മരിയ, അവള്‍ക്ക് കേള്‍ക്കാനോ സംസാരിക്കാനോ കഴിയില്ല. എന്നാല്‍ ഭര്‍ത്താവ് റോഡിമോന് അവള്‍ ഇടയ്ക്കിടെ ഒരു ചിത്രം വരച്ചു കാണിക്കും. 'ഹൃദയാകൃതിയിലുള്ള സ്ലാബിനു മുകളില്‍ ഇന്ത്യന്‍ പതാക നാട്ടിയിരിക്കുന്നു. അടുത്തായി ഒരു മുസ്ലിം പള്ളിയും മദ്രസയുമുണ്ട്. ചുറ്റിനും നിരനിരയായി വീടുകള്‍.' എഫോര്‍ ഷീറ്റില്‍ മരിയ വരച്ച ചിത്രത്തില്‍ നിന്ന് റോഡിമോന്‍ വായിച്ചെടുത്തത് ഇത്രയുമാണ്.
എന്തിനാവും മരിയ ഇതേ ചിത്രം എപ്പോഴും വരയ്ക്കുന്നത്? ആദ്യമൊക്കെ മരിയയുടെ വരകളെ നേരമ്പോക്കായി കണ്ടിരുന്ന റോഡിമോന്‍ അതിലേക്ക് സൂക്ഷിച്ച് നോക്കിയത് നാലു കൊല്ലം മുമ്പാണ്. മരിയ വരച്ച സ്ഥലം ഇന്ത്യയിലെവിടെയോ ആണ്. ദേശത്തിന്റെ പേരറിയില്ല. ഏതു സംസ്ഥാനത്താണ് എന്നുപോലും അറിയില്ല. പക്ഷേ, അതു തേടിയിറങ്ങാന്‍ തന്നെയായിരുന്നു റോഡിമോന്റെ തീരുമാനം.
''കട്ടപ്പന അസീസി സ്‌നേഹാശ്രമത്തില്‍ വെച്ചാണ് മരിയയെ ഞാന്‍ ആദ്യമായി കാണുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് സോഷ്യല്‍ സര്‍വീസിന്റെ ഭാഗമായാണ് ഞാന്‍ അവിടെ എത്തിയത്. എന്റെ നാട് കുമളി ആണ്. മരിയ എങ്ങനെയാണ് കട്ടപ്പനയില്‍ എത്തിയത് എന്നറിയില്ല. രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരു പെണ്‍കുട്ടി ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുന്നത് ഓട്ടോറിക്ഷക്കാരാണ് ശ്രദ്ധിച്ചത്. അവര്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിച്ചു. പോലീസാണ് മരിയയെ ആശ്രമത്തില്‍ എത്തിച്ചത്. ആ സമയത്ത് അവളുടെ കയ്യിലുണ്ടായിരുന്ന ബാഗില്‍ സീക്വന്‍സും മേക്കപ്പ് സാധനങ്ങളുമായിരുന്നു എന്ന് ആശ്രമത്തില്‍ നിന്ന് ഞാന്‍ പിന്നീട് അറിഞ്ഞു.''
ആദ്യമായി പരസ്പരം കാണുമ്പോള്‍ റോഡിമോന് പതിനേഴോ പതിനെട്ടോ പ്രായം. മരിയയ്ക്ക് പതിമൂന്നോ പതിനാലോ. ആദ്യമൊക്കെ അവര്‍ കണ്ണുകള്‍ കൊണ്ട് കഥ പറഞ്ഞു. പിന്നീട് മരിയ ആംഗ്യങ്ങളിലൂടെ വിശേഷങ്ങളറിയിച്ചു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം വിവാഹത്തിലൂടെ അവര്‍ ഒന്നാവുമ്പോഴേക്കും മരിയയുടെ ഭാഷ റോഡിമോനും പഠിച്ചിരുന്നു. ''17 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ശേഷം ഞങ്ങള്‍ ആലപ്പുഴയിലേക്ക് വന്നു. അന്ന് തൊട്ടേ അവള്‍ക്ക് സഹോദരങ്ങളെയും മാതാപിതാക്കളെയും കാണാന്‍ ആഗ്രഹമുണ്ട്. അഞ്ച് സഹോദരങ്ങളുണ്ടായിരുന്നു. അതില്‍ മൂത്ത സഹോദരന്റെ കാര്യമാണ് എപ്പോഴും പറയാറ്.''
