്. ഒരു സ്ത്രീക്ക് തെരുവിലിറങ്ങി നടക്കുകയെന്നതുപോലും അചിന്ത്യമായിരുന്ന കാലത്ത്, ഏതാണ്ട് എട്ടുനൂറ്റാണ്ടുമുമ്പ് അക്കമഹാദേവി പൂര്‍ണനഗ്‌നയായി അതിന് തയ്യാറായി. അന്തപ്പുരത്തില്‍നിന്ന് അനുഭവമണ്ഡലത്തിലേക്കായിരുന്നു ആ യാത്ര. ആണ്‍ഭക്തിയുടെ വിപുലമായ കൂട്ടുസംഘങ്ങള്‍ ഉണ്ടാകുന്നതിന് എത്രയോമുമ്പ് ഭക്തിയില്‍, ആത്മീയതയില്‍, തീര്‍ഥാടനത്തില്‍ ഒക്കെ തുല്യതയ്ക്കുവേണ്ടി ഒരു സ്ത്രീ പോരാടിയത് സ്വന്തം നഗ്‌നശരീരം ഉപയോഗിച്ചായിരുന്നു.  നിങ്ങളെ ശല്യപ്പെടുത്തുന്ന ഞങ്ങളുടെ മുലകള്‍ വില്‍പ്പനയ്ക്കുവെച്ചവയല്ല എന്ന് നഗ്‌നമാറിടത്തില്‍ എഴുതിവെച്ചുകൊണ്ട് അര്‍ജന്റീനിയന്‍ സ്ത്രീകള്‍ തെരുവിലിറങ്ങിയപ്പോള്‍ ഓര്‍മിച്ചതും അക്കമഹാദേവിയെത്തന്നെ.

ഫെമിനിസം ഇന്നും വലിയൊരു വിഭാഗത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വെറും വായാടിത്തവിപ്ലവമാണ്. പെണ്‍കുട്ടികളെ വഴിതെറ്റിക്കുന്നത് ലക്ഷ്യബോധമില്ലാത്ത മഹിളാസംഘടനകളാണെന്ന് വിശ്വസിക്കുന്ന ഒരു വലിയവിഭാഗം ആളുകള്‍ എക്കാലത്തുമുണ്ട്. ഈയിടെ ഒരു പുരോഗമനസംഘടനയുടെ വനിതാസമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍വെച്ച് അതിന്റെ അധ്യക്ഷയായിരുന്ന സഖാവ്, സംഘടനയുടെ വനിതാമീറ്റിങ്ങുകള്‍ ഫെമിനിസം പ്രചരിപ്പിക്കാനുള്ള വേദികളാകരുതെന്ന് അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായമുണ്ടെന്ന് എന്നോട് സൂചിപ്പിച്ചത് വിചിത്രമായി തോന്നി.

കുടുംബഘടനയ്‌ക്കെതിരേ, സംഘടനകളിലെ അധികാരഘടനയ്‌ക്കെതിരേ വിമര്‍ശനാത്മകമായി ഒന്നും പറയരുതെന്ന ഒരപേക്ഷ ആ മുഖത്ത് പ്രകടമായിരുന്നു. ഫെമിനിസ്റ്റ് ആശയങ്ങള്‍ക്ക് ഏതു പൊതുവിടത്തിലും നിന്ദാപൂര്‍വമായ ഒരു സമീപനം നേരിടേണ്ടിവരുന്നുണ്ട്. നവമാധ്യമങ്ങളില്‍ സ്വതന്ത്രാശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഏതൊരു സ്ത്രീക്കുനേരെയും വരുന്ന 'ഫെമിനിച്ചി' എന്ന വിശേഷണം. ചരിത്രത്തിലുടനീളം അധീശശക്തികള്‍ കല്‍പ്പിച്ച നിശ്ശബ്ദതയെ അട്ടിമറിക്കുന്നതിന് ഓരോ സ്ത്രീയും ഇടപെട്ടുകൊണ്ടുനടത്തിയ ബോധപൂര്‍വമായ പരിശ്രമങ്ങള്‍ക്ക് കിട്ടിയ വിളിപ്പേരാണ്. പുരോഗമനേച്ഛയുള്ള ഓരോ സ്ത്രീക്കും അവരവര്‍ നില്‍ക്കേണ്ട ഇടത്തെക്കുറിച്ച് കൃത്യമായ ബോധ്യമുണ്ടാക്കിക്കൊടുത്ത ബഹുതരങ്ങളായ ആശയങ്ങളുടെ സംഹിതയാണ് ഫെമിനിസത്തിന്റേത്. സ്ത്രീക്ക് എന്തുകൊണ്ട് ഇങ്ങനെ നിരന്തരം ശബ്ദിക്കേണ്ടിവരുന്നു എന്ന ചോദ്യമുന്നയിക്കേണ്ടത് സ്ത്രീകളോടല്ല, അങ്ങേയറ്റം പുരുഷപരവും ജാതിബദ്ധവുമായ സാമൂഹികാവസ്ഥകളോടാണ്.

