കടയും കമ്പോളവും അടഞ്ഞുകിടക്കുന്ന കോവിഡ് കാലത്ത്, ഇന്‍സ്റ്റാ ലോകത്ത് പൊടിപൊടിക്കുന്ന കച്ചോടം നടത്തുകയാണ് വയനാട്ടിലെ പെണ്ണുങ്ങള്‍. കോവിഡിനൊപ്പം തുടങ്ങിയ വെന്‍ വയനാട് ഓണ്‍ലൈന്‍ വനിതാ സംരംഭക കൂട്ടായ്മയ്ക്ക് ഒരുവര്‍ഷം തികയുമ്പോള്‍ അംഗസംഖ്യ 192 ആയി.

സ്വന്തം കലാഭിരുചിയുടെ വില്‍പ്പനസാധ്യതകള്‍ പരീക്ഷിക്കുന്നവര്‍ മുതല്‍ ഉപ്പുതൊട്ടു കര്‍പ്പൂരം വരെ വിറ്റഴിക്കുന്ന അസല്‍ കച്ചവടക്കാരുമുണ്ട് കൂട്ടത്തില്‍. ഇവന്റ് മാനേജ്മെന്റുകാര്‍, ഹോം ബേക്കേഴ്സ്, ഫാഷന്‍ ഡിസൈനര്‍മാര്‍, കരകൗശലവിദഗ്ധര്‍ തുടങ്ങി വിപണിയുടെ അനന്തസാധ്യതകള്‍ കണ്ടെത്തിയ പെണ്ണുങ്ങളുടെ ലോകമാണ് വെന്‍ വയനാട്. കോവിഡില്‍ നഷ്ടമെന്ന് വ്യാപാരികള്‍ ആകുലപ്പെടുന്ന കാലത്താണ് ഓണ്‍ലൈന്‍ വിപണിയുടെ സാധ്യതകളിലേക്ക് ഇവര്‍ മുന്നിട്ടിറങ്ങിയത്.

ഇനിയും തമ്മില്‍ കണ്ടിട്ടില്ലാത്ത വനിതാ സംരംഭകരുടെ കൂട്ടമെന്ന് വെന്‍ വയനാടിനെ വിശേഷിപ്പിക്കാം. കൂട്ടായ്മയ്ക്ക് തുടക്കമിട്ട റെഫീന സനൂപ് പറയുന്നു. കല്പറ്റക്കാരി റെഫീനയും തരുവണ സ്വദേശി ഇര്‍ഫാന ഇബ്രാഹിമും ചേര്‍ന്ന് കഴിഞ്ഞ ഓഗസ്റ്റിലാണ് വനിതാ സംരംഭകരുടെ കൂട്ടായ്മയെക്കുറിച്ച് ചിന്തിക്കുന്നത്. ഓണ്‍ലൈന്‍ വസ്ത്രവ്യാപാരമുണ്ട് റെഫീനയ്ക്ക്. സമാനമായി ഓണ്‍ലൈന്‍ വ്യാപാരങ്ങളില്‍ ഏര്‍പ്പെടുന്ന അഞ്ചാറുപേര്‍ പരിചയത്തിലുമുണ്ട്. ഒരുമിച്ച് നിന്നാല്‍ തങ്ങള്‍ക്കെല്ലാം ഗുണകരമാകുമെന്ന് തിരിച്ചറിഞ്ഞതോടെ ഒരുകൂട്ടായ്മ വേണമെന്ന് ചിന്തിച്ചു.

പരിചയമുള്ളവരെ ചേര്‍ത്ത് വാട്സാപ്പ് ഗ്രൂപ്പുണ്ടാക്കി. ഇന്‍സ്റ്റയില്‍ ഒരു പേജുണ്ടാക്കി. വനിതാ സംരംഭകരായിരിക്കണം, വയനാട്ടുകാരായിരിക്കണം എന്നിങ്ങനെയുള്ള നിബന്ധനകളേ ഉണ്ടായിരുന്നുള്ളൂ. 'വയനാട് എന്റര്‍പ്രണര്‍ നെറ്റ് വര്‍ക്ക്' എന്നതിന്റെ ചുരുക്കെഴുത്തായി 'വെന്‍ വയനാട്' എന്ന പേരും സ്വീകരിച്ചു. ഗ്രൂപ്പിലെ അംഗങ്ങളിലൂടെ കൂടുതല്‍പേരിലേക്ക് കൂട്ടായ്മയെത്തി. കൂടുതല്‍ പേര്‍ അംഗങ്ങളായി. തങ്ങളെപ്പോലും ഞെട്ടിച്ച പ്രതികരണമാണുണ്ടായതെന്ന് റെഫീനയും ഇര്‍ഫാനയും പറയുന്നു. ഇന്നിപ്പോള്‍ സ്‌കൂള്‍ വിദ്യാര്‍ഥിയായ ലെന ഷെറിന്‍ മുതല്‍ കോളേജ് വിദ്യാര്‍ഥികളും വീട്ടമ്മമാരുമൊക്കെയായി ഒതുങ്ങിയവര്‍വരെ സജീവമായി ഓണ്‍ലൈന്‍ വ്യാപാര രംഗത്തുണ്ട്.

