image28 വര്‍ഷംമുമ്പ് ഒരു നാള്‍. മൈസൂരിനടുത്തുള്ള  ഗോപിനാഥം ഗ്രാമത്തില്‍നിന്നൊരാള്‍ കാവേരിനദി കടന്ന് മേട്ടൂരിനുസമീപം പെന്നാഗരം സിങ്കപുരത്തുള്ള  നെരപ്പുരിലെത്തി. 16 വയസ്സുള്ള മുത്തുലക്ഷ്മിയെന്ന ഗ്രാമീണപെണ്‍കുട്ടിയെ സ്വന്തം ജീവിതത്തിലേക്ക് ക്ഷണിക്കാനായിരുന്നു ആ യാത്ര. സുന്ദരിയായിരുന്നു അവള്‍. കൂസെ മുനിസാമി വീരപ്പന്‍ ഗൗണ്ടര്‍ ആയിരുന്നു അയാള്‍. കാട്ടില്‍ കൊള്ളനടത്തിയും   ആനകളെ കൊന്ന് കൊമ്പ് മോഷ്ടിച്ചും ചന്ദനമരം മുറിച്ചുകടത്തിയും  ജീവിച്ചുവന്ന കൊള്ളക്കാരന്‍. എസ്.പി. അടക്കമുള്ള പോലീസുദ്യോഗസ്ഥരെയും വനം ഉദ്യോഗസ്ഥരെയും നിഷ്‌കരുണം കൊലപ്പെടുത്തി  അധികാരികള്‍ക്ക് പേടിസ്വപ്നമായിത്തീര്‍ന്ന സാക്ഷാല്‍ വീരപ്പന്‍. പക്ഷേ, കല്യാണത്തിന് അവള്‍ക്ക് സമ്മതമാണോ എന്ന് അയാള്‍ക്ക് അറിയണമായിരുന്നു. പെണ്ണിന്റെ മനമറിഞ്ഞുവേണം അടുത്ത പടിയെന്ന കാര്യത്തില്‍ വീരപ്പന് നിര്‍ബന്ധമായിരുന്നു. ബാക്കിയുള്ളവരുടെ സമ്മതം അയാള്‍ക്ക് പ്രശ്‌നവുമായിരുന്നില്ല. വനത്തിനുസമീപം താമസിക്കുന്ന മുത്തുലക്ഷ്മിക്ക് ചന്ദനക്കൊള്ളയും ആനക്കൊമ്പ് മോഷണവും നടത്തിവരുന്ന ആളുകളെപ്പറ്റി അറിയാമായിരുന്നു. കാട്ടിലെ വക ജീവിക്കാന്‍വേണ്ടി ഉപയോഗപ്പെടുത്തുന്നത് വലിയ തെറ്റാണെന്ന് നാട്ടിലെ പല പെണ്‍കുട്ടികളെയുംപോലെ അവള്‍ക്കും തോന്നിയിരുന്നില്ല.