മരിയയുടെ ആംഗ്യങ്ങളില്‍ റോഡിമോന്‍ ആ നാടു കണ്ടു, ആ വീടു കണ്ടു. തനിക്കും അവിടെ പോകണം, അവരെയെല്ലാം കാണണം എന്ന ആശ വന്നു.''എങ്ങനെ കട്ടപ്പനയില്‍ എത്തി എന്ന് ചോദിച്ചപ്പോള്‍ വീട്ടില്‍ നിന്ന് അച്ഛനോട് വഴക്കിട്ട് ഇറങ്ങിപ്പോന്നു എന്നാണ് പറഞ്ഞത്. അവള്‍ ഇതുവരെ സ്‌കൂളില്‍ പോയിട്ടില്ല. എഴുതാനും വായിക്കാനുമൊന്നും അറിയില്ല. ഹിന്ദി കാണിക്കുമ്പോള്‍ അറിയാം എന്ന് പറയുന്നുണ്ട്. മുമ്പ് ആമിന എന്നായിരുന്നു പേര് എന്ന് അവള്‍ പറഞ്ഞിരുന്നു. ആമിന എന്ന് ഹിന്ദിയില്‍ എഴുതി കാണിച്ചു. അവളുടെ സ്ഥലം കണ്ടുപിടിക്കാന്‍ ഇടയ്ക്കിടെ ഞാന്‍ ഫോണില്‍ ഒാരോ സംസ്ഥാനത്തെയും ഭക്ഷണം, വസ്ത്രം തുടങ്ങി പലതും കാണിച്ചു കൊടുക്കുമായിരുന്നു. ''
മരിയയുടെ നാടു തേടിയുള്ള അന്വേഷണം റോഡിമോനെ എത്തിച്ചത് അതുവരെ കാണാത്ത വഴികളിലായിരുന്നു. ''അങ്ങനെയിരിക്കുമ്പോഴാണ് 2015-ല്‍ ഗീത എന്ന പെണ്‍കുട്ടി പാക്കിസ്താനില്‍ നിന്ന് തിരിച്ചുവന്ന വാര്‍ത്ത വായിച്ചത്. ആ സംഭവം എന്റെ മനസ്സില്‍ തട്ടി. ഗീതയ്ക്കും കേള്‍ക്കാനും സംസാരിക്കാനും കഴിയില്ലല്ലോ? അന്ന് ഗീതയുടെ മാതാപിതാക്കളെന്ന് പറഞ്ഞ് വന്നവരില്‍ ആരെങ്കിലും മരിയയുടെ മാതാപിതാക്കളാണോയെന്ന് സംശയം തോന്നി. ആ രീതിയിലും അന്വേഷിച്ചു. ഗീതയുടെ വക്കീലിനെ ഫേസ്ബുക്ക് വഴി ബന്ധപ്പെട്ടു. പക്ഷേ, അന്വേഷണം എവിടെയുമെത്തിയില്ല. ''
അതിനിടയിലാണ് മൊബൈലില്‍ കണ്ട ഒരു ചിത്രം, പുതിയ വഴികള്‍ തുറന്നുകൊടുത്തത്. ''ഒരു ദിവസം പതിവുപോലെ മൊബൈല്‍ നോക്കുന്നതിനിടയില്‍ അമീര്‍ഖാന്റെ ഒരു പടം കണ്ടു. അദ്ദേഹത്തെ അറിയാം എന്നവള്‍ പറഞ്ഞു. വീണ്ടും ഒരിക്കല്‍ അമീര്‍ഖാന്റെ കൂടെ ഒരു കുട്ടിയുള്ള ഫോട്ടോ കണ്ടു. അതു കണ്ടതും 'ഇതു ഷൂട്ട് ചെയ്ത സ്ഥലത്ത് ഞാന്‍ പോയിട്ടുണ്ട്, അതൊരു പാര്‍ക്കാണ്' എന്ന് മരിയ പറഞ്ഞു.
