സ്‌നേഹിച്ചവനൊപ്പം ജീവിതം തുടങ്ങിയപ്പോള്‍ പ്രണയം പീഡനമായി മാറുമെന്ന് അവളറിഞ്ഞിരുന്നില്ല. എല്ലാം സഹിച്ചു ക്ഷമിച്ചു. ഒടുവില്‍ മരണം മുന്നില്‍ കണ്ട ദിനങ്ങള്‍. കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് ജീവന്‍ മുറുകെപിടിച്ച് ഇറങ്ങിയോടിയ ആ പെണ്‍കുട്ടിക്ക് സമൂഹത്തോട് ചോദിക്കാനുണ്ട് ഏറെക്കാര്യങ്ങള്‍.  ഇരുപത്തിയേഴുകാരിയായ ആ പെണ്‍കുട്ടി തന്റെ ജീവിതം പറയുകയാണ്...

ചങ്ങാത്തം

അവളുടേത് ഒരു യാഥാസ്ഥിക കുടുംബമാണ്. പതിനെട്ടാം വയസ്സില്‍ വീട്ടുകാര്‍ അവള്‍ക്കായി വിവാഹം നിശ്ചയിച്ചുറപ്പിച്ചു. അവള്‍ എതിര്‍ത്തു. എനിക്ക് പഠിക്കണം, ജോലി നേടണം. ഉറപ്പിച്ചു പറഞ്ഞു. ഒടുവില്‍ കുടുംബം വഴങ്ങി. ഫാഷന്‍ ഡിസൈനിങ് പഠിച്ചു. കൊച്ചിയില്‍ ജോലി നേടി. തുടക്കത്തില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം. കഴിഞ്ഞ വര്‍ഷമാദ്യം അമ്മ നാട്ടിലേക്ക് മടങ്ങിപ്പോയി. അതിനിടെ കൂട്ടുകാര്‍ വഴി ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. തൃശ്ശൂര്‍കാരനായ മാര്‍ട്ടിന്‍ ജോസഫ്. അവര്‍ നല്ല സുഹൃത്തുക്കളായി. ചങ്ങാത്ത്ത്തില്‍ തുടങ്ങിയ ആ ബന്ധം വരിഞ്ഞു മുറുക്കിയും ശ്വാസം മുട്ടിച്ചും കൊല്ലാക്കൊല ചെയ്യുന്ന വള്ളിപ്പടര്‍പ്പായി മാറാന്‍ അധികകാലം വേണ്ടി വന്നില്ല.

'എനിക്ക് കൊച്ചിയില്‍ പുതിയൊരു താമസസ്ഥലം തേടേണ്ടി വന്നു. അന്ന് അവനാണ് മറൈന്‍ ഡ്രൈവില്‍ ഫ്‌ളാറ്റ് കണ്ടെത്തിതന്നത്. സ്വന്തമായി ഷോപ്പ് തുടങ്ങാന്‍ വീട്ടില്‍ നിന്ന് തന്നേല്‍പിച്ച അഞ്ച് ലക്ഷം രൂപ ഞാനവനെ വിസ്വസിച്ചേല്‍പിച്ചു. അതിനിടെ കൊറോണയും ലോക്ഡൗണുമൊക്കെയായി. അവനും ഫ്‌ളാറ്റില്‍ എന്റെയൊപ്പം താമസിക്കാന്‍ വന്നു. അടുപ്പം ഉള്ളതുകൊണ്ടു തന്നെ ഞാനത് അംഗീകരിച്ചു. അന്നൊക്കെ അവന്‍ പെരുമാറ്റത്തില്‍ അത്രത്തോളം നല്ലൊരു വ്യക്തിയായിരുന്നു. ഞങ്ങള്‍ രണ്ട് മതവിഭാഗത്തില്‍ പെട്ടവരാണ്. അന്യമതതത്തില്‍ പെട്ട ഒരാള്‍ക്കൊപ്പം ജീവിതം തുടങ്ങിയെന്നൊക്കെ വീട്ടില്‍ അറിഞ്ഞാല്‍ വലിയ പ്രശ്‌നങ്ങളുണ്ടാകും. അതുകൊണ്ട് വിവരം വീട്ടില്‍ മറച്ചു വച്ചു. ആകെയുള്ള ഉറപ്പ് അവന്റെ സ്‌നേഹമായിരുന്നു. ഞാനത് അന്ധമായി വിശ്വസിച്ചു. ഇങ്ങനെയൊരാളെ ജീവിതത്തില്‍ ലഭിച്ചത് വലിയൊരു ഭാഗ്യമായാണ് ഞാന്‍ കരുതിയത്. ഒന്നിച്ചൊരു ജീവിതം നന്നായി മുന്നോട്ടു പോകുമ്പോള്‍ വീട്ടുകാര്‍ക്കും അതംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ലല്ലോ. സാവകാശം കാര്യങ്ങള്‍ വീട്ടിലറിയിക്കാം എന്ന് ഉറപ്പിച്ചു. പക്ഷേ കാര്യങ്ങള്‍ കൈവിട്ടു പോകുകയാണെന്ന് വൈകാതെ മനസ്സിലായി. 

