പൊരിവെയിലത്ത് ട്രാഫിക് ഡ്യൂട്ടി എടുക്കുന്ന വനിതാ ട്രാഫിക് പോലീസുകാരി, ഇപ്പോഴത് ഒരു സാധാരണ കാഴ്ചയാണ്. എന്നാല്‍ പൊരിവെയിലില്‍  അവരുടെ തോളത്ത് തുണിയില്‍ പൊതിഞ്ഞ തന്റെ പിഞ്ചുകുഞ്ഞുകൂടിയുണ്ടെങ്കിലോ. ഡ്യൂട്ടിക്ക് തന്റെ കുഞ്ഞുമായെത്തിയ അമ്മയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. 

പ്രസവാവധിക്കു ശേഷം ജോലിയ്‌ക്കെത്തുന്ന എല്ലാ അമ്മമാരുടെയും ആശങ്കയാണ് കുഞ്ഞിനെ ആര് നോക്കും എന്നത്. പ്രത്യേകിച്ചും നമ്മുടെ നാട്ടില്‍. അല്ലെങ്കില്‍ അമ്മ ജോലി ഉപേക്ഷിക്കേണ്ടി വരും. എന്നാല്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ വീഡിയോയിലെ പോലീസുകാരി അമ്മയ്ക്ക് കുഞ്ഞിനൊപ്പം ജോലിയും പ്രധാനം തന്നെയായിരുന്നു. ചണ്ഡീഗഢില്‍ നിന്നുള്ള പ്രിയങ്ക എന്ന ട്രാഫിക്ക് കോണ്‍സ്റ്റബിളാണ് തിരക്കേറിയ റോഡില്‍ ട്രാഫിക്ക് ഡ്യൂട്ടിക്ക് കുഞ്ഞുമായി എത്തിയത്.  

തനിക്കൊപ്പം ജോലിചെയ്യുന്ന മറ്റ് രണ്ടുപേര്‍ക്ക് ഡ്യൂട്ടിക്ക് എത്താന്‍ കഴിയാതെ വന്നതുകൊണ്ടാണ് പ്രിയങ്ക കുഞ്ഞിനേയും കൊണ്ട് ഡ്യൂട്ടിക്കെത്തിയത്. കുഞ്ഞിനെ നോക്കാന്‍ മറ്റാരുമില്ലാത്ത് സാഹചര്യമായിട്ടും ഡ്യൂട്ടി ചെയ്യാന്‍ പറ്റില്ലെന്ന് പറയാന്‍ പ്രിയങ്ക തയ്യാറായില്ല. കുഞ്ഞിന് അഞ്ച് മാസം പ്രായമുണ്ട്. 

' ജോലി എന്നാല്‍ തനിക്ക് ആദ്യ പരിഗണനയാണ്, എന്നാല്‍ കുഞ്ഞിനെ നോക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തില്‍ അവനെ ഉപേക്ഷിച്ചു വരാന്‍ മനസ്സുവന്നില്ല. ഉടന്‍ തന്നെ കുഞ്ഞിനെ എടുത്തുകൊണ്ട് വരികയായിരുന്നു.' പ്രിയങ്കയുടെ പ്രതികരണം ഇങ്ങനെ.  

ഒരു യാത്രികന്‍ പകര്‍ത്തിയ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. സംഭവം അറിഞ്ഞതോടെ ഡിപ്പാര്‍ട്ട്‌മെന്റ്  പ്രിയങ്കയ്ക്ക് ലളിതമായ ജോലികള്‍ നല്‍കി. 'കുഞ്ഞിനേയും എടുത്തുകൊണ്ട് ഒരാള്‍ ജോലിചെയ്യുന്നത് അനുവദിക്കാനാവില്ല. ഫീല്‍ഡില്‍ ഉണ്ടായിരുന്ന മറ്റു സ്റ്റാഫില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച് പ്രിയങ്കയെ ലളിതമായ ചുമതലകള്‍ ഏല്‍പ്പിച്ചിട്ടുണ്ട്. അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്,' ട്രാഫിക് എസ്.എസ്.പി. മനീഷ ചൗധരി അറിയിച്ചു.

Content highlights:  Woman Constable Performs Duty While Holding Baby, Video Goes Viral