അപ്പോള്‍ ഞാനത് അത്ര കാര്യമാക്കിയില്ല. പക്ഷേ പണിസ്ഥലത്ത് ചെന്നപ്പോള്‍ ഫോണില്‍ ആ സിനിമ ഡൗണ്‍ലോഡ് ചെയ്തു. അകേലെ ഹം, അകേലെ തും എന്ന സിനിമയായിരുന്നു അത്. അവള്‍ പറഞ്ഞപോലെ ആ പാട്ടുസീനില്‍ ഒരു പാര്‍ക്ക് കാണിക്കുന്നുണ്ട്. ആ വീഡിയോ വീട്ടില്‍ കൊണ്ടുവന്നു കാണിച്ചപ്പോള്‍ വലിയ സന്തോഷമായിരുന്നു.'' ('അവിടെ ചെന്നു, ഷൂട്ടിങ്ങിന് പോയി, പാര്‍ക്കില്‍ പോയി എന്നൊക്കെ അമ്മ പറഞ്ഞു.' കുട്ടികളില്‍ ഒരാള്‍ ഇടയ്ക്കു കയറി പറഞ്ഞു. റോഡിമോനും മരിയയ്ക്കും ആറ് കുട്ടികളാണ്. അഞ്ചാണും ഒരു പെണ്ണും. പ്ലസ് വണ്ണില്‍ പഠിക്കുന്ന റൂബന്‍, ആറിലുള്ള റൂബിള്‍, അഞ്ചിലുള്ള റോണ, ഒന്നില്‍ പഠിക്കുന്ന എഷ്‌കോള്‍, നഴ്‌സറിയില്‍ പോകുന്ന അക്ഷ്‌ബേലും പിന്നെ മകള്‍ മിഖയും.)
''സിനിമയുടെ സംവിധായകനെ ബന്ധപ്പെടാന്‍ ശ്രമിച്ചു. സംവിധായകന്‍ മന്‍സൂര്‍ ഖാന്റെ നമ്പര്‍ ഇന്റര്‍നെറ്റില്‍ നിന്നു കിട്ടി. അദ്ദേഹത്തെ ഞങ്ങള്‍ ഊട്ടിയില്‍ ചെന്നു കണ്ടു. ആ പാട്ട് അദ്ദേഹത്തെ കാണിച്ചു. പിന്നീട് അദ്ദേഹം തന്നെ സിനിമയുടെ പ്രൊഡ്യൂസറെ വിളിച്ചു. അങ്ങനെയാണ് ഫാന്റസി ലാന്റ്, യോഗേശ്വരി, മഹാരാഷ്ട്ര എന്ന വിലാസം കിട്ടുന്നത്. ''
ശേഷം സംഭവിച്ചതൊക്കെ റോഡിമോനും മരിയയ്ക്കും ഒരു സ്വപ്‌നം പോലെയാണ് തോന്നുന്നത്. ''ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകന്‍ തുഫൈല്‍ പി.ടി. സ്ഥലം കണ്ടെത്താന്‍ ഒരുപാട് സഹായിച്ചു. ഞാന്‍ മന്ത്രി എ.കെ.ബാലനെ പോയി കണ്ടിരുന്നു. മുംബൈ മലയാളികളുടെ സഹായം തേടിക്കൊണ്ട് ഫേസ്ബുക്കില്‍ ഒരു പോസ്റ്റിടാം എന്ന് അദ്ദേഹം പറഞ്ഞു. അതിനു ശേഷമാണ് യോഗേശ്വരിയിലെ മലയാളി അസോസിയേഷന്‍ അന്വേഷണം തുടങ്ങിയത്.
