വിവാഹദിനത്തിന്റെ സ്വപ്‌നങ്ങള്‍ കണ്ട് കഴിയവേ പെട്ടെന്നൊരു ദിവസം വരനോ വധുവോ പിന്‍മാറെയെന്ന വാര്‍ത്ത കേട്ടാലോ, എത്ര നിരാശയാവും ആ വ്യക്തിക്കുണ്ടാവുക. എന്നാല്‍ അമേരിക്കന്‍ സ്വദേശിനിയായ മെഗ് ടൈലര്‍ അങ്ങനെയൊന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചിരുന്നില്ല. വിവാഹത്തിനായി ഒരുങ്ങിയിരുന്ന മെഗിന്റെ പ്രണയബന്ധം തകര്‍ന്നത് കഴിഞ്ഞ ജൂണിലാണ്. എന്നാല്‍ വധുവായി ഒരുങ്ങാനും വിവാഹം ആഘോഷമാക്കാനുമുള്ള ആഗ്രഹം വേണ്ടെന്ന് വയ്ക്കാന്‍ മെഗ് തയ്യാറായില്ല. പകരം വരനില്ലാതെ സ്വയം വിവാഹിതയാവാനായിരുന്നു മെഗിന്റെ തീരുമാനം. അതിനായി ചെലവഴിച്ചതോ ഒരു ലക്ഷത്തിലധികം രൂപയും.(£1,000)

'ഞാന്‍ എന്നോട് തന്നെയുള്ള സ്‌നേഹത്തിന്റെ പ്രതീകമായാണ് ഈ തീരുമാനമെടുത്തത്.' എന്നാല്‍ ആദ്യം മറ്റുള്ളവര്‍ എന്ത് കരുതും എന്ന ആശങ്ക ഉണ്ടായിരുന്നുവെന്ന് മുപ്പത്തഞ്ചുകാരിയായ മെഗ് പറയുന്നു. സുഹൃത്തുക്കളും ബന്ധുക്കളും എതിര്‍പ്പുകളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്വന്തം സന്തോഷങ്ങളോട് നോ പറയേണ്ടതില്ല എന്നായിരുന്നു മെഗിന്റെ തീരുമാനം. മറ്റുള്ളവരെ സന്തോഷിപ്പിക്കാനോ ഇനിയൊരു ജീവിതം വേണ്ടെന്ന്  വയ്ക്കാനോ ആയിരുന്നില്ല  സ്വയം സ്‌നേഹിക്കുന്നതിന്റെ ഭാഗമായായിരുന്നു ഈ വിവാഹം.

 

women

വധുവായി ഒരുങ്ങാനുള്ള വസ്ത്രങ്ങളും കേക്കും ഒരു ഡയമണ്ട് വിവാഹ മോതിരവും മെഗ് വാങ്ങിയിരുന്നു.  കൊളറാഡോയില്‍ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നു മെഗിന്റെ വിവാഹ ചടങ്ങ്. 

ആഗ്രഹം പോലെ നവവധുവായി ഒരുങ്ങി തന്നെയാണ് മെഗ് വേദിയിലേക്ക് കടന്നു വന്നത്. സ്വയം എഴുതിത്തയ്യാറാക്കിയ വിവാഹ ഉടമ്പടി വായിച്ചതോടെ ചടങ്ങുകള്‍ ആരംഭിച്ചു. കയ്യില്‍ കരുതിയിരുന്ന മോതിരം സ്വയം വിരലില്‍ അണിയുകയും ചെയ്തു. പിന്നീട് കണ്ണാടിയില്‍ സ്വന്തം പ്രതിബിംബത്തെ ചുംബിച്ച് താന്‍ വിവാഹിതയായതായി പ്രഖ്യാപിക്കുകയായിരുന്നു.

Content Highlights: Woman marries herself ceremony as act of self love after break up