ഇത് സ്‌നേഹമല്ല

ഒരുമാസം തികയും മുമ്പേ ഉപദ്രവം തുടങ്ങി. ഇഷ്ടമില്ലാത്ത കാര്യങ്ങളെ എതിര്‍ത്താലുടന്‍ അടികിട്ടുമെന്ന സ്ഥിതി. വീട്ടുകാരെ കാര്യങ്ങള്‍ അറിയിക്കുമെന്ന് ഭീക്ഷണിപ്പെടുത്തും. ഞാനപ്പോള്‍ നാട്ടിലും കുടുംബത്തിലും ഉണ്ടാകുന്ന പ്രശ്‌നങ്ങളെ പറ്റിയാണ് ചിന്തിച്ചത്. എന്റെ നിസ്സഹായവസ്ഥ മനസ്സിലാക്കി അവന്‍ ഉപദ്രവം തുടര്‍ന്നു. വീട്ടുകാരും കൂട്ടുകാരുമൊക്കെ ഫോണ്‍ ചെയ്താല്‍ ഞാനവരോട് സംസാരിക്കുന്നത് അവന് ഇഷ്ടമായിരുന്നില്ല. അവനോടൊഴികെ മറ്റാരോടും ഞാന്‍ ഇടപഴകരുതെന്ന വാശി. ആരുവിളിച്ചാലും അടികിട്ടും എന്നുള്ളതുകൊണ്ട് ഞാന്‍ ഫോണ്‍ ഉപയോഗിക്കാതെയായി. എല്ലാക്കാര്യത്തിലും നിയന്ത്രണങ്ങള്‍. എതിര്‍ത്താല്‍ തല്ലും, ചവിട്ടും. കുറേ തല്ലിയ ശേഷം അടുത്തു വന്നിരിക്കും. 'സ്‌നേഹക്കൂടുതല്‍ കൊണ്ടാണ്, നീ എന്നെ വിട്ടുപോകാതിരിക്കാന്‍ വേണ്ടിയാണ് എന്നൊക്കെ പറയും. സ്‌നേഹം കൊണ്ടല്ലേ എന്നു കരുതി ഞാന്‍ വേദന സഹിച്ചു. പക്ഷേ ഉപദ്രവം പതിവായപ്പോള്‍ എനിക്ക് മനസ്സിലായി ഇത് സ്‌നേഹമല്ലെന്ന്. 