അവരുടെ സഹായത്തോടെ കഴിഞ്ഞ ഡിസംബര്‍ മാസം ഞാന്‍ മരിയയെയും മകളെയും കൂട്ടി സുഹൃത്ത് റോയി മുട്ടാറിനൊപ്പം അവിടെ പോയി. ഫാന്റസി ലാന്റ് എന്ന പാര്‍ക്ക് ഇപ്പോള്‍ അവിടെയില്ല. മുഴുവന്‍ വലിയ കെട്ടിടങ്ങളാണ്. പക്ഷേ, മരിയ ചെറുപ്പത്തില്‍ പോയ പാര്‍ക്ക് അതുതന്നെയാണ് എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞു. കാരണം അതിനോട് ചേര്‍ന്ന് ഒരു കൊമേഴ്‌സ്യല്‍ സ്റ്റുഡിയോ ഉണ്ട്. ആ സ്റ്റുഡിയോ മരിയ തിരിച്ചറിഞ്ഞു. അന്ന് ഉപയോഗിച്ചിരുന്ന മരങ്ങളും മറ്റ് സാധനങ്ങളുമൊക്കെ ഇന്നും അവിടെയുണ്ട്. ഡാന്‍സ് ടീച്ചറുടേയും മറ്റ് കുട്ടികളുടേയും കൂടെയാണ് അവിടെ പോയത് എന്നാണ് മരിയ പറയുന്നത്. അന്വേഷിച്ചപ്പോള്‍ ശരിയാണെന്ന് തോന്നി.
വീടന്വേഷിച്ച് പാര്‍ക്കിനടുത്തുള്ള പല സ്ഥലങ്ങളും ഞങ്ങള്‍ ചെന്ന് കണ്ടു. അതൊന്നും അവള്‍ക്ക് മനസ്സിലായില്ല. പിന്നെ ദേഷ്യമായി. വീണ്ടും ചോദിച്ചപ്പോള്‍ അവിടെ വലിയൊരു കുന്നുണ്ട്. അതിന്റെ മുകളില്‍ കമ്പി കെട്ടിയിട്ടുണ്ട്. അവിടെ നിന്നാല്‍ വിമാനം താഴ്ന്നു വരുന്നത് കാണാം എന്നു പറഞ്ഞു. അന്വേഷിച്ചപ്പോഴാണ് അത് അന്ധേരിയാണ് എന്നറിയുന്നത്. മരിയ പറഞ്ഞ സ്ഥലം ഗില്‍ബര്‍ട്ട് ഹില്‍ ആയിരുന്നു.
ആ മലയുടെ ചെരിവിലാണ് വീടെന്നാണ് അവളുടെ ഓര്‍മ. ചെന്നപ്പോള്‍ വലിയ ഫ്‌ളാറ്റുകളാണ് കണ്ടത്. ആ സ്ഥലത്ത് ചെന്നിറങ്ങിയപ്പോള്‍ തന്നെ 'ഇതാണ് എന്റെ സ്ഥലം, എന്റെ വീടെല്ലാം എവിടെ' എന്ന് ചോദിച്ച് കരഞ്ഞു. ബാക്കി സ്ഥലങ്ങളില്‍ പോയപ്പോഴുണ്ടായിരുന്ന ഭാവമായിരുന്നില്ല. ഇടയ്ക്ക് അടുത്തുനിന്ന ഒന്നുരണ്ട് പേര്‍ അവിടെ വീടില്ലായിരുന്നു എന്ന് പറഞ്ഞു.
