കാന്‍സറിനെതിരേയുള്ള പോരാട്ടത്തില്‍ വിജയിച്ചവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ മറ്റുള്ളവര്‍ക്ക് വലിയ പ്രചോദനമാണ് നല്‍കാറുള്ളത്. എന്നാല്‍ കാന്‍സറിനെതിരെയുള്ള യുദ്ധത്തില്‍ തോല്‍വി സമ്മതിച്ചുകൊണ്ട് പങ്കുവച്ച ഒരു പോസ്റ്റ് ഏറ്റെടുത്തിരിക്കുകയാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍. കാനഡയിലെ കോണ്‍കോര്‍ഡിയ യൂണിവേഴ്‌സിറ്റിയിലെ ന്യൂറോസയന്റിസ്റ്റായ ഡോ. നാദിയ ചൗധരിയാണ് തന്റെ മകനോട് താന്‍ കാന്‍സറില്‍ നിന്ന് രക്ഷപ്പെടില്ല എന്ന് പറയാനാണ് ഈ പോസ്റ്റ് പങ്കുവച്ചത്. 

നാല്‍പത്തിമൂന്നുകാരിയായ നാദിയക്ക് കഴിഞ്ഞ വര്‍ഷമാണ് ഗര്‍ഭാശയ കാന്‍സര്‍ സ്ഥിരീകരിച്ചത്. കാന്‍സര്‍ അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തിയിരുന്നു. ചികിത്സകള്‍ തുടങ്ങിയതുമുതല്‍ തന്റെ പോരാട്ടത്തെ പറ്റി ഡോക്ടര്‍ സോഷ്യല്‍ മീഡിയയിലൂടെ ആളുകളുമായി പങ്കുവച്ചിരുന്നു. എന്നാല്‍ തനിനിക്കിന് അധികകാലമില്ല എന്ന് മകനെ അറിയിക്കാനാണ് ഈ പോസ്റ്റ്

ഇന്ന് എന്റെ മകനോട് പറയും ഞാന്‍ ക്യാന്‍സര്‍ മൂലം മരിക്കുമെന്ന്. ആ വിവരം അവന്‍ എന്നില്‍ നിന്ന് കേള്‍ക്കേണ്ട സമയം വന്നിരിക്കുന്നു. ഇപ്പോള്‍ ഞാന്‍ കരഞ്ഞു തീര്‍ക്കും. എന്നാല്‍ ഉച്ചകഴിഞ്ഞ് അവനെ ഇക്കാര്യം അറിയിക്കുമ്പോള്‍ ഞാന്‍ ധൈര്യശാലിയായിരിക്കും. ഇപ്പോള്‍ ദുഃഖം കൊണ്ട് നിലവിളിക്കാന്‍ എന്നെ അനുവദിക്കൂ, എങ്കിലേ അപ്പോള്‍ എനിക്കവനെ സമാധാനിപ്പിക്കാനാവൂ.' മകന്റെ ഒപ്പമുള്ള ചിത്രം പങ്കുവച്ച് നാദിയ കുറിച്ചു. 

എന്നാല്‍ ഇത് അറിഞ്ഞശേഷം മകന്‍ തന്നെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിച്ചെന്നും കുറച്ച് സമയം ഞങ്ങള്‍ കരഞ്ഞെങ്കിലും പിന്നീട് ആശ്വാസം കണ്ടെത്തിയെന്നും തുടര്‍ന്നു വന്ന ട്വീറ്റില്‍ ഡോക്ടര്‍ പറയുന്നുണ്ട്. തന്റെ ജീവിതത്തിലെ ഏറ്റവും സങ്കടം നിറഞ്ഞ ദിവസമായിരുന്നു അതെന്നും എന്നാല്‍ തന്നെ മകന്‍ ധീരനാണെന്നും അവന്‍ വളരുന്നത് താന്‍ എവിടെ ആയിരിക്കുമോ അവിടെയിരുന്നു കണ്ട് സന്തോഷിക്കുമെന്നും ഡോക്ടര്‍ തുടരുന്നു. എല്ലാവരുടെയും സ്‌നേഹത്തിന് നന്ദി പറഞ്ഞാണ് നാദിയ ട്വീറ്റ് അവസാനിപ്പിക്കുന്നത്.

Content Highlights: Woman battling cancer tells son about disease, viral post