രിത്രം കുറിച്ചാണ് കമലാ ഹാരിസ് യു.എസ് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് പദവയിലെത്തുന്ന ആദ്യ വനിതയാണ് ഇന്ത്യന്‍ വംശജയും കറുത്ത വര്‍ഗക്കാരിയുമായ കമലാ ഹാരിസ്. അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ആഫ്രിക്കന്‍ അമേരിക്കന്‍, ആദ്യ ഏഷ്യന്‍ വംശജ എന്നീ പദവികള്‍കൂടി കമലയ്ക്കു സ്വന്തമാണ്. ചരിത്രത്തിലിടം നേടിയ കമലയുടെ വോ​ഗ് മാ​ഗസിനിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറലാകുന്നത്. വോ​ഗിന്റെ ഫെബ്രുവരി പതിപ്പിനു വേണ്ടി മുഖചിത്രമായത് കമലയാണ്. എന്നാൽ ചിത്രങ്ങളിലൊന്നിനു പിന്നാലെ വിമർശനങ്ങൾ ഉയരുകയാണ്. ‌

വോ​ഗിൽ നിന്നുള്ള രണ്ടു കവർ ചിത്രങ്ങളിലൊന്നാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. പച്ചനിറമുള്ള പശ്ചാത്തലത്തിൽ അലസമായിട്ടിരിക്കുന്ന പിങ്ക് തിരശ്ശീലയ്ക്ക് മുന്നിൽ നിന്നുള്ള ചിത്രമാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.  എസ്പ്രസോ നിറത്തിലുള്ള ബ്ലേസറും കറുപ്പ് പാന്റ്സും സ്നീക്കേഴ്സും ആണ് കമല ധരിച്ചിരുന്നത്. പ്രസ്തുത ചിത്രം വോ​ഗിന്റെ നിലവാരം പുലർത്തിയില്ലെന്നും കമലയെ ആവശ്യത്തിലധികം വെളുപ്പിച്ചുവെന്നും പറഞ്ഞാണ് കമന്റുകളേറെയും. 

അതിരാവിലെയിരുന്ന് ത‌ട്ടിക്കൂട്ടി ഹോംവർക് പൂർത്തിയാക്കിയ കുട്ടിയെപ്പോലെയാണ് വോ​ഗിന്റെ ആ കവർചിത്രമെന്നാണ് പലരും പറയുന്നു. മനോഹരമായി ഒരുക്കാവുന്ന പശ്ചാത്തലം തീർത്തും അലസമായി കിടക്കുകയാണെന്നും കമലയുടെ പോസ് ഒട്ടും സുഖകരമായി തോന്നുന്നില്ലെന്നും ഫോട്ടോയുടെ ആം​ഗിളും ലൈറ്റിങ് ചെയ്തതും ഒട്ടും ശരിയായിട്ടില്ലെന്നുമൊക്കെ പോകുന്നു കമന്റുകൾ. ‌കമലയുടെ നിറംകൂട്ടിയതിനൊപ്പം ശാരീരിക പ്രത്യേകതകൾ ഫോട്ടോഷോപ് ചെയ്ത് മാറ്റംവരുത്തിയെന്നും പറയുന്നവരുണ്ട്.

അതിനിടെ നീലനിറത്തിലുള്ള സ്യൂ‌ട്ട് ധരിച്ചു നിൽക്കുന്ന ചിത്രമാണ് കവർ ചിത്രമായി വരിക എന്നാണ് അറിയിച്ചിരുന്നതെന്നും വിമർശനങ്ങൾക്കിരയായ ചിത്രത്തിന്റെ കാര്യത്തിൽ അറിവില്ലായിരുന്നുവെന്നുാമണ് വിഷയത്തിൽ കമലയുടെ ടീം പ്രതികരിച്ചത്. എന്നാൽ ഇരുചിത്രങ്ങളും മനോഹരമാണെന്നും അവ രണ്ടും കമലയുടെ ടീം പരിശോധിച്ച് ഉറപ്പുവരുത്തിയവ ആണെന്നുമാണ് വോ​ഗ് അധികൃതരുടെ വാദം. 

Content Highlights: Why Kamala Harris's Vogue Cover Has Sparked A Controversy