വീട്ടിലിരുന്നു ചെയ്യാം. കൈയിലുള്ള തൊഴിലിനെ കാശാക്കാം.  ക്രാഫ്റ്റിനോട് ഇഷ്ടവുമാണ്. കൊയ്‌ലാണ്ടി സ്വദേശിനി ഷിബിന മനോജ് മുളയില്‍ വര്‍ണചിത്രങ്ങള്‍ വരച്ച് വില്‍ക്കാന്‍ തുടങ്ങിയത് ഇതൊക്കെ കൊണ്ടാണ്.    

തുടക്കം

ഷിബിന യൂണിവേഴ്‌സല്‍ ഫൈനാന്‍സില്‍ ഡിപ്ലോമ കഴിഞ്ഞ് ഓര്‍ഡറുകളനുസരിച്ച് ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്ത് നല്‍കിയിരുന്നു. ഒപ്പം മ്യൂറല്‍ വര്‍ക്കുകളും. ട്രെന്‍ഡ് ഒന്ന് മാറിയപ്പോള്‍ പോട്ട് പെയിന്റിംഗ് ചെയ്തു തുടങ്ങി. പിന്നെ ഫാബ്രിക്ക് പെയിന്റിങും. എട്ട് സ്ത്രീകളുമായി ചേര്‍ന്ന് ഫാബ്രിക്ക് പെയിന്റിങുകള്‍ ചെയ്ത് നല്‍കുന്ന ഒരു യൂണിറ്റ് നടത്തി. പിന്നീട് കുടുംബശ്രീ വഴി പഞ്ചായത്തിന്റെ സഹായത്തോടെ അഞ്ച് പേരടങ്ങുന്ന ഒരു യൂണിറ്റ് തുടങ്ങി. ഗാര്‍മെന്റ് ഡിസൈനിങ് ബിസിനസിലേയ്ക്ക് ധാരാളം സ്ത്രീകള്‍ വന്നതോടെ മറ്റെന്തെങ്കിലും പരീക്ഷിച്ചാലോ എന്നായി. ഷിബിന ബാംബുവില്‍ ഒരു കൈനോക്കാന്‍ തീരുമാനിച്ചത് അങ്ങനെയാണ്. 

എങ്ങനെ 

 നാട്ടില്‍ കിട്ടുന്ന നാടന്‍ മുള വേണം ബാംബൂ പെയിന്റിങിന്.  മെഷീന്‍ വര്‍ക്കും ഹാന്‍ഡ് വര്‍ക്കും ചെയ്യാം. കൂടുതല്‍ പ്രോഡക്ട് ഉണ്ടാക്കേണ്ടി വരുമ്പോള്‍ മെഷീന്‍ വര്‍ക്ക് ചെയ്യും. ഹാന്‍ഡ് വര്‍ക്കിന്  അത്ര ഫിനിഷിങ് ഉണ്ടാവില്ല. പക്ഷെ നാച്ച്വറല്‍ ലുക്കുണ്ടാവും.  ആവശ്യക്കാര്‍ കൂടുതലും അതിന് തന്നെ. ആഫ്രിക്കന്‍ പെയിന്റിങ്‌സ്, ബെര്‍ലിന്‍ പെയിന്റിംങ്‌സ്, മ്യൂറല്‍ പെയിന്റിംങ്‌സ് എന്നിവയാണ് പ്രധാനം. മ്യൂറല്‍ പെയിന്റിംങ് ഒരെണ്ണം ചെയ്യുന്ന സമയം കൊണ്ട് മറ്റുള്ളവ ഒരു മൂന്നാലെണ്ണം ചെയ്യാമെന്നാണ് ഷിബിനയുടെ അനുഭവം. ആര്‍ട്ട് വര്‍ക്കുകള്‍ ചെയ്യുന്നതിന് ബാംബൂ കോര്‍പറേഷന്റെ ട്രെയിനിങും ഷിബിന നേടി. 

ബാംബൂ ആദ്യം ഉപ്പും മഞ്ഞളുമിട്ട വെള്ളത്തില്‍ പുഴുങ്ങി എടുക്കും. വെയിലും മഴയും കൊള്ളിച്ച് വേണം ഇത് ഉണക്കി എടുക്കാന്‍. ഇനി  പൂപ്പലൊക്കെ വൃത്തിയുള്ള തുണി ഉപയോഗിച്ച് തുടച്ച് നീക്കിയാല്‍ മുള റെഡി.  സാന്‍ഡ് പേപ്പര്‍ വച്ച് ഒന്ന് ഉരച്ചെടുക്കും. ചെറിയ തരുതരുപ്പുള്ള പ്രതലമാണെങ്കിലെ കളര്‍ നന്നായി പിടിക്കൂ. 

shibina

വിപണി

ഇരുപത് രൂപ വിലയുള്ള കീചെയിന്‍ മുതല്‍ 4000 രൂപയുടെ പെയിന്റിങുകള്‍ വരെ ഷിബിന ചെയ്തു നല്‍കുന്നു.  എക്‌സിബിഷനുകളാണ് പ്രധാനവിപണി.  സുഹൃത്തുക്കള്‍ വഴി പറഞ്ഞറിഞ്ഞ് എത്തുന്നവരും ധാരാളം. 2017  ഓഗസ്റ്റ് മുതലാണ് പ്രദര്‍ശനമേളകളില്‍ പങ്കെടുത്തു തുടങ്ങിയത്. കൈരളി ആര്‍ട്ട് ആന്‍ഡ് ക്രാഫ്റ്റ് എക്‌സിബിഷന്‍, സര്‍ഗാലയ... ഇനി എറണാകുളത്ത് നടക്കുന്ന ബാംബൂ ക്രാഫ്റ്റ് മേളയില്‍ പങ്കെടുക്കണം.  ഈ ഫീല്‍ഡിലേയ്ക്ക് കൂടുതല്‍ സ്ത്രീകളെ കൊണ്ടുവരണമെന്നാണ് ഷിബിനയുടെ ആഗ്രഹം. 

grihalakshmi
ഗൃഹലക്ഷ്മി വാങ്ങാം

തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 

ചിത്രങ്ങള്‍ വരയ്ക്കാനും എക്‌സിബിഷനുകള്‍ നടത്താനുമുള്ള താല്‍പ്പര്യമുണ്ടെങ്കില്‍ ഒരു കൈ നോക്കാം. ഇതിന് നല്ല മുള തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. മുള വിപണിയില്‍ നിന്ന് വാങ്ങാനാവും. ഇവ ആവശ്യമുള്ള ആകൃതിയിലും വലിപ്പതിലും മുറിച്ചെടുത്ത് ഉപയോഗിക്കാം. അക്രിലിക്ക് പെയിന്റുകളാണ് സാധാരണ മുളയില്‍ വരക്കാന്‍ ഉപയോഗിക്കുക. മ്യൂറല്‍ ബാംബൂ വാള്‍ ഹാങ്ങിങ്, പെന്‍സ്റ്റാന്‍ഡ് എന്നിവയ്ക്ക് വിപണിയില്‍ നല്ല ഡിമാന്‍ഡ് ആണ്. കൂടാതെ ടൂറിസം മേഖലകളില്‍ വിനോദ സഞ്ചാരികളും, ഹോട്ടലുകളുമടക്കം ധാരാളം ആവശ്യക്കാരുണ്ട്. കേരളാ ബാംബൂ കോര്‍പറേഷന്‍ വഴി പരിശീലനവും നേടാം.

ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Woman Business, Women Entrepreneurs, Craft