ണ്ടാം വയസ്സില്‍ പോളിയോ ബാധിച്ച് തളര്‍ന്നുപോയ ഒരു കാല്‍. പക്ഷേ ആ പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍ തളര്‍ന്നിരുന്നില്ല. പുരുഷന്‍മാരും വന്‍കിട കോര്‍പറേറ്റുകളും മാത്രം വാഴുന്ന കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ നഫീത്തുള്‍ മിസ്‌റിയ എന്ന തൃശ്ശൂരുകാരിക്കും ഇടമുണ്ട്. 17 വര്‍ഷമായി മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്ന പേരില്‍ സ്വന്തം സ്ഥാപനം നടത്തുകയാണ് ഇവര്‍. 

പതിനാല് മണിക്കൂര്‍ ജോലി

'ഏഴ് മക്കളില്‍ അഞ്ചാമത്തെ ആളായിരുന്നു ഞാന്‍. ജീവിതത്തില്‍ എന്തെങ്കിലും ആകണം എന്ന ആഗ്രഹത്തിന് പിന്നില്‍ പിതാവ് അബ്ദുള്‍ ഖാദറിന്റെ പ്രചോദനമായിരുന്നു.  വീടിന് ബാധ്യത ആവുമോ  മാറ്റിനിര്‍ത്തപ്പെടുമോ എന്നൊക്കെയുള്ള സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഇപ്പോഴത്തെ ഞാന്‍. ഒരിക്കലും 5 മണിക്ക് വീട്ടിലെത്താന്‍ പറ്റുന്ന ജോലിയല്ല ഇത്.  14 മണിക്കൂര്‍ വരെ ജോലി ചെയ്ത ദിവസങ്ങളുണ്ട്.' മിസ്‌റിയ ഓര്‍മ്മിച്ചു.  പതിനെട്ടാമത്തെ വയസ്സില്‍ ഗവണ്‍മെന്റ് സര്‍വീസില്‍ ജോലിയ്ക്ക് കയറി. ഇക്കാലത്ത് വിദൂരവിദ്യാഭ്യാസം വഴി സിവില്‍ എഞ്ചിനീയറിങ് പഠിച്ചു.  കാല് വയ്യാത്തതുകൊണ്ട് അയ്യോ പാവം എന്ന സഹതാപമായിരുന്നു ഓഫീസിലൊക്കെ എല്ലാവര്‍ക്കും.  വിവാഹം കഴിച്ചാല്‍ ഈ സഹതാപങ്ങളില്‍ നിന്ന് രക്ഷപ്പെടാം എന്ന് തോന്നിയതോടെ വിവാഹത്തിന് സമ്മതം മൂളി.' ഭര്‍ത്താവ് ഷാഫി എല്ലാ പിന്തുണയോടെയും എപ്പോഴും ഒപ്പമുണ്ട്.

'പഠിക്കുന്ന കാലം തൊട്ടേ നാട്ടിലുള്ളവര്‍ക്കും ബന്ധുക്കള്‍ക്കുമൊക്കെ വീടിന്റെ പ്ലാനുകള്‍ വരച്ച് നല്‍കിയിരുന്നു. ഇരുപതാമത്തെ വയസിലാണ്, തിരുവില്വാമലയില്‍ ഒരു വീടിന്റെ പ്ലാന്‍ തയ്യാറാക്കാന്‍ അവസരം കിട്ടിയത്. ആ സമയത്ത് ഞാന്‍ ഗവണ്‍മെന്റ് സര്‍വീസിലുണ്ട്. വലിയ വീടാണ്. വേറെ ആരോ പ്ലാനൊക്കെ വരച്ച് എഗ്രിമെന്റില്‍ എല്ലാം പ്രശ്‌നമായി വന്നതായിരുന്നു അവര്‍. അവരുടെ കൂടെ ആ സ്ഥലത്ത് പോയി. പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് പുതിയ പ്ലാന്‍ തയ്യാറാക്കി കൊടുത്തു. സൈറ്റില്‍  നടക്കാനൊക്കെ നല്ല ബുദ്ധിമുട്ടുണ്ട്. വീണ് പോയാല്‍ മോശമല്ലേ. ആ വര്‍ക്കാണ് ഇതാണ് എന്റെ മേഖല എന്ന തിരിച്ചറിവ് നല്‍കിയത്.  ആദ്യം പ്ലാന്‍ വരയ്ക്കാന്‍ കിട്ടിയത് 2000 രൂപയാണ്. അതും 10 ന്റെ കെട്ടുകളായി. അതൊക്കെ ആ പ്രായത്തില്‍ വലിയ സന്തോഷമായിരുന്നു. 

'മകനുണ്ടായതോടെ കുറച്ച് കാലം ജോലിയില്‍ നിന്നെല്ലാം വിട്ടു നിന്നു. ഇക്കാലത്താണ് സ്വന്തം സംരംഭം എന്ന ആശയം തോന്നുന്നത്.   ഇടവേള വന്ന സമയത്ത് പ്ലാനുകള്‍ വരച്ച് നല്‍കുന്നതിനോടൊപ്പം കെട്ടിടങ്ങള്‍ പണിത് നല്‍കുന്നതിനുള്ള കോണ്‍ട്രാക്ടുകളും എടുത്തുതുടങ്ങി. ആദ്യമൊന്നും കൂടെ വരാന്‍ പോലും ആളുണ്ടായിരുന്നില്ല. തനിയെ ബസ്സില്‍ ഒക്കെ കയറിവേണം ഓരോ സ്ഥലങ്ങളില്‍ പോകാന്‍.'  
കമ്പനി തുടങ്ങിയപ്പോള്‍ കെ.എ. എം. ബില്‍ഡേഴ്‌സ് എന്നായിരുന്നു പേര്, ഉപ്പയുടെ പേരില്‍. 2017 ല്‍ മകന്‍ ഉണ്ടായ ശേഷം മിന്‍ഹാജ് ബില്‍ഡേഴ്‌സ് എന്നാക്കി. തൃശ്ശൂര്‍ കുന്നംകുളത്തിനടുത്ത് വടുതലയില്‍ ആദ്യത്തെ ഓഫീസ് തുറന്നു.' വീടുകളുടെ നിര്‍മ്മാണം നിശ്ചിത സമയത്തിനുള്ളില്‍ ഗുണമേന്മയോടെ ചെയ്ത് നല്‍കിയതോടെ മിസ്‌റിയയെ തേടി കൂടുതല്‍ ആവശ്യക്കാരെത്തി. 

