രസ്പരം അഗാധമായി പ്രണയിച്ചിരുന്നവരുടെ വേര്‍പിരിയിലുകള്‍ ഇരുവരെയും അവര്‍പോലും പ്രതീക്ഷിക്കാത്ത രീതിയിലേക്ക് മാറ്റി മറിച്ചുകളയാറുണ്ട്. ധാരാളം പേര്‍ നിരാശയില്‍ മുങ്ങിത്താഴുമ്പോള്‍ ചിലരൊക്കെ പ്രതികാരം വീട്ടാനിറങ്ങും. ചിലര്‍ മധുരപ്രതികാരമാവും നല്‍കുക. അത്തരത്തിലൊരു പ്രതികാര യാത്രയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. 

ലസ്സി യൂങ് എന്ന 23 കാരിയാണ് നായിക. പ്രതികാരം ചെയ്യാനായി അമേരിക്കയിലെ ലോസ് ആഞ്ജലീസിൽ നിന്നും  ലസ്സി സഞ്ചരിച്ചത് 10,000 കിലോമീറ്റര്‍. തന്റെ മുന്‍ കാമുകനുമായി ചേര്‍ന്നുള്ള ഒരു 'ലവ് ലോക്ക്' നശിപ്പിക്കാനാണ് ലസ്സി ദക്ഷിണ കൊറിയയിലെ സോളിലെത്തിയത്. കമിതാക്കള്‍ അവരുടെ പ്രണയത്തിന്റെ പ്രതീകമായി ഇരുവരുടെയും പേരുകളെഴുതിയ ലൗ ലോക്കുകള്‍ പൂട്ടിയിടുന്നത് ലോകത്തിന്റെ പലഭാഗങ്ങളിലും പ്രചാരത്തിലുള്ളതാണ്. 

2019 ലാണ് ലസ്സിയും കാമുകനും തങ്ങളുടെ പേരെഴുതിയ താഴ് ദക്ഷിണ കൊറിയയിലെ എന്‍ സിയോള്‍ ടവറില്‍ പൂട്ടിയിട്ടത്. നൂറുകണക്കിന് താഴുകള്‍ കമിതാക്കളുടെ സ്‌നേഹപ്രഖ്യാപനമായി കാണപ്പെടുന്ന ഒരു സ്ഥലമാണ് ഇവിടം. എന്നാല്‍ പ്രണയം തകര്‍ന്ന ശേഷം, ലസ്സി തനിയെ വീണ്ടും ആ ടവറിലേക്ക് പോയി, നൂറുകണക്കിന് താഴുകള്‍ക്കിടയില്‍ നിന്നും ആ പഴയ താഴ് കണ്ടെത്തി നശിപ്പിക്കുകയായിരുന്നു. 

തന്റെ യാത്ര മുഴുവന്‍ ലസ്സി ടിക് ടോകില്‍ ചിത്രീകരിച്ചിരുന്നു. തകര്‍ത്തെടുത്ത താഴും കൈയിലേന്തി നിൽക്കുന്ന ലസ്സിയുടെ ചിത്രത്തോടെയാണ് വീഡിയോ അവസാനിക്കുന്നത്. പ്രണയത്താഴ് കണ്ടെത്തി നശിപ്പിക്കുന്ന വീഡിയോ ടിക് ടോകില്‍ 50 ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

Content Highlights: Woman flies 10,000 km to destroy love lock