അതിന്റെ കുറച്ചപ്പുറത്ത്, ഒരു ബന്ധുവിന്റെ വീടും മരിയ തിരിച്ചറിഞ്ഞു. കൂട്ടത്തില്‍ പ്രായമുള്ളവര്‍ മരിച്ചു കഴിയുമ്പോള്‍, സാമ്പ്രാണി തിരി കത്തിച്ച് പ്രാര്‍ഥിക്കുന്ന ഒരു സ്ഥലമുണ്ട് ആ കോളനിക്കുള്ളില്‍. അവിടെയിരുന്ന് ഭയങ്കര കരച്ചിലായിരുന്നു. അതുകണ്ടതോടെ കോളനിയില്‍ ഉള്ളവര്‍ 'ഈ പെണ്ണ് ഇവിടുത്തേത് തന്നെയാണ്' എന്ന് പറഞ്ഞു. സ്ഥലം കണ്ടെങ്കിലും വേണ്ടപ്പെട്ടവരെയൊന്നും കണ്ടുപിടിക്കാന്‍ കഴിയാഞ്ഞതോടെ, അവള്‍ പറഞ്ഞത്, 'ഞാന്‍ ഇവിടെ തന്നെ നിന്നോളാം, നിങ്ങള് പൊക്കോ' എന്നാണ്. പോയിട്ട് വരാം എന്നു പറഞ്ഞ്, ഒരു വിധത്തിലാണ് തിരിച്ചു കൂട്ടിക്കൊണ്ടു വന്നത്.''(റോഡിമോന്‍ സംസാരിക്കുന്നതിനിടയില്‍ മകള്‍ ഏട്ടന്‍മാരോട് പിണങ്ങി കരഞ്ഞു. മരിയ അവളെ താളത്തില്‍ മൂളി ഉറക്കി.)
''അവള്‍ വരച്ച ചിത്രം കാണുമ്പോള്‍ ആദ്യമൊക്കെ ഇന്ത്യന്‍ പതാക വരയ്ക്കുന്നു എന്നേ കരുതിയുള്ളൂ. ചോദിച്ചപ്പോഴാണ്, അവരുടെ വീടിരിക്കുന്ന കോളനിക്ക് അകത്തുള്ള ഗ്രൗണ്ടിലെ പതാകയാണെന്ന് പറഞ്ഞത്. അതിന് നാലടി വീതിയും രണ്ടടി ഉയരവും അവള്‍ കാണിക്കുന്നുണ്ട്. കോണ്‍ക്രീറ്റ് ചെയ്തിരിക്കുകയാണ്. അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആ കോളനിക്ക് അകത്ത് മുസ്ലിം പള്ളി, മദ്രസ, നിരനിരയായി വീടുകള്‍ ഒക്കെയുണ്ട്. അവിടെയാകും അവളുടെ കുടുംബം.അന്ധേരിയില്‍ ചെന്നപ്പോള്‍ സോലാപൂര്‍, ബ്ലൂസ്റ്റാര്‍ ഏരിയയിലേക്കാണ് ആ കുടുംബം പിന്നീട് മാറിയത് എന്നൊരാള്‍ പറഞ്ഞിരുന്നു. അവള്‍ വരയ്ക്കുന്ന സ്ഥലം സോലാപൂര്‍ ആകാം എന്നാണ് ഞങ്ങളും ഇപ്പോള്‍ വിചാരിക്കുന്നത്. ''
റോഡിമോന്റെ അന്വേഷണങ്ങള്‍ തുടരുകയാണ്. മരിയ പേപ്പറില്‍ തൊട്ടുകാണിക്കുന്നു. ''ഇവിടുന്ന് കട്ടപ്പനയ്ക്ക് പോകുന്ന ദൂരമുണ്ട് അന്ധേരിയില്‍ നിന്ന് മറ്റേ വീട്ടിലേക്ക് എന്നാണ് പറയുന്നത്.'' റോഡിമോന്‍ വിവര്‍ത്തനം ചെയ്തു. ഉത്തരേന്ത്യക്കാരിയെ ഓര്‍പ്പെടുത്തുന്ന മരിയയുടെ പൂച്ചക്കണ്ണുകള്‍ തിളങ്ങി. അവര്‍ പേപ്പറെടുത്ത് വീണ്ടും വരച്ചുതുടങ്ങി. റോഡിമോന്‍ പല ദേശങ്ങള്‍ മനസ്സില്‍ കാണുന്നുണ്ടാവും.)
ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്
Content Highlights: woman looking for her biological family