വാസ്തു അനുസരിച്ച് മാത്രം

ഇതുവരെ 2000ത്തില്‍ അധികം പ്ലാനുകളും അഞ്ഞൂറിലധികം പ്രോജക്ടുകളും മിന്‍ഹാജ് ബില്‍ഡേഴ്‌സ് പൂര്‍ത്തിയാക്കി .അതില്‍ അഞ്ച് ലക്ഷം മുതല്‍ ഒരുകോടിക്ക് മുകളിലുള്ളവ വരെയുണ്ട്. വീടുകള്‍ മാത്രമല്ല. ഫാക്ടറി ഷെഡുകള്‍, കല്യാണമണ്ഡപങ്ങള്‍, ഓഫീസ്മുറികള്‍, കടകള്‍ തുടങ്ങിയവ എല്ലാത്തരം കെട്ടിടങ്ങളും നിര്‍മ്മിച്ച് നല്‍കും. വീടുകള്‍ വാസ്തുശാസ്ത്രപരമായേ ചെയ്യാറുള്ളൂ എന്ന് മിസ്‌റിയ പറയുന്നു. 'വീട് പണിയുന്നയാള്‍ക്ക്  വാസ്തുവില്‍ വിശ്വസമൊന്നും കാണില്ല. പക്ഷേ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമ്പോള്‍ ആരെങ്കിലുമൊക്കെ അവരോട് പറയും വീട് പണി കഴിഞ്ഞപ്പോഴല്ലേ പ്രശ്‌നം തുടങ്ങിയേ എന്നൊക്കെ. അപ്പോള്‍ അവര്‍ക്ക് ടെന്‍ഷനാകും. വേറെ ആരെങ്കിലും നോക്കും. സ്ഥാനത്തല്ല എന്ന് പറയും.  പൊളിക്കാനും മാറ്റിപ്പണിയാനും ഒക്കെ പിന്നെയും പണം ചിലവാക്കും. വീട് പലരും ജീവിത്തില്‍ ഒന്നാണ് പണിയുന്നത്. അതോടെ കൈയിലെ മൊത്തം കാശും തീര്‍ന്നിട്ടുണ്ടാവും.  പിന്നെ ഈ വീട് വേറെ ആര്‍ക്കെങ്കിലും മറിച്ച് വിറ്റാല്‍ അവര്‍ വാസ്തുവില്‍ വിശ്വാസമുള്ളവരാണെങ്കില്‍ അതും കുഴപ്പമാകും. ആര്‍ക്കും എല്ലാക്കാലവും ജീവിക്കാന്‍ പറ്റുന്ന വീടുകളേ ഞാന്‍ ചെയ്യൂ. കേരളത്തിലെ 90 ശതമാനവും വാസ്തുവില്‍ വിശ്വസിക്കുന്നവരാണ്. 50 ശതമാനം വാസ്തു ശാസ്ത്രത്തിലും ശരിയുണ്ടെന്നാണ് എന്റെയും വിശ്വാസം.'  ഇപ്പോള്‍ തലശ്ശേരിയിലെ ശ്രീ അന്തിമഹാകാളന്‍ കാവ് ക്ഷേത്രത്തിന്റെ ചുറ്റമ്പലത്തിന്റെ പണി തിരക്കിലാണ് മിസ്‌റിയ. 

മിന്‍ഹാജന് ശേഷം പറക്കുളത്ത് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ സോളിഡ് ബ്രിക്‌സ് എന്ന സ്ഥാപനംകൂടി തുടങ്ങി. 'അവിടെ കുറഞ്ഞ വിലയില്‍ സ്ഥലം കിട്ടും. സര്‍ക്കാര്‍ ധനസഹായമൊക്കെയുണ്ട്.  മറ്റൊരു സ്ഥാപനത്തിന് പ്ലാന്‍ വരക്കാന്‍ പോയതാണ്. അങ്ങനെ അവിടെ ഞാനും കുറച്ച് സ്ഥലം വാങ്ങി, കമ്പനി തുടങ്ങി.' ആദ്യത്തെ ഓഫീസിടുമ്പോള്‍ മിസ്‌റിയക്ക് ചെലവായത് 36000 രൂപയാണ്.   
നിലവില്‍ പാലക്കാട്, മലപ്പുറം, തൃശ്ശൂര്‍ എന്നിവിടങ്ങളിലാണ് മിന്‍ഹാജിന്റെ പ്രവര്‍ത്തനങ്ങള്‍. മറ്റ് ജില്ലകളിലേക്കും കമ്പനി വ്യാപിപ്പിക്കണം. ഭിന്നശേഷിയുള്ളവര്‍ക്കായി മോട്ടിവേഷണല്‍ ക്ലാസുകള്‍ നടത്തണം...  മിസ്‌റിയയുടെ ജീവിതം തന്നെ ഒരു പ്രതീക്ഷയാണ്. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്‌

Content Highlights: Woman entrepreneur Success Story