'ഞാനിവിടെ വന്ന ദിവസം ആദ്യം എന്നെ മീറ്റ് ചെയ്തത് ഇവിടുത്തെ ഇമേജ് മാനേജ്‌മെന്റ് ഗ്രൂപ്പാണ്. അവരെന്നെ മുണ്ടുടുക്കാന്‍ പഠിപ്പിക്കുന്നു. മലയാളം പറയാന്‍ പഠിപ്പിക്കുന്നു. അച്ഛന്റെ സിമിലാരിറ്റി ഉണ്ടാക്കാന്‍ എന്റെ മുഖത്ത് മാറ്റങ്ങള്‍ വരുത്തുന്നു. പി.കെ. രാംദാസിന്റെ മകന്‍ ജതിന്‍ രാംദാസിന് മുണ്ടുടുക്കാനും അറിയാം, അത് മടക്കിക്കുത്താനുമറിയാം....' ലൂസിഫര്‍ സിനിമയില്‍ ടൊവിനോയുടെ മാസ് ഇന്‍ട്രോ സീനായിരുന്നു ഇത്. പ്രേക്ഷകര്‍ക്കും നന്നേ ബോധിച്ചു. ഒപ്പം ആ കഥാപാത്രത്തിന്റെ അവതരണത്തിലൂടെ മറ്റൊരു കാര്യംകൂടി പിടികിട്ടി. അടിമുടി മേക്കോവറിലൂടെ നമുക്കുള്ളിലെ നമ്മളെ കണ്ടെത്തി പുതിയൊരാളാക്കി മാറ്റുന്ന മാന്ത്രികവിദ്യ. ഇമേജ് ബില്‍ഡിങ് ആന്റ് മാനേജ്‌മെന്റ്.

മേക്കോവര്‍ എന്ന് എത്രയോ നാളുകളായി കേള്‍ക്കുന്നു. എന്നാല്‍ ഇമേജ് ബില്‍ഡിങ് എന്താണ് സംഭവം? നമ്മുടെ നാട്ടില്‍ അത്ര പ്രചാരത്തിലില്ലെങ്കിലും കേരളത്തിലെ ആദ്യത്തെ ഇമേജ് മേക്കോവര്‍ സ്‌പെഷലിസ്റ്റ് കൊച്ചിക്കാരിയാണ്. ജോഫി മാത്യു. ഒമ്പത് വര്‍ഷത്തോളം കുടുംബത്തെ നോക്കി വീട്ടിലിരുന്നു. പെട്ടെന്നൊരു ദിവസം സംരംഭകയായി മാറിയ ആ വഴിത്തിരിവില്‍ ഏറെ ആവേശത്തിലാണ് ജോഫി. 

''ഫാഷന്‍ ഡിസൈനിങ്ങാണ് ഞാന്‍ പഠിച്ചത്. പിന്നീട് അബുദാബി എയര്‍പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്തശേഷം കരിയറില്‍ ബ്രേക്ക് വന്നു. വീട്ടിലിരുന്ന് മടുത്തപ്പോഴാണ് കരിയര്‍ റീസ്റ്റാര്‍ട്ട് ചെയ്യണമെന്ന് തോന്നിയത്. എന്റെ സുഹൃത്താണ് ഇമേജ് കണ്‍സള്‍ട്ടന്റ് എന്നൊരു പ്രൊഫഷനുണ്ടെന്ന് പറയുന്നത്. അങ്ങനെലണ്ടനിലുള്ള സ്‌റ്റൈല്‍ കോച്ചിങ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കോഴ്‌സ് ചെയ്തു. സ്‌റ്റൈലിങ്, അപ്പിയറന്‍സ്, പേഴ്‌സണാലിറ്റി ആന്റ് ലൈഫ്‌സ്റ്റൈല്‍ മേക്കോവറാണ് ഇതിലെ പ്രധാന ഘട്ടങ്ങള്‍. ഒരാള്‍ക്ക് മൂന്ന് മുതല്‍ ആറ്മാസം വരെ സമയമെടുക്കും. ചിരിയിലുള്ള അപാകതകള്‍ പരിഹരിക്കുന്നതു മുതല്‍ കോസ്‌മെറ്റിക് സര്‍ജറി വരെ നടത്തും. നമ്മുടെ രൂപത്തിലും വേഷത്തിലും മാറ്റം വരുത്തുന്നതാണ് ആദ്യഘട്ടം. ഏതുതരം വസ്ത്രം ധരിക്കണം, ഏത് നിറങ്ങളാണ് ചേരുന്നത്...തുടങ്ങി വാര്‍ഡ്രോബ് മാറ്റങ്ങള്‍ ഒരുപാട് വരുത്താന്‍ കഴിയും. പിന്നീടാണ് ചര്‍മം, ഹെയര്‍... വിഭാഗങ്ങളിലേക്ക് കടക്കുക.

