'ബന്ധം പിരിഞ്ഞ ഒരു മകളാണ് എന്ത് കൊണ്ടും മരിച്ച മകളേക്കാള്‍ ഭേദം എന്ന് നിങ്ങള്‍ മനസ്സിലാക്കണം.' പറഞ്ഞു പഴകിയ ഒരു വാക്യമാണ് നമ്മുടെ സമൂഹത്തിന് ഇതിപ്പോള്‍. ഉത്ര മുതല്‍ വിസ്മയ വരെ നീണ്ട ലിസ്റ്റിലേക്ക് ഇനിയും വരാനുള്ളത് എത്രപേര്‍ എന്നത് മാത്രമാണ് ഇനിയറിയേണ്ടത്. 'പെണ്‍കുട്ടിയെ വിവാഹം വിവാഹം കഴിപ്പിച്ച് അയക്കുക' എന്നത് ലോക മഹായുദ്ധം ജയിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടേറിയ കടമ്പയാണ് ഇന്നും മാതാപിതാക്കള്‍ക്ക്. 'കഴിപ്പിച്ചു വിട്ട' വീട്ടില്‍ പിന്നെയെന്ത് സംഭവിച്ചാലും അവള്‍ തിരിച്ചു വരാന്‍ പാടില്ല. അവള്‍ ഭൂമിയോളം ക്ഷമിക്കേണ്ടവളാണ്... ഒടുവില്‍ വെള്ളത്തുണിയില്‍ പൊതിഞ്ഞ് തിരിച്ചെത്തുമ്പോള്‍ സമൂഹം മാറണമെന്നും അവള്‍ക്ക് ഇറങ്ങിപ്പോരാമായിരുന്നില്ലേ എന്നും സഹതപിക്കാന്‍ ധാരാളം ആളുകളും. വിവാഹമോചിതയായി മകള്‍ വീട്ടിലെത്തിയാല്‍ 'നാട്ടുകാരെന്തു പറയും' എന്ന ചോദ്യമാണ് ആദ്യം മാതാപിതാക്കളുടെ മനസ്സിലേക്ക് ഓടിയെത്തുക. മകളുടെ മനസ്സിലോ അച്ഛന്‍ തന്നെ വിവാഹം കഴിപ്പിച്ചയക്കാന്‍ കഷ്ടപ്പെട്ടതും ചില്ലികാശുപോലും പെറുക്കിയെടുത്ത് തന്റെ സന്തോഷത്തിനായി തന്നതുമെല്ലാമാവും ഉണ്ടാവുക. തിരിച്ചെത്തിയാല്‍ താന്‍ അവര്‍ക്ക് ഒരു ഭാരമാകും എന്ന ചിന്തകൂടി വന്നാല്‍ പിന്നെ വഴികളെല്ലാം അടഞ്ഞു എന്നാവും മനസ്സില്‍. ഒടുവില്‍ ജീവിതകാലം മുഴുവന്‍ നീളുന്ന സഹനമോ, അല്ലെങ്കില്‍ ആത്മഹത്യയോ അതും അല്ലെങ്കില്‍ ഒടുവില്‍ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ കൊലപ്പെടുത്തി എന്ന ഒരുവരി വാര്‍ത്തയും പ്രതിഷേധങ്ങളുമായി ഒടുങ്ങുകയോ ചെയ്യുകയാകും വിധി. 

നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 38 ശതമാനം സ്ത്രീകള്‍ ഇന്ത്യയില്‍ പങ്കാളിയില്‍ നിന്നുള്ള അതിക്രമങ്ങള്‍ നേരിടുന്നതായാണ് കണക്കുകള്‍. എങ്കിലും അത്തരം മോശമായ ബന്ധങ്ങളില്‍ നിന്ന് ഇറങ്ങിപ്പോരാന്‍ പലര്‍ക്കും കഴിയാറില്ല. പലകാരണങ്ങള്‍ അതിന് പിന്നിലുണ്ട്. അതില്‍ ഒന്നാമത്തേത് തങ്ങള്‍ നേരിടുന്നത് അതിക്രമമാണ് എന്ന് സ്വയം തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയാണ്. ഭര്‍ത്താവായാല്‍ അടിക്കും, പെണ്ണായാല്‍ ക്ഷമിക്കണം, ഇനി അതാണ് നിന്റെ വീട്... ഇത്തരം ചിന്തകള്‍ ഇന്നത്തെ കാലത്തും പെണ്‍കുട്ടികളെ പറഞ്ഞു പഠിപ്പിക്കാന്‍ നമ്മുടെ അമ്മമാര്‍ മറക്കാറില്ല. എന്നാല്‍ ഇത്തരം അനുഭവങ്ങളെ എങ്ങനെപ്രതിരോധിക്കണമെന്ന് അവരെ പഠിപ്പിക്കുകയുമില്ല. രണ്ടാമത്തെ കാരണം സമൂഹത്തിന് വിവാഹമോചിതരായ സ്ത്രീകളോടുള്ള മനോഭാവമാണ്. വിവാഹമോചിതയായ സ്ത്രീ 'available' എന്ന വിഭാഗത്തില്‍പെടുത്തി ലൈംഗിക ചൂഷണത്തിന് ശ്രമിക്കുന്നവര്‍വരെ നമുക്കു ചുറ്റുമുണ്ട്. ഇത്തരം ചിന്താഗതികള്‍ മാറുന്നുണ്ടെന്നത് ഒരു ആശ്വാസമാണ്. ഒരു പെണ്‍കുട്ടി വിവാഹമോചിതയായി വീട്ടില്‍ വന്നാല്‍ അവളുടെ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെയോ സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും മുതല്‍ മേലുദ്യോഗസ്ഥന്‍ വരെ അവള്‍ക്കുള്ള ഫ്രീഉപദേശങ്ങള്‍ കൊടുത്തുവിടാറുണ്ടെന്ന അനുഭവമുള്ള സ്ത്രീകള്‍ വരെ നമുക്കു ചുറ്റുമുണ്ട്. വിവാഹബന്ധം മോശമായത് തന്റെ കഴിവില്ലായ്മയാണെന്ന് വ്യാഖ്യാനിക്കപ്പെടും എന്ന് കരുതി ഉപദ്രവങ്ങള്‍ സഹിക്കുന്ന സ്ത്രീകള്‍ എത്രയോ കൂടുതലാണ്.

ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ സത്രീധനമരണങ്ങള്‍ നടക്കുന്ന രാജ്യം നമ്മുടേതാണ്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റികസ് റിസേര്‍ച്ചിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 70000 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്, അറിയപ്പെടാത്ത മരണങ്ങള്‍ എത്രയോ കൂടുതലായിരിക്കും. 

സത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹികപീഡനവും സ്ത്രീധനവും എല്ലാം തടയാന്‍ നിയമങ്ങള്‍ ഇല്ലാഞ്ഞിട്ടല്ല. അവ നടപ്പാക്കേണ്ടവരുടെ അലംഭാവമാണ് വിസ്മയയെപ്പോലുള്ളവരുടെ മരണത്തിന് ഉത്തരവാദികള്‍. പെണ്‍കുട്ടികളോട് സ്വയം പര്യാപ്തരാവാനും പ്രതികരിക്കാനും പറയുന്ന സമൂഹം എന്തുകൊണ്ട് ആണ്‍കുട്ടികളോട് സ്ത്രീകളെ ബഹുമാനിക്കാനും അവരെ ഒരു വ്യക്തിയായി അംഗീകരിക്കാനും പറയുന്നില്ല എന്നതും ഒരു ചോദ്യമാണ്. 

