വാളയാറിലെ കുഞ്ഞുങ്ങള്‍ മരിച്ചിട്ട് നാല് വര്‍ഷം തികയുന്നു. നീതി നിഷേധത്തിന്റെ നാളുകള്‍ കടന്നു പോകുന്നു. അവരുടെ അമ്മയ്ക്ക് പങ്കുവയ്ക്കാനുണ്ട് ഉള്ളിലാഞ്ഞു കൊത്തുന്ന ഒട്ടേറെ ഓര്‍മകള്‍, അനുഭവങ്ങള്‍... ആ അമ്മയുടെ ചോദ്യങ്ങള്‍ക്ക് പ്രബുദ്ധകേരളം ഉത്തരം നല്‍കേണ്ടതുണ്ട്. 

അമ്മ പറയുന്നു

വാളയാറിലെ കുഞ്ഞുങ്ങളുടെ അമ്മയുടെ പേരിന് ഭാഗ്യമുള്ള സ്ത്രീ എന്നാണ് അര്‍ത്ഥം. രണ്ട് കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടൊരമ്മയ്ക്ക് ഒട്ടും ചേരാത്തൊരു പേരാണതെന്ന് അവര്‍ ആവര്‍ത്തിക്കുന്നു.

'ഭാഗ്യക്കേട് ഇന്നും ഇന്നലെയും തുടങ്ങിയതൊന്നുമല്ല. ജനിച്ചപ്പോള്‍ മുതല്‍ വിഷമങ്ങളിങ്ങനെ പുറകേ വന്നുകൊണ്ടിരുന്നു. അഞ്ചാംക്ലാസ് വരെ പഠിച്ചു. അച്ഛന് തളര്‍വാതം വന്നതോടെ അമ്മയ്‌ക്കൊപ്പം ഞാനും ചേച്ചിമാരും പാടത്ത് പണിക്കുപോയിത്തുടങ്ങി. എനിക്ക് പത്തോ പതിനൊന്നോ വയസ്സുള്ളപ്പോഴാണ്, രാത്രി ഉറങ്ങാന്‍ കിടന്നപ്പോള്‍ രണ്ട് വശത്തുമായി രണ്ടുചേച്ചിമാരും ഉണ്ടായിരുന്നു. ഇടയ്‌ക്കെപ്പോഴോ മൂത്രമൊഴിക്കാന്‍ അവര്‍ രണ്ടുപേരും അമ്മയുടെ കൂടെ പുറത്തേയ്ക്കിറങ്ങിയതാണ്. തിരിച്ചു കയറി വരുമ്പോള്‍ അവരുടെ മുഖത്തും കഴുത്തിലും ചെറിയ മുറിവുകള്‍. രണ്ടുപേരും എന്റെ കണ്‍മുന്നില്‍ പിടഞ്ഞു മരിച്ചു. അന്നത്തെ കാലമല്ലേ, എന്താപറ്റിയത് എങ്ങനെയാ മരിച്ചത് എന്നൊക്കെ ആരോട് ചോദിക്കാനാണ്.

Women
ഗൃഹലക്ഷ്മി വാങ്ങാം

ചേച്ചിമാര് മരിച്ചശേഷം ഞാന്‍ ഗുരുവായൂര് ഒരു മഠത്തില്‍ ജോലിക്ക് പോയി. പത്തുവര്‍ഷം അവിടെയായിരുന്നു. പിന്നെ തിരികെ വന്ന് വാര്‍ക്കപ്പണിക്ക് പോയിത്തുടങ്ങി. അങ്ങനെ ഒരാളെ പരിചയപ്പെട്ട് ഒപ്പം താമസിച്ചു. അയാള്‍ക്ക് ഭാര്യയും കുട്ടിയുമൊക്കെ ഉണ്ടെന്ന് ഒരുമാസം തികയും മുമ്പേ അറിഞ്ഞു. ഞാന്‍ പിന്നെ അതില്‍ തുടര്‍ന്നില്ല. ബന്ധം വേര്‍പെടുത്തി. പക്ഷേ ഞാനപ്പോള്‍ ഗര്‍ഭിണിയായിരുന്നു. അഞ്ചാം മാസത്തിലാണ് ഏട്ടനെ പരിചയപ്പെടുന്നത്. ഒരുമിച്ച് പണിക്കുവന്നു കണ്ട പരിചയമാണ്. വീട്ടുകാരുടെ സമ്മതത്തോടെ കല്യാണം കഴിച്ചു. മോള്‍ ജനിച്ചു. ലേബര്‍ റൂമില്‍ നിന്ന് ഏട്ടനാണവളെ ഏറ്റുവാങ്ങിയത്. ആദ്യമായൊരു കുഞ്ഞുണ്ടാവുമ്പോള്‍ നമുക്കു തോന്നുന്ന സ്‌നേഹമില്ലേ, അതുമുഴുവന്‍ കൊടുത്താണ് അവളെ ഞങ്ങള്‍ വളര്‍ത്തിയത്. പിന്നെയൊരു മോളും മോനും കൂടി ജനിച്ചു.

രണ്ടുപേരും പണിക്കുപോയാലെ വീട്ടിലെ കാര്യങ്ങള്‍ നടക്കൂ. ഞാന്‍ ജോലി ചെയ്തിരുന്ന മഠത്തിലെ അമ്മമാരോട് മക്കളെ അവിടെ നിര്‍ത്തി പഠിപ്പിച്ചോട്ടെ എന്ന് ചോദിച്ചു. അമ്മമാര് സമ്മതിച്ചു. രണ്ട് പെണ്‍കുഞ്ഞുങ്ങളും എല്‍.കെ.ജി മുതല്‍ അവിടെയാണ് പഠിച്ചത്. 

മൂത്തമോള് പതിനൊന്നാം വയസ്സില്‍ വയസ്സറിയിച്ചു. ചെറിയകുട്ടിയല്ലേ, ഒരു വര്‍ഷം വീട്ടില്‍ നിര്‍ത്തി മോള്‍ക്ക് കാര്യങ്ങളൊക്കെ പറഞ്ഞുകൊടുത്തിട്ട് തിരികെ കൊണ്ടുവാ എന്ന് അമ്മാര്‍ പറഞ്ഞു. അങ്ങനെ രണ്ടുപേരെയും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നു. പിന്നെ കഷ്ടിച്ചൊരു ഒന്നര വര്‍ഷമേ എന്റെ മക്കള്‍ക്ക് ആയുസുണ്ടായിരുന്നുള്ളൂ. ഇങ്ങനെയൊക്കെ സംഭവിക്കുമെന്നറിഞ്ഞിരുന്നെങ്കില്‍ ഈ നരകത്തിലേക്ക് ഞാനവരെ കൂട്ടില്ലായിരുന്നു. 

വാളയാറില്‍ സംഭവിച്ചത്... തുടര്‍ന്നു വായിക്കാന്‍ പുതിയലക്കം ഗൃഹലക്ഷ്മി വാങ്ങാം

Content Highlights: Walayar case minor victims mother open up about the case and their life