'കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ഫെയ്സ്ബുക്കില്‍ ഞാനൊരു പോസ്റ്റിട്ടു. ഇരുട്ടിയാല്‍ മുഖംമാറുന്ന കോഴിക്കോടിനെ വിമര്‍ശിച്ചുകൊണ്ടും ഏതു പാതിരയ്ക്കും പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമായി വഴിനടക്കാവുന്ന എന്റെ ജന്മനാടായ നിലമ്പൂരിനെ അഭിനന്ദിച്ചുകൊണ്ടും. നിലമ്പൂര്‍ എന്റെ വിശ്വാസവും അഭിമാനവുമായിരുന്നു, ഇക്കഴിഞ്ഞ ക്രിസ്മസ്ദിനം വരെ. നാടിനെക്കുറിച്ച് മാത്രമല്ല, നാട്ടിലെ നിയമവ്യവസ്ഥയെക്കുറിച്ചുമുള്ള എന്റെ ധാരണകള്‍ തിരുത്തപ്പെട്ടത് അന്നാണ്, ക്രിസ്മസ് ദിനമായ ഡിസംബര്‍ 25-ന്.'

ഒരു പത്രപ്രവര്‍ത്തകയുടെ അനുഭവക്കുറിപ്പിന്റെ തുടക്കമാണിത്. സുഹൃത്തിനും സഹോദരനുമൊപ്പം വിനോദസഞ്ചാരകേന്ദ്രത്തിലേക്ക് പോകുകയായിരുന്ന അവരെ ചിലര്‍ സംഘംചേര്‍ന്ന് അപമാനിക്കുകയായിരുന്നു. സാമൂഹികനീതിയും സ്ത്രീസുരക്ഷയും ഉറപ്പുവരുത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഇടതുപക്ഷം ഭരണത്തിലേറിയ സമയത്തുതന്നെയാണ് സദാചാര പോലീസിങ്ങിനുമപ്പുറമുള്ള ഈ സംഭവം നടന്നിരിക്കുന്നത്.

മാധ്യമപ്രവര്‍ത്തകയും സഹോദരനും കുടുംബസുഹൃത്തായ മറ്റൊരു യുവതിയും നേരിട്ട ക്രൂരമായ സദാചാര ഗുണ്ടായിസത്തിന്റെയും ഗുണ്ടകളെ സഹായിക്കാന്‍ പോലീസ് നടത്തിയ നികൃഷ്ടനീക്കങ്ങളുടെയും അനുഭവ വിവരണം 

'നിലമ്പൂരിലെ എന്റെ കറുത്ത ക്രിസ്മസ്' 
 
ബലാത്സംഗം ചെയ്‌തെന്ന് എഴുതിക്കൊടുത്താല്‍ കേസെടുക്കാമെന്ന് നിലമ്പൂര്‍ എസ്.ഐ.

ക്രിസ്മസിന് ഭക്ഷണംകഴിഞ്ഞ് ഉച്ചയ്ക്കാണ് ഞങ്ങള്‍ കക്കാടംപൊയില്‍ കാണാന്‍ പോയത്. ഞാനും നിലമ്പൂര്‍ കാണാന്‍ വീട്ടില്‍ വിരുന്നുവന്ന കുടുംബസുഹൃത്തായ ഒരു ചേച്ചിയും എന്റെ അനിയനും. കക്കാടംപൊയില്‍ എത്തുന്നതിന് തൊട്ടുമുമ്പ് ബൈക്ക് നിര്‍ത്തിയ ഞങ്ങള്‍ക്കരികിലേക്ക് ഒരാള്‍ വന്നു. നിലമ്പൂര്‍ സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ജെയ്സണ്‍ ആണെന്നായിരുന്നു പരിചയപ്പെടുത്തിയത്.

സംസാരം ക്രമേണ ചോദ്യംചെയ്യലായി. പേര്, വിലാസം, ചെയ്യുന്ന ജോലി... മാധ്യമപ്രവര്‍ത്തകയാണെന്ന് പറഞ്ഞപ്പോള്‍ ഐ.ഡി. കാര്‍ഡ് കാണിക്കണമെന്നായി. തിരിച്ച് ഐ.ഡി. കാര്‍ഡ് ചോദിച്ചപ്പോള്‍ അയാളുടെ മട്ടുമാറി. സംശയം തോന്നിയ ഞങ്ങള്‍ നിലമ്പൂര്‍ സ്റ്റേഷനില്‍ വിളിച്ചപ്പോള്‍ അങ്ങനെയൊരു കോണ്‍സ്റ്റബിള്‍ ഇല്ലെന്ന് അറിഞ്ഞു. അഞ്ചെട്ടുപേരുണ്ടായിരുന്നു ജെയ്സനൊപ്പം. പന്തിയല്ലെന്ന് കണ്ടപ്പോള്‍ ഞങ്ങള്‍ പോലീസിന്റെ സഹായംതേടി. വരാമെന്നേറ്റെങ്കിലും ആരും വന്നില്ല. ഇതോടെ അവര്‍ക്ക് ധൈര്യമായി.

