വിവാഹദിനത്തില്‍ മനോഹരിയാവാന്‍ ആഗ്രഹിക്കാത്തവരുണ്ടാവില്ല. വിവാഹ വസ്ത്രം മറ്റാര്‍ക്കുമില്ലാത്ത അത്ര സ്‌പെഷ്യല്‍ ആകണമെന്നാണ് മിക്കവരുടെയും ആഗ്രഹം. ലൂയിസ്‌വില്ലയില്‍ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകയായ ഔബ്രെ ഡ്യൂക്‌സും തന്റെ വിവാഹദിനം മനോഹരമാക്കാനാണ് കംസ്റ്റംമെയ്ഡ് ഗൗണ്‍ ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ലഭിച്ചതോ, ഡിസ്‌പ്ലേ ഇമേജുമായി യാതോരു ബന്ധവും ഇല്ലാത്ത ഗൗണ്‍. ഇത് കണ്ട് ദേഷ്യം പിടിച്ച ഡ്യൂക്‌സ് ഒരു പരാതി തന്നെ കമ്പനിക്കയച്ചു. അതിന് ലഭിച്ച മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. 

'രണ്ടാഴ്ച മുമ്പാണ് എന്റെ വിവാഹവസ്ത്രം എനിക്ക് ലഭിച്ചത്. ഞാന്‍ വാങ്ങാന്‍ ആഗ്രഹിച്ച വസ്ത്രത്തിന്റെ രൂപമായിരുന്നില്ല അതിന്. ചിത്രങ്ങളില്‍ കാണുന്നതുപോലെയൊന്നുമല്ല. എനിക്ക് വസ്ത്രം മാറ്റിത്തരാന്‍ ആവശ്യപ്പെട്ട് ഞാന്‍ കമ്പനിക്ക് മെയില്‍ അയച്ചു.'  ഡ്യൂക്‌സ് ഫേസ്ബുക്കില്‍ കുറിച്ചു. 

'എന്നാല്‍ കമ്പനി നല്‍കിയ മറുപടി വസ്ത്രം തലതിരിച്ചു ധരിക്കാതെ ശരിയായി ധരിക്കൂ എന്നായിരുന്നു.' ഡ്യൂക്‌സ് തുടരുന്നു. അതോടെ ഡ്യൂക്‌സ് വസ്ത്രം ഒന്നുകൂടി ധരിച്ചു നോക്കാന്‍ തീരുമാനിച്ചു. 'ശരിയായി മടക്കാതെ, അകവും പുറവും മനസ്സിലാകാത്ത വിധത്തില്‍ തലതിരിച്ച്  ഒരു കമ്പനി വിവാഹവസ്ത്രം അയക്കുമെന്ന് ആരറിഞ്ഞു' എന്നാണ് ഡ്യൂക്‌സിന്റെ ചോദ്യം. രണ്ടാമത് പരീക്ഷിച്ചപ്പോള്‍ വസ്ത്രം ഡ്യൂക്‌സിന് പാകമാകുകയും ചെയ്തു. 

'നമ്മള്‍ എത്ര പഠിച്ചാലും ചില സമയത്ത് കോമണ്‍സെന്‍സുണ്ടാവില്ല, ഇതുപോലെ ശരിയായി വസ്ത്രം ധരിക്കാന്‍ പോലും..' ഡ്യൂക്‌സ് തന്റെ അബദ്ധത്തെ പറ്റി ഫേസ്ബുക്കില്‍ കുറിക്കുന്നു. എങ്ങനെയാണ് തനിക്ക് അബദ്ധം പറ്റിയതെന്നും ഡ്യൂക്‌സ് കുറിക്കുന്നുണ്ട്. '24 മണിക്കൂര്‍ നീളുന്ന ഷിഫ്റ്റും, ഉറക്കമില്ലായ്മയും, കല്യാണത്തിരക്കുകളും എല്ലാമായി ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയായിരുന്നു. ഇതിനെല്ലാമൊപ്പം ഓണ്‍ലൈനായി വിവാഹവസ്ത്രം വാങ്ങാന്‍ തനിക്ക് താല്‍പര്യമുണ്ടായിരുന്നില്ല. കൊറോണമൂലം ലോക്കല്‍കടകള്‍ അടച്ചിടുകയും ചെയ്തതോടെ വേറെവഴിയൊന്നും കണ്ടില്ല.' എന്തായാലും ആദ്യം അബദ്ധം പറ്റിയെങ്കിലും വിവാഹവസ്ത്രം മനോഹരമായതിന്റെ സന്തോഷത്തിലാണ് ഡ്യൂക്‌സ്.

Content Highlights: Woman sends angry email to company over bridal gown their reply has viral