സ്ത്രീകളുടെ പ്രശ്‌നങ്ങളിലും അവകാശങ്ങളിലും വ്യക്തമായ പ്രതികരണങ്ങള്‍ അറിയിക്കുന്ന താരമാണ് താപ്‌സി പന്നു. ഇപ്പോള്‍ ആര്‍ത്തവ ശുചിത്വത്തെ പറ്റിയും സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും പങ്കുവച്ചിരിക്കുകയാണ് താപ്‌സി തന്റെ പുതിയ ഇന്‍സ്റ്റഗ്രാം വീഡിയോയില്‍.

വീഡിയോയില്‍ തന്റെ സുഹൃത്തിന്റെ ഒരു കൗമാരക്കാരിയായ ബന്ധുവിനെ കണ്ടുമുട്ടിയ അനുഭവമാണ് താപ്‌സി പങ്കുവച്ചിരിക്കുന്നത്. ' ആദ്യത്തെ ആര്‍ത്തവവുമായി അവള്‍ പൊരുത്തപ്പെട്ടു വരുന്ന സമയമായിരുന്നു. എന്നാല്‍ അവളുടെ നടപ്പില്‍ എനിക്കെന്തോ അസ്വഭാവികത തോന്നി. ആവര്‍ത്തിച്ച് ചോദിച്ചപ്പോഴാണ് പീരിഡ് റാഷസിനെ പറ്റി അവള്‍ പറയാന്‍ തയ്യാറായത്. എന്നാല്‍ താനതിനെ നേരിടാന്‍ പഠിച്ചു വരുന്നതേയുള്ളൂ എന്നാണ് അവള്‍ നല്‍കിയ മറുപടി. പീരിഡ് റാഷസിനെ നമ്മള്‍ എത്ര നിസാരമായാണ് കാണുന്നത്.' താരം പറയുന്നു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Taapsee Pannu (@taapsee)

പീരിഡ് റാഷസ് ഒരു സാധാരണ കാര്യമായി കാണുന്നതാണ് നമ്മുടെ ശീലമെന്നും താപ്‌സി. ' നല്ല വിദ്യാഭ്യാസമുള്ള, നല്ല സമ്പത്തുള്ള, സമൂഹത്തിലെ ഉയര്‍ന്ന നിലയിലുള്ളവര്‍ പോലും ഇത്തരം ഒരു സാഹചര്യത്തില്‍ ചിന്തകളില്‍ ഏറ്റവും താഴെ എത്തുന്നു. പീരിഡ് റാഷസ് ഒരു സാധാരണകാര്യം മാത്രമായി നമ്മള്‍ കരുതുന്നു.' 

പീരിഡ് റാഷസ് വലിയ പ്രശ്‌നങ്ങളാണ് പലപ്പോഴും പെണ്‍കുട്ടികളില്‍ ഉണ്ടാക്കുക എന്നും താപ്‌സി തുടരുന്നു.' സാനിറ്ററി പാഡുകളിലെ രാസവസ്തുക്കള്‍ പലപ്പോഴും ആരോഗ്യത്തിന് ഹാനികരമാണ്. സ്വകാര്യഭാഗങ്ങളിലെ ത്വക്ക് വളരെ നേര്‍ത്തതും പെട്ടെന്ന് അണുബാധകള്‍ക്ക് സാധ്യതയുള്ളതുമാണ്. പീരിഡ് റാഷസ് വേദനമാത്രമല്ല നല്‍കുന്നത്‌ പിന്നീട് ഈ ഭാഗങ്ങളിലെ ചര്‍മ്മത്തിന്റെ നിറം മാറാനും കറുത്ത പാടുകള്‍ വീഴാനും ഇടയാക്കും.' ജീവിതത്തിലെ ഒരു സാധാരണ കാര്യം മാത്രമായി സ്ത്രീകള്‍ പീരിഡ് റാഷസിനെ കാണരുതെന്നാണ് താപ്‌സി സ്ത്രീകള്‍ക്ക് നല്‍കുന്ന ഉപദേശം. 

നിരവധി സ്ത്രീകളാണ് താപ്‌സിയുടെ വീഡിയോക്ക് അഭിനന്ദനവുമായി എത്തിയിരിക്കുന്നത്. പലരും തങ്ങള്‍ ഇത്തരം പ്രശ്‌നം നേരിടുന്നുണ്ടെന്നും കൗമാരത്തില്‍ തങ്ങളുടെ മാതാപിതാക്കള്‍ ഇതേപറ്റി തിരിച്ചറിഞ്ഞിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിരുന്നതായും കമന്റ് ബോക്‌സില്‍ കുറിച്ചു.

Content Highlights: Why have we accepted period rash as a way of life’ Taapsee Pannu’s message to women