സ്ത്രീയായതിന്റെ പേരില്‍ വിവേചനങ്ങള്‍ അനുഭവിക്കുകയും മാറ്റി നിര്‍ത്തപ്പെടുകയും അവസരങ്ങള്‍ നഷ്ടപ്പെടുകയും ചെയ്തവര്‍  ഒരുപാടുപേരുണ്ട് നമുക്കു ചുറ്റും. അവരില്‍ ചിലര്‍ കാലങ്ങള്‍ കഴിയുമ്പോള്‍ സ്വന്തം വഴികള്‍ കണ്ടെത്തി ഉയര്‍ന്നുവരാറുമുണ്ട്. വാലി ഫങ്ക് എന്ന വനിതയുടെ ജീവിതവും അത്തരത്തിലൊന്നാണ്. തന്റെ സ്വന്തം പേടകമായ ന്യൂ ഷെപ്പേഡ് ബഹിരാകാശത്തേക്ക് കുതിക്കുമ്പോള്‍ വിശിഷ്ടാതിഥിയായി വാലി ഫങ്കും കൂടെയുണ്ടാകുമെന്നാണ് ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് തന്നെയാണ് നേരത്തെ ലോകത്തെ അറിയിച്ചത്. അതെ 82 വയസായ വാലി ഫങ്ക് തന്റെ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുകയാണ്

1961- ല്‍ നാസയുടെ ബഹിരാകാശ യാത്രികരുടെ സംഘത്തില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു വാലി. അന്ന് 21 വയസായിരുന്നു അവരുടെ പ്രായം. 'മെര്‍ക്കുറി 13' എന്ന പേരിലുള്ള ബഹിരാകാശ യാത്രാപദ്ധതിയിലായിരുന്നു വാലി അംഗമായിരുന്നത്. എന്നാല്‍, അവസാനം സ്ത്രീകളുടെ സംഘത്തെ ബഹിരാകാശത്ത് അയക്കേണ്ടെന്ന് നാസ തീരുമാനിച്ചു. സ്ത്രീ ആയി ജനിച്ചതിനാല്‍ അവസരം നഷ്ടപ്പെട്ട വാലി ഫങ്കിന് തന്റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ കാത്തിരിക്കേണ്ടി വന്നത് 61 വര്‍ഷങ്ങള്‍.

women

അന്ന് ഏറ്റവും പ്രായം കുറഞ്ഞ ബഹിരാകാശ യാത്രിക എന്ന ബഹുമതി നഷ്ടമായ വാലിക്ക് നിലവില്‍ സ്വന്തമാക്കിയത് ഏറ്റവും പ്രായം കൂടിയ ബഹിരാകാശ യാത്രിക എന്ന അംഗീകാരമാണ്. 

അമേരിക്കയില്‍ പൈലറ്റ് ലൈസന്‍സ് നേടിയ ആദ്യ വനിതകളില്‍ ഒരാളാണ് വാലി ഫങ്ക്. എന്നാല്‍ വിമാനം പറത്താനുള്ള അവസരം പെണ്ണാണെന്ന കാരണത്താല്‍ നിഷേധിക്കപ്പെട്ടു. മൂന്ന് വിമാനക്കമ്പനികളാണ് പെണ്ണാണെന്ന കാരണത്താല്‍ അപേക്ഷകള്‍ നിരസിച്ചത്. എന്നാല്‍ അതൊന്നും വാലിയെ തളര്‍ത്തിയില്ല. അമേരിക്കയിലെ ആദ്യ വനിത എയര്‍ സേഫ്റ്റി ഇന്‍വെസ്റ്റിഗേറ്റര്‍, ആദ്യ വനിത സിവിലിയന്‍ ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടര്‍, ആദ്യ വനിത ഫെഡറല്‍ ഏവിയേഷന്‍ ഏജന്‍സി ഇന്‍സ്പെക്ടര്‍ എന്നീ അംഗീകാരങ്ങള്‍ വാലിയുടെ പേരിലാണ്. 19,600 മണിക്കൂറാണ് വാലി വിമാനം പറത്തിയിട്ടുള്ളത്. ഇതിനുപുറമെ 3000ത്തിലധികം പേര്‍ക്ക് വാലി പൈലറ്റ് പരിശീലനവും നല്‍കി.

1963ലാണ് ആദ്യമായി ഒരു വനിത ബഹിരാകാശത്തെത്തുന്നത്. സോവിയറ്റ് യൂണിയന്റെ വാലന്റീന തെരഷ്‌കോവയായിരുന്നു അത്. ഇത് കണക്കിലെടുത്തെങ്കിലും തന്നെ പരിഗണിക്കുമെന്ന പ്രതീക്ഷയില്‍ വാലി മൂന്ന് തവണ കൂടി നാസയെ സമീപിച്ചിരുന്നു. പക്ഷേ നിരാശയായിരുന്നു ഫലം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jeff Bezos (@jeffbezos)

ജൂലൈ 20ന് ടെക്സസില്‍ നിന്നും ലോഞ്ച് ചെയ്ത ബ്ലൂ ഒറിജിന്റെ ബഹിരാകാശ പേടകത്തിലാണ് വാലിയും ബെസോസും  സംഘവും ആകാശം തൊട്ടത്. പത്ത് മിനിട്ട് മാത്രം നീളുന്ന ഒരു യാത്രയായിരുന്നു അത്. ഒരു ഭയവും തോന്നിയില്ലെന്നും, താന്‍ ആ പഴയ പെണ്‍കുട്ടിയല്ലെന്നും യാത്ര ആസ്വദിച്ചെന്നുമാണ് യാത്രാ അനുഭവത്തെ പറ്റി വാലി സി.എന്‍.എന്നിനോട് പറഞ്ഞത്.

Content Highlights: Wally Funk is Finally Headed to Space With Jeff Bezos