വിചിത്രമായ സ്വഭാവ സവിശേഷതകളും പേടികളുമൊക്കെയുള്ള പലയാളുകളും നമുക്കു ചുറ്റുമുണ്ടാവാറുണ്ട്. പാമ്പിനെ കാണ്ടാല്‍ ഒറ്റയടിക്ക് കൊല്ലുകയും തവളയെ കണ്ടാല്‍ ബോധം കെടുകയും ചെയ്യുന്നവര്‍ വരെയുണ്ട് ഇക്കൂട്ടത്തില്‍. മറ്റുള്ളവര്‍ ശ്വസിക്കുന്ന ശബ്ദം കേട്ട് സഹിക്കാന്‍ പറ്റാത്ത അവസ്ഥ വന്നാലോ. മറ്റുള്ളവര്‍ ശ്വസിക്കുന്ന ശബ്ദം അലോസരമുണ്ടാക്കുന്നു എന്നും അതുകൊണ്ട് കേള്‍വി ശക്തി ഇല്ലാതാക്കണമെന്നും ആവശ്യപ്പെട്ട് ഡോക്ടര്‍മാരെ സമീപിച്ചിരിക്കുകയാണ് ഒരു യുവതി. സ്‌കോട്ട്‌ലന്റ് സ്വദേശിനിയായ കാരണ്‍ ആണ് ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദത്തെ വെറുക്കുന്ന യുവതി. 

മിസോഫോണിയ എന്ന അവസ്ഥയാണ് കാരണിന്റെ പ്രശ്‌നം. ഈ അവസ്ഥയിലുള്ള ഒരാള്‍ക്ക് എല്ലാ ശബ്ദങ്ങളോടും വിരോധമുണ്ടാവില്ല. ചില ശബ്ദങ്ങള്‍ മാത്രമാണ് ഇവരുടെ പ്രശ്‌നം. ഇത് ചെവിയുടെ തകരാറല്ല, ഞരമ്പു വഴി മസ്തിഷ്‌കത്തിലെത്തുന്ന ശബ്ദങ്ങളെ വേര്‍തിരിക്കുന്നതിലെ തകരാറാണ് കാരണം. 

വായയുമായി ബന്ധപ്പെട്ട ശബ്ദങ്ങളാണ് മിസോഫോണിയ ഉള്ള 80 ശതമാനം പേരെയും ബാധിക്കുന്നത്. കാരണിന്റെ അവസ്ഥയില്‍ മറ്റുള്ളവരുടെ ശ്വാസോച്ഛ്വാസത്തിന്റെ ശബ്ദമാണ് പ്രശ്‌നമാകുന്നത്. ആളുകള്‍ ശ്വാസമെടുക്കുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ അസ്വസ്ഥതയുണ്ടാകുന്നുവെന്നും ഓരോ വട്ടവും ഈ ശബ്ദം കേള്‍ക്കുമ്പോള്‍ തനിക്ക് ദേഷ്യം നിയന്ത്രിക്കാനാകുന്നില്ലെന്നാണ് അവര്‍ പറയുന്നത്. 

ഇതോടെയാണ് കേള്‍വി ശക്തി തന്നെ ഇല്ലാതാക്കാന്‍ കാരണ്‍ തീരുമാനിച്ചിരിക്കുന്നത്.   'മറ്റുള്ളവര്‍ ശ്വാസമെടുക്കുന്നത് നിര്‍ത്താന്‍ എന്തായാലും തനിക്ക് അവകാശമില്ല, അതിനാല്‍ സ്വന്തം കേള്‍വിശക്തി ഇല്ലാതാക്കുന്നതാണ് നല്ലത്.' കാരണ്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇതോടെ നിരവധി പേരാണ് സമാന അവസ്ഥയുണ്ടെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. മിസോഫോണിയ എന്ന അവസ്ഥയെ കുറിച്ച് ചര്‍ച്ച നടത്തിയതില്‍ സന്തോഷമുണ്ടെന്നായിരുന്നു പലരുടേയും പ്രതികരണം. ഇയര്‍ഫോണ്‍ വെച്ചാണ് താന്‍ ഈ പ്രശ്‌നം മറികടക്കുന്നതെന്നാണ് മറ്റൊരാള്‍ പറയുന്നത്.

Content Highlights: Woman hates the sound of breathing so much she's asked doctor to make her deaf