എന്നാല്‍, വീരപ്പനെക്കുറിച്ച് വ്യക്തമായ ധാരണയും അവള്‍ക്കില്ലായിരുന്നു. അതുകൊണ്ടുതന്നെ അച്ഛനോടും അമ്മയോടും ചോദിക്കാനായിരുന്നു വിവാഹാഭ്യര്‍ഥന നടത്തിയ വീരപ്പനോട്  അവളുടെ മറുപടി. വീരപ്പന് അതുമതിയായിരുന്നു. അച്ഛന്‍ അയ്യണനെക്കണ്ട് വീരപ്പന്‍ ആവശ്യമറിയിച്ചപ്പോള്‍ അതിനല്‍പ്പം ഭീഷണിയുടെ സ്വരവുമുണ്ടായിരുന്നു. അഞ്ചാംക്‌ളാസുവരെയാണ് മുത്തുലക്ഷ്മി പഠിച്ചത്. തുടര്‍ന്ന് പഠിക്കാന്‍ സ്‌കൂളിലെത്താന്‍ 15 കിലോമീറ്റര്‍ നടക്കണം. അങ്ങോട്ടുമിങ്ങോട്ടുമായി 30 കിലോമീറ്റര്‍ നടക്കുക സാധിക്കാത്തതുകൊണ്ട് പഠിത്തം അവിടെ അവസാനിച്ചു. വീട്ടില്‍വന്ന് അച്ഛന്‍, അമ്മ പാപ്പയോട് പറയുന്നത് ഇപ്പോഴും മുത്തുലക്ഷ്മി ഓര്‍ക്കുന്നു, 'വീരപ്പന് മുത്തുലക്ഷ്മിയെ കല്യാണംകഴിക്കണമെന്ന് പറയുന്നു. പക്ഷേ...', അച്ഛന്‍ മുഴുമിപ്പിച്ചില്ല.  അച്ഛന്‍ സമ്മതിച്ചില്ലെങ്കിലും തോക്കുചൂണ്ടി വീരപ്പന്‍ കാര്യം സാധിക്കുമായിരുന്നു. പറയുമ്പോള്‍ മുത്തുലക്ഷ്മിയുടെ  മുഖത്ത് ചെറുചിരി പടര്‍ന്നു. 39 വയസ്സായിരുന്നു അന്ന് വീരപ്പന്.

രണ്ടുമാസത്തെ പരിശ്രമത്തിനൊടുവിലാണ് മുത്തുലക്ഷ്മിയെ കാണാന്‍ അവസരംകിട്ടിയത്. അവരെ നേരിട്ട് പരിചയമുള്ളവര്‍ തന്ന നമ്പറില്‍ ബന്ധപ്പെടുമ്പോള്‍ ഫോണ്‍ മുഴുവന്‍ മണിയടിച്ച് നില്‍ക്കും. ശ്രമിച്ചവര്‍ക്കെല്ലാം ഒരേ കാര്യമേ പറയാനുണ്ടായിരുന്നു, 'ഫോണ്‍ എടുക്കുന്നില്ല'. അവസാനം പ്രദേശവാസിയായ ലോക്കല്‍ ചാനലിന്റെ ക്യാമറാമാന്‍വഴി ബന്ധപ്പെട്ടപ്പോള്‍  കാണാമെന്ന് സമ്മതിച്ചു. പക്ഷേ, കാലത്ത് ആറുമണിയായിരുന്നു പറഞ്ഞ സമയം. ഒടുവില്‍ ഏഴുമണിക്ക് ഉറപ്പിച്ചു. മേട്ടൂര്‍ കഴിഞ്ഞ് നാലഞ്ചുകിലോമീറ്റര്‍ ചെന്നാല്‍ മുത്തുലക്ഷ്മി താമസിക്കുന്ന കല്ലമടയന്നൂരിലെത്താം. ചുറ്റുമുള്ള ചെറിയ വീടുകള്‍ക്കിടയില്‍ സാമാന്യം ഭേദപ്പെട്ട ഇരുനില വീട്. ഞങ്ങള്‍ വരുന്നകാര്യം അറിയുന്നതുകൊണ്ടാവാം മുന്‍വാതിലുകള്‍ തുറന്നിട്ടിരുന്നു. പ്രായംചെന്ന ഒരു സ്ത്രീ പുറത്തേക്കുവന്നു. കാത്തിരിക്കാന്‍ പറഞ്ഞ്  അപ്രത്യക്ഷയായി. പിന്നീട് കുറേനേരം കഴിഞ്ഞ് പുറത്തേക്കുവന്ന പെണ്‍കുട്ടിയാണ് പറഞ്ഞത് മുത്തുലക്ഷ്മി പൂജചെയ്യുകയാണെന്ന്. കാലത്ത് ദിവസവും