കുട്ടിക്കാലത്ത് പഠിക്കണമെന്നാ​ഗ്രഹിച്ച് പിന്നീട് പ്രായമായെന്നു കരുതി മാറ്റിവച്ച കാര്യങ്ങളുണ്ടോ? എന്നാൽ ഒരു കാര്യവും പഠിച്ചെടുക്കാൻ പ്രായം തടസ്സമല്ലെന്നു പങ്കുവെക്കുകയാണ് ബോളിവുഡ് നടി താപ്സി പന്നു. നീന്തലിനെ ഭയത്തോടെ മാത്രം ഓർത്തിരുന്ന താൻ ഒമ്പതു വർഷം മുമ്പ് മാത്രമാണ് നീന്തൽ വശമാക്കിയതെന്നും താപ്സി പറയുന്നു. 

നീന്തലിനെക്കുറിച്ചോർക്കുമ്പോൾ ഇന്നും ഭീതിപ്പെടുത്തുന്ന ഒരോർമയുണ്ട് താപ്സിക്ക്. കുട്ടിക്കാലത്ത് നീന്തലിനിടെ മുങ്ങിത്താഴാൻ പോയ അനുഭവമാണത്. അതോടെ നീന്തൽ പഠിക്കുമെന്നേ കരുതിയിരുന്നില്ല താനെന്നും എന്നാൽ പതിയെ അതു പഠിച്ചെടുക്കാൻ തീരുമാനിക്കുകയായിരുന്നെന്നും താപ്സി പറയുന്നു. സ്വിമ്മിങ് പൂളിൽ നിന്നുള്ള ചിത്രം സഹിതമാണ് താപ്സി ഇൻസ്റ്റ​ഗ്രാമിൽ ഇക്കാര്യങ്ങൾ കുറിച്ചത്.

അതൊക്കെയായിരുന്നു ദിവസങ്ങൾ...ഒരു പരസ്യത്തിനു വേണ്ടിയുള്ള ഷൂട്ടിങ്ങിനിടയിൽ നിന്നുള്ള ചിത്രമാണിത്. സ്വിമ്മിങ് പൂളിലേക്ക് ഇറങ്ങുക എന്നത് എനിക്കേറെ സന്തോഷമുള്ള കാര്യമാണ്, പക്ഷേ അതെപ്പോഴും അങ്ങനെയായിരുന്നില്ല. കുട്ടിയായിരുന്നപ്പോൾ ഒരു കുളത്തിൽ  മുങ്ങിത്താഴാൻ പോയ അനുഭവമുണ്ടായിരുന്നു, നീന്തൽ പഠിക്കുന്നതിനെക്കുറിച്ചോർക്കുമ്പോൾ ഭയമായിരുന്നു. വെറും ഒമ്പതു വർഷങ്ങൾക്കു മുമ്പാണ് ഞാൻ ആ ഭയത്തെ അതിജീവിക്കുകയും നീന്താൻ പഠിക്കുകയും ചെയ്തത്. ഒരുപാട് കുട്ടികൾക്കൊപ്പം ഇൻഡോർ പൂളിൽ നീന്തിയിരുന്നത് എനിക്കോർമ വരുന്നു. പഠനത്തിന് പ്രായമില്ലെന്ന് അതോടെ ഞാൻ തിരിച്ചറിഞ്ഞു, ചിലപ്പോൾ എന്നിലെ കുട്ടി ഇപ്പോഴും ജീവിച്ചിരിക്കുന്നതു കൊണ്ടാവാം- താപ്സി കുറിച്ചു. 

Content Highlights: When Taapsee Pannu Overcame Her Fear Of Swimming