പാഠപുസ്തകങ്ങളില്‍, അധ്യാപകരുടെയും രക്ഷിതാക്കളുടെയും നിത്യസംഭാഷണങ്ങളില്‍, രാഷ്ട്രീയനേതാക്കളുടെ ഇടപെടലുകളില്‍, സിനിമകളിലെ ഡയലോഗുകളില്‍, പരസ്യചിത്രങ്ങളില്‍, സുഹൃദ്സംഭാഷണങ്ങളില്‍, പ്രണയചാറ്റിങ്ങിനിടയില്‍ എവിടെ അധികാരപ്രയോഗത്തിന്റെ അബോധങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ അവിടെയെല്ലാം കൃത്യമായി ഇടപെടുകയും തിരുത്തുകയും ചെയ്യുക എന്നത് ഈ യുദ്ധത്തില്‍ പ്രധാനമാണ്. അവര്‍ നടത്തിക്കൊണ്ടിരിക്കുന്ന വിട്ടുവീഴ്ചയില്ലാത്ത ഇടപെടലുകളും നിലപാടുകളുമാണ് ഇന്ന് അവഗണിക്കാനാകാത്ത ശക്തിയായി രൂപപ്പെട്ടിരിക്കുന്നത്. 

ഒരു കോട്ടയെ തകര്‍ക്കാന്‍ മറ്റൊരു കോട്ടയുണ്ടാക്കുക എന്നത് ഒരു യുദ്ധതന്ത്രമാണ്. സാമ്പ്രദായികവും സവര്‍ണവുമായ ഇത്തരം രാവണന്‍കോട്ടകളെ തകര്‍ക്കാന്‍ വന്ന മറ്റൊരു വലിയ കോട്ടയാണ് സോഷ്യല്‍ മീഡിയ. വിമര്‍ശിക്കുക, ഒതുങ്ങുക, കരയുക, ആത്മഹത്യചെയ്യുക എന്നിങ്ങനെ സ്വന്തം മനസ്സില്‍ത്തന്നെ നഷ്ടപ്പെട്ടുപോയ സ്ത്രീകളുടെ ലോകമല്ല ഇത്. സ്വയവും പുരുഷാധിപത്യബോധങ്ങള്‍ കെട്ടിയുണ്ടാക്കിയതുമായ കോട്ടകള്‍ എത്ര അനായാസമായാണ് ഇവിടെ തകര്‍ന്നുവീഴുന്നത്.  സൈബര്‍ലോകത്തെ സ്ത്രീയുടെ ഇടപെടലുകള്‍ അവര്‍ക്ക് പ്രത്യേകമായ ഒരു ദൃശ്യത നല്‍കി. സ്ത്രീയുടെ പ്രണയം, രതികാമനകള്‍, ഭക്തി, സൗന്ദര്യസങ്കല്‍പ്പങ്ങള്‍, അടുക്കളവിശേഷങ്ങള്‍, അമ്മതലത്തിലുള്ള നെടുവീര്‍പ്പുകള്‍പോലും ഇവിടെ ഒരു കുതിച്ചുചാട്ടമാണ്.

