സ്ത്രീകളുടെ വിവാഹ പ്രായം 18 വയസിൽനിന്ന് 21 വയസായി ഉയർത്താനുള്ള കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തിൽ വനിത കമ്മീഷൻ അം​ഗം ഷാഹിദ കമാൽ പ്രതികരിക്കുന്നു.

ഏറെ സ്വാ​ഗതാർഹമായ തീരുമാനമായാണ് വനിത കമ്മീഷൻ അം​ഗം എന്ന നിലയിലും ഒരു സ്ത്രീ എന്ന നിലയിലും ഇതിനെ കാണുന്നത്. ഏറെ കാലമായി ഒരു പൊതുപ്രവർത്തക എന്ന നിലയിൽ പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് സംസാരിച്ചിട്ടുണ്ട്. ഒപ്പം ആൺകുട്ടികളുടെ വിവാഹപ്രായം കൂടി ഉയർത്തണം എന്നാണ് എനിക്ക് പറയാനുള്ളത്. പെൺകുട്ടികളുടെ ഇരുപത്തിയൊന്നും ആൺകുട്ടികളുടെ ഇരുപത്തിനാലും ആക്കണം. അപ്പോഴേ അവർക്ക് കുടുംബജീവിതത്തിലേക്ക് കടക്കാനുള്ള പാകത കൈവരൂ. 

പതിനെട്ടു വയസ്സിൽ പെൺകുട്ടികൾ വെറും വിദ്യാർഥികൾ മാത്രമാണ്. കളിച്ചു ചിരിച്ച് ചിത്രശലഭത്തെപ്പോലെ പാറി നടക്കുന്ന പ്രായമാണത്. കുടുംബജീവിതം, ഭർത്താവ്, മക്കൾ എന്നിവയെക്കുറിച്ചൊന്നും ചിന്തിക്കാനുള്ള പക്വതയുണ്ടാവില്ല. ജീവിതം ഒരു കുട്ടി എന്ന നിലയിൽ ആസ്വദിക്കേണ്ട പ്രായമാണ്. വനിത കമ്മീഷൻ അം​ഗം എന്ന നിലയിൽ മുമ്പിൽ വന്ന നിരവധി കേസുകളിൽ പതിനെട്ടു വയസ്സിൽ വിവാഹിതരായി ഇരുപത്തിയൊന്നു വയസ്സാകുമ്പോഴേക്കും രണ്ട് കുട്ടികളുടെ അമ്മമാരായി കുടുംബജീവിതത്തിന്റെ ഭാരം ഏറ്റെടുത്ത് തളർന്നവരാവും. 

പെൺകുട്ടികളെ ബാധ്യതയായി കാണുന്നതാണ് പല രക്ഷിതാക്കളുടെയും പ്രശ്നം. പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തുന്നത് സംബന്ധിച്ച് 2020ൽ ചർച്ച വന്നസമയത്ത് പല രക്ഷകർത്താക്കളും വിളിച്ച് ആശങ്കയോടെ ചോദിച്ചത് ഉടനെയെങ്ങാനും വിവാഹപ്രായം ഉയർത്തുമോ എന്നാണ്. പതിനെട്ടു വയസ്സാകാൻ ആറുമാസം പ്രായമുണ്ട്, അതിനു മുമ്പ് നിയമം വന്നാൽ പെട്ടുപോകുമല്ലോ എന്നാണ് അവരിൽ പലരും പറഞ്ഞത്. കുട്ടികൾ കുറച്ചുകൂടി പഠിച്ച്, സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാകട്ടെ എന്നാണ് അവരോട് പറഞ്ഞത്.

പെൺകുട്ടികൾ ആൺകുട്ടികളെപ്പോലെ തന്നെയാണ്. അവർക്ക് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ പങ്കുവെച്ച് എല്ലാ കാര്യത്തിലും ഒരുമിച്ച് പങ്കാളിത്തം വഹിക്കുന്നവരായി വളർത്തണം. കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും പെൺകുട്ടികൾക്ക് പങ്കുവെക്കുമ്പോഴാണ് അവർക്കും ജീവിതത്തെക്കുറിച്ച് കാഴ്ച്ചപ്പാടുകളും പ്രതീക്ഷകളുമൊക്കെ ഉണ്ടാകുന്നത്. എത്രയോ കുടുംബങ്ങളിൽ പെൺകുട്ടികൾ കുടുംബത്തിന്റെ ഉത്തരവാദിത്തം മനോഹരമായി നിർവഹിക്കുന്നുണ്ട്. 

രണ്ട് സാമൂഹിക സാഹചര്യങ്ങളിൽ നിന്നും ജീവിതരീതിയിൽ നിന്നുമൊക്കെ വരുന്ന രണ്ട് വ്യക്തിത്വങ്ങളാണ് വിവാഹത്തിലൂടെ ഒന്നിക്കുന്നത്. ആ വ്യത്യസ്തതകളെയെല്ലാം ഏകോപിപ്പിച്ച് ഒരുമിച്ച് ഒരു കുടക്കീഴിൽ ഒന്നിച്ചു കൊണ്ടുപോകണമെങ്കിൽ ആ ചിന്തയിലേക്ക് എത്തിക്കാൻ പ്രായം പ്രധാന ഘടകമാണ്. തുല്യതയും സമത്വുവുമൊക്കെ വിഭാവനം ചെയ്യുംവിധം പാഠ്യപദ്ധതികളിൽ മാറ്റം വരുത്തുകയും വേണം. അപ്പോഴെ ​ഗാർഹിക പീഡനങ്ങൾ ഉൾപ്പെടെയുള്ളവയ്ക്ക് പരിഹാരം കണ്ടെത്താൻ കഴിയൂ. 

Content Highlights: women commission shahida kamal on raising marriage age of woman