മിതവണ്ണത്തെക്കുറിച്ചുള്ള പരിഹാസം തന്റെ ജീവിതത്തിലുണ്ടാക്കിയ വിഷാദത്തെക്കുറിച്ചും അതിനെ വിജയകരമായി മറികടന്നതെങ്ങനെയെന്നും ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫെയ്‌സ്ബുക്ക്‌ പേജില്‍ പങ്കുവെക്കുകയാണ് ഈ യുവതി. 

സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഡിബേറ്റുകളിലും നാടകങ്ങളിലും സ്‌പോര്‍ട്‌സിലുമൊക്കെ ഞാന്‍ മുന്‍പന്തിയിലായിരുന്നു. കിട്ടിയ എല്ലാ അവസരങ്ങളും ഞാന്‍ മികവുകാട്ടി. സ്‌കൂളിലെ ഏറ്റവും മിടുക്കിക്കുട്ടി ഞാന്‍ ആയിരുന്നു. എന്നാല്‍ എന്റെ 13ാം വയസ്സിലായിരുന്നു എന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ച സംഭവമുണ്ടായത്. ഒരു നാടകത്തില്‍ വേഷമിടാന്‍ ഞാന്‍ തയ്യാറായി. മനോഹരമായ ഒരു ഗൗണ്‍ അതിനായി ഞാന്‍ വാങ്ങിയിരുന്നു. എന്നാല്‍ 'നീ ഭയങ്കര തടിയാണ്, ഈ നാടകത്തില്‍ അഭിനയിക്കേണ്ട' എന്ന് എന്റെ ടീച്ചര്‍ പറഞ്ഞു. എന്റെ കൂട്ടുകാരും അത് ശരിവെച്ചു. ഞാന്‍ ആകെ തകര്‍ന്നുപോയി. 

കൗമാരം മുതല്‍ ഞാന്‍ തടിവെച്ചു തുടങ്ങിയിരുന്നു. അതിന്റെ പ്രശ്‌നങ്ങളൊന്നും എന്നെ ബാധിച്ചിരുന്നില്ല. എന്നാല്‍ എനിക്ക് ഇഷ്ടമായിരുന്ന ഒരാള്‍ എന്റെ പ്രണയത്തെ തള്ളിക്കളഞ്ഞു. കാരണം ഞാന്‍ തടി കൂടുതലാണ് എന്നതു തന്നെ. അതെന്റെ മനസ്സിനെ നോവിച്ചു. അന്നു മുതല്‍ തടി കുറയ്ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങി. ആരോഗ്യം നോക്കാതെയാണ് ഞാന്‍ തടി കുറയ്ക്കാനുള്ള വഴികള്‍ തേടിയത്. ഇതിന്റെ ഭാഗമായി ഞാന്‍ ഓടാന്‍ ആരംഭിച്ചു. എന്നാല്‍ അത് എന്റെ കാലിലെ ലിഗ്മെന്റുകള്‍ക്ക് തകരാറുണ്ടാക്കി. ഇനിയൊരിക്കലും ഓടരുതെന്ന് ഡോക്ടര്‍ എന്നോട് പറഞ്ഞു. അതോടെ ഞാന്‍ വിഷാദത്തിലേക്ക് വീണു. 

കുറേ നാള്‍ ഓടിയതിനാല്‍ ഞാന്‍ കുറച്ചു ഭാരം കുറഞ്ഞിരുന്നു. എന്നെ കാണാന്‍ സുന്ദരിയാണെന്നും കുറച്ചു കൂടി തടി കുറച്ചാല്‍ വളരെ നന്നായിരിക്കുമെന്നും എന്റെ അടുത്ത കൂട്ടുകാര്‍ എന്നോട് പറഞ്ഞു. തടി കൂടിയതിനാലും പൊക്കമില്ലാത്തതിനാലും ബാസ്‌ക്കറ്റ്ബോള്‍ കളിക്കരുതെന്നുമൊക്കെ പലരും എന്നോട് പറഞ്ഞു. 