അവരവരുടെ ചര്‍മത്തിന്റെ സ്വഭാവം മനസ്സിലാക്കി ഏതൊക്കെ പ്രൊഡക്ടുകള്‍ ഉപയോഗിക്കണം എന്നൊക്കെ പറഞ്ഞുകൊടുക്കും. അടുത്തത് വ്യക്തിത്വവികസനത്തിനുള്ള പരിശീലനമാണ്. നമ്മളെ മറ്റുള്ളവരുടെ മുന്നില്‍ സ്വയം അവതരിപ്പിക്കുന്നതില്‍ കഴിവുണ്ടാക്കിയെടുക്കും. ഈ ഘട്ടങ്ങളെല്ലാം പൂര്‍ത്തിയാകുമ്പോഴേക്കും അവര്‍ക്ക് സ്വയം മതിപ്പുണ്ടാകും.'' 

GRIHALAKSHMI
ഗൃഹലക്ഷ്മി വാങ്ങാം

ഒരു സുഹൃത്തായും, സഹോദരിയായും കൂടെത്തന്നെയുണ്ടാവും ജോഫി. '' ഓരോ സിറ്റിങ്ങിലൂടെയാണ് ഇതെല്ലാം  നടത്തുന്നത്. ഓരോ മേഖലയിലും ഓരോ വിദഗ്ധരു്. ക്ലൈന്റിനെ അവരുടെ പ്രശ്‌നങ്ങള്‍ക്കനുസരിച്ച് അതാത് സ്ഥലങ്ങളില്‍ കൊണ്ടുപോയി അത് പരിഹരിക്കും. അത്തരം സാഹചര്യങ്ങളില്‍ ഒരു ഇടനിലക്കാരിയുടെ റോളായിരിക്കും എനിക്ക്. എന്നാല്‍ മറ്റ് വിഭാഗങ്ങളെല്ലാം ഞാന്‍ തന്നെയാണ് നോക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ ക്ലൈന്റിനെ മാത്രമേ പരിഗണിക്കുള്ളൂ. ഇതൊരു ഗ്ലാമര്‍ മേഖലയായതുകൊണ്ട് ചെലവേറും. അതല്ല, വാര്‍ഡ്രോബ് മേക്കോവര്‍ മാത്രമോ മേക്കപ്പ് ട്രെയിനിങ് മാത്രമോ ഒക്കെ ആണെങ്കില്‍ അങ്ങനെയും ചെയ്തുതരും. അതിനുള്ള പൈസ മാത്രമേ ഈടാക്കുകയുള്ളൂ.

ഇതിനു പുറമേ ചില സ്ഥാപനങ്ങളിലും പേഴ്‌സണല്‍ ഗ്രൂമിങ് നല്‍കാറുണ്ട്. ബ്യൂട്ടി പേജന്റ്, ഫിലിം സ്‌കൂള്‍, ഏവിയേഷന്‍ സ്ഥാപനങ്ങള്‍... ഗ്രൂമിങ് ഇന്‍സ്ട്രക്ടറിനും സാധ്യതകളേറെയാണ്.'' കരിയര്‍ തുടങ്ങാന്‍ നാല്പത് വയസ്സായെങ്കിലും മാറ്റങ്ങളുടെ ഏറ്റവും പുതിയ പതിപ്പിലാണ് ജോഫി ഇപ്പോള്‍. 

ഗൃഹലക്ഷ്മിയില്‍ പ്രസിദ്ധീകരിച്ചത്

Content Highlight: Image Consultant, Woman Entrepreneur