ദേവീദേവന്മാര്‍ക്കൊപ്പം വീരപ്പനുംകൂടി പൂജചെയ്ത ശേഷമാണ് മുത്തുലക്ഷ്മിയുടെ ദിവസം തുടങ്ങുന്നത്. ആര് എങ്ങനെകണ്ടാലും വീരപ്പനിപ്പോഴും മുത്തുലക്ഷ്മിക്ക് കണ്‍കണ്ട ദൈവംതന്നെ. അരമണിക്കൂറിനുശേഷം നെറ്റിയില്‍ ഭസ്മവും ചന്ദനക്കുറിയുമായി വെള്ളബ്‌ളൗസും സാരിയും ധരിച്ച് അവരെത്തി. കടന്നുപോയ വര്‍ഷങ്ങള്‍ നല്‍കിയ അനുഭവങ്ങളുടെ കരുത്ത് മുഖത്തുകാണാം. കുറച്ചുനേരത്തെ മൗനത്തിനുശേഷം മുത്തുലക്ഷ്മിതന്നെ തുടക്കമിട്ടു. അഭിമുഖമൊന്നും ഇപ്പോള്‍  നല്‍കാറില്ല. എന്തിനുവേണം. തമിഴ്നാട്ടിലും കര്‍ണാടകത്തിലും കേരളത്തിലുമെല്ലാം ആളുകള്‍ക്ക് എന്നെ അറിയാം. ആരുവിളിച്ചാലും ഫോണെടുക്കാറില്ല.

image

'മണ്‍കാക്കും വീരതമിഴര്‍ പേരവൈ' എന്ന സംഘടന സ്ഥാപിച്ച് സാമൂഹികസേവനംചെയ്തുവരികയാണ് മുത്തുലക്ഷ്മി ഇപ്പോള്‍.  ഭര്‍ത്താവ് മരിച്ച് നിരാശ്രയരായിത്തീര്‍ന്ന അമ്മമാര്‍ക്ക്  പെണ്‍കുട്ടികളെ വിവാഹംചെയ്തയക്കാന്‍ സാമ്പത്തികസഹായം, ഗ്രാമങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുക തുടങ്ങിയ പ്രവൃത്തികളാണ് സംഘടന ചെയ്യുന്നത്. ഇതുകാരണം എല്ലാദിവസവും തിരക്കുതന്നെ.  പക്ഷേ, സംഭാഷണം തുടങ്ങിയപ്പോള്‍ അവര്‍ തിരക്കെല്ലാം മറന്നു. ചന്ദനക്കൊള്ള സംബന്ധിച്ച് കൊള്ളക്കാര്‍ക്കിടയിലുള്ള തര്‍ക്കം തീര്‍ക്കാന്‍ വിളിച്ചുചേര്‍ത്ത അനുരഞ്ജനസംഭാഷണം തകര്‍ന്നപ്പോള്‍ രണ്ടുപേരെ സംഭാഷണസ്ഥലത്തുവെച്ച് വീരപ്പന്‍ വെടിവെച്ചുകൊന്നു. രണ്ടുവര്‍ഷത്തിനുശേഷം അഞ്ചുപേരെയും ഇതേ രീതിയില്‍ ഈ കാരണത്തിന്റെ പേരില്‍ കൊലപ്പെടുത്തി. ഇതുമാത്രമാണ് വീരപ്പന്‍ സ്വന്തം താത്പര്യത്തിനായി ചെയ്ത കൊലകളെന്ന്  മുത്തുലക്ഷ്മി പറയുന്നു. അവര്‍ പോലീസിന് വിവരം ചോര്‍ത്തിക്കൊടുക്കുന്നുവെന്ന കാരണംകൂടി അതിനുണ്ടായിരുന്നെന്നും മുത്തുലക്ഷ്മി പറയുന്നു. ബാക്കി കൊലകളെല്ലാം അദ്ദേഹത്തിന്റെ പേരില്‍  പോലീസും വനംവകുപ്പും നാട്ടുകാരെ പീഡിപ്പിച്ചതിനുള്ള പകവീട്ടലായിരുന്നുവെന്ന് മുത്തുലക്ഷ്മി. പോലീസിന്റെ കണക്കില്‍ വീരപ്പന്‍ കൊലചെയ്തത് നൂറിലേറെപ്പേരെ. നൂറുകണക്കിന് ആനകളെ കാലപുരിക്കയച്ചു; കൊമ്പ് കടത്തി. ചന്ദനമരവും ആനക്കൊമ്പും വിറ്റത് കോടിക്കണക്കിന് രൂപയ്ക്ക്.