സ്ത്രീവിമോചനത്തിന്റെ ഏറ്റവും പുതിയ ടൂളായാണ് സോഷ്യല്‍ മീഡിയ പ്രവര്‍ത്തിക്കുന്നത്. ഇവിടെ ലിംഗവിവേചനമില്ലാതെ മികച്ച സൗഹൃദങ്ങള്‍ ആസ്വദിക്കുന്നു. കേള്‍ക്കാനുള്ള ചെവിമാത്രമല്ല, പറയാന്‍ നാവും തോന്നിയതുപോലെ എഴുതാനുള്ള വിരലുംകൂടി പെണ്ണിന് ലഭിച്ച കാലം. പുരുഷന്റെ വെറും കെട്ടുകാഴ്ചകളായിരുന്ന വായില്ലാക്കുന്നിലമ്മമാര്‍ സമൂഹത്തിലെ കെട്ടകാഴ്ചകളെ വിളിച്ചുപറഞ്ഞുതുടങ്ങി. മാറുന്ന കാലത്തിന്റെ സാങ്കേതികതകളെ ബുദ്ധിപൂര്‍വം ഉപയോഗിക്കാനുള്ള വൈദഗ്ധ്യം കാലം അവര്‍ക്ക് നല്‍കിക്കഴിഞ്ഞു. വിവേചനബുദ്ധിയോടെ വിവേകത്തോടെ ഇടപെടേണ്ടത് എങ്ങനെയെന്ന പാഠവും ഇ-ലോകം അവര്‍ക്ക് നല്‍കിയിരിക്കുന്നു. ഇതൊരു മാന്ത്രികക്കണ്ണാടിയാണ്. ഇതിലൂടെ അവര്‍ എല്ലാതരം പുരുഷവൈകൃതങ്ങളും ശിഥിലവ്യക്തിത്വങ്ങളും കാണുന്നു. വലിച്ചു പുറത്തിടുന്നു.

ഈ ഘട്ടത്തില്‍ നവസ്ത്രീപക്ഷ വിമര്‍ശനം എങ്ങനെയുള്ളതാകണം? പുരുഷനിര്‍മിതിയുടെ പോരായ്മകളെ ഫോക്കസ്‌ചെയ്യുന്നതുപോലെത്തന്നെ അത് സ്ത്രീയെയും ട്രാന്‍സ്ജെന്‍ഡറുകളെയും മറ്റു പ്രാന്തവത്കൃതവിഭാഗങ്ങളെയും ഫോക്കസ് ചെയ്യണം. വ്യക്തിക്ക് സ്വയം അഭിമുഖീകരിക്കാന്‍ പാകത്തിനുള്ള സമീപനമാണ് ഉണ്ടാകേണ്ടത്. സ്വന്തം അടിമത്തങ്ങളെയും അസംതൃപ്തികളെയും അഭിമുഖീകരിച്ചുകൊണ്ടുതന്നെ സംതൃപ്തമായ ഒരു സ്വയംനിര്‍മിതി സാധ്യമാകണം. അതിക്രമങ്ങള്‍ക്കും അത്യാചാരങ്ങള്‍ക്കും ഇരയാക്കുന്ന ആണത്തത്തെ നിഷ്‌ക്രിയമാക്കുന്ന തരത്തില്‍ ഒരു മനുഷ്യബോധം ഉണര്‍ന്നുവരണം.

മീ ടൂ കാമ്പയിനൊക്കെ ഒരു പരിധിവരെ അതാണ് ചെയ്യുന്നത്. കുതറുന്ന, കലഹിക്കുന്ന, പ്രതിരോധിക്കുന്ന, തന്റേടിയായ, മനുഷ്യത്വത്തിന്റെ മഹത്ത്വത്തിലേക്ക് വളരുന്ന സ്ത്രീയായാണ് ഞാനെന്നെ കാണുന്നതെന്ന് തികഞ്ഞ ആത്മവിശ്വാസത്തോടെ പറയാന്‍ കഴിയണം. ഹിന്ദുത്വവും ഇസ്ലാമിസവും എന്ന് ഫാസിസത്തെ നിര്‍വചിക്കുമ്പോള്‍ അതിനെ രണ്ടിനെയും വിഴുങ്ങാന്‍ ശേഷിയുള്ള നവലിബറല്‍ ഫാസിസത്തെക്കുറിച്ച് ജാഗ്രതയുള്ളവളാകണം. ആണും പെണ്ണും ട്രാന്‍സ്ജെന്‍ഡറുമെല്ലാം നടന്നുപോകുന്ന വഴിയില്‍ ഈ അപകടമുണ്ടാകുമെന്ന കരുതല്‍ വേണം. ഒരു മതനിരപേക്ഷസമൂഹത്തില്‍ മാത്രമേ ഇത്തരം ചിന്തകള്‍ പ്രാവര്‍ത്തികമാകൂ എന്ന തിരിച്ചറിവും പ്രധാനമാണ്. ഇതിനൊക്കെ അത്യാവശ്യമായി വേണ്ടത് തീവ്രമായ ഉത്കര്‍ഷേച്ഛയും തികഞ്ഞ ആത്മവിശ്വാസവും ആസൂത്രിതമായ അനുസരണക്കേടുമാണ്.


Content Highlights: Women Empowerment, Feminism