റ്റുള്ളവരെ അത്ഭുതപ്പെടുത്തുന്ന കഴിവുകള്‍ ഉള്ളവര്‍ നമുക്കു ചുറ്റും ധാരാളമുണ്ട്. നന്നായി പാടുന്നവരും പ്രസംഗം പറയുന്നവരും വരയ്ക്കുന്നവരും നൃത്തം ചെയ്യുന്നവരുമായി ആരും അറിയാത്ത നിരവധിപ്പേര്‍. ബംഗളൂരുവില്‍ നിന്ന് വൈറലാകുന്ന ഒരു സ്ത്രീയുടെ വീഡിയോയും ഇത്തരത്തിലൊന്നാണ്. ഷാഷിന ഹെഗ്ഗര്‍ എന്ന യുവതിയാണ് ആക്രസാധനങ്ങള്‍ എടുത്ത് വില്‍ക്കുന്ന പ്രായമായ ഒരു സ്ത്രീയുടെ വീഡിയോ പങ്കുവച്ചത്. വീഡിയോ കണ്ടാല്‍ നിങ്ങള്‍ അത്ഭുതപ്പെടും. 

രണ്ട് വീഡിയോയാണ് ഷാഷിന പങ്കുവച്ചിരിക്കുന്നത്. ആദ്യത്തെ വീഡിയോയില്‍ തന്റെ പേര് സിസിലിയ മാര്‍ഗരറ്റ് ലോരന്‍സ് എന്ന് ചെറിയൊരു ഈണത്തോടെ പരിചയപ്പെടുത്തുന്നത് കേള്‍ക്കാം. എന്നാല്‍ ഒഴുക്കോടെ ഇംഗ്ലീഷിലുള്ള സിസിലിയയുടെ സംസാരമാണ് നമ്മളെ അത്ഭുതപ്പെടുത്തുക. നീല സാരി അണിഞ്ഞ് തലയില്‍ ഒരു പൂവ് ചൂടി കൈയില്‍ ബൈബിളുമായാണ് സിസിലിയയുടെ നടത്തം. ദൈവം എപ്പോഴും തനിക്കൊപ്പം ഉണ്ടാകണം അപ്പോള്‍ താനൊരിക്കലും ഒറ്റയക്കാവില്ല എന്ന മറുപടിയാണ്് ബൈബിള്‍ എപ്പോഴും കൈയില്‍ കരുതുന്നതിനെ പറ്റി സിസിലിയ പറയുന്നത്.  രണ്ടാമത്തെ വീഡിയോയില്‍ സിസിലിയയുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അറിവ് കൂടുതല്‍ വ്യക്തമാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താന്‍ ജപ്പാനിലായിരുന്നു എന്നും പിന്നീട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയതാണെന്നും സിസിലിയ പറയുന്നുണ്ട്. 

സിസിലിയയുടെ ഇംഗ്ലീഷ് കേട്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സോഷ്യല്‍മീഡിയ. പലരും സിസിലിയയുടെ വിലാസവും മറ്റും തിരക്കി കമന്റുകളും നല്‍കുന്നുണ്ട്. തെരുവില്‍ ജീവിക്കുന്ന ആ സ്ത്രീയെ സഹായിക്കണം എന്നാണ് മിക്കവരുടെയും അഭിപ്രായം.

Content Highlights: Woman shares clip of ragpicker from Bengaluru speaking fluent English