രുകാലത്ത് ജീവിതത്തില്‍ വിഷമകരമായ ഘട്ടത്തിലൂടെ കടന്നുപോകുകയും പിന്നീട് അതിനെ അതിജീവിച്ച് ജീവിതവിജയം സ്വന്തമാക്കുകയും ചെയ്ത നിരവധി പേരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതാണ് ഹ്യൂമന്‍സ് ഓഫ് ബോംബ ഫെയ്‌സ് ബുക്ക് പേജ്. 

പെറ്റമ്മയും പോറ്റമ്മയും തള്ളിപ്പറയുകയും തുടര്‍ന്ന് വളര്‍ത്തച്ഛന്റെ തണലില്‍ വളരുകയുംചെയ്ത യുവതിയുടെ ഹൃദയം തൊടുന്ന കുറിപ്പ് ഹ്യൂമന്‍സ് ഓഫ് ബോംബെ പേജില്‍ പങ്കുവെച്ചിരിക്കുകയാണ്.

വിവാഹം കഴിഞ്ഞ് ആറു വര്‍ഷമായിട്ടും കുഞ്ഞുങ്ങളുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആറുമാസം പ്രായമുള്ളപ്പോള്‍ അവളെ കൊല്‍ക്കത്ത സ്വദേശികളായ ദമ്പതികള്‍ സിലിഗുരിയില്‍ നിന്ന് ദത്തെടുക്കുന്നത്. കണ്ടയുടനെ ഇത് എന്റെ മകളാണ് എന്നുപറഞ്ഞ് വളര്‍ത്തച്ഛന്‍ അവളെ സ്വീകരിക്കുകയായിരുന്നു. 

യുവതിയുടെ കുറിപ്പില്‍ നിന്ന്..

അമ്മയുടെ വീട്ടുകാര്‍ എന്നെ ഇരുകൈയും നീട്ടി സ്വീകരിച്ചെങ്കിലും പപ്പയുടെ വീട്ടുകാരില്‍ നിന്ന് സുഖകരമായ അനുഭവമായിരുന്നില്ല ഉണ്ടായിരുന്നത്. എന്നാല്‍, ഇതൊന്നും അറിയിക്കാതെയാണ് എന്നെ പപ്പയും അമ്മയും വളര്‍ത്തിയത്. എനിക്ക് ഏഴു വയസ്സ് പ്രായമുള്ളപ്പോള്‍ കസിന്റെ വീട്ടില്‍ വെച്ച് ഭായ് ദൂജ് ചടങ്ങിനിടെ ഞാന്‍ സഹോദരന്മാരുടെ നെറ്റിയില്‍ തിലകം ചാര്‍ത്തി. എന്നാല്‍, ഞാന്‍ തിലകം ചാര്‍ത്തിയ ഉടനെ തന്നെ അവര്‍ അത് മായിച്ചു കളഞ്ഞു. നീ എന്റെ സഹോദരിയല്ല എന്ന് പറഞ്ഞായിരുന്നു തിലകം മായ്ച്ചു കളഞ്ഞത്. എന്നാല്‍, എന്താണ് അവര്‍ പറഞ്ഞത് എന്ന് ആ പ്രായത്തില്‍ എനിക്ക് മനസ്സിലായില്ല. പപ്പ അപ്പോള്‍ തന്നെ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും അവരുമായുള്ള ബന്ധം ഉപേക്ഷിക്കുകയും ചെയ്തു. എന്നാല്‍, ഈ സംഭവത്തിന് തൊട്ടുപിന്നാലെ അമ്മയുടെ സ്വഭാവത്തിലും പ്രകടമായ മാറ്റങ്ങള്‍ വന്നു തുടങ്ങി. എന്റെ വികാരങ്ങളേക്കാള്‍ അധികമായി സമൂഹത്തെ കേട്ട് തുടങ്ങി. എന്നോട് പരുഷമായി സംസാരിക്കുകയും നീയെന്റെ മകളല്ലെന്ന് പറയുകയും ചെയ്തു. തിരിച്ച് അമ്മയോട് പപ്പ കയര്‍ത്തു സംസാരിച്ചു. അതോടെ അമ്മയും ഞാനും തമ്മിലുള്ള ബന്ധം വഷളായി. എന്റെ ഇരുണ്ടനിറത്തെ അമ്മ വെറുത്തു. കൂടാതെ, പഠിക്കാന്‍ മിടുക്കിയല്ലാത്തതും അമ്മയെ ചൊടിപ്പിച്ചു. ഇതായിരുന്നു എന്നെ ഏറെ നിരാശയാക്കിയത്. 

നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഡൈസ്ലെക്‌സിയ എന്ന രോഗം എനിക്കുണ്ടെന്ന് തിരിച്ചറിഞ്ഞു. പപ്പ തന്നെയായിരുന്നു വീണ്ടും ആശ്രയം. അച്ഛനും മകളും തമ്മിലുള്ള ബന്ധം ഇതോടെ ഗാഢമായി. ഞങ്ങള്‍ ഒന്നിച്ചിരുന്ന് പഠിച്ചു. പതിയെ, എന്റെ മാര്‍ക്കുകള്‍ ഉയര്‍ന്നു. ഒരു സ്വപ്‌നവും ഒരുപാട് വലുതല്ലെന്ന് പപ്പ എന്നെ പഠിപ്പിച്ചു. സ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ ഫാഷന്‍ ഡിസൈനിങ് പഠിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പപ്പയെ അറിയിച്ചു. നീ എന്ത് കാര്യം ചെയ്താലും അത് മികച്ചതാകുമെന്നും ഹൃദയവും ആത്മാവും അതിനായി നീക്കിവെക്കാനും പപ്പ പറഞ്ഞു. ഇതാണ് എന്റെ ജീവിതമന്ത്രം.

ഫാഷന്‍ പഠനം മികച്ചതായിരുന്നു. ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. ഒരാളുമായി ഇഷ്ടത്തിലാകുകയും ചെയ്തു. എന്നാല്‍, കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ മുന്നോട്ട് പോകുന്നതിനിടെ പെട്ടെന്നാണ് എന്റെ മാനസിക ആരോഗ്യം മോശമായത്. പപ്പ വന്ന് എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. എന്റെ ബന്ധത്തെക്കുറിച്ചും മറ്റും തുറന്ന് സംസാരിക്കാന്‍ അദ്ദേഹം സഹായിച്ചു. സാധാരണഗതിയില്‍ ഇന്ത്യയില്‍ മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്ക് ഭ്രഷ്ട് കല്‍പ്പിക്കാറുണ്ട്. എന്നാല്‍, പപ്പ എനിക്ക് ചികിത്സ ഉറപ്പാക്കി. എന്നാല്‍, അമ്മയുടെ കുത്തുവാക്കുകള്‍ തുടര്‍ന്നുകൊണ്ടേ ഇരുന്നു. പപ്പയുടെ പിന്തുണ അതെല്ലാം കേട്ടില്ലെന്ന് വയ്ക്കാന്‍ സഹായിച്ചു. 

നല്ല ചികിത്സയുടെ ഫലമായി ഒരു വര്‍ഷം കൊണ്ട് എന്റെ രോഗം ഭേദമായി. ഇന്ന് ഞാന്‍ മാനസികമായി ബുദ്ധിമുട്ടുകളൊന്നും അനുഭവിക്കുന്നില്ല. ഒരു ഡിസൈനറാകാനുള്ള എന്റെ സ്വപ്‌നം പൂര്‍ത്തിയാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന് ഞാന്‍. എന്നെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന ഒരാളുമായി ആരോഗ്യപരമായ ബന്ധത്തിലാണ് ഞാന്‍ ഇന്ന്. പക്ഷേ, ഏറ്റവും മികച്ച ബന്ധം ഞാന്‍ എന്റെ പപ്പയുമായി കാത്ത് സൂക്ഷിക്കുന്നു. എന്റെ അടുത്ത സുഹൃത്താണ് പപ്പ. അമ്മയ്ക്കും എനിക്കും ഇടയിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്ന ഒരു ദിവസത്തിനായി കാത്തിരിക്കുകയാണ് ഞാന്‍. സിലിഗുരിയില്‍ ആ കൊച്ചുകുട്ടിയെ ചൂണ്ടിക്കാട്ടി ഇതാണ് എന്റെ മകള്‍ എന്ന് പറഞ്ഞ് ആ മനുഷ്യന്‍ എന്നെ സ്വീകരിച്ച ആ ദിവസത്തെ ഓര്‍ത്ത് ഞാന്‍ ഏറെ നന്ദി ഉള്ളവളാണ്. ഞാന്‍ എന്നില്‍ വിശ്വസിക്കുന്നു, കാരണം അദ്ദേഹം എന്നെ വിശ്വസിക്കുന്നു.

Content highlights: woman shares her experices with her loving and caring father humans of bombay