രുപത്തിമൂന്നാം വയസ്സില്‍ മിസ് ഇന്ത്യയായ ആ പെണ്‍കുട്ടി ആരാണെന്ന് തിരയുകയാണ് സോഷ്യല്‍ മീഡിയ. തെലങ്കാന സ്വദേശിയായ മാനസ വാരണാസിയെ സന്തോഷത്തിന്റെ കൊടുമുടിയേറ്റിയാണ് ബുധനാഴ്ച നടന്ന മത്സരത്തിനൊടുവില്‍ വിജയിയായി പ്രഖ്യാപിച്ചത്. 

ഫിനാന്‍ഷ്യന്‍ ഇന്‍ഫര്‍മേഷന്‍ എക്‌സ്‌ചേഞ്ച് അനലിസ്റ്റായ മാനസയ്ക്ക് സാമ്പത്തിക മേഖലയോളംതന്നെ പ്രിയം മോഡലിങ്ങിനോടും സൗന്ദര്യവേദികളോടുമുണ്ടായിരുന്നു. വായനയും സംഗീതവും യോഗയുമൊക്കെയാണ് തന്റെ ഹോബികള്‍ എന്നാണ് മാനസ പറയുക. കുട്ടിക്കാലത്ത് നാണംകുണുങ്ങിയായിരുന്ന താന്‍ പിന്നീട് ആളുകളെ അഭിമുഖീകരിക്കാനുള്ള ഭയം മറികടന്നത് ഭരതനാട്യത്തിലൂടെയും സംഗീതത്തിലൂടെയുമൊക്കെയാണെന്ന് മാനസ പറഞ്ഞിട്ടുണ്ട്. 

ജീവിതത്തില്‍ ഏറ്റവും സ്വാധീനിച്ച വനിതകള്‍ ആരാണെന്നു ചോദിച്ചാല്‍ ഒട്ടും ആലോചിക്കാതെ മാനസയുടെ മറുപടി വരും. അത് തന്റെ അമ്മയും മുത്തശ്ശിയും കൊച്ചനുജത്തിയുമാണെന്ന്. ഇനി സൗന്ദര്യവേദികള്‍ കീഴടക്കാന്‍ മാനസയ്ക്ക് പ്രചോദനമായത് ഒരു ബോളിവുഡ് നടിയാണ്. 2000ത്തില്‍ മിസ് വേള്‍ഡ് പട്ടം നേടുകയും ബോളിവുഡും ഹോളിവുഡും കീഴടക്കുകയും ചെയ്ത പ്രിയങ്ക ചോപ്രയാണത്. 

അതിരുകളില്ലാതെ പല മേഖലകള്‍ കീഴടക്കി മുന്നേറിയ താരമാണ് പ്രിയങ്ക എന്നാണ് മാനസ പറയുക. സംഗീതവും സിനിമയും സംരംഭകത്വവും സാമൂഹിക പ്രതിബദ്ധതയുമൊക്കെ ഒരുപോലെ മുന്നോട്ടു കൊണ്ടുപോയ താരമാണ് പ്രിയങ്ക. നാണംകുണുങ്ങിയായ തന്റെ വളര്‍ച്ചയില്‍ പ്രിയങ്ക ഏറെ പ്രചോദനമായിട്ടുണ്ടെന്നും മാനസ പറയുന്നു. 

ഫെബ്രുവരി പത്തിന് രാത്രി നടന്ന മത്സരത്തിനൊടുവിലാണ് ഇരുപത്തിമൂന്നുകാരിയായ മാനസയെ വിജയിയായി പ്രഖ്യാപിച്ചത്. 2019ലെ മിസ് ഇന്ത്യാപട്ടം സ്വന്തമാക്കിയ സുമന്‍ രതന്‍ സിങ് മാനസയെ കിരീടമണിയിച്ചു. ഹരിയാന സ്വദേശിയായ മണിക ഷിയോകണ്ട് മിസ് ഗ്രാന്‍ഡ് ഇന്ത്യയായും ഉത്തര്‍പ്രദേശ് സ്വദേശിയായ മന്യാ സിംഗ് മിസ് ഇന്ത്യാ 2020 റണ്ണര്‍ അപ് ആയും തിരഞ്ഞെടുക്കപ്പെട്ടു. മാനസ വരുന്ന എഴുപതാമത് മിസ് വേള്‍ഡ് പേജന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കും. 2021 ഡിസംബറിലാണ് ലോകസുന്ദി മത്സരം നടക്കുന്നത്. 

വാണി കപൂര്‍, അപര്‍ശക്തി ഖുരാന തുടങ്ങി നിരവധി താരങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. ബോളിവുഡ് താരങ്ങളായ നേഹാ ധൂപിയ, പുള്‍കിത് സാമ്രാട്ട്, പ്രശസ്ത ഡിസൈനര്‍ ഫാല്‍ഗുനി, ഷെയ്ന്‍ പീകോക്ക് തുടങ്ങിയവരാണ് മിസ് ഇന്ത്യാ ജൂറിയിലുണ്ടായിരുന്നത്. 

Content Highlights: Who is Miss India 2020 winner Manasa Varanasi