പൊലിഞ്ഞുപോയ അസം പദ്ധതിയും കാനനച്ചോലയിലെ കുളിയും 

കല്യാണത്തിന് ഒരുവര്‍ഷംമുമ്പുതന്നെ, കാട്ടിലെ ജീവിതം മതിയാക്കി നാട്ടില്‍ സമാധാനജീവിതം വീരപ്പന്‍ സ്വപ്നംകണ്ടിരുന്നുവെന്ന്്് മുത്തുലക്ഷ്മി ഓര്‍ക്കുന്നു. തമിഴ്നാട്ടില്‍ അത് സാധിക്കില്ലെന്ന് അയാള്‍ക്കറിയാമായിരുന്നു. പരിചയമുള്ള ഒരു മുന്‍ പട്ടാളക്കാരന്‍വഴി അസമില്‍ കുറച്ച് സ്ഥലം വീരപ്പന്‍ കണ്ടുവെച്ചിരുന്നു. ഭാര്യയുമായി അങ്ങോട്ട് താമസംമാറ്റാമെന്നായിരുന്നു മോഹം. 1989-ലായിരുന്നു ഇത്. കൈയിലുള്ള പണം തികയാത്തതിനാല്‍ തിരിച്ചുവന്നു, ആവശ്യത്തിനുള്ള പണവുമായി ഒരിക്കല്‍ക്കൂടി പോകാന്‍. പക്ഷേ, ആ തിരിച്ചുപോക്ക് നടന്നേയില്ല. കണക്കുകൂട്ടല്‍ തെറ്റിക്കുന്ന കാലത്തിന്റെ തമാശ വീരപ്പനെയും അടിതെറ്റിച്ചു. കാട്ടിലെ ബലപരീക്ഷണത്തില്‍ 1989-ല്‍ മൂന്ന് വനം ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി 15 ദിവസത്തിനുശേഷം കൊലപ്പെടുത്തി.  1990-ല്‍ ഹൊഗനക്കലിന് സമീപം മൂന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരെയും  കോണ്‍സ്റ്റബിളിനെയും വെടിവെച്ചുകൊന്ന വീരപ്പന്‍ കര്‍ണാടകയിലെ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ശ്രീനിവാസനെ കഴുത്തറത്തും കൊന്നു. ആദിവാസികള്‍ക്ക് ഒട്ടേറെ ക്ഷേമപരിപാടികള്‍ നടപ്പാക്കിയ ശ്രീനിവാസ് കാട്ടുകൊള്ളക്കാര്‍ക്കായി ഒട്ടേറെ പുനരധിവാസ പദ്ധതികളും നടപ്പാക്കിയിരുന്നു. എന്തിന് വീരപ്പന്റെ അനുജന്‍ അര്‍ജുന്‍ അറസ്റ്റിലായപ്പോള്‍ അയാള്‍ക്കുവേണ്ടി അഭിഭാഷകനെ ഏര്‍പ്പെടുത്തിയതും ശ്രീനിവാസുതന്നെ.  ഒറ്റയ്ക്ക് നിരായുധനായി വന്നാല്‍ കീഴടങ്ങാമെന്ന കള്ളവാഗ്ദാനം നല്‍കി കാട്ടിലേക്ക് വരുത്തിയാണ്  മനസ്സില്‍ നന്മമാത്രമുള്ള 37 വയസ്സുകാരനായ ചുറുചുറുക്കുള്ള ആ ഫോറസ്റ്റ് ഓഫീസറെ  വീരപ്പന്‍  ചതിയില്‍ കഴുത്തറത്ത് കൊന്നത്. അതോടെ കാട്ടില്‍നിന്ന് പുറത്തുകടക്കാമെന്ന വീരപ്പന്റെ മോഹം പൊലിഞ്ഞു. 