പേടിച്ച് പേടിച്ച്

ശരീരത്തില്‍ മുറിവുണ്ടാകാത്ത തരിമ്പ് സ്ഥലം ബാക്കിയുണ്ടായിരുന്നില്ല. നിസ്സാരകാര്യങ്ങള്‍ക്ക് പോലും തല്ലിച്ചതക്കും. അതിനേക്കാള്‍ ഭീകരമായിരുന്നു മാനസിക പീഡനം. ജീവിതത്തിലെ എല്ലാത്തരം ഫ്രസ്‌ട്രേഷനുകളും എന്നെ ഉപദ്രവിച്ചും എന്റെ വേദനകണ്ട് രസം പിടിച്ചുമാണ് അവന്‍ നേരിട്ടത്. കുടുംബത്തിന്റെയോ സമൂഹത്തിന്റെയോ പിന്തുണ എനിക്ക് ഇല്ലെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അവന്‍ ഇത് തുടര്‍ന്നത്. എന്തൊക്കെ ചെയ്താലും ഞാനത് പുറത്തു പറയില്ലെന്നുള്ള ഉറപ്പ്. സംശയരോഗവും ഉണ്ടായിരുന്നു.

സങ്കല്‍പത്തില്‍ എന്നെ പറ്റി ഓരോ കഥകള്‍ ഉണ്ടാക്കി അതൊക്കെ ശരിയാണെന്ന് സ്ഥാപിക്കും. കൈയില്‍ കിട്ടുന്ന എന്തുമെടുത്ത് അടിക്കും. ഇരുമ്പു വടി, ചൂല്, ബെല്‍റ്റ്... കരഞ്ഞാല്‍ തല്ലിന്റെ എണ്ണം കൂടും. അടിക്കും മുമ്പ് വായില്‍ തുണി തിരുകും. തല്ല് കിട്ടിക്കിട്ടി പുറത്തൊക്കെ മുറിവായി. തുടരെ തല്ലുന്നതുകൊണ്ട് മുറിവ് ഉണങ്ങാതെയായി. തല്ലി കൈകുഴയുമ്പോള്‍ വെള്ളം ചൂടാക്കാന്‍ വയ്ക്കും. അതെടുത്തെന്റെ മുഖത്തും ദേഹത്തുമൊഴിക്കും. കണ്ണില്‍ മുളകുവെള്ളം ഒഴിക്കും.

grihalakshmi
പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

ഒപ്പമില്ലാത്തപ്പോള്‍ പീഡനം മാനസികമായാണ്. എന്തെങ്കിലും വിഷയം എടുത്തിട്ട് പ്രശ്‌നം ഉണ്ടാക്കും. മൂന്നുമണിക്കൂറൊക്കെ തുടര്‍ച്ചയായി ഇംഗ്ലീഷിലും മലയാളത്തിലും മാറി മാറി സോറി മെസേജ് അയച്ചുകൊണ്ടിരിക്കണം. ഒരു നിമിഷമെങ്കിലും നിന്നു പോയാല്‍ എണ്ണം കൂടും. അര്‍ദ്ധരാത്രിയിലൊക്കെ ഫോണില്‍ വിളിച്ച് കിടക്കരുത്, എഴുന്നേറ്റിരിക്ക് എന്നൊക്കെ വിളിച്ചു പറയും. അനുസരിക്കാതെ നിവൃത്തിയില്ല.

കേള്‍ക്കുന്ന ഒരാള്‍ക്ക് ഇതൊക്കെ നിസ്സാരകാര്യമാണ്. പക്ഷേ അനുഭവത്തില്‍ വരുമ്പോള്‍ ക്രൂരമാണ് കാര്യങ്ങള്‍. പുറത്തൊരു ലോകമില്ലെന്ന് ഞാന്‍ സ്വയം വിശ്വസിച്ചു. വേദനകളും പീഡനങ്ങളുമായി പൊരുത്തപ്പെട്ടു. എനിക്ക് ഉറങ്ങാന്‍ പോലും കഴിയാതെയായി. മഴയുടെ ശബദം പോലും കേട്ടാല്‍ പേടിയാകും. അവനെന്നെ പേടിപ്പിച്ച് പേടിപ്പിച്ച് എനിക്ക് എല്ലാത്തിനോടും പേടിയായി. 

ഫ്‌ളാറ്റിലെ പീഡനത്തില്‍ ഇരയായ പെണ്‍കുട്ടി തന്റെ ജീവിതം പറയുന്നത് പൂര്‍ണമായി വായിക്കാന്‍ പുതിയ ലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: woman victim of domestic violence from Kochi open up her mind