പ്രസവാനന്തരമുണ്ടാകുന്ന ശാരീരിക മാനസിക മാറ്റങ്ങളെ ചർച്ച ചെയ്യാൻ ഇന്നും സമൂഹം അധികം തയ്യാറായിട്ടില്ല. പ്രസവശേഷമുണ്ടാകുന്ന അമിതവണ്ണവും സ്ട്രെച്ച് മാർക്കുകളുമൊക്കെ അസാധാരണമാണെന്നു കരുതി ആത്മവിശ്വാസം കുറയുന്നവരുണ്ട്. ഈ സാഹചര്യത്തിൽ ശ്രദ്ധേയമാവുകയാണ് ദീപാ കോസ്ല എന്ന യുവതിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റുകൾ. പ്രസവാനന്തരം തന്റെ ശരീരത്തിനു വന്ന മാറ്റത്തേക്കുറിച്ച് ചിത്രങ്ങൾ സഹിതം കുറിക്കുകയാണ് ദീപിക. 

പ്രസവത്തിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങൾ പങ്കുവെച്ചാണ് ദീപ തന്റെ ശരീരത്തിൽ വന്ന മാറ്റങ്ങളേക്കുറിച്ച് പറയുന്നത്.  ബിക്കിനി ധരിച്ച ചിത്രം പങ്കുവച്ച ദീപ പ്രസവാനന്തരം വയറിന്റെ രൂപത്തിനുണ്ടായ മാറ്റത്തെക്കുറിച്ചാണ് കുറിക്കുന്നത്. പ്രസവശേഷം എങ്ങനെയാണ് പഴയ ശരീരത്തിലേക്ക് തിരിച്ചെത്തിയതെന്ന നിരവധി സ്ത്രീകളുടെ ചോദ്യത്തിന് മറുപടിയായാണ് ദീപ ചിത്രം പങ്കുവച്ച് താനും ഒട്ടും വ്യത്യസ്തയല്ലെന്നും ഇതെല്ലാം സ്വാഭാവികമാണെന്നും വ്യക്തമാക്കിയത്. 

ഒരു കുഞ്ഞിന് ജന്മം നൽകുന്നത് എങ്ങനെയാണ് ശരീരത്തെ മാറ്റുന്നത് എന്നു വ്യക്തമാക്കുകയായിരുന്നു ദീപ. സത്യം പറഞ്ഞാൽ‌ ഇപ്പോഴും താൻ വണ്ണംവച്ച ഈ ശരീരത്തോട് പൊരുത്തപ്പെട്ടു തുടങ്ങിയിട്ടില്ലെന്നും അരക്ഷിതാവസ്ഥയിലൂടെ കടന്നുപോവാറുണ്ടെന്നും ദീപ പറയുന്നു. തന്നെക്കൊണ്ടു കഴിയുംവിധം ആരോ​ഗ്യകരമായ ഭക്ഷണവും വ്യായാമവുമൊക്കെ ശീലമാക്കുന്നുണ്ട്. എന്നിരിക്കിലും തന്റെ ശരീരം എപ്രകാരമായിരുന്നോ അതിലേക്കൊരു തിരിച്ചുപോക്കുണ്ടാകില്ലെന്ന ബോധ്യവുമുണ്ടെന്നും ദീപ പറയുന്നു. 

താനിന്ന് കൈകളിലേന്തിയിരിക്കുന്ന കുഞ്ഞിനെ പരിപോഷിപ്പിക്കുകയും വളർത്തുകയും ചെയ്ത ശരീരമാണിത്, പിന്നെങ്ങനെ ആ ശരീരത്തോട് തനിക്ക് അനുകമ്പനയും ക്ഷമയും തോന്നാതിരിക്കുമെന്നും ദീപ ചോദിക്കുന്നു. മാതൃത്വത്തിലേക്കുള്ള യുദ്ധത്തിന്റെ അടയാളങ്ങളായാണ് ദീപ തന്റെ സ്ട്രെച്ച് മാർക്കുകളെ കാണുന്നത്. അത് ‌മനോഹരമാണെന്നു പറയുന്ന ദീപ തന്റെ പഴയ ശരീരം തിരിച്ചു പിടിക്കാൻ കഠിനാധ്വാനം ചെയ്യുമെന്നും പറയുന്നു. അപ്പോഴും തനിക്കിഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കുന്നതിൽ നിന്നും വിട്ടുവീഴ്ച ചെയ്യാനില്ല. അഭിമാനത്തോടെ തന്നെ അവ ധരിക്കുമെന്നാണ് ദീപ പറയുന്നത്. 

നിരവധി പേരാണ് ദീപയുടെ പോസ്റ്റിനു കീഴെ കമന്റുകളുമായെത്തിയത്. പ്രസവാനന്തരം ശരീരത്തിനു വന്ന മാറ്റങ്ങളെ ഇതുപോലെ തുറന്നെഴുതേണ്ടതുണ്ടെന്നും പലരും തുറന്നു പറയാനും കാണിക്കാനും മടികാണിക്കുന്ന കാര്യങ്ങളെക്കുറിച്ച് പങ്കുവെച്ച് ദീപയ്ക്ക് അഭിനന്ദനങ്ങളെന്നും പോകുന്നു കമന്റുകൾ. 

Content Highlights: woman Shows Her Postpartum Body With Pride