പോലീസും വനംവകുപ്പുകാരുമെല്ലാം ആദ്യകാലത്ത്  വീരപ്പനെ സഹായിച്ചിരുന്നു. 1990-ല്‍ നാട്ടില്‍ പരസ്യമായി അയാള്‍ക്ക്  പെണ്ണുകെട്ടാന്‍ കഴിഞ്ഞു എന്നതുതന്നെ അതിനുള്ള സംസാരിക്കുന്ന തെളിവ്.  പതിനാറാം വയസ്സില്‍ 39-കാരനായ വീരപ്പന്റെ കരംപിടിച്ച് കാട്ടിലേക്കുപോയ മുത്തുലക്ഷ്മിക്ക് പിന്നെ നാലുവര്‍ഷം കാനനവാസം. വെടിയൊച്ചകള്‍ക്കുനടുവില്‍ ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക്. കൊടുംകാട്ടിലെ ജീവിതം ആസ്വദിച്ചോ എന്ന ചോദ്യത്തിന്  നേരിയ ചിരിയായിരുന്നു മറുപടി. ഇല്ലെന്നോ ഉണ്ടെന്നോ പറയാത്ത ചിരി. കാടിനെ മുത്തുലക്ഷ്മിക്ക് ഭയമില്ലായിരുന്നു. കാരണം, വളര്‍ന്നത് വനപരിസരത്തുതന്നെ. എന്നാല്‍, കാട്ടിലെ തുറസ്സായ സ്ഥലത്തെ കിടപ്പും കാനനച്ചോലയിലെ കുളിയുമെല്ലാം ആദ്യകാലത്ത് പ്രയാസമുണ്ടാക്കി. ക്രമേണ അതെല്ലാം ശീലമായി. ജോലിയൊന്നും ചെയ്യാനില്ലാത്തതായിരുന്നു കാട്ടിലെ മറ്റൊരു പ്രശ്‌നം. ഭക്ഷണമടക്കം എല്ലാം തയ്യാറാക്കുന്നത് വീരപ്പന്റെ ആള്‍ക്കാര്‍തന്നെ. അന്ന് വീരപ്പന്റെകൂടെ നൂറുപേരുണ്ടായിരുന്നെന്ന് മുത്തുലക്ഷ്മി. കല്യാണംകഴിഞ്ഞ് കുറച്ചുകാലം വീരപ്പന്‍ കൊള്ളയും കൊലയുമെല്ലാം  നിര്‍ത്തിയെന്നും അവര്‍ പറയുന്നു. അന്ന്  കരിങ്കല്‍ക്വാറി ഉടമകളെ ഭീഷണിപ്പെടുത്തിയാണ് വീരപ്പന്‍ കൂടെയുള്ളവരെ തീറ്റിപ്പോറ്റാന്‍ പണം കണ്ടെത്തിയത്. എന്നാല്‍, പാതിരാത്രിയില്‍ കര്‍ണാടകയിലെ രാംപുര പോലീസ് സ്റ്റേഷന്‍ ആക്രമിച്ച്, ഉറങ്ങിക്കിടന്ന അഞ്ച് പോലീസുകാരെയും മൈസൂര്‍ എസ്.പി. ഹരികൃഷ്ണയെയും കൊന്നതോടെ ആ യുദ്ധവിരാമത്തിനും തിരശ്ശീലവീണു.