അവര്‍ ഞങ്ങളെ വളഞ്ഞുവെച്ചു. അസഭ്യവര്‍ഷമായിരുന്നു പിന്നെ. ഞങ്ങള്‍ സഹോദരങ്ങളല്ലെന്നും മറ്റെന്തോ ഉദ്ദേശ്യത്തോടെയാണ് വന്നതെന്നും സ്ഥലംവിടണമെന്നുമായിരുന്നു ഭീഷണി. ഇതിനിടയില്‍ ഒരാള്‍ ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. ഞങ്ങളുടെ ചിത്രങ്ങളെടുത്തു. തടയാന്‍ ശ്രമിച്ച അനിയനെ കോളറില്‍ പിടിച്ചുവലിച്ചു. തല്ലാനോങ്ങി. നടുറോഡില്‍ ഞങ്ങള്‍ നേരിട്ടത് തനി ഗുണ്ടായിസം. ഒടുവില്‍ ഭീഷണി ഭയന്ന് ഞങ്ങള്‍ തിരികെ പോന്നു.

പ്രശ്‌നങ്ങള്‍ അവിടംകൊണ്ട് തീര്‍ന്നില്ല. ഇരുട്ടുവീണുതുടങ്ങിയ വഴിയില്‍ കാറില്‍ അവര്‍ ഞങ്ങളെ പിന്തുടര്‍ന്നു. ബൈക്കിനെ മറികടന്ന് അവര്‍ ഞങ്ങളെ തടഞ്ഞു. ഞങ്ങള്‍ നിലമ്പൂര്‍ പോലീസിനെ വീണ്ടും വിളിച്ചു. വരാമെന്ന പഴയ പല്ലവിതന്നെ. ആരും വന്നില്ല. പിറകെവന്ന അപരിചിതരായ ബൈക്കുകാരാണ് ഞങ്ങളെ തുണയ്ക്കാനുണ്ടായിരുന്നത്. നാട്ടുകാരായ അവര്‍ കാറിലുണ്ടായിരുന്നവരുമായി വാക്കുതര്‍ക്കമായി.

ഇതില്‍ പ്രകോപിതരായ അക്രമികളിലൊരാള്‍ വീണ്ടും ബൈക്കിന്റെ താക്കോല്‍ ഊരിയെടുത്തു. അനിയനെ മര്‍ദിക്കാന്‍ തുനിഞ്ഞു. എന്റെ മൊബൈല്‍ഫോണ്‍ വാങ്ങി വലിച്ചെറിഞ്ഞു. ഇതോടെ ബഹളമായി. അമ്പതിനടുത്ത് ആളുകള്‍ അപ്പോള്‍ അവിടെ തടിച്ചുകൂടിയിരുന്നു. ആരും കാര്യമായി ഇടപെട്ടില്ല. അക്രമിസംഘത്തിന് കൂസലുണ്ടായിരുന്നുമില്ല. ഇതിനിടയില്‍ റോഡരികിലെ കാട്ടില്‍നിന്ന് ഫോണ്‍ തപ്പിയെടുത്തുവരികയായിരുന്ന എന്റെ കൈയില്‍ ഒരാള്‍ കയറിപ്പിടിച്ചു. ഞാന്‍ കൈ തട്ടിമാറ്റിയിട്ടും അയാള്‍ വിട്ടില്ല. കൈപിടിച്ച് ഞെരിച്ചു. കവിളിലും ഞെരിച്ചു.

എന്റെ അനിയന്റെ ജീവനെക്കുറിച്ചായിരുന്നു എനിക്ക് ആധി. ചുറ്റും കൂടിയവര്‍ക്ക് അവരെ നിയന്ത്രിക്കാനായില്ല. വന്നവരില്‍ പലരും വെറും കാഴ്ചക്കാരായി നിന്നു.