19 വയസ്സായപ്പോഴേക്കും ഇത്തരം വാക്കുകള്‍ കേട്ടു ഞാന്‍ ആകെ മാനസികമായി തകര്‍ന്നു. കോളേജില്‍ പോകാന്‍ എനിക്ക് ധൈര്യമില്ലാതായി. ആശങ്കയും ഉത്കണ്ഠയും എന്നെ വരിഞ്ഞുമുറുക്കി. ഇതായിരുന്നു എന്റെ ആദ്യത്തെ പാനിക് അറ്റാക്ക്. ഞാന്‍ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. എന്നാല്‍ എന്റെ സഹോദരി എന്റെ അവസ്ഥ മനസ്സിലാക്കി. മാതാപിതാക്കളും എനിക്കൊപ്പം നിന്നു. ഹോസ്റ്റലില്‍ നിന്നും അവര്‍ എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. 

വീട്ടിലെത്തിയപ്പോള്‍ ഞാന്‍ പെട്ടെന്ന് കണ്ടത് എന്റെ പഴയ ഒരു ഫോട്ടോ ആയിരുന്നു. ഡിബേറ്റ് മത്സരത്തില്‍ വിജയിച്ച് ട്രോഫിയുമായി നില്‍ക്കുന്ന എന്റെ ഫോട്ടോ ആയിരുന്നു അത്. അതോടെ ഞാന്‍ സ്വയം ചിന്തിക്കാന്‍ തുടങ്ങി. ഞാന്‍ എന്തിനാണ് മറ്റുള്ള ആളുകളുടെ അഭിപ്രായങ്ങള്‍ എടുക്കുന്നത്? സ്‌കൂളിലെ ഏറ്റവും മികച്ച വിദ്യാര്‍ഥിനിയില്‍ നിന്ന് ഞാന്‍ എപ്പോഴാണ് ഇങ്ങനെ നിരാശയുടെ പടുകുഴിയില്‍ വീണുപോയത്? ഇപ്പോഴത്തെ അവസ്ഥ മാറ്റിയെടുക്കണമെന്ന് എനിക്ക് തോന്നി.

ഞാന്‍ സ്വയം എന്നെത്തന്നെ മോട്ടിവേറ്റ് ചെയ്യാന്‍ തുടങ്ങി. ഞാന്‍ മോശക്കാരിയല്ല, ഞാന്‍ ബെസ്റ്റാണ് എന്നിങ്ങനെ ഞാന്‍ എന്നെത്തന്നെ പഠിപ്പിക്കാനും മനസ്സിലുറപ്പിക്കാനും തുടങ്ങി. ഞാന്‍ വീണ്ടും എന്റെ വായന തുടങ്ങി. കൂട്ടുകാര്‍ക്കൊപ്പം സൗഹൃദം പങ്കുവെക്കാന്‍ തുടങ്ങി.

ഇപ്പോള്‍ എനിക്ക് 21 വയസ്സായി. എനിക്ക് ഇപ്പോള്‍ പഴയ 12 കാരിയുടെ അതേ ആത്മവിശ്വാസമുണ്ട്. അന്ന് അവള്‍ സ്റ്റേജില്‍ തല ഉയര്‍ത്തിപ്പിടിച്ചു നിന്നത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. അതുപോലെ ആകുന്നു ഇപ്പോള്‍. 

മറ്റുള്ളവര്‍ നിങ്ങളെക്കുറിച്ച് പറയുന്ന മോശം കമന്റുകളെ മറന്നേക്കുക. സ്വയം വിശ്വസിക്കുക, മോട്ടിവേറ്റ് ചെയ്യുക. ദിവസവും ഞാന്‍ ഇപ്പോള്‍ കണ്ണാടിയില്‍ നോക്കും. എന്റെ ജീവിതത്തെ ഇപ്പോള്‍ ഞാന്‍ പ്രണയിക്കുന്നു. 

Content Highlights: woman retain her self confidence avoid body shaming, women