കാൻസറിനോ‌ട് പൊരുതുന്ന മകൾ. അപ്രതീക്ഷിതമായി മകൾക്ക് പിന്തുണയർപ്പിച്ച അമ്മ. കാൻസർ രോ​ഗിയായ മകളുടെ മുടി നീക്കം ചെയ്യുന്നതിനൊപ്പം തന്റെയും മുടിനീക്കുന്ന അമ്മയുട‌െ വീഡിയോ ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാണ്. ‌‌

മകളുടെ തലമുടി വടിക്കുന്ന അമ്മയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. മകളുടെ മുടിയുടെ പകുതിയോളം വടിക്കുന്നതിനിടെയാണ് അമ്മയുടെ ഭാ​ഗത്തുനിന്ന് ആ അപ്രതീക്ഷിത നീക്കമുണ്ടാകുന്നത്. മകൾ കാണെ തന്റെ തലമുടിയും വ‌ടിച്ചെടുക്കുകയാണ് വയോധികയായ ആ അമ്മ. ഇതുകണ്ട് അത്ഭുതത്തോടെ അമ്മയെ നോക്കുന്ന മകളെയും വീഡിയോയിൽ കാണാം. അമ്മയോട് എന്തിനാണ് ഇങ്ങനെ ചെയ്യുന്നതെന്നു വിതുമ്പലോടെ മകൾ ചോദിക്കുന്നതും കാണാം. 

ആരും ഒറ്റയ്ക്ക് പോരാടുന്നില്ല, കാൻസർബാധിതയായ മകളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സ്വന്തം മുടി വടിച്ച് മകളെ ഞെട്ടിച്ച അമ്മ, അമ്മയുടെ സ്നേഹത്തേക്കാൾ ശക്തമായി ഒന്നുമില്ല എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

വീഡിയോ പങ്കുവച്ച് അധികമാവുംമുമ്പേ വൈറലാവുകയും ചെയ്തു. ഇതിനകം രണ്ടു മില്യണിൽപരം കാഴ്ച്ചക്കാരെയാണ് വീഡിയോക്ക് ലഭിച്ചിരിക്കുന്നത്. 

Content Highlights: Woman shaves her head to support daughter fighting cancer