അച്ഛനെ കാണാത്ത വിദ്യാലക്ഷ്മി

പുറംലോകത്തിന് എത്ര നിഷ്ഠുരനാണെങ്കിലും തന്നെ വീരപ്പന്‍ നന്നായി നോക്കിയിരുന്നെന്ന് മുത്തുലക്ഷ്മി. ജനങ്ങളാരും പട്ടിണികിടക്കരുതെന്നായിരുന്നു വീരപ്പന്റെ ആഗ്രഹം. അതുകൊണ്ടുതന്നെ പത്തുരൂപ കൈയില്‍വന്നാല്‍ അഞ്ചുരൂപ ആവശ്യക്കാര്‍ക്ക് കൊടുക്കും. ആദ്യകാലത്ത് ആനക്കൊമ്പും ചന്ദനവും മോഷ്ടിക്കാന്‍ വീരപ്പന് പ്രോത്സാഹനം നല്‍കിയത് വനംജീവനക്കാരില്‍ ചിലര്‍തന്നെയായിരുന്നു. കിട്ടിയ പണത്തിന്റെ ഭൂരിഭാഗവും അവര്‍ അടിച്ചുമാറ്റി. പലരും സമ്പന്നരായി. കാട്ടിലെ മൃഗങ്ങളെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്ന വീരപ്പന് പക്ഷേ, നാട്ടിലെ മനുഷ്യരെ അറിയുന്നതില്‍ തെറ്റി. കൂടെനിന്ന് പണം അടിച്ചുമാറ്റിയവര്‍ സഹായിക്കുമെന്ന് കരുതിയെങ്കിലും അവരെല്ലാം ഒടുവില്‍ നിസ്സഹായതനടിച്ച് പുറംതിരിഞ്ഞുനിന്നു. പോലീസ് കസ്റ്റഡിയിലിരിക്കെയായിരുന്നു മുത്തുലക്ഷ്മിയുടെ ആദ്യപ്രസവം. മൂത്തമകള്‍ വിദ്യാറാണിക്ക്് 11 വയസ്സുള്ളപ്പോള്‍ ഒറ്റത്തവണയാണ് അച്ഛനെ കണ്ടത്. രണ്ടാമത്തെ മകള്‍ പ്രഭ വിദ്യാലക്ഷ്മി അച്ഛനെ കണ്ടിട്ടേയില്ല. അച്ഛന്‍  അവളെ കണ്ടതാവട്ടെ ഒരുതവണമാത്രം. അന്നവള്‍ക്ക് ഒമ്പതുമാസംപ്രായം. 6000 ചതുരശ്ര കിലോമീറ്റര്‍വരുന്ന കേരളത്തിലെയും തമിഴ്നാട്ടിലെയും കര്‍ണാടകയിലെയും കാടുകളില്‍ മൂന്നുപതിറ്റാണ്ട് വിഹരിച്ച വീരപ്പനെ അയാള്‍  പ്രയോഗിച്ചുവന്ന ചതിയിലൂടെത്തന്നെ പോലീസ് വധിക്കുന്നത് 2004 ഒക്ടോബര്‍ 18-ന്.

തമിഴ്നാട് നിയോഗിച്ച പ്രത്യേക ദൗത്യസേനാതലവന്‍ മലയാളിയായ കെ. വിജയകുമാറാണ്, കാട്ടില്‍ നേരിട്ടുള്ള ഏറ്റുമുട്ടലില്‍ വീരപ്പനെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന സത്യം മനസ്സിലാക്കിയത്. വീരപ്പന്‍ ശീലമാക്കിയ ചതി തിരിച്ചുപ്രയോഗിക്കാന്‍ തീരുമാനിച്ച വിജയകുമാറിന്റെ ആസൂത്രണം വിജയംകണ്ടു. ധര്‍മപുരിയിലെ പപ്പരപ്പട്ടി ഗ്രാമത്തിനുസമീപം കാട്ടില്‍ മൂന്ന് അനുയായികള്‍ക്കൊപ്പം വീരപ്പന്‍ വെടിയേറ്റുവീണു. എന്നാല്‍, ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി പിടികൂടി പീഡിപ്പിച്ചുകൊന്നതാണെന്ന് മുത്തുലക്ഷ്മി. വീരപ്പന്‍ മരിച്ച് 14 കൊല്ലം കഴിഞ്ഞിട്ടും ആ വാദത്തില്‍  ഉറച്ചുനില്‍ക്കുന്ന അവര്‍ക്കറിയാം സത്യം ഒരിക്കലും പുറത്തുവരില്ലെന്ന്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയെങ്കിലും അത് തള്ളിപ്പോയി. കല്ലമടയന്നൂരില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരത്തുള്ള മൂലക്കാട് പഞ്ചായത്ത് ശ്മശാനത്തിലാണ് വീരപ്പനെ അടക്കംചെയ്തത്. 