പരസ്പരം താങ്ങായി മുന്നോട്ട്

ബോട്ടില്‍ ആര്‍ട്ട്, ഫാഷന്‍ ഡിസൈനിങ്, ആര്‍ട്ട് വര്‍ക്കുകള്‍, ഹോം ബേക്കിങ്, കാറ്ററിങ് സര്‍വീസുകള്‍ തുടങ്ങി സ്വന്തമായി നിര്‍മിക്കുന്ന ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നവരാണ് കൂട്ടായ്മയില്‍ ഏറെയും. മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍, കേശാലങ്കാരങ്ങള്‍ ഉണ്ടാക്കുന്നവര്‍, കാറ്ററിങ് ചെയ്യുന്നവര്‍ എന്നിവരുമുണ്ട്. പരസ്പര സഹകരണത്തോടെയാണ് കൂട്ടായ്മ മുന്നോട്ടുപോകുന്നത്. പരസ്പരം ഉത്പന്നങ്ങളുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം ഷെയര്‍ ചെയ്യും. ഇത് കൂടുതല്‍ പേരിലേക്ക് സംരംഭങ്ങളെത്താന്‍ സഹായിക്കാം. ഒപ്പം കൂട്ടത്തില്‍ പരിചയമുള്ളവര്‍ക്ക് തന്നെ ഓര്‍ഡറുകള്‍ കിട്ടാനും സഹായിക്കും.

ഒരു ഓര്‍ഡര്‍ ആര്‍ക്കെങ്കിലും കിട്ടിയാല്‍ കൂട്ടായ്മയില്‍ തന്നെയുള്ള മറ്റുള്ളവരുടെ വിവരങ്ങളും കൈമാറും. ഉദാഹരണത്തിന് മെഹന്ദി ആര്‍ട്ടിസ്റ്റ്, മേക്കപ്പ് ആര്‍ട്ടിസ്റ്റ്, ഫാഷന്‍ ഡിസൈനേഴ്സ്, ഇവന്റ് മാനേജ്മെന്റ്, കാറ്ററിങ് യൂണിറ്റ്, ഗിഫ്റ്റ് മേക്കേഴ്സ് എല്ലാവരും പരസ്പരം സഹകരിക്കും. വിവാഹവും പിറന്നാള്‍ ആഘോഷവും ഉള്‍പ്പെടെയുള്ള പരിപാടികളുടെ ഓര്‍ഡര്‍ പരസ്പരസഹകരണത്തോടെ എടുക്കും. ആര്‍ക്കെങ്കിലും കേക്ക് വേണമെങ്കില്‍ കൂട്ടത്തിലെ ഹോംബേക്കേഴ്സിന്റെ നമ്പര്‍ നല്‍കും. പരസ്പരം പ്രോത്സാഹനത്തോടെ ഉപദേശനിര്‍ദേശങ്ങള്‍ നല്‍കാനും എല്ലാവരും ഒരുമിച്ചുണ്ട്. കൂട്ടായ്മയില്‍ അംഗമായതോടെ ലഭിക്കുന്ന ഓര്‍ഡറുകളും കൂടിയെന്ന് എല്ലാവരും പറയുന്നു. സ്വാഭാവികമായും സാമ്പത്തികമായും സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്.

ഒത്തുപോവാന്‍ തുടങ്ങിയിട്ട് ഒരു വര്‍ഷമായെങ്കിലും ഇതുവരെ തമ്മില്‍ കണ്ടിട്ടില്ല ഇവരാരും. കോവിഡ് കാലമൊന്നും മാറിക്കിട്ടിയാല്‍ ആദ്യം ഒത്തുചേരല്‍. സന്തോഷമായി എല്ലാവരെയും ചേര്‍ത്തൊരു സെല്‍ഫിയെടുക്കണം. അതൊന്ന് ഇന്‍സ്റ്റയിലിടണം. വെന്‍ വയനാടിലെ പെണ്ണുങ്ങള്‍ പറയുന്നു. പിന്നാലെ വലിയ പദ്ധതികളുണ്ട്, അത് ഓണ്‍ലൈന്‍ കമ്പോളത്തില്‍ കാണാമെന്നും അഭിമാനത്തോടെ ഈ സംരംഭകര്‍ പറയുന്നു.

Content Highlights: WEN WAYANAD Women entrepreneur online group