ന്‍ജിനീയറിങ് കോളേജ് പ്രൊഫസറായ നജ്‌ല ബൗദെന്റ് റമദാനെ ടൂണീഷ്യയുടെ ആദ്യത്തെ വനിത പ്രധാനമന്ത്രിയാവുകയാണ്. പ്രസിഡന്റ് കൈസ് സെയ്ദാണ് അപ്രതീക്ഷിതമായി നജ്‌ലയെ താത്കാലിക സര്‍ക്കാരിലെ പ്രധാനമന്ത്രിയായി ശുപാര്‍ശ ചെയ്തത്. ജൂലായ് 25 ന് പ്രധാനമന്ത്രിയെ പുറത്താക്കി പാര്‍ലമെന്റ് മരവിപ്പിച്ച് അധികാരം പ്രസിഡന്റ് ഏറ്റെടുത്തിരുന്നു. അന്നുമുതല്‍ ഒഴിഞ്ഞുകിടന്നിരുന്ന പ്രധാനമന്ത്രി പദത്തിലേക്കാണ് അപ്രതീക്ഷിതമായി 63 കാരിയായ നജ്‌ല ബൗദെന്റ് എത്തുന്നത്. 

പൊതുവേ വനിതകള്‍ക്ക് പ്രധാന പദവികളിലൊന്നും അവസരം നല്‍കാത്ത ടുണീഷ്യയിലെ ഈ മാറ്റത്തില്‍ അദ്ഭുതപ്പെടുകയാണ് അറബ് ലോകം. വടക്ക് ആഫ്രിക്കന്‍ രാജ്യമായ ടുണീഷ്യയില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയെന്നതിന്റെ തെളിവാണ് നജ്‌ല ബൗദെന്റ് റമദാനെയുടെ പ്രധാന മന്ത്രി പദം. 

ടുണീഷ്യയുടെ സെന്‍ട്രല്‍ കെയ്‌റോണ്‍ പ്രവിശ്യയില്‍ 1958 ലാണ് നജ്‌ലയുടെ ജനനം. ടുണീഷ്യന്‍ തലസ്ഥാനത്തെ നാഷണല്‍ സ്‌കൂള്‍ ഓഫ് എന്‍ജിനീയേഴ്‌സില്‍ ജിയോളജി വിഭാഗം പ്രൊഫസറാണ് നജ്‌ല. മുന്‍പ് ലോകബാങ്കുമായി ചേര്‍ന്ന് പദ്ധതികള്‍ നടപ്പിലാക്കാന്‍ ഉന്നത വിദ്യാഭ്യാസ- ശാസ്ത്ര ഗവേഷണ മന്ത്രാലയം നജ്‌ലയെ ചുമതലയേല്‍പ്പിച്ചിരുന്നു. 

2011 ല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഡയറക്ടര്‍ ജനറല്‍ ഇന്‍ചാര്‍ജ് ഓഫ് ക്വാളിറ്റി സ്ഥാനവും വഹിച്ചിട്ടുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇതുവരെ പ്രവര്‍ത്തിച്ചിരുന്നില്ല. 

നജ്‌ലയുടെ പ്രധാനമന്ത്രി പദം രാജ്യത്തിന്റെ പ്രതിച്ഛായ മെച്ചപ്പെടുത്താനുള്ള ഒരു പോസിറ്റീവ് സമീപനമായാണ് പലരും വിലയിരുത്തുന്നത്. കോവിഡ് ഉള്‍പ്പടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ മൂലം കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി രാജ്യത്തിന്റെ സ്ഥിതി മോശമായി തുടരുകയായിരുന്നു. ഇതിനെത്തുടര്‍ന്നാണ് അടുത്തിടെ പ്രസിഡന്റ് പ്രധാനമന്ത്രിയെ പുറത്താക്കി അധികാരം കൈപ്പിടിയിലാക്കിയത്. 

ടുണീഷ്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു സ്ത്രീ സര്‍ക്കാരിന്റെ തലപ്പത്ത് എത്തുന്നത് എന്ന് പ്രസിഡന്റ് സെയ്ദ് ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചു. നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ച് മികവു തെളിയിച്ച വ്യക്തിയാണ്  നജ്‌ലയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

najla romdhane
നജ്‌ല ബൗദെന്റ് റമദാനെയെ സ്വീകരിക്കുന്ന പ്രസിഡന്റ് സെയ്ദ്| ഫോട്ടോ: എ.പി.

ഒരു സ്ത്രീ സര്‍ക്കാരിനെ നയിക്കുന്നു എന്നത് പോസിറ്റീവ് ലക്ഷണമാണെന്നും രാജ്യത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ അവര്‍ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബാങ്ക് ഉദ്യോഗസ്ഥനായ ഒരാള്‍ പ്രതികരിച്ചു. എന്നാല്‍ ഈ നിയമനം നിയമപരമല്ലെന്ന് മുന്‍ സര്‍ക്കാരില്‍ അംഗമായിരുന്ന മന്ത്രി സമീര്‍ ഡിലോ പ്രതികരിച്ചു. 

Content Highlights: who is Najla Romdhane Tunisias first female prime minister, Women