ചില സന്തോഷം നിറഞ്ഞ നിമിഷങ്ങളിൽ സ്വയം മറന്നു പ്രതികരിക്കുന്നവരുണ്ട്. പരിസരം മറന്ന് തുള്ളിച്ചാടുന്നവർ വരെ അക്കൂട്ടത്തിലുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. സം​ഗതി മറ്റൊന്നുമല്ല ഒരു ജോലി കിട്ടിയെന്നറിഞ്ഞപ്പോൾ പ്രതികരിച്ച യുവതിയാണ് വീഡിയോയിലുള്ളത്. 

തൊഴിലുടമ തന്നെയാണ് രസകരമായ വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരിക്കുന്നത്. ഞാൻ ഈ പെൺകുട്ടിയെ ജോലിയിൽ നിയമിച്ചു, ഇതായിരുന്നു അവളുടെ പ്രതികരണം എന്ന ക്യാപ്ഷനോടെയാണ് വീ‍ഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.   ഓഫീസിനു പുറത്തുള്ള സിസിടിവിയുടെ ദൃശ്യങ്ങളാണ് വീ‍ഡിയോയിലുള്ളത്. 

ഓഫീസിനു പുറത്ത് നടന്നുവരുന്ന യുവതിയിൽ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. റോഡിലെത്തിയതോടെ പരിസരം മറന്ന് ജോലി ലഭിച്ച ആഹ്ലാദത്താൽ ചുവടുകൾ വെക്കുകയാണവൾ. ശേഷം ഒന്നും സംഭവിക്കാത്തതുപോലെ നടന്നുപോകുന്നതും കാണാം. 

ഇതിനകം തന്നെ ആറുലക്ഷത്തിൽപരം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. വീഡിയോക്ക് കീഴെ പ്രതികരണവുമായി യുവതി തന്നെ രം​ഗത്തെത്തുകയും ചെയ്തു. ആരും കാണുന്നില്ലെന്ന് കരുതിയാണ് താൻ അതു ചെയ്തതെന്നും എന്നാൽ തനിക്ക് തെറ്റിപ്പോയെന്നും വീഡിയോ കണ്ട് അഭിനന്ദിച്ച എല്ലാവർക്കും നന്ദി പറയുന്നുവെന്നും യുവതി കുറിച്ചു. 

നിരവധി പേരാണ് വീഡിയോക്ക് കീഴെ കമന്റ് ചെയ്തിരിക്കുന്നത്. അവൾക്ക് ജോലി എത്രത്തോളം ആവശ്യമായിരുന്നുവെന്ന് വീഡിയോ തെളിയിക്കുന്നുവെന്നും സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഇത്തരത്തിൽ അവസരങ്ങൾ എല്ലാവർക്കും ലഭിക്കട്ടെയെന്നും ഈ യുവതിയായിരിക്കും ആ സ്ഥാപനത്തിലെ മികച്ച തൊഴിലാളി എന്നുമൊക്കെ പോകുന്നു കമന്റുകൾ. 

Content Highlights: Woman’s happy reaction after being hired was caught on camera