ഇപ്പോള്‍ കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന മൂത്തസഹോദരന്‍ മാതയ്യന്റെ മകന്‍ മണിയെ  സംസ്‌കരിച്ചതിന് തൊട്ടടുത്ത്. ബെംഗളൂരുവില്‍ നിയമവിദ്യാര്‍ഥിയായിരുന്ന അവന്‍ അപകടത്തില്‍ മരിക്കുകയായിരുന്നു. ആ മരണത്തിലും പലര്‍ക്കും  സംശയമുണ്ടെന്ന് ശ്മശാനത്തിനടുത്തുണ്ടായിരുന്ന നാട്ടുകാരനായ അളകപ്പന്‍. എല്ലാവര്‍ഷവും ചരമദിനത്തില്‍ കുഴിമാടത്തില്‍ മുത്തുലക്ഷ്മി വിളക്കുവെച്ച് പൂജനടത്തും. അവിടെ ഒരു നിര്‍മാണപ്രവൃത്തിയും നടത്താന്‍ അധികൃതര്‍ അനുമതി നല്‍കിയിട്ടില്ല.  വീരപ്പന്‍ മരിച്ച് ഏഴുവര്‍ഷംകഴിഞ്ഞാണ് പോലീസ് മുത്തുലക്ഷ്മിക്കെതിരേ കേസെടുത്ത് അറസ്റ്റുചെയ്യുന്നത്. പോലീസ്വാഹനം  കുഴിബോംബ്വെച്ച് തകര്‍ത്ത് 22 പോലീസുകാരെ കൊലപ്പെടുത്തിയതടക്കമുള്ള സംഭവത്തില്‍ പങ്കുണ്ടെന്ന് കാണിച്ചായിരുന്നു അത്. എന്നാല്‍, കോടതി വെറുതേവിട്ടു. ആരും പട്ടിണികിടക്കരുതെന്ന വീരപ്പന്റെ മോഹം സാക്ഷാത്കരിക്കാനായി സ്വന്തംനിലയില്‍ സ്ഥാപിച്ച സംഘടനയുമായി കഴിയുന്നു ഇപ്പോള്‍ അവര്‍. പലവകയില്‍ വീരപ്പന് കിട്ടിയെന്നുകരുതുന്ന കോടിക്കണക്കിനുരൂപ കാടുകളില്‍ പലയിടത്തായി കുഴിച്ചിട്ടത് മണ്ണിനടിയില്‍ ദ്രവിക്കുമ്പോഴും അത് കിട്ടാത്തതില്‍ മുത്തുലക്ഷ്മിക്ക് ഒട്ടും ഖേദമില്ല. കാരണം, വീരപ്പന്‍ചെയ്ത കൊലകള്‍ ശരിയായിരുന്നില്ലെന്ന് അവര്‍ വിശ്വസിക്കുന്നു. എന്നാല്‍, അയാളെ നന്നാവാന്‍ സമൂഹം അനുവദിച്ചില്ല എന്നതില്‍ രോഷവുമുണ്ട്. 

Content Highlights:  We Wish a Happy life; says Veerappan's Wife Muthulakshmi