സ്ത്രീ സുരക്ഷ ഒരു ചോദ്യചിഹ്നമാണ്. സ്ത്രീ സുരക്ഷയെന്ന മൗലികതയെ അര്‍ഹിക്കുന്ന ഗൗരവത്തോടെ ഏറ്റെടുക്കാന്‍ ഭരണകൂടം ശ്രമിച്ചിട്ടുണ്ടോയെന്ന സംശയം, ആവര്‍ത്തിക്കപ്പെടുന്ന ദുരന്തങ്ങള്‍ പറഞ്ഞു വയ്ക്കുന്നു. സ്ത്രീകള്‍ സുരക്ഷിതരാകാന്‍ പ്രതിരോധമാര്‍ഗമായി സ്വീകരിക്കപ്പെട്ട ക്രിയാത്മകമാര്‍ഗ്ഗങ്ങള്‍ ഉണ്ടോ എന്നു ചോദിച്ചാല്‍ ഇന്നും മറുപടിയില്ല. സ്ത്രീ അരക്ഷിതയാണെന്നതാണ് നമ്മുടെ രാജ്യത്തെ സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നത്. സ്ത്രീകള്‍ക്കും, കുട്ടികള്‍ക്കും അന്തസ്സോടെ , സ്വാതന്ത്ര്യത്തോടെ ജീവിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്ന സമൂഹം അപരിഷ്‌കൃതമാണ്. കേരളത്തില്‍ തന്നെ എത്രയെത്ര പീഡനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു .

നമ്മുടെ രാജ്യത്ത് പണിയെടുക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അനവധിയാണ്. പാര്‍പ്പിട സൗകര്യത്തിന്റെ അഭാവം, യാത്രാസൗകര്യത്തിന്റെ അപര്യാപ്തത, നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മൂലം ഉള്ള വരുമാനം കൊണ്ട് ജീവിക്കാന്‍ കഴിയാതെ വരിക, സമൂഹത്തിന്റെ ഉപരിപ്ലവ ചിന്താഗതിയും, പരമ്പരാഗത വിശ്വാസങ്ങളും അവരില്‍ ഉണ്ടാക്കുന്ന സ്വാധീനം, മനുഷ്യത്വരഹിതമായ സ്ത്രീധന സമ്പ്രദായം, രൂക്ഷമായ തൊഴിലില്ലായ്മ മൂലം വലിയ കുടുംബത്തെ പോറ്റേണ്ടി വരുന്നതിനാല്‍ അമ്മമാര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍- ഇവയെല്ലാം സ്ത്രീകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളാണ്.

ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ ഇന്നും അന്ധവിശ്വാസവും അനാചാരങ്ങളും കൊടികുത്തിവാഴുന്നുണ്ട്. ആ പഴഞ്ചന്‍ ചട്ടങ്ങളുടെ മുഴുവന്‍ ഭാരവും പേറേണ്ടി വരുന്നതില്‍ അധികവും സ്ത്രീകളാണ്.

മതങ്ങളും സ്ത്രീകളും

പണ്ടു മുതലേ മതങ്ങളെല്ലാം സ്ത്രീക്ക് പുരുഷനേക്കാള്‍ താഴ്ന്ന പദവിയെ കല്‍പിച്ചിട്ടുള്ളു. സ്വന്തം മതങ്ങളുടെ പ്രതിച്ഛായകളിലും, പ്രശസ്തികളിലും, ഒട്ടും മങ്ങല്‍ ഏറ്റുകൂടെന്നു നിര്‍ബ്ബന്ധമുള്ള വിവിധ മതവക്താക്കള്‍ ,അവരവരുടെ മതങ്ങളില്‍ സ്ത്രീക്ക് ഉന്നത പദവിയുണ്ടെന്നോ. ഉണ്ടായിരുന്നെന്നോ, കാണിക്കാന്‍ എവിടെ നിന്നെങ്കിലും സൗകര്യമുള്ള ഉദ്ധരിണികളുമായി ഇടക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്.  അപൂര്‍വ്വം ചില ദുര്‍ല്ലഭ അപവാദങ്ങളെ ഒഴിച്ചു നിര്‍ത്തിയാല്‍ മതങ്ങളെല്ലാം എന്നും സ്ത്രീയുടെ ശത്രുക്കളായിരുന്നു. സ്ത്രീയില്‍ നിന്ന് ആരംഭിച്ച ഒരു മതവും ഇല്ല താനും. എല്ലാ മതങ്ങളിലും സ്ത്രീക്കുള്ള പങ്ക് അപകര്‍ഷതയും, അടിമത്വവും, നരക സദൃശമായ യാതനയുമാണ്. ദൈവങ്ങള്‍ പോലും പുരുഷ നിര്‍മ്മിതമാണ്. 

