രാളുടെ രൂപത്തെ പറ്റിയും നിറത്തെ പറ്റിയും നമ്മുടെ സമൂഹത്തിന്റെ അളവുകോലുകള്‍ പലപ്പോഴും അയാളുടെ ആത്മവിശ്വാസത്തെ പോലും ബാധിക്കുന്ന രീതിയിലാവാറുണ്ട്. ബോഡി  ഷെയ്മിങ്ങിന്‌ വിധേയരായവര്‍ പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ തുറന്നു പറച്ചിലുകള്‍ നടത്താറുണ്ട്. അത്തരത്തില്‍ തനിക്ക് നേരിട്ട ദുരനുഭവം തുറന്നു പറയുകയാണ് ഫാലോണ്‍ മെലീലോ എന്ന് ഇരുപത്തിയേഴുകാരി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയാണ് ഇവര്‍ തന്റെ അനുഭവം പറയുന്നത്.

ശരീരഭാരം കൂടുതലായതിനാല്‍ പാര്‍ട്ടി ബസില്‍ കയറാന്‍ അനുവാദം ലഭിക്കാത്തതിനെ കുറിച്ചാണ് അവള്‍ പറയുന്നത്. ഫ്‌ളോറിഡയിലെ മിയാമിയിലാണ് സംഭവം. ജൂലായ് 31ന് ഡെയര്‍ ഡേ ക്ലബ് സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതായിരുന്നു മെലീലോയും സുഹൃത്തുക്കളും. ഇതിനായി ഒരു പാര്‍ട്ടി ബസില്‍ ടിക്കറ്റ് ബുക്ക് ചെയ്തു. ക്ലബിലേക്ക് ആളുകളെ എത്തിക്കുന്നത് ഈ ബസിലാണ്. ടിക്കറ്റെടുത്ത ശേഷമാണ് അവര്‍ ഉന്നയിക്കുന്ന ചില നിബന്ധനകള്‍ മെലീലോയുടെ ശ്രദ്ധയില്‍പ്പെട്ടത്. 'വണ്ണമുള്ള വലിയ പെണ്‍കുട്ടികള്‍ക്ക് പ്രവേശനമില്ല.' എന്നാണ് അധികൃതരുടെ പ്രധാന നിബന്ധന. 'ക്ഷമിക്കണം, വലിയ പെണ്‍കുട്ടികള്‍ക്ക് ഈ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ അനുവാദമില്ല. ഇക്കാര്യത്തില്‍ ഡോര്‍മാന്‍ വളരെ കര്‍ക്കശക്കാരനാണ്. ഇത്തരത്തില്‍ എക്‌സ്‌ക്ലൂസീവ് ക്ലബുകള്‍ നിങ്ങള്‍ക്കുള്ളതല്ല. ക്ലബുകള്‍ ആവശ്യപ്പെടുന്ന യോഗ്യത നിങ്ങള്‍ക്കില്ലെങ്കില്‍ വെറുതെ സമയം കളയരുത്.' എന്ന രീതിയില്‍ പരിഹസിക്കും വിധമായിരുന്നു അവരുടെ നിബന്ധനകള്‍. 

'എന്നാല്‍ ശരീര വലിപ്പത്തിന്റെ പേരില്‍ പാര്‍ട്ടി ബസില്‍ കയറ്റാതിരിക്കില്ല എന്നു കരുതി താനും സുഹൃത്തുക്കളും അവിടെയെത്തി. വാതിലില്‍ എത്തിയെങ്കിലും ഞാന്‍ പ്ലസ് സൈസായതിനാല്‍ ബസിന് അകത്തു കയറാന്‍ അനുവദിച്ചില്ല. എനിക്ക് അത് വളരെ അപമാനമായി തോന്നി. എന്റെ രൂപവും വലിപ്പവും കാരണമാണ് ഞാന്‍ ഒഴിവാക്കപ്പെട്ടത്. ഞെട്ടിക്കുന്നതായിരുന്നു ആ അനുഭവം, അകത്തും പുറത്തും ഞാന്‍ സുന്ദരിയാണെന്ന് എനിക്ക് അറിയാം. പക്ഷേ, ആ നിമിഷത്തില്‍ ഞാന്‍ നിസ്സഹായയായി. എന്തുകൊണ്ടാണ് പ്ലസ് സൈസുള്ള മനുഷ്യര്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്നതെന്ന് അന്ന് എനിക്കു മനസ്സിലായി. ഇത്തരത്തിലുള്ള അപമാനങ്ങള്‍ ഭയന്നാണ്. ഇത് ഒരു മോശം പ്രവണതയാണ്. സമൂഹത്തില്‍ ഇത്തരത്തിലുള്ള വേര്‍തിരിവിനെ കുറിച്ച് നമ്മള്‍ തുറന്നു സംസാരിക്കണം. നമുക്ക് ഒരുപാടു കാര്യങ്ങള്‍ ചെയ്യാനുണ്ട് '- മെലീലോ പറയുന്നു. 

യുവതി പങ്കുവച്ച വിഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. നിരവധി പേരാണ് പിന്തുണച്ച് കമന്റുകളുമായി എത്തിയത്. 

Content Highlights: Woman Calls Out Party Bus That Denied Her Entry Because Of Her Weight