പിന്നോട്ടുവലിക്കാന്‍ കാരണങ്ങളേറെ
 
സ്ത്രീശാക്തീകരണം എന്നത് സ്ത്രീകളുടെ ആത്മാഭിമാനവും തുല്യതയും കൂടി അടിസ്ഥാനപ്പെടുത്തുന്നതാണ്. നിയമങ്ങള്‍ പലതും സ്ത്രീകള്‍ക്ക് അനുകൂലമാണ്. എന്നാല്‍ ആവശ്യമായ നിയമസാക്ഷരത അവര്‍ക്കില്ല എന്നതാണ് ദുഖകരം. അതുകൊണ്ട് തന്നെ കൃത്യമായ സഹായം അവര്‍ക്ക് ലഭിക്കാതെ പോകുന്നു. ഒരു പീഡനം ഉണ്ടായാല്‍ അത് പുറത്തു പറഞ്ഞാല്‍ ജീവിതം നശിച്ചു പോകുമോ, വിവാഹമോചിതയായി കഴിഞ്ഞാല്‍ സമൂഹത്തിന് മുന്നില്‍ മോശക്കാരിയാണെന്ന് പറയുമോ... തുടങ്ങിയ ചിന്താഗതികളാണ് സ്ത്രീകളെ പിന്നിലേക്ക് വലിക്കുന്നത്.  ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ സ്വയം സഹായം തേടാന്‍ തീരുമാനിച്ചാല്‍ അവരെ തടയാന്‍ വീട്ടുകാരും വേണ്ടപ്പെട്ടവരും ഉണ്ടാകും, അവരുടെ മനോഭാവവും പ്രശ്‌നമാണ്, സ്ത്രീ എന്നാല്‍ എല്ലാം സഹിച്ചും ക്ഷമിച്ചും അഡ്ജസ്റ്റ് ചെയ്ത് പോകണം എന്ന് പറയും. അതവരെ നിസ്സഹായരാക്കും. 

ഇനി നിയമവഴിക്ക് നീങ്ങിയാല്‍ തന്നെ ധാരാളം നൂലാമലാകള്‍ കാരണം അതിന് വളരെയധികം സമയമെടുക്കും. ഇത്തരം കേസുകള്‍ക്ക് തീരുമാനമാകാന്‍ വൈകുന്നത് പലപ്പോഴും സ്ത്രീകളെ പിന്തിരിപ്പിക്കാറുണ്ട്. ഭര്‍ത്താവ് അല്ലെങ്കില്‍ എതിര്‍വശത്തുള്ള ആളിന് സ്ത്രീയോട് കൂടുതല്‍ ശത്രുത ഉണ്ടാകാനും വീണ്ടും അവര്‍ ആക്രമണങ്ങള്‍ക്ക് ഇരയാകാനുമുള്ള സാധ്യത ഏറാന്‍ ഇതുമൊരു കാരണമാണ്. ഈ ആശങ്കകളും സഹായം തേടുന്നതില്‍ നിന്ന സ്ത്രീകളെ പിന്നോട്ട് വലിക്കുന്നു. 

സത്രീകള്‍ സ്വയം മനസ്സിലാക്കുക, സഹായം തേടുക

ആരുടെയും  സഹായമില്ലെങ്കിലും സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ നിയമസഹായം സൗജന്യമായി നല്‍കാനുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സ്ത്രീകള്‍, കുട്ടികള്‍ എന്നിവരുടെ പരാതികള്‍ പ്രാധാന്യത്തോടെ പരിഗണിക്കണമെന്നും വേഗം തീര്‍പ്പാക്കണമെന്നും പോലീസുകാര്‍ക്ക് ഡി.ജി.പിയുടെ നിര്‍ദേശമുണ്ട്. കൂടാതെ വനിതാശിശുവികസന വകുപ്പ് സ്ത്രീകള്‍ക്കുള്ള നിയമസഹായവും സാമൂഹ്യസുരക്ഷയ്ക്കുള്ള മാര്‍ഗങ്ങളും ഒരുക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളെ പറ്റി സ്ത്രീകള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഇത്തരം കാര്യങ്ങള്‍ കൂടി പെണ്‍കുട്ടികളെ പഠിപ്പിക്കാനുള്ള സംവിധാനങ്ങള്‍ സ്‌കൂള്‍ തലം മുതലേ ഒരുക്കണം.