ഞാന്‍ വീണ്ടും പോലീസിനെ വിളിച്ചു. പുറപ്പെട്ടിട്ടുണ്ടെന്ന ലാഘവത്തോടെയുള്ള മറുപടി. എനിക്ക് അല്പം പരുഷമായിത്തന്നെ സംസാരിക്കേണ്ടിവന്നു. ഇതിനിടെ നാട്ടുകാര്‍ ഇടപെട്ട് ബൈക്കിന്റെ താക്കോല്‍ വാങ്ങിത്തന്നു. രണ്ട് പെണ്‍കുട്ടികളാണ്, ഇവരെ കാട്ടില്‍ കൊണ്ടുപോയി ബലാത്സംഗം ചെയ്യുന്നത് കാണണോ എന്നായി പിന്നെ അവരുടെ ഭീഷണി.

ഇതൊക്കെ നിസ്സഹായനായി, ചങ്കിടിപ്പോടെ കേട്ടുനില്‍ക്കുകയായിരുന്നു ഇരുപത്തിരണ്ടുകാരനായ എന്റെ അനിയന്‍. പിന്നെയങ്ങോട്ട് കേട്ടാല്‍ അറയ്ക്കുന്ന തെറിവിളി. ഇതിനിടെ അസമയത്ത് വീട്ടില്‍ അടങ്ങിയിരുന്നാല്‍ പോരേ, തെണ്ടാന്‍ ഇറങ്ങണോ എന്നായി കാഴ്ചക്കാരില്‍ ചിലരുടെ ചോദ്യം. പേടിച്ചരണ്ട ഞങ്ങള്‍ ചില സുഹൃത്തുക്കളെ വിളിച്ചുവരുത്തി. ഇവരുടെയൊപ്പം ഞങ്ങള്‍ തിരിച്ചുപോരാനൊരുങ്ങുമ്പോഴാണ് നിലമ്പൂരില്‍നിന്ന് പോലീസെത്തിയത്. അപ്പോഴേക്കും സമയം ഏതാണ്ട് വൈകീട്ട് ആറരയായി.

നേരേ നിലമ്പൂര്‍ പോലീസ് സ്റ്റേഷനിലേക്കാണ് പോയത്. അവിടെ വണ്ടിയുടെ നമ്പര്‍ വ്യക്തമായി കാണുന്ന വീഡിയോ സഹിതം പരാതി നല്‍കി. എന്നാല്‍, പ്രതികള്‍ വെള്ളമടിച്ച് കിടക്കുകയാണ്, നാളെ ഒമ്പതുമണിക്ക് സ്റ്റേഷനിലെത്താമെന്ന് പറഞ്ഞുവെന്ന് പോലീസ് അറിയിച്ചു.

അവരുടെ കാര്‍ അപ്പോഴും കക്കാടംപൊയിലില്‍ത്തന്നെ ഉണ്ടായിരുന്നു. ഞാന്‍ കാര്യങ്ങള്‍ കൂട്ടിപ്പറയുകയല്ലേയെന്നായിരുന്നു എസ്.ഐ.യുടെ ചോദ്യം. രാത്രി സ്റ്റേഷനിലേക്ക് വിളിച്ച സുഹൃത്തായ വക്കീലിനോട് സംഭവം ഒത്തുതീര്‍പ്പാക്കുന്നതല്ലേ നല്ലതെന്നായി ഒരു പോലീസുകാരന്‍. എന്നാല്‍, ഞാന്‍ പറഞ്ഞതില്‍ ഉറച്ചുനിന്നു.

പിറ്റേന്ന് രാവിലെ ഒമ്പതുമണിക്ക് സ്റ്റേഷനിലെത്തി. പ്രതികള്‍ ഓരോരുത്തരായി തോന്നിയ സമയത്താണ് ഹാജരായത്. എല്ലാവരും എത്തിക്കഴിയുമ്പോഴേക്കും സമയം വൈകീട്ട് മൂന്നുമണി. ഈസമയമത്രയും ഒന്നും കഴിക്കാതെ ഞാന്‍ സ്റ്റേഷനിലിരുന്നു.

