ജോലി തന്നെ ജീവിതം എന്നു കരുതുന്നവരുണ്ട്. മറ്റെന്തിനേക്കാളും പ്രാധാന്യം ജോലിക്കു നൽകുന്നവർ. അത്രത്തോളം ജോലിയിൽ വ്യാപൃതരായവർ വിരമിച്ചു കഴിയുമ്പോഴാവും ഏറ്റവുമധികം പ്രയാസം നേരിടുക. ഇത്തരത്തിൽ വർക്ഹോളിക് ആയ അച്ഛൻ വിരമിക്കുന്നതോർത്ത് ആശങ്കപ്പെട്ട മകൾ ഇന്ന് അതേ അച്ഛനെയോർത്ത് അഭിമാനിക്കുന്നുവെന്നു പറഞ്ഞ പോസ്റ്റാണ് വൈറലാകുന്നത്. 

റെഡ്ഡിറ്റ് എന്ന സമൂഹമാധ്യമത്തിലൂടെയാണ് പോസ്റ്റ് വൈറലായത്. എമിലി അന്റിലാർ എന്ന ഉപയോക്താവാണ് പീഡിയാട്രീഷ്യനായ തന്റെ അച്ഛനെക്കുറിച്ച് പങ്കുവച്ചത്. സദാ ജോലിയിൽ മുഴുകിയിരിക്കുന്ന അച്ഛൻ വിരമിച്ചു കഴിഞ്ഞാൽ എങ്ങനെ ജീവിതം തള്ളിനീക്കും എന്നോർത്തായിരുന്നു എമിലിയുടെ ആശങ്ക. എന്നാൽ ഇന്ന് അച്ഛൻ തനിക്ക് നൽകിയ സമ്മാനം കണ്ടപ്പോൾ അതേ അച്ഛനെയോർത്ത് അഭിമാനം തോന്നുന്നുവെന്നു പറയുകയാണ് എമിലി. 

കലയെ സ്നേഹിച്ചിരുന്ന അച്ഛൻ തന്റെ റിട്ടയർമെന്റ് കാലം കഴിച്ചുകൂട്ടാൻ അതു തിരിച്ചുപിടിച്ചെന്നു കുറിച്ച എമിലി തനിക്കായി അച്ഛൻ സമ്മാനിച്ച പെയിന്റിങ്ങിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

എന്റെ അച്ഛൻ രണ്ടുവർഷം മുമ്പ് അദ്ദേഹത്തിന്റെ എഴുപതാം വയസ്സിൽ വിരമിച്ചു. വർക്ഹോളിക് ആയിരുന്ന അച്ഛൻ വിരമിച്ചു കഴിഞ്ഞാൽ എങ്ങനെയാവും സാഹചര്യത്തെ കൈകാര്യം ചെയ്യുക എന്നോർത്ത് ആശങ്കപ്പെട്ടിരുന്നു. ചെറുപ്പത്തിൽ താൻ ചെയ്തിരുന്ന കലയിലേക്ക് തിരിച്ചുവരാൻ താൽപര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഇന്ന് അദ്ദേഹം എനിക്കു നൽകിയതാണ് ഇത്. ഞാൻ അദ്ദേഹത്തെയോർത്ത് അഭിമാനിക്കുന്നു- എമിലി കുറിച്ചു. 

My dad retired 2 years ago at age 70. He was a workaholic so we all worried about how he'd handle it. He said he wanted to get back into art, which he had done as a young man. Today he gave me this. I'm so proud of him! from r/MadeMeSmile

നിരവധി പേരാണ് എമിലിയുടെ അച്ഛനെ അഭിനന്ദിച്ച് കമന്റ് ചെയ്തിരിക്കുന്നത്. പീഡിയാട്രീഷ്യനായ എമിലിയുടെ അച്ഛൻ നല്ലൊരു ഡോക്ടർ എന്നതിനൊപ്പം നല്ലൊരു കലാകാരൻ കൂടിയാണെന്നും വിരമിക്കാൻ പദ്ധതിയിടുന്നവർക്കെല്ലാം മാതൃകയാണ് എമിലിയുടെ അച്ഛൻ എന്നുെമാക്കെ പോകുന്നു കമന്റുകൾ. 

Content Highlights: Woman’s post about her dad getting back to art after retirement is winning hearts