പൗരാണികകാലത്തു തന്നെ, സൃഷ്ടിയില്‍ പുരുഷന്റെ പങ്ക് സ്ത്രീയുടെതിനേക്കാള്‍ ഉത്തമമാണെന്ന് ഘോഷിച്ചു കൊണ്ട് ഒരു പുതിയ സംസ്‌കാരം വളര്‍ന്നു വന്നു. പുതിയ സംസ്‌കാരത്തില്‍ ലോകത്തിന്റെ കര്‍ത്താവ് പുരുഷനായി. സ്ത്രീ പുരുഷനു മുന്നില്‍ സൃഷ്ടിക്കുള്ള ഉപാധി മാത്രമായി. അവന്‍ ആകാശമായി. അവള്‍ ഭൂമിയും. ഭൂമി സര്‍വ്വംസഹയായി. സഹനം അവള്‍ക്ക് അനുഷ്ഠാനമായി. സ്ത്രീ പുരുഷമേധാവിത്വത്തിന്റെ അടിമയായി. പുരുഷന്റെ,സുരക്ഷാവലയത്തില്‍ ,അനുസരണയോടെ കഴിഞ്ഞുകൂടേണ്ടവള്‍ മാത്രമായി. സ്വത്തു കൈവശംവെക്കാനും, ക്രയവിക്രയങ്ങള്‍ നടത്തുവാനുമുള്ള സാമര്‍ത്ഥ്യം പുരുഷനു മാത്രമായി. സ്ത്രീയുടെ സമ്പാദ്യം പുരുഷന് അവകാശപ്പെട്ടതായി.

പെണ്‍കരുത്തിന്റെ പ്രതീകമായി സീത 

ഈ രാമായണ മാസത്തില്‍ ഓര്‍ക്കണം, പുരുഷമേധാവിത്വത്തിനെതിരായി പോരാടിയ ഒരു സ്ത്രീയെ. രാമായണത്തില്‍ പലയിടങ്ങളിലും സീതയും രാമനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ട്. എല്ലാ ആശയ സംവാദങ്ങളിലും സീത വിജയിക്കുന്നു. വനത്തില്‍ പോകുമ്പോള്‍ ' കാനനപാതകള്‍ നിനക്കു സഹനീയമാകില്ല ,നീ വരണ്ട ' എന്നു രാമന്‍ പറഞ്ഞപ്പോള്‍ ,സീത പറയുന്നു,
'ഞാന്‍ കൂടെ വരും, എന്നെപ്പറ്റി എന്തു ധരിച്ചു. ഞാനൊരു സാധാരണ പെണ്ണല്ല'. വളരെ കടുപ്പത്തിലാണ് സീത പറയുന്നത്.

ലോകത്തെ അറിയിക്കാതെ തന്നെത്തന്നെ ബോധ്യപ്പെടുത്തുകയാണ് സീത. അന്നത്തെ ഏറ്റവും ശ്രേഷ്ഠമായ സൂര്യവംശ ചക്രവര്‍ത്തി രാമനോടാണ് നിരവധി ചോദ്യങ്ങള്‍ എന്നോര്‍ക്കണം. സീത നിത്യജ്യോതിസ്സാണ്, മാതൃകയാണ്. ജീവിതം മുഴുവന്‍ പതിവ്രതയായിരുന്നിട്ട്, പതിവ്രതയല്ല എന്നു മുദ്രകുത്തപ്പെട്ട ഒരു സ്ത്രീയാണ് സീത. ഈ സീതയെ കൊണ്ടു തന്നെ വാത്മീകി, പുരുഷമേധാവിത്വത്തെ വിമര്‍ശിക്കുന്നു. രാമകഥയുടെ അനുഷ്ഠാനം സീതാ കഥയാണ്. സീത പഠിപ്പിച്ചത് അനീതി ചോദ്യം ചെയ്യാനാണ്. 

ശക്തരാകണം സ്ത്രീകള്‍

സ്ത്രീ ശാക്തീകരണം, സ്ത്രീകള്‍ക്കു അവരുടെ അവകാശങ്ങളെ കുറിച്ച് അറിയാനും, സമൂഹത്തില്‍ പുരുഷനെ ആശ്രയിക്കാതെ തന്നെ തനതായ സ്ഥാനം ഉണ്ടാക്കാനുള്ള ബോധം സൃഷ്ടിച്ചു. എന്നാലും ഒരു പാടു ദൂരം ഇനിയും സഞ്ചരിക്കാനുണ്ട്. സ്ത്രീകള്‍ക്കു സുരക്ഷ കുറഞ്ഞ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. തങ്ങളുടെ ചട്ടക്കൂടുകളില്‍ നിന്ന് ഒന്ന് വ്യതിചലിച്ചാല്‍ ദുരഭിമാനത്തിന്റെ പേരില്‍ ജീവനെടുക്കുന്ന നാടാണ് ഇപ്പോഴും ഇന്ത്യ. സമൂഹത്തിന്റെ അനാചാരങ്ങളില്‍ നിന്ന്, അന്ധവിശ്വാസങ്ങളില്‍ നിന്ന് പുറത്തുചാടണം. അതിന് പുതുതലമുറയെങ്കിലും മാറണം. മാറാന്‍ വഴിയൊരുക്കണം.

Content highlights: Women empowerment and Seetha in Ramayana