പല തരം യോഗാഭ്യാസങ്ങൾ കണ്ടിട്ടില്ലേ. നല്ല ആരോഗ്യത്തോടെ ഇരിക്കുന്നവർക്കും ശരീരം ബാലൻസ് ചെയ്ത് യോഗാ പോസുകളിലൊക്കെ ഇരിക്കാൻ നല്ല പരിശീലനം വേണം. ഇരുകാലുകളും നഷ്ടപ്പെട്ടിട്ടും തലകുത്തി നിന്ന് ബാലൻസ് തെറ്റാതെ യോഗ ചെയ്യുന്ന ഒരു പെൺകുട്ടിയുടെ വീഡിയോയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ. പശ്ചിമ ബംഗാളിലെ അർപിത റോയിയാണ് ആ പെൺകുട്ടി. 2006 ൽ ഉണ്ടായ ഒരു അപകടത്തിലാണ് ഇവർക്ക് കാലുകൾ നഷ്ടപ്പെട്ടത്.

അപകടത്തിനിടെ ബൈക്കിൽ നിന്ന് വീണ അർപിതയുടെ കാലുകളിലൂടെ ഒരു ലോറി കയറിയിറങ്ങി. പരിക്ക് വളരെ ഗുരുതരമായതിനാൽ കാലുകൾ മുറിച്ചുമാറ്റുകയല്ലാതെ മറ്റൊരു മാർഗവുമില്ലായിരുന്നു. കാലുകൾ മുറിച്ച് മാറ്റിയതിന് ശേഷം അടുത്ത നാല് മാസം അർപിത ആശുപത്രി കിടക്കയിൽ തന്നെ ഒതുങ്ങി.

ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയതിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ശ്രമമായി. പതിയെ വയ്പ്പുകാലുകളിൽ നടക്കാൻ പഠിച്ചു. ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും ആരും അവളെ സഹായിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഉണ്ടായിരുന്നില്ല. ഏറ്റവും അടുപ്പമുള്ളവർ പോലും തന്നെ ഭാരമായി കണ്ടിരുന്നുവെന്ന് ഒരു അഭിമുഖത്തിൽ അർപിത പറഞ്ഞു. എന്നാൽ അവൾ തോൽക്കാൻ തയ്യാറായിരുന്നില്ല. സാധാരണ ജീവിതം തിരിച്ചു പിടിക്കാനായി പലതരം വർക്ക്ഔട്ടുകൾ പരീക്ഷിച്ചു. ഒടുവിലാണ് യോഗയിലെത്തിയ്ത്. യോഗ ചെയ്യുന്നത് തന്റെ ശാരീരിക ക്ഷമതയെ മാത്രമല്ല, മാനസികമായും സഹായിച്ചുവെന്ന് അർപിത പറയുന്നു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Arpita (@royarpita_yoga)

അർപിത തന്റെ യോഗ പരിശീലന വീഡിയോകൾ പോസ്റ്റുചെയ്യാൻ തുടങ്ങി. പല പ്രശസ്ത കായികതാരങ്ങളും അർപിതയുടെ സോഷ്യൽ മീഡിയയിലെ വീഡിയോകളും മറ്റും കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. യോഗയുമായി ബന്ധപ്പെട്ട മത്സരങ്ങളിലും അവൾ പങ്കെടുത്തു തുടങ്ങി. പലതിലും വിജയിച്ചതോടെ അർപിതയെ അംഗീകരിക്കാനും ചുറ്റുമുള്ളവർ തയ്യാറായി.

എങ്കിലും കൃത്രിമ അവയവങ്ങളില്ലാതെ മുറിച്ച് മാറ്റപ്പെട്ട കാലുകൾ കാണിക്കുന്നതെന്തിന് എന്ന് പലരും തന്നോട് ചോദിച്ചിട്ടുണ്ടെന്ന് അർപിത ഇൻസ്റ്റഗ്രാമിൽ കുറിക്കുന്നു. 'കാലുകൾ മുറിച്ച് മാറ്റേണ്ടി വന്ന ദാരുണമായ അപകടമാണ് തനിയ്ക്കുണ്ടായത്. അത് എന്റെ തെറ്റല്ല. അപകടങ്ങളും നിർഭാഗ്യകരമായ സംഭവങ്ങളും ആർക്കും സംഭവിക്കാം, അവരോടും ആളുകൾ ദയ കാണിക്കണം.' യോഗ പരിശീലക കൂടിയായ അർപിത കുറിച്ചു. തന്റെ ശരീരത്തെക്കുറിച്ച് ഓർത്ത് ലജ്ജ ഇല്ലെന്നും സോഷ്യൽ മീഡിയയിൽ കാണിക്കാൻ താൻ വ്യാജ ജീവിതം നയിക്കുന്നില്ലെന്നും അർപിത പറയുന്നു.

Content Highlights:Woman from Bengal Does Headstand with Amputated Legs Gives Hope to Others