രോ നാട്ടിലെയും വിവാഹ ആഘോഷങ്ങൾ ഓരോ രീതിയിലാണ്. പരമ്പരാ​ഗത വസ്ത്രങ്ങൾ ധരിച്ച് വിവാഹം ചെയ്യുന്നവരും തീർത്തും ലളിതമായി വിവാഹം കഴിക്കുന്നവരും ഉണ്ട്. ഇപ്പോൾ സമൂഹമാധ്യമത്തിൽ നിറയുന്നത് ഒരു വധുവിന്റെ വീഡിയോ ആണ്. വിവാഹ പൂർവ ആഘോഷത്തിനായി വധു ധരിച്ച വസ്ത്രമാണ് ശ്രദ്ധിക്കപ്പെടുന്നത്.

സാധാരണ ലെഹം​ഗയും സാരിയുമൊക്കെ ധരിച്ചു വരുന്ന വധുവിനെയാണ് കാണാറുള്ളതെങ്കിൽ ഇവിടെ ഷെർവാണിയും ദോത്തിയും ധരിച്ചാണ് വധു എത്തിയിരിക്കുന്നത്. രാജസ്ഥാനിലെ ജയ്പൂരിൽ നിന്നുള്ള വധുവാണ് വ്യത്യസ്തമായ വേഷത്തിൽ ചടങ്ങിനെത്തിയത്. ഇരുപത്തിയഞ്ചുകാരിയായ കൃതിക സെയ്നി ഷെർവാണിയും ദോത്തിയും തലപ്പാവുമണിഞ്ഞാണ് വിവാഹ വേദിയിലേക്കെത്തിയത്.

തീർന്നില്ല പ്രൗഢി ഒട്ടും കുറയ്ക്കാതെ കുതിരപ്പുറത്തേറിയാണ് കൃതിക ചടങ്ങിനെത്തിയത്. വിവാഹത്തിന് മുന്നോടിയായുള്ള ബന്ദോരി എന്ന ചടങ്ങിലേക്കാണ് കൃതിക വ്യത്യസ്ത വേഷത്തിലെത്തിയത്. പുരുഷന്മാർ മാത്രം കുതിരപ്പുറത്തേറി ഷെർവാണി ധരിച്ചെത്തുന്ന കാഴ്ചകൾ കണ്ടുമടുത്ത് ലിം​ഗസമത്വം എന്ന സന്ദേശം പകരാനാണ് താൻ ഈ വഴി സ്വീകരിച്ചതെന്ന് കൃതിക  പറയുന്നു.

 

ഫാഷൻ ഡിസൈനിങ് വിദ്യാർഥിയായ കൃതിക തന്നെയാണ് ഷെർവാണി സ്വയം തുന്നിയത്. മൂന്നുമാസത്തോളമാണ് ഇതിനെടുത്തത്. ആറുമക്കളിൽ ഏറ്റവും ഇളയ പുത്രിയായ കൃതിക  ഇത്തരത്തിലൊരു ആ​ഗ്രഹം ആദ്യം പറഞ്ഞപ്പോൾ വീട്ടുകാർക്ക് ഉൾക്കൊള്ളാനായില്ലെങ്കിലും വൈകാതെ മകളുടെ ഇഷ്ടത്തിന് വിടുകയായിരുന്നു. ആൺപെൺ വ്യത്യാസമില്ലാതെയാണ് മക്കളെ വീട്ടിൽ വളർത്തിയതെന്നും വസ്ത്രത്തിന്റെ പേരിലുള്ള തിരഞ്ഞെടുപ്പിനു മേൽ മകൾക്കൊപ്പം നിൽക്കുകയായിരുന്നുവെന്നും വീട്ടുകാർ പറയുന്നു. 

രാജസ്ഥാനിൽ പ്രസിദ്ധമായ ബന്ദോരി ചടങ്ങുപ്രകാരം വരനും വധുവിനും ബന്ധുക്കൾ വിരുന്നൊരുക്കും. സാധാരണയായി ഇത്തരം ചടങ്ങുകളിൽ വരനാണ് കുതിരപ്പുറത്തേറി വരിക. എന്നാൽ ഈ വിവാഹത്തിൽ കൃതികയും വരനും ഒരേ വേഷത്തിൽ ഒരുപോലെ കുതിരപ്പുറത്ത് വരികയായിരുന്നു. 

Content Highlights: viral wedding video, bride wears sherwani arrives in a horse, indian bride dress