വിവാഹവാര്‍ഷിക ദിനത്തില്‍ തങ്ങളുടെ വിവാഹ ദിനം പുനഃസൃഷ്ടിച്ച ദമ്പതിമാരുടെ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോളിതാ അമ്പതാം വിവാഹ വാര്‍ഷികത്തിന് തങ്ങളുടെ വിവാഹദിനത്തിലെ അതേ വസ്ത്രമണിഞ്ഞ് മുത്തശ്ശനെ ഞെട്ടിച്ച മുത്തശ്ശിയുടെ വീഡിയോയുടെ പിന്നാലെയാണ് സൈബര്‍ ലോകം. 

തങ്ങളുടെ അമ്പതാം വിവാഹവാര്‍ഷികത്തിന് ഒരുങ്ങുന്ന മുത്തശ്ശിയില്‍ നിന്നാണ് വീഡിയോ തുടങ്ങുന്നത്. സംഭവമൊന്നും അറിയാതെ മുത്തശ്ശന്‍ അടുത്തമുറിയില്‍ ഇരിക്കുന്നതും കാണാം. ഇപ്പോഴും വിവാഹദിനത്തിലെ പോലെ തന്നെ മുത്തശ്ശിക്ക് വസ്ത്രം പാകമാണെന്ന് ഒരുങ്ങാന്‍ സഹായിക്കുന്നതിനിടയില്‍ കൊച്ചുമകള്‍ പറയുന്നുണ്ട്. കമ്മലും ലിപ്സ്റ്റിക്കുമെല്ലാം അണിഞ്ഞ് കാലില്‍ ഹീല്‍സും ധരിച്ച് നവവധുവിനെപ്പോലെ തന്നെ മുത്തശ്ശി സുന്ദരിയാവുന്നുണ്ട്. മുത്തശ്ശിക്ക് ഒരു രാജകുമാരനെ കൂടി വിവാഹം കഴിക്കാം എന്നാണ് അതിന് കൊച്ചുമകളുടെ കമന്റ്. ഒടുവില്‍ തലയില്‍ നെറ്റും അണിയിച്ചാണ് മുത്തശ്ശിയെ കൊച്ചുമകള്‍ റെഡിയാക്കുന്നത്. 

മുത്തശ്ശന്‍ അതൊന്നും ശ്രദ്ധിക്കാതെ തന്റെ ടാബില്‍ എന്തോ കാണുകയാണ്. ഒരുങ്ങി മുന്നിലെത്തിയ ഭാര്യയെ കണ്ട് അത്ഭുതപ്പെടുകയാണ് മുത്തശ്ശന്‍. പറയാന്‍ വാക്കുകളില്ലാതെ നില്‍ക്കുന്ന ഇരുവരും ഒടുവില്‍ പരസ്പരം ചുംബിക്കുകയും സന്തോഷം പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. 

അമേരിക്കന്‍ സ്വദേശിയായ റിക്ക് ലാക്‌സ് എന്ന മജീഷ്യനാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. എട്ട് ലക്ഷത്തിലധികം ആളുകള്‍ വീഡിയോ ലൈക്ക് ചെയ്തുകഴിഞ്ഞു. മുപ്പത്തേഴായിരത്തിലധികം കമന്റുകളും ലഭിച്ചിട്ടണ്ട്. മുത്തശ്ശി വളരെയധികം സുന്ദരിയായിരിക്കുന്നുവെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

Content Highlights: Watch  Grandma puts on her wedding dress for surprise Grandpa on their 50th Wedding Anniversary