സംഭവത്തില്‍ ഉള്‍പ്പെട്ട ഏഴുപേരെ ഞാന്‍ തിരിച്ചറിഞ്ഞിട്ടും മൂന്നുപേര്‍ക്കെതിരെ മാത്രമാണ് കേസെടുത്തത്. അന്നുതന്നെ അവരെ ജാമ്യത്തില്‍ വിട്ടു. അപ്പോഴാണ് മനസ്സിലായത് അവര്‍ക്കെതിരെ ദുര്‍ബലമായ വകുപ്പുകളാണ് ചാര്‍ത്തിയതെന്ന്. ''കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടു എന്ന് മൊഴിനല്‍കൂ, എന്നാല്‍, ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍പ്രകാരം കേസെടുക്കാം'' എന്നായിരുന്നു എസ്.ഐ.യില്‍നിന്ന് ലഭിച്ച മറുപടി.
ഇവരില്‍നിന്ന് നീതി ലഭിക്കില്ലെന്ന് ഉറപ്പായതോടെയാണ് ഞാന്‍ മലപ്പുറം എസ്.പി.യെയും ഡി.ജി.പി.യെയും സംസ്ഥാന വനിതാ കമ്മിഷനെയുമെല്ലാം സമീപിക്കുന്നത്. അതിനുശേഷം വേണമെങ്കില്‍ എഫ്.ഐ.ആര്‍. തിരുത്താമെന്നായി നിലമ്പൂര്‍ എസ്.ഐ.

ഇവര്‍ ശിക്ഷിക്കപ്പെടുമോയെന്ന് ഇപ്പോഴും എനിക്കുറപ്പില്ല. ഏതോ ഒരു ആഭാസന്‍ തൊട്ട എന്റെ കൈ മാത്രമല്ല, നടുറോഡില്‍ ജനമധ്യത്തിലും പോലീസ് സ്റ്റേഷനിലും അപമാനിക്കപ്പെട്ട മനസ്സും പൊള്ളുകയാണ്. ഒരു മാധ്യമപ്രവര്‍ത്തകയായ എനിക്ക് വിനോദസഞ്ചാരകേന്ദ്രത്തില്‍നിന്ന് മാത്രമല്ല, നീതി കിട്ടേണ്ട പോലീസ് സ്റ്റേഷനില്‍നിന്നും ഇതാണ് അനുഭവമെങ്കില്‍ ഒരു സാധാരണക്കാരിയായ പെണ്‍കുട്ടിയുടെയും വീട്ടമ്മയുടെയും അനുഭവം എന്തായിരിക്കും.

ഞാനിപ്പോള്‍ ആധികൊള്ളുന്നത് എന്നെക്കുറിച്ചോര്‍ത്തല്ല, എന്നെപ്പോലുള്ള അനവധി പെണ്‍കുട്ടികളെക്കുറിച്ചോര്‍ത്താണ്. ഇത്തരം സാഹചര്യങ്ങളിലുള്ള അവരുടെ നിസ്സഹായാവസ്ഥയെക്കുറിച്ചോര്‍ത്താണ്. പണത്തിനും സ്വാധീനത്തിനും മുന്നില്‍ കണ്ണുമഞ്ഞളിച്ചുപോകുന്ന നിയമവ്യവസ്ഥ ഇവര്‍ക്കുമുന്നില്‍ കൈമലര്‍ത്തുന്നതിനെക്കുറിച്ചോര്‍ത്താണ്.

ഡിവൈ.എസ്.പി. അന്വേഷിക്കും -ഡി.ജി.പി.
 

തിരുവനന്തപുരം: നിലമ്പൂരില്‍ മാധ്യമപ്രവര്‍ത്തകയെ സമൂഹവിരുദ്ധര്‍ അപമാനിക്കാന്‍ ശ്രമിച്ച കേസ് അന്വേഷിക്കാന്‍ ഡിവൈ.എസ്.പി.യെയോ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയെയോ ചുമതലപ്പെടുത്തുമെന്ന് ഡി.ജി.പി. ലോക്നാഥ് ബെഹ്റ. കേസന്വേഷണം എത്രയും പെട്ടെന്ന് പൂര്‍ത്തീകരിക്കുമെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കുമെന്നും ഡി.ജി.പി. കൂട്ടിച്ചേര്‍ത്തു.

സംഭവത്തിന് സഹോദരനും സുഹൃത്തും ദൃക്സാക്ഷിയായുള്ളത് കേസിനെ മുന്നോട്ടുകൊണ്ടുപോകാന്‍ സഹായിക്കും. കുറ്റക്കാരെ തീര്‍ച്ചയായും അറസ്റ്റുചെയ്യും. സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യത്തിന് തടയിടുന്നത് എതിര്‍ക്കപ്പെടേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.