സ്വന്തം മുഖം തിരിച്ചറിയാനാവാതെ വരിക. അതും കണ്ണാടിയില്‍ നോക്കിയാല്‍ പോലും മറ്റൊരാളെ കാണുന്നതുപോലെ തോന്നുക. തമാശയല്ല. സ്വന്തം മുഖം പോലും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ് മുഖാന്ധത (ഫേസ് ബ്ലൈന്‍ഡ്‌നസ്) അല്ലെങ്കില്‍ പ്രോസോപാഗ്‌നോസിയ. ഈ രോഗം ബാധിക്കുന്ന വ്യക്തികള്‍ക്ക് ആളുകളുടെ മുഖം തിരിച്ചറിയാനാകില്ല. മുഖം മറന്നുപോകും. ഡെര്‍ബിഷെയറില്‍ നിന്നുള്ള 33-കാരി ലോറന്‍ നിക്കോള്‍ ജോണ്‍സ് എന്ന യുവതി ഈ അപൂര്‍വ രോഗത്തിന്റെ ഇരയാണ്. 

കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തെ പോലും തിരിച്ചറിയാന്‍ പറ്റാത്ത അത്രയും തീവ്രമാണ് ലോറന്റെ രോഗാവസ്ഥ. ഫോട്ടോ ആല്‍ബങ്ങളില്‍ സുഹൃത്തുക്കളെയോ തന്നെ തന്നെയോ അവള്‍ക്ക് തിരിച്ചറിയാന്‍ കഴിയില്ല. സ്വന്തം വിവാഹ ചിത്രങ്ങളില്‍ നിന്ന് പോലും താനാരാണെന്ന് മനസ്സിലാക്കാന്‍ ലോറന് കഴിയാറില്ല എന്നതാണ് സങ്കടകരം. എങ്കിലും വെളുത്തഗൗണ്‍ ധരിച്ചത് വധുവാണെന്ന അറിവിലാണ് അവള്‍ സ്വയം മനസ്സിലാക്കുന്നത്.  ഇത് നല്‍കുന്ന മാനസിക സംഘര്‍ഷങ്ങള്‍ ചില്ലറയല്ല. 

ഈ അവസ്ഥയ്ക്ക് പരിഹാരമൊന്നും ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയിട്ടില്ല. എന്നാല്‍ ആളുകളെ അവരുടെ ശീലങ്ങള്‍, ശബ്ദം, പെരുമാറ്റം എന്നിവ കൊണ്ട് അവരെ തിരിച്ചറിയാനുള്ള കഴിവ് ലോറന്‍ നേടിയെടുത്തു കഴിഞ്ഞു. ന്യൂറോളജിസ്റ്റായ ഒലിവര്‍ സാക്‌സിന്റെ പുസ്തകം വായിച്ച ശേഷമാണ് ലോറന്‍ തന്റെ  യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് തിരിച്ചറിഞ്ഞത്. അതും 19-ാം  വയസ്സില്‍. 

ഒരിക്കല്‍ തന്റെ പിറന്നാള്‍ ആഘോഷങ്ങള്‍ക്കിടെ ഉണ്ടായ അനുഭവം ലോറന്‍ മിറര്‍ ന്യൂസിനോട് പങ്കുവച്ചു.  അന്ന് തന്നെ കാണാന്‍ എത്തിയ ഒരു അതിഥിയെ എത്ര ആലോചിച്ചിട്ടും ലോറന് മനസ്സിലായില്ല. പന്ത്രണ്ട് വയസ്സുമുതല്‍ ലോറന്റെ അടുത്ത സുഹൃത്തായിരുന്നു ആ അതിഥി.  മറ്റൊരാളാണെന്ന് തെറ്റിദ്ധരിച്ച് ഒരു വ്യക്തിയോട് ദീര്‍ഘസമയം സംസാരിക്കുകയും പിന്നീട് അറിഞ്ഞപ്പോള്‍ പരിഹസിക്കപ്പെടുകയും ചെയ്ത അനുഭവവും ലോറന്‍ പങ്കുവയ്ക്കുന്നു.  സിനിമകള്‍ കാണുന്നത് ലോറന് വളരെ ബുദ്ധിമുട്ടാണ്. ആളുകളുടെ മുഖം ഓര്‍ത്ത് വെക്കാന്‍ കഴിയാത്തതു കൊണ്ടു തന്നെ. ഇപ്പോള്‍ ഒഴിവുസമയങ്ങളില്‍ ഇപ്പോള്‍ പുസ്തകങ്ങളിലാണ് ലോറന്‍ അഭയം കണ്ടെത്തുന്നത്.

50 പേരില്‍ ഒരാള്‍ എന്ന കണക്കില്‍ പലതരത്തില്‍ ഈ രോഗം മൂലം കഷ്ടപ്പെടുന്നവരുണ്ട്. എന്നാല്‍ തിരിച്ചറിയുന്നവര്‍ വളരെ കുറവാണ്. ഓര്‍മ്മകള്‍ നിയന്ത്രിക്കുന്ന തലച്ചോറിന്റെ ഭാഗത്തിന് ഏല്‍ക്കുന്ന കേടുപാടുകള്‍ മൂലമുണ്ടാകുന്നതാണ് ഇതെന്നാണ് ഡോക്ടര്‍മാരുടെ കണക്കുകൂട്ടല്‍.

Content Highlights: Woman Suffering from Face Blindness Fails to Recognise Herself in Own Wedding Photos