അത്തരം ബന്ധങ്ങളില്‍ നിന്ന് പുറത്തിറങ്ങിക്കഴിഞ്ഞാല്‍ എന്ത് ചെയ്യണം

1. സ്ത്രീകള്‍ സ്വന്തം കാലില്‍ നില്‍ക്കാനുള്ള പ്രാപ്തിയിലേക്ക് എത്തിക്കുക എന്നതാണ് ആദ്യത്തെ കാര്യം. അവരെ വളര്‍ത്തുമ്പോള്‍ തന്നെ നീയൊരു അന്യവീട്ടില്‍ പോകേണ്ടവളാണ് അന്യവീട്ടിലെ പാത്രം കഴുകേണ്ടവളാണ് എന്നൊരു അപകര്‍ഷതാ ബോധം അവരില്‍ നിറയ്ക്കാതിരിക്കുകയും നല്ല വിദ്യാഭ്യാസം നല്‍കി നല്ല ജോലി നേടാനുമുള്ള പ്രാപ്തിയിലേക്ക് എത്തിക്കാനാണ് രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്ടത്. സ്വന്തമായ ജോലിയും വരുമാനവും ഉണ്ടെങ്കില്‍ വിഷലിപ്തമായ ഒരു വിവാഹജീവതത്തില്‍ സ്വന്തമായി തീരുമാനങ്ങളും അഭിപ്രായവും എപ്പോഴും സ്ത്രീകള്‍ക്ക് ഉണ്ടാവും. മാത്രമല്ല തന്നെ മാനിക്കാത്ത ജീവിത്തില്‍ നി്ന്ന ഇറങ്ങിപ്പോരാനുള്ള ധൈര്യവും അവര്‍ക്ക് ലഭിക്കും.  ശാരീരിക പീഡനങ്ങള്‍ മാത്രമല്ല, വൈകാരിക മാനസിക പീഡനങ്ങളും സ്ത്രീകള്‍ തിരിച്ചറിയുകയും പുറത്തു കടക്കുകയും വേണം. ശാരീരിക പീഡനങ്ങളേക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ ഇരയാക്കപ്പെടുന്നതും തകര്‍ക്കപ്പെടുന്നതും മാനസികപീഡനങ്ങളിലാണ്.

2. സമൂഹത്തിന്റെ ഘടനതന്നെ മാറുകയാണ്. കുടുംബം തന്നെ സ്ത്രീയും പുരുഷനും മാത്രമുള്ളത് മാറിതുടങ്ങിയ കാലമാണ്. അതുകൊണ്ട് തന്നെ ഒരു സ്ത്രീക്ക് പുരുഷന്റെ തുണവേണം എന്നത് പഴകിയ കാഴ്ചപ്പാടായി മാറിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്‍ക്ക് സ്വയം ജീവിക്കണമെങ്കില്‍ അതിനുള്ള സാധ്യതകളും സമൂഹത്തില്‍ പതിയെ തെളിഞ്ഞു വരുന്നുണ്ട്. 

3. വൈകാരികമായ ബന്ധത്തില്‍ നിന്ന് പുറത്തു കടക്കുമ്പോള്‍ മാനസികമായപ്രശ്‌നങ്ങള്‍ ധാരാളം ഉണ്ടാവാറുണ്ട്. അവയില്‍ നിന്ന് പുറത്തുകടക്കുക എന്നതും വളരെ പ്രധാനമാണ്. മോശമായ ഒരു ബന്ധം വളരെ നന്നായി കൊണ്ടുപോകാന്‍ നമ്മള്‍ കഠിനാധ്വാനം ചെയ്തിട്ടും പങ്കാളിയുടെ ഭാഗത്തു നിന്ന് ഒരു സഹായമോ വിട്ടുവീഴ്ചയോ ഇല്ലാത്തതിനാലാണ് നമ്മള്‍ ഈ ബന്ധം അവസാനിപ്പിച്ചത് എന്ന ബോധ്യം മനസ്സില്‍ ഉറപ്പിക്കണം. ഇത് ആ ബന്ധം തകര്‍ന്നതിലുള്ള കുറ്റബോധവും വിഷമമവും മറികടക്കാനാവും. കൂടുതല്‍ സഹായം ആവശ്യമുള്ളവര്‍ ഒരു മാനസികാരോഗ്യ വിദഗ്ധനെ കാണുന്നത് നല്ലതാണ്. സഹായം തേടാവുന്നതാണ്. 

4. ജോലി ഇല്ലാത്ത ആളാണെങ്കില്‍ ഉള്ള വിദ്യാഭ്യാസ യോഗ്യതയോ കഴിവോ ഉപയോഗിച്ച് ഒരു ജോലിക്ക് ശ്രമിക്കാം. അത്തരത്തില്‍ ജീവിതത്തില്‍ വിജയിച്ച ധാരാളം ആളുകള്‍ നമുക്കു ചുറ്റുമുണ്ട്. അങ്ങനെ ഒരു സ്വാശ്രയശീലത്തിലേക്ക് വേഗത്തില്‍ എത്തുക എന്നതും പ്രധാനമാണ്. വിവാഹബന്ധം വേര്‍പിരിഞ്ഞ ശേഷം മറ്റുള്ളവരെ ആശ്രയിക്കാതെ ജീവിക്കാന്‍ കഴിയുന്നത് സ്ത്രീകള്‍ക്ക് കൂടുതല്‍ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും നല്‍കും. 

മാതാപിതാക്കള്‍ ചെയ്യേണ്ടത്

1. സ്ത്രീയുടെ ശത്രു സ്ത്രീയാണ് എന്നൊരു പരാമര്‍ശം പലപ്പോഴും സത്യമായി വരുന്നതുകാണാം. പുതിയതലമുറയിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്ന സ്വാതന്ത്യങ്ങളെ അംഗീകരിക്കാനോ മനസ്സിലാക്കാനോ മുതിര്‍ന്ന തലമുറയിലെ സ്ത്രീകള്‍ ശ്രമിക്കാത്തത് വലിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാറുണ്ട്. അമ്മായിയമ്മ മരുമകള്‍ ബന്ധത്തിലെ വിള്ളലുകളുടെ തുടക്കം ഇതൊക്കെ തന്നെയാണെന്ന് വിലയിരുത്തലുണ്ട്. 

2. ഇത്തരത്തില്‍ ചൂഷണപരമായ ഒരു വിവാഹബന്ധത്തില്‍ നിന്ന് പുറത്തു വരുന്ന പെണ്‍കുട്ടിയെ സംരക്ഷിക്കാനും പിന്തുണനല്‍കാനുമുള്ള ചുമതല രക്ഷിതാക്കള്‍ക്കുണ്ട്. നീയൊരു ഭാരമാണ് എന്നതിന് പകരം നിനക്കു സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയും എന്ന ആത്മവിശ്വാസമാണ് നല്‍കേണ്ടത്. 

3. സ്ത്രീകളില്‍ ചെറുപ്പം മുതലേ വളര്‍ത്തേണ്ടത് സ്വഭാവദൃഢത (assertivensse) എന്ന ഗുണമാണ്. സ്വന്തം അവകാശങ്ങളെ കുറിച്ചുള്ള പൂര്‍ണമായ ബോധ്യം, അതേ സമയം മറ്റുള്ളവരുടെ അവകാശങ്ങളെ പറ്റിയുള്ള ബോധ്യം, മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ സ്വന്തം നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള കഴിവ് എന്നിവ എല്ലാ പെണ്‍കുട്ടികളിലും ചെറുപ്പം മുതലേ വളര്‍ത്തണം. ഇതൊരു ഉറച്ച നിലപാടെടുക്കാനും അതില്‍ തന്നെ നില്‍ക്കാനും അവരെ പ്രാപ്തരാക്കും. 

ഏറ്റവുമൊടുവില്‍ പറയാനുള്ളത്, വിവാഹം എന്നത് മാത്രമാണ് പെണ്‍കുട്ടികളുടെ ജീവിതത്തിന്റെ ആത്യന്തികലക്ഷ്യം എന്ന മാതാപിതാക്കളുടെയും സമൂഹത്തിന്റെയും ധാരണ ഇനിയെങ്കിലും തിരുത്തേണ്ടിയിരിക്കുന്നു. സത്രീധനം എന്നത് അവള്‍ക്ക് പഠിക്കാനും വളരാനും സ്വന്തം കാലില്‍ നില്‍ക്കാനുമുള്ള മാതാപിതാക്കളുടെ കരുതലാവണം, അല്ലാതെ അവള്‍ക്ക് വിലയിടാനുള്ളതാവരുത്. 

തയ്യാറാക്കിയത്- റോസ് മരിയ വിന്‍സെന്റ്

കടപ്പാട്- ഡോ. അരുണ്‍ ബി.നായര്‍
സൈക്യാട്രിസ്റ്റ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌

Content Highlights: Vismaya Dowry death